ദേവ്ഗഡ് കോട്ട (കോട്ട # 74) (ദിവസം # 33 – രാത്രി 10:03)


11
ന്നലെ രാത്രി ഭാഗിക്ക് ഉള്ളിൽ വെച്ച എലിക്കെണിയിൽ എലി വീണില്ലെന്ന് മാത്രമല്ല, കെണിയായി വെച്ച ചപ്പാത്തി വെടിപ്പായി തിന്നിട്ട് പോകുകയും ചെയ്തു. എന്റെ ബലമായ സംശയം, ഡാഷ് ബോർഡിന്റെ ഉള്ളിലെ ഏതോ അറയിലാണ് അവൻ ഒളിച്ചിരിക്കുന്നത് എന്നാണ്. മറ്റുള്ള എല്ലാ സ്ഥലങ്ങളും ഞാൻ തുറന്ന് പരിശോധിച്ച് കഴിഞ്ഞു.

ഇത് കേട്ടതോടെ മഞ്ജുവിന് വാശിയായി. എലിപ്പെട്ടി കൊണ്ടുപോയ്ക്കൊള്ളാൻ എന്നോട് പറഞ്ഞു. കൂടാതെ വേറൊരു എലിക്കെണി പശയും തന്നു. ഒരുപക്ഷേ എലിപ്പെട്ടിയും എലിപ്പശയും ഒക്കെയായി മോട്ടോർ ഹോമിൽ സഞ്ചരിക്കുന്ന ആദ്യത്തെ മലയാളി ഞാനായിരിക്കാം!
സിക്കർ എന്ന സ്ഥലത്തുള്ള ദേവ്ഗഡ് കോട്ടയിലേക്കാണ് ഇന്നത്തെ യാത്ര. 115 കിലോമീറ്റർ; 2 മണിക്കൂർ സവാരി. ഇതേ പേരിൽ മദ്ധ്യപ്രദേശിലും ഉത്തർപ്രദേശിലും കോട്ടകൾ ഉണ്ടെന്നത് ശ്രദ്ധേയമാണ്. ഏതോ ഒരിടത്ത് ദിയോഗഡ് എന്ന് വിളിക്കുണ്ടെന്ന് മാത്രം.

രാവിലെ മഞ്ജു പ്രാതൽ തയ്യാറാക്കി തന്നതുകൊണ്ട് വൈകുന്നേരം വരെ ഇനി പ്രശ്നമില്ല. എനിക്കിപ്പോൾ രണ്ടുനേരം ഭക്ഷണം കിട്ടിയാൽ സുഭിക്ഷമാണ്. ഉച്ചക്ക്, അഥവാ വിശന്നാൽ കുറച്ച് ഈത്തപ്പഴം കയ്യിലുള്ളത് കഴിക്കും. അല്ലെങ്കിൽ 2 ചിങ്ങം പഴം വാങ്ങി കഴിക്കും. അത് ധാരാളം.
അത് പറഞ്ഞപ്പോളാണ് ഓർത്തത്, രാജസ്ഥാനിൽ ചിങ്ങൻ പഴം അല്ലാതെ മറ്റൊരു പഴവും കിട്ടില്ല. നേന്ത്രപ്പഴവും ചെറുപഴവും ഒന്നും ഇവിടെ കണി കാണാൻ പോലും ഇല്ല. ചിങ്ങൻ പഴം പോലും മറ്റേതോ സംസ്ഥാനത്തിൽ നിന്നാണ് വരുന്നത്. ചില മലയാളി കടകളിൽ ചെറുപഴവും ഏത്തപ്പഴവും കിട്ടാറുണ്ട് എന്ന് മഞ്ജു പറയുന്നു.

സിക്കറിൽ എത്താൻ 6 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ ദേശീയപാതയിൽ നിന്നും ഉള്ളിലേക്ക് തിരിഞ്ഞ് 4 കിലോമീറ്ററോളം പോയാൽ ദേവ്ഗഡ് കോട്ടയിൽ എത്താം.

ദൂരെ നിന്ന് തന്നെ മലമുകളിൽ കോട്ട കാണാം. പക്ഷേ, മലമുകളിലേക്കുള്ള വഴി കൃത്യമായി മനസ്സിലാക്കാൻ ആവില്ല. ഒരു ആലിന്റെ തണലിൽ അഞ്ചാറ് മനുഷ്യന്മാർ വളഞ്ഞിരുന്ന് ചീട്ടു കളിക്കുന്നുണ്ട്. അവരോട് കോട്ടയിലേക്കുള്ള വഴി തിരക്കി. തൊട്ടടുത്ത് ഒരു അമ്പലമുണ്ട്. അതിനോട് ചേർന്ന് ഒരു ചെറിയ വഴിയിലൂടെ മുകളിലേക്ക് നടന്ന് കയറാം എന്നാണ് അവർ പറഞ്ഞത്. “വെള്ളം കരുതിക്കോളൂ” എന്ന് മുന്നറിയിപ്പും തന്നു.

മരുഭൂമിയിൽ വളരുന്ന ഒരു മുള്ളുമരം ഉണ്ടല്ലോ? അതിന്റെ ചെറിയ തൈകൾ വളർന്ന് പടർന്ന് നിൽക്കുന്ന വഴികൾ. എനിക്ക് ഒരു മര്യാദയും ഇല്ലാതെ വഴി തെറ്റി. 20 മിനിറ്റോളം കയറി ഒരു വലിയ പാറയുടെ മുന്നിലാണ് ചെന്ന് നിന്നത്. അതിന്റെ മുകളിൽ കയറണമെങ്കിൽ രണ്ട് ദിവസം മുൻപ് AMK ട്രക്കിങ്ങിൽ ചെയ്തത് പോലെ കയറിയിട്ട് വലിക്കേണ്ടി വരും.
ഞാൻ തിരിച്ചിറങ്ങാൻ തീരുമാനിച്ചു. ആൽത്തറയിൽ ചെന്ന് അവിടെയുള്ളവരോട് കാര്യം പറയാം. ഏതെങ്കിലും ഒരു ചെറുപ്പക്കാരനെ വഴികാട്ടിയായി വിട്ടു തന്നാൽ അയാൾക്ക് ഗൈഡിനുള്ള പണം വാഗ്ദാനം ചെയ്യാം. ഇങ്ങനെയൊക്കെ പദ്ധതിയിട്ട് തിരിച്ചിറങ്ങാൻ തുടങ്ങിയതും ശരിയായ വഴിയിലേക്ക് ചെന്ന് മുട്ടി.

എന്റേത് ‘നല്ല നടപ്പ് ‘ അല്ലെന്ന് തോന്നുന്നു. വഴികൾ വല്ലാതെ തെറ്റുന്നു; വഴുക്കൽ ഇല്ലാത്തിടത്ത് പോലും കാല് തെന്നുന്നു. ഇതിനൊരു പരിഹാരം ഇല്ലേ ഡോക്ടർ?
2100 അടിയോളം ഉയരമുണ്ട് കോട്ട ഇരിക്കുന്ന ആരവല്ലി മലമുകളിലേക്ക്. അൽപ്പം തെളിഞ്ഞ ഒരു വഴി പോലെ തോന്നുമെങ്കിലും മുൾച്ചെടികൾ പ്രശ്നമുണ്ടാക്കുന്നുണ്ട്. പടികൾ ഒന്നുമില്ല. കല്ലുകൾ പാകിയിരിക്കുകയാണ് ചിലയിടങ്ങളിൽ. കുത്തനെയുള്ള കയറ്റങ്ങൾ ധാരാളമുണ്ട്. എന്നുവെച്ചാൽ കൈയും കാലും കുത്തി കയറേണ്ടത് തന്നെ. ഒരുപാട് സ്ഥലത്ത് പാത പൊളിഞ്ഞ് കിടക്കുന്നു. പക്ഷേ താഴ്വാരത്തിലേക്ക് നോക്കുമ്പോൾ ഇപ്പോൾ എനിക്ക് തീരെ ഭയമില്ല. AMK ട്രക്കിംങ്ങ് കൊണ്ടുണ്ടായ ഒരു വലിയ ഗുണം അതാണ്.

കാൽഭാഗം കയറിയതും ഒരു പയ്യൻ പിന്നാലെ വന്നുകൂടി. അവൻ ഊർജ്ജസ്വലനായി കയറി പോകുന്നുണ്ട്. ഞാൻ അവനുമായി ലോഹ്യം കൂടി. അവന്റെ പേര് ത്രിലോകി.
“ഞാനൊരു പ്രായമായ ആളല്ലേ എന്നെ ഒന്ന് മുകളിൽ കൊണ്ടുപോയി കാണിച്ച് കൊണ്ടുവന്നുകൂടെ?” എന്ന് ചോദിച്ചപ്പോൾ അവൻ ചിരിച്ചു, പിന്നെ എനിക്ക് വഴി കാട്ടി.
അവന്റെ ആടുകളെ മേയാൻ വിടുന്നത് ഈ ഭാഗത്താണ്. ഇന്നലെ ഒരു ആട് തിരിച്ചു വന്നിട്ടില്ല. അതിനെ നോക്കി നടക്കുകയാണ്. മിക്കവാറും ദിവസങ്ങളിൽ ഇതുപോലെ മല കയറാറുണ്ട് എന്നാണ് അവൻ പറയുന്നത്. കോട്ടയുടെ എല്ലാ ഭാഗങ്ങളും അവൻ എന്നെ കൊണ്ടുനടന്ന് കാണിച്ചു. അവൻ ഇല്ലായിരുന്നെങ്കിൽ, കോട്ടയിലെ പല കാഴ്ചകളും എനിക്ക് നഷ്ടമാകുമായിരുന്നു. ത്രിലോകി എന്ന ഈ ഒമ്പതാം ക്ലാസുകാരനെ ആൽക്കമിസ്റ്റിന്റെ ഗൂഢാലോചന ലിസ്റ്റിലേക്ക് ഞാൻ കയറ്റുന്നു.

* 1787ൽ സിക്കറിലെ റാവു രാജ ദേവി സിംങ്ങ് ആണ് ദേവഗഡ് കോട്ട ഉണ്ടാക്കിയത്.

* പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ സർദൂൽ സിംങ്ങ് ആണ് കോട്ട ഉണ്ടാക്കിയതെന്നും ഭാഷ്യമുണ്ട്.

* രജപുത്താന വാസ്തു ശിൽപ്പ ചാരുതിയും മുഗൾ വാസ്തുവിദ്യ ചാതുരിയും കോട്ടയ്ക്കുള്ളിൽ കാണാം.

* കല്ല്, കട്ട, മാർബിൾ എന്നിവ നിർമ്മിതിക്ക് ഉപയോഗിച്ചിട്ടുണ്ട്. മരം എങ്ങും കണ്ടതില്ല.

* ജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം കോട്ടയ്ക്കുള്ളിൽ ഉണ്ട്.

* ഒരു ഭാഗത്ത് ഇരുമ്പിന്റെ വലിയ ബീമുകൾ മച്ചിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം. അത് ഏത് കാലത്തെ നിർമ്മിതി ആണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

* പരിപാലനം ഒന്നുമില്ലാതെ, കോട്ട നാശത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
നിനച്ചിരിക്കാതെ രണ്ട് ചെറുപ്പക്കാർ കോട്ടയിലേക്ക് വന്നു കയറി.

“ബാബുജി, വഴി മോശമാണല്ലോ. എങ്ങനെ ഇങ്ങോട്ട് കയറി വന്നു?”… എന്നാണ് കണ്ടയുടനെ അവർ ചോദിച്ചത്.

അഹങ്കാരത്തിൽ കുതിർന്ന ഒരു ചിരി മാത്രമായിരുന്നു മറുപടി. രണ്ട് ദിവസം മുമ്പ് AMK ട്രക്കിംങ്ങ് നടത്തിയ ‘ബാബുജി’യോടാണ് ചോദിക്കുന്നതെന്ന് അവർക്കറിയില്ലല്ലോ?

ഞാൻ ഇറങ്ങിപ്പോകുന്നത് കാണാൻ കൗതുകത്തോടെ അവർ കാത്തുനിന്നു. അല്പം കൂടെ വേഗത്തിൽ എനിക്ക് ഇറങ്ങാനും കയറാനും പറ്റുമായിരുന്നു പക്ഷേ മലകയറ്റം തുടങ്ങുന്നതിന് മുൻപ് ട്രക്കിങ് പോൾ ഭാഗിയിൽ നിന്ന് എടുക്കാൻ മറന്നു പോയിരുന്നു.

കയറ്റത്തിലും ഇറക്കത്തിലും കണ്ണട ടീഷർട്ടിൽ തൂക്കുകയാണ് പതിവ്. ഇടക്ക് എപ്പോഴോ അത് താഴെ വീണു. താഴെ എത്തിയശേഷം നോക്കുമ്പോൾ കണ്ണടയുടെ ഒരു കാല് കാണാനില്ല അത് വഴിയിൽ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു മാറ്റക്കണ്ണട ബാഗിൽ ഉണ്ട്. എന്നാലും ഇതിന്റെ ഫ്രെയിം മാറ്റി എടുക്കണം.

കോട്ട സന്ദർശനം കഴിഞ്ഞ നിലയ്ക്ക്, രാത്രി താങ്ങാനുള്ള സ്ഥലം കണ്ടുപിടിക്കണം. സിക്കറിലേക്കുള്ള വഴിയിൽ ഭേദപ്പെട്ട ഒരു റസ്റ്റോറൻറ് കണ്ടു. സമയം അഞ്ചു മണി. ഉച്ചഭക്ഷണവും അത്താഴവും ചേർന്നുള്ള ആഹാരത്തിന് പറ്റിയ സമയം. ഗുരുകൃപ റസ്റ്റോറൻറ് എന്ന ആ സ്ഥാപനത്തിന്റെ ഉടമയോട് ഞാൻ കാര്യങ്ങൾ പറഞ്ഞു. ഭാഗിയെ അവിടെ ഇടുന്നതിന് അയാൾക്ക് പരിപൂർണ്ണ സമ്മതം. രാജസ്ഥാനിൽ ഇന്നുവരെ ആരും ഇക്കാര്യത്തിൽ വിസമ്മതിച്ചിട്ടില്ല.

ഒരുപാട് നാളുകൾക്ക് ശേഷം പാസ്ത കഴിച്ചു. രാത്രി കിടക്കുന്നതിന് മുൻപ് എപ്പോഴെങ്കിലും ഒരു ലസ്സി കൂടെ കഴിച്ചാൽ സുഭിക്ഷം.

വളരെ സന്തോഷമുള്ള മറ്റൊരു കാര്യം പറയാനുണ്ട്. ഗുരുകൃപ റസ്റ്റോറന്റിന്റെ മുന്നിലിരുന്ന് ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ പുറത്ത് ചെറിയ തണുപ്പ്. ജാക്കറ്റ് എടുത്ത് പുതക്കേണ്ടി വരും എന്ന അവസ്ഥ. താപമാനം പരിശോധിച്ചപ്പോൾ വെളുപ്പിന് 22 ഡിഗ്രി ആണ് കാണിക്കുന്നത്.
എന്നുവെച്ചാൽ തണുപ്പ് കാലം തുടങ്ങിക്കഴിഞ്ഞു. ഭാഗിയിൽ ഇനി ഫാൻ ഇട്ട് കിടക്കേണ്ട ആവശ്യമില്ല. ഇനിയങ്ങോട്ടുള്ള യാത്രയുടെ ഏറ്റവും സുഖകരമായ അനുഭൂതി, കൊഴുക്കാൻ പോകുന്ന ഈ തണുപ്പ് തന്നെയാണ്.

നാളെ എങ്ങോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ല. അതുതന്നെയാണ് ഈ യാത്രയുടെ പ്രത്യേകതയും. പക്ഷേ, ഇന്ന് രാത്രി എന്തുവിലകൊടുത്തും മൂഷികനെ പിടിച്ചേ പറ്റൂ.

ശുഭരാത്രി.