പാഠൺ കോട്ട (കോട്ട # 76?) (ദിവസം # 35 – വൈകീട്ട് 06:26)


11
ന്ന് പോകാൻ തീരുമാനിച്ചത് പാഠൺ എന്ന സ്ഥലത്തുള്ള പാഠൺ കോട്ടയിലേക്കാണ്. സിക്കറിൽ നിന്ന് 100 കിലോമീറ്റർ ദൂരം; 2 മണിക്കൂർ യാത്ര. പാഠണിൽ നിന്ന് 183 കിലോമീറ്റർ ദൂരമേയുള്ളൂ ഡൽഹിയിലേക്ക്.

ദൂരെ നിന്ന് തന്നെ, മല മുകളിൽ കോട്ട കാണാം. ഗ്രാമത്തിന്റെ ഇടവഴികളിലൂടെ തിരിഞ്ഞ് ഒരു ചെറിയ സ്കൂളിന്റെ ബസ്സ് പാർക്ക് ചെയ്യുന്ന ഇടത് ഭാഗി ചെന്ന് നിന്നു. ഇനിയും ഉള്ളിലേക്ക് അവൾക്ക് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല.

അപ്പോഴേക്കും ഒരു ഡൽഹി രജിസ്ട്രേഷൻ കാറ് അവിടെ വന്ന് നിന്നു. 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളും ഏതാണ്ട് 65 വയസ്സ് പ്രായമുള്ള മറ്റൊരാളും വാഹനത്തിൽ നിന്ന് ഇറങ്ങി.

“സാധാരണ ഇത് എന്റെ കാർ പാർക്ക് ചെയ്യുന്ന സ്ഥലമാണ്. നിങ്ങൾ എത്ര സമയം ഇവിടെ പാർക്ക് ചെയ്യും?”… എന്ന് 70കാരൻ എന്നോട് ചോദിച്ചു.

മുംബൈയിൽ സ്ഥിരതാമസം ആക്കിയിട്ടുള്ള ഒരു രാജസ്ഥാൻകാരനാണ് അദ്ദേഹം. പേര് ചിത്തരഞ്ജൻദാസ് ശർമ. കൂടെയുള്ളത് സഹോദരനാണ്. മോഹൻദാസ് ശർമ.

“മലമുകളിൽ കയറി കോട്ട കാണാനുള്ള അത്രയും സമയം എനിക്ക് വാഹനം പാർക്ക് ചെയ്യണം.”…..ഞാൻ മറുപടി കൊടുത്തു.

“കോട്ട കാണാൻ മലമുകളിലേക്ക് കയറിയാൽ നിങ്ങൾ പെട്ടുപോകും. കൃത്യമായി വഴികളൊന്നും മുകളിലേക്ക് ഇല്ല. അല്പം താഴെ ഒരു ഗണേശ ക്ഷേത്രമുണ്ട്. അവിടെ വരെ പോയിട്ട് വേണമെങ്കിൽ മടങ്ങാം.”… അദ്ദേഹം എനിക്ക് മുന്നറിയിപ്പ് നൽകി.

രണ്ട് മണിക്കൂർ യാത്ര ചെയ്ത് വന്നിട്ട് കോട്ടയ്ക്ക് മുകളിൽ കയറാൻ പറ്റില്ല എന്നുള്ളത് എന്നിൽ കടുത്ത നിരാശയുണ്ടാക്കി.

മിനിയാന്ന് കയറിയ ദേവ്ഗഡ് കോട്ടയേക്കാൾ 500 അടി കൂടെ ഉയരം ഉണ്ടാകും പാഠൺ കോട്ടയ്ക്ക്. ഖിൻവ്സർ രാജവംശത്തിലെ റാവു ഗോപാൽ സിങ്ങ് ആണ് 1340നും 1350നും ഇടയ്ക്ക് ഈ കോട്ട നിർമ്മിച്ചത്. ഇത് അദ്ദേഹത്തിൻ്റെ താമസസ്ഥലവും ശക്തിദുർഗ്ഗവും കൂടെ ആയിരുന്നു. പാഠൺ പ്രവിശ്യയുടെ സ്ഥാപകനും റാവു ഗോപാൽ സിങ്ങ് തന്നെ.

നിലവിൽ പക്ഷേ, ഉപേക്ഷിക്കപ്പെട്ട് പരിചരണം ഇല്ലാത്ത അവസ്ഥയിലാണ് കോട്ട. മലയുടെ കാൽഭാഗം ഉയരത്തിൽ കൊട്ടാരത്തിന് സമാനമായ നിർമ്മിതികൾ കാണാം. മലമുകളിൽ കോട്ടയുടെ മതിലുകളും കൊത്തളങ്ങളും വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. പക്ഷേ, കയറാൻ നിർവ്വാഹമില്ല. നാലഞ്ച് പേർ ചേർന്ന് ട്രക്ക് ചെയ്ത് കയറിപ്പോകാവുന്നതേയുള്ളൂ. ചിലർ കോട്ടയുടെ മുകളിൽ ഇരിക്കുന്ന ചിത്രങ്ങൾ കണ്ടതുകൊണ്ടാണ് ധൈര്യമായി ഞാൻ ഇറങ്ങിത്തിരിച്ചത്. അവർ ട്രക്ക് ചെയ്തായിരിക്കണം മുകളിൽ കയറിയത്.

ഞാനെന്തായാലും ഗണേശ ക്ഷേത്രം വരെ നടക്കാൻ തീരുമാനിച്ചു. ആ വഴിയിൽ ആട് മേയ്ക്കുന്ന ഒരു സ്ത്രീയെ കണ്ടു. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന മൂന്ന് പേരോടും ആ സ്ത്രീയോടും സംസാരിച്ചു. മുകളിലേക്ക് പോകുന്നത് ദുഷ്ക്കരം എന്നാണ് എല്ലാവരും പറയുന്നത്. നരച്ച് കൊരച്ച ഒരു കിളവനെ കണ്ടിട്ടാണോ അവർ അങ്ങനെ പറയുന്നതെന്ന് എനിക്ക് സംശയമുണ്ട്. നോട്ടത്തിൽ ചെറുപ്പക്കാരനെ പോലെ ഇരിക്കുന്ന ഒരാളായിരുന്നെങ്കിൽ അവർ നിരുത്സാഹപ്പെടുത്തില്ലായിരുന്നിരിക്കാം. എന്തായാലും അതിന്റെ നിജസ്ഥിതി അറിയാൻ മാർഗ്ഗം ഒന്നുമില്ല. ഒറ്റക്ക് മല കയറി എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ താഴെ ആരും അറിയുക പോലും ഇല്ല. അങ്ങനെ ഒരു ബുദ്ധിമോശം കാണിക്കാൻ വയ്യ.

ആയതിനാൽ ആളെ കൂട്ടി വന്ന് മുകളിൽ കയറാൻ പിന്നീട് ഒരിക്കൽ ശ്രമിക്കാം. തൽക്കാലം സന്ദർശനം കോട്ടയുടെ അടിവാരത്ത് ഉപേക്ഷിക്കുന്നു. കോട്ടയ്ക്കുള്ളിൽ കയറി കാണാത്തത് കൊണ്ട് 76-)മത്തെ കോട്ട എന്ന് നമ്പർ ഇടാൻ പറ്റുമോ എന്ന് എനിക്ക് സംശയമുണ്ട്. പക്ഷേ കണ്ടിട്ടുള്ള ഒരു കോട്ട എന്ന നിലയ്ക്ക് ആ നമ്പറിൽ തെറ്റില്ലെന്നും തോന്നുന്നു. വായനക്കാർ നിർദ്ദേശിക്കുന്നത് പോലെ ചെയ്യാം. തൽക്കാലം നമ്പർ ചേർക്കുന്നു.

സിക്കറിലേക്ക് തന്നെയാണ് മടങ്ങുന്നത്. നാളെ അജ്മീറിലേക്ക് പോകാൻ ശ്രമിക്കണം. പറ്റുമെങ്കിൽ അവിടുന്ന് ഒരു പ്രാവശ്യം കൂടെ പുഷ്കറിലേക്കും പോകണം. എവിടെപ്പോയാലും 19ന് ജയ്പൂരിലെ ചോമു പാലസിൽ തിരിച്ചെത്തേണ്ടതുണ്ട്. അവിടെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൽ പങ്കെടുക്കാനുള്ളതാണ്.

ശുഭരാത്രി.