സിക്കർഗഡ് കോട്ട (കോട്ട # 75) (ദിവസം # 34 – രാത്രി 09:00)


11
ന്നലെ രാത്രി എലിക്കെണി വെച്ച് ഞാൻ കിടക്കയിലേക്ക് മറിഞ്ഞതും കെണി വീണു. ഒരു ചെറിയ എലിയാണ് കുടുങ്ങിയിരിക്കുന്നത്. അത് ഡാഷ് ബോർഡിനുള്ളിൽ നിന്ന് തന്നെയാണ് വന്നത്. അതിന്റെ കാര്യത്തിൽ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനമാകാത്തതുകൊണ്ട് എലിപ്പെട്ടി അടക്കം പുറത്തുവെച്ച് കിടന്നുറങ്ങി.

രാത്രി ചെറിയ തണുപ്പ് ഉണ്ടായിരുന്നതുകൊണ്ട് ഒരു സ്വറ്റർ ഇട്ടാണ് കിടന്നത്. രാവിലെയും ഭേദപ്പെട്ട തണുപ്പ് ഉണ്ടായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ കുളിയുടെ കാര്യമാണ് ബുദ്ധിമുട്ടാവുക. ചൂട് വെള്ളം കിട്ടുന്നത് ഒരു വിഷയമാണ്.

രണ്ടുനേരം കുളിക്കുന്നത് 44 നദികൾ ഉള്ള മലയാളിയുടെ ഒരു ആർഭാടമാണ് എന്നൊരു തിയറിയുണ്ട്. അതിന്റെ ചുവടുപിടിച്ച് കുളി വെട്ടിച്ചുരുക്കിയാൽ കാര്യങ്ങൾ കുറെക്കൂടി എളുപ്പമാകും. അങ്ങനെയൊക്കെ ചിന്തിക്കാമെങ്കിലും, മലയാളിയുടെ മനസ്സിൽ നിന്ന് 44 നദികൾ പുർണ്ണമായും വറ്റിപ്പോകാത്തിടത്തോളം കാലം കുളി വെട്ടിച്ചുരുക്കുന്നത് അത്ര എളുപ്പമല്ല.

പ്രഭാതകൃത്യങ്ങൾക്ക് ശേഷം മൂഷികന് എതിരെയുള്ള നടപടികൾ ആരംഭിച്ചു. നാലുവരിപ്പാതയ്ക്ക് അപ്പുറത്തുള്ള കണ്ടത്തിൽ പോയി അതിനെ തുറന്ന് വിടുമ്പോൾ ഒരു ചെറിയ ആത്മഗതം കൂടെയുണ്ട്.

എല്ലാവരും ഭൂമിയുടെ അവകാശികൾ തന്നെയാണ്. പക്ഷേ, പത്തടി നീളവും അഞ്ചടി വീതിയുമുള്ള ഈ വാഹനം എൻ്റെ മാത്രം അവകാശമാണ് കുറച്ച് കാലത്തേക്ക്. അതിൽ നിന്നെപ്പോലുള്ളവർ കടന്നുവന്ന് കാഷ്ടിച്ചാൽ എനിക്ക് വല്ല മാറാരോഗവും പിടിപെടും. അതുകൊണ്ട് അതിനകത്തെ അവകാശങ്ങൾ നിങ്ങൾക്ക് ആർക്കും തരാൻ പറ്റില്ല. മേലാൽ ഈ ഏരിയയിൽ കണ്ടു പോകരുത്.

സിക്കറിൽ മലമുകളിൽ അല്ലാതെ നഗരത്തിന് നടുക്ക് ഒരു കോട്ടയുണ്ട്. അതാണ് സിക്കർഗഡ്. അങ്ങോട്ട് പോകാനാണ് ഇന്നത്തെ പരിപാടി. അതിന് മുൻപ് കാലൊടിഞ്ഞു പോയ കണ്ണട നന്നാക്കി എടുക്കണം. നഗരത്തിലെ കൊള്ളാവുന്ന ഒരു കണ്ണടക്കട കണ്ടുപിടിച്ചു. ചെറിയ നഗരമാകുമ്പോൾ ചെറിയ തുകയിൽ കാര്യങ്ങൾ നടക്കുന്നുണ്ട് എന്നെനിക്ക് തോന്നി. എറണാകുളത്ത് ചിലവാക്കുമായിരുന്നതിന്റെ നാലിലൊന്ന് തുകയ്ക്ക് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു.

നഗരത്തിന് നടുക്ക് തന്നെയാണ് സിക്കർ കോട്ട. ഭാഗിയുമായി ഞാൻ ചില വഴികളിലൂടെ കടന്നെങ്കിലും അത് മുന്നോട്ടുപോകവെ, മുൻ രാജസ്ഥാൻ അനുഭവങ്ങൾ വെച്ച് പ്രശ്നത്തിലേക്കാണ് നീങ്ങുന്നതെന്ന് എനിക്ക് മനസ്സിലായി. വഴി ഇടുങ്ങുകയാണ്. ഉടനെ തന്നെ ഭാഗിയെ അവിടുന്ന് തിരിച്ചെടുത്ത് അല്പം വെളിയിൽ ഒരു സ്ഥലത്ത് കൊണ്ടുപോയി പാർക്ക് ചെയ്തു. എന്നിട്ട് അതേ വഴിയിലൂടെ നടന്നു.

അത് സിക്കർ നഗരത്തിന്റെ ജ്വല്ലറി തെരുവ് ആണ്. പക്ഷേ കേരളത്തിലേതുപോലെ സ്വർണ്ണം അല്ല. കൂടുതലും വെളിയിലുള്ള ആഭരണങ്ങൾ ഉണ്ടാക്കുന്ന കടകളാണ്. തട്ടാന്മാരുടെ കടകൾക്കും സ്വർണ്ണക്കടകളും പുറമേ ആഭരണങ്ങളുടെ അച്ചുകൾ ഉണ്ടാക്കുന്നവരും ലെയ്ത്തിൽ ജോലി ചെയ്യുന്നവരും ഒക്കെയായി ഒരുപാട് വെള്ളിപ്പണിക്കാർ ആ തെരുവിൽ ഉണ്ട്.

അതിൽ ശ്രദ്ധ കൊടുക്കുന്നതിന് മുൻപ് കോട്ട കണ്ടുപിടിക്കേണ്ടതുണ്ട്. പക്ഷേ കോട്ട കണ്ടുപിടിക്കുന്നതും കോട്ടയുടെ ചരിത്രം കണ്ടുപിടിക്കുന്നതും അല്പം ബുദ്ധിമുട്ടുള്ള പണിയായി മാറി.

1775 നും 1795 നും ഇടയിൽ സിക്കർ പ്രവിശ്യയുടെ സ്ഥാപകനായ റാവു രാജ ദേവി സിങ്ങ് ആണ് കോട്ട നിർമ്മിച്ചത്. അദ്ദേഹത്തിന്റെ താമസവും കാര്യാലയവും 7 കവാടങ്ങൾ ഉണ്ടായിരുന്ന ഈ കോട്ട തന്നെ ആയിരുന്നു. അതിനപ്പുറം ഒരു ചരിത്രവും കോട്ടയെപ്പറ്റി ലഭ്യമല്ല.
അതി ഭീകരമായി കോട്ട കയ്യേറിയിരിക്കുന്നു. എന്നാലും അതിന്റെ ചരിത്രം കാര്യമായിട്ട് എങ്ങും രേഖപ്പെടുത്താതെ ഒഴിവാക്കിയെടുത്തത് എങ്ങനെ? വലിയ കഷ്ടം തന്നെ.

നഗരത്തിന്റെ രജിസ്റ്റർ ഓഫീസ് അടക്കം പല സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നത് ഈ കോട്ടയ്ക്കുള്ളിൽ ആണ്. അനേകം ഭാഗങ്ങൾ ചെറുകിട കച്ചവടക്കാരുടെ കൈവശമാണ്. ഇതിനൊക്കെ ഇടയിൽ ഞാനിവിടെ പണ്ട് ഉണ്ടായിരുന്നു എന്ന് തലയെടുപ്പോടെ പറയാൻ പാകത്തിന് കോട്ടയുടെ ചില ഭാഗങ്ങൾ ഉയർന്ന് നിൽക്കുന്നു.

അത്രയ്ക്ക് അധികം അവഗണനയും കയ്യേറ്റവുമൊക്കെ നടന്നിട്ടും കോട്ടയുടെ പ്രധാന കവാടവും കോട്ട വാതിലുമൊക്കെ കാര്യമായ കേടുപാടുകൾ ഇല്ലാതെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പ്രധാന കവാടം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞാൽ, പഴയ കാലത്ത് അതിഗംഭീരമായി പ്രയോജനപ്പെടുത്തിയിരുന്ന ഒരു ഭാഗം ഇപ്പോൾ തുറസ്സായ മൂത്രപ്പുരയാണ്.

ഞാനവിടെ പടങ്ങളും വീഡിയോയും എടുത്ത് നടക്കുന്നത് ജനങ്ങളെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ഒരു പടി കാണിച്ച് തന്നിട്ട് അതിലൂടെ മുകളിലേക്ക് കയറിയാൽ കുറച്ചുകൂടി കാഴ്ച്ചകൾ അവിടെനിന്ന് കാണാം എന്ന് പറഞ്ഞു ഒരു നാട്ടുകാരൻ. കൂടുതൽ ഉയരത്തിൽ നിന്ന് കാണണമെങ്കിൽ മുൻഭാഗത്തുള്ള മെഡിക്കൽ ഷോപ്പിന്റെ വശത്തുള്ള പടിയിലൂടെ കയറിയാൽ മതി എന്നും അദ്ദേഹം ഉപദേശിച്ചു.

ആ പടികളിലൂടെ മുകളിലോട്ട് കയറിയാൽ കെട്ടിടത്തിന്റെ മുകളിലെ 3 നിലകളിലേക്ക് എത്താം. ഒന്നാമത്തെ നിലയിലും മൂന്നാമത്തെ നിലയിലും കല്യാണമണ്ഡപങ്ങൾ ആണ് ഇപ്പോൾ ഉള്ളത്. ഒരുപാട് പുതുക്കി പണിയലുകൾ ആ കെട്ടിടത്തിൽ നടന്നിട്ടുണ്ട് രണ്ടാമത്തെ നിലയിൽ രജിസ്ട്രാഫീസ് അടക്കമുള്ള സർക്കാർ ഓഫീസുകൾ നടക്കുന്നു. എല്ലായിടത്തും, ഇതൊരു പണ്ടൊരു കോട്ട ആയിരുന്നു എന്ന വ്യക്തമായ അടയാളങ്ങൾ അവശേഷിപ്പിച്ച് കൊണ്ട് തന്നെ.

ആ കെട്ടിടങ്ങളുടെ പരിസരത്തുള്ള എല്ലാ ഇടവഴികളിലൂടെയും നടന്നാൽ കയ്യേറ്റത്തിന്റെ കൃത്യമായ ലക്ഷണങ്ങൾ കാണാൻ പറ്റും. ഇടക്കിടക്ക് കോട്ടകളുടെ പഴയ ഭാഗങ്ങളുണ്ട്. കിഴക്കേ കോട്ട പടിഞ്ഞാറെ കോട്ട എന്നൊക്കെ പറയാൻ പാകത്തിന് ആ പഴയ നഗരത്തിന്റെ നാല് ഭാഗത്തും കോട്ടയുടെ കവാടങ്ങളും ഉണ്ട്. മുഖാമുഖം രണ്ട് ക്ഷേത്രങ്ങൾ നിൽക്കുന്നതും പഴയ കോട്ടയ്ക്ക് അകത്ത് തന്നെ. ക്ഷേത്രങ്ങൾ ആയത് കൊണ്ട് മാത്രം അത് രണ്ടും കൈയേറപ്പെട്ടിട്ടില്ല. ദൈവങ്ങളെക്കൊണ്ട് അങ്ങനെ ചില ഗുണങ്ങൾ ഉണ്ട്.

കോട്ടയും അതിന്റെ ചരിത്രവും ഇല്ലാതായിപ്പോയി എന്ന് പറയാതെ വയ്യ. ഒരു പൈതൃക നിർമ്മിതിയെ ആധുനിക ജനത കാർന്ന് തിന്നിരിക്കുന്നു.
രാജസ്ഥാനിലെ കോട്ടകളുടെ പട്ടികയിൽ കടന്നുവരുന്ന ഒന്ന് ആയതുകൊണ്ട് മാത്രമാണ് ആ പരിസരത്തേക്ക് ഞാൻ പോകുന്നതും അവിടെയെല്ലാം കറങ്ങി കോട്ടയുടെ അവശിഷ്ടങ്ങൾ നിരീക്ഷിക്കാൻ ശ്രമിക്കുന്നതും. അല്ലെങ്കിൽ ഞാനെന്തിന് ആ വഴിക്ക് പോകണം. പോയിട്ടെന്ത് കാര്യം?!

ഇന്നിനി മറ്റെങ്ങും പോകാനില്ല. അതുകൊണ്ട് കോട്ടയ്ക്ക് ചുറ്റുമുള്ള വഴികളിലെ ആഭരണക്കടകളിൽ നിരങ്ങാൻ തീരുമാനിച്ചു.

വെള്ളിയാഭരണങ്ങൾക്ക് വേണ്ടിയുള്ള ഡൈ ഉണ്ടാക്കുന്ന മഹേഷിന്റെ കടയ്ക്ക് 65 വർഷത്തോളം പഴക്കമുണ്ട്. ഓരോ ഡൈയും ഉപയോഗിച്ച് ഉണ്ടാക്കുന്ന മാല, കമ്മൽ, താലി, പാദസരം, മൂക്കുത്തി തുടങ്ങിയ ആഭരണങ്ങൾ മഹേഷ് പരിചയപ്പെടുത്തിത്തന്നു. 10 ജ്വല്ലറികൾ കഴിയുമ്പോൾ ഒരു ഡൈ കടയെങ്കിലും കാണുന്നുണ്ട്. പാദസരത്തിലും മറ്റും കാണുന്ന വളരെ ചെറിയ മണികൾ ഡൈ വെച്ച് അടിച്ച് ഉണ്ടാക്കുന്നത് കാണാൻ എന്ത് രസമാണെന്നോ!

സിക്കറിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും സോവനീർ വെള്ളിയിൽ തന്നെ വാങ്ങാൻ ഞാൻ തീരുമാനിച്ചു. കാശിന് ക്ഷാമം വരുമ്പോൾ ഗ്രാമവാസികളും സ്ത്രീകളുമൊക്കെ കൊണ്ടുവന്ന് വിൽക്കുന്ന വളരെ പഴയ ആഭരണങ്ങളുടെ ഭാഗങ്ങളിൽ നിന്ന് ഒരു ചെറിയ വെള്ളി കഷണം ഞാൻ സ്വന്തമാക്കി.

സ്ത്രീകളുടേതല്ല എന്ന് കണക്കാക്കി എൻ്റെ കഴുത്തിൽ ലോക്കറ്റ് ആക്കി അത് തൂക്കിയാൽ കുഴപ്പമുണ്ടോ എന്ന് കടക്കാരൻ ഹരീഷിനോട് ചോദിച്ചപ്പോൾ,… “നിങ്ങൾ മറുനാട്ടുകാർ ഉപയോഗിക്കാൻ തുടങ്ങിയാൽ ചിലപ്പോൾ ഇത് നാളെ ഫാഷനായെന്ന് വരും. എനിക്ക് കൂടുതൽ ആഭരണങ്ങൾ വിറ്റുപോയെന്നും വരും.” ഹരീഷ് ഉറക്കെ ചിരിച്ചു.

ഇതിനകം നഗരത്തിലെ വഴികളിലൂടെ രണ്ട് പ്രാവശ്യം ഭാഗി കറങ്ങി കഴിഞ്ഞിട്ടുണ്ടായിരുന്നു. ഇനി സായികൃപ റെസ്റ്റോറന്റിലേക്ക് മടങ്ങാം. ഇന്ന് രാത്രി കൂടെ അവിടെ തങ്ങുന്നു. നാളെ എങ്ങോട്ട് പോകണമെന്ന് നാളെ തീരുമാനിക്കാം.

അതിനിടയ്ക്ക് മറ്റൊരു സംഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാൻ സന്ദർശിച്ച ചോമു പാലസിൽ, കേരളത്തിൽ നിന്നുള്ള ഒരു കൂട്ടരുടെ ഡെസ്റ്റിനേഷൻ വെഡിംങ്ങ് നടക്കാൻ പോകുന്നു ഈ മാസം 19ന്. അതിൽ പങ്കെടുക്കുന്ന എൻ്റെ സുഹൃത്ത് അജിത്ത് ഷേണായ് Ajith Shenoy വഴി എനിക്കും ക്ഷണം കിട്ടിയിട്ടുണ്ട്. 1000 രൂപ പ്രവേശന ഫീസ് കൊടുത്ത് ഞാൻ കയറിയ ആ പാലസിൽ, ഒരു കല്യാണം കൂടാൻ വീണ്ടും ഞാൻ പോയെന്ന് വരും. ലക്ഷ്യവും കാലവും ഒന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്നതുകൊണ്ട് കിട്ടുന്ന ചില അസുലഭ മുഹൂർത്തങ്ങളാണ് ഇതൊക്കെ.

ശുഭരാത്രി.