ചോമു പാലസ് (ദിവസം # 32 – രാത്രി 11:58)


11
ദ്ധതി ഇട്ടിരുന്നത് പ്രകാരം ഇന്ന് ജയ്പൂരിൽ നിന്ന് പുറപ്പെടാനായില്ല.

AMK ട്രക്കിങ്ങിനായി മഹാരാഷ്ട്രയിലേക്ക് പോയത് കാരണം രണ്ടുമൂന്ന് ദിവസം ഭാഗി ഒറ്റയ്ക്ക് കിടക്കുകയായിരുന്നല്ലോ. അവൾ നന്നായി പൊടി പിടിച്ചിട്ടുണ്ട്. അകം തുറന്ന് നോക്കിയപ്പോൾ എൻ്റെ കിടക്കയിൽ എലിയുടെ കാഷ്ടവും മൂത്രവും ഒക്കെ ഉണ്ട്. നന്നായി വൃത്തിയാക്കുക തന്നെ വേണം. പോരാത്തതിന്, മൂഷികനെ കണ്ടുപിടിച്ച് കാലപുരിക്ക് അയക്കുകയും വേണം. എലിയെ കൊല്ലാൻ പാടില്ലെന്ന് പുതിയ നിയമ ഉണ്ട് പോലും! എന്തായാലും നിയമം ലംഘിക്കേണ്ടി വന്നില്ല. എത്ര പരതിയിട്ടും മൂഷികനെ കണ്ടുകിട്ടിയില്ല.

ഭാഗിയെ വൃത്തിയാക്കി എടുത്തപ്പോഴേക്കും രണ്ടു മണിയായി. മാത്രമല്ല കിടക്കവിരിയും തലയിണത്തുണിയും അടക്കം എല്ലാം കഴുകി വൃത്തിയാക്കേണ്ടി വന്നു. അതെല്ലാം കഴിഞ്ഞപ്പോൾ ഉച്ചയ്ക്ക് 2 മണി.

അര ദിവസം കൊണ്ട് പോകാൻ പറ്റിയ ഒരു സ്ഥലമുണ്ട് ജയ്പൂരിൽ. ചോമു പാലസ്. 30 കിലോമീറ്റർ ദൂരമേ ഉള്ളൂ.

അതിപ്പോൾ ഒരു പൈതൃക ഹോട്ടലാണ്. അതുകൊണ്ട് തന്നെ അകത്തേക്ക് പ്രവേശനം ലഭിക്കണമെങ്കിൽ 1000 രൂപയും അതിന്റെ ജി.എസ്. ടി.യും കൊടുത്ത് ടിക്കറ്റ് എടുക്കണം.
അത് അല്പം കടുത്ത പ്രവേശന ഫീസ് ആണ്. പക്ഷേ മറ്റൊരു ഗുണമുണ്ട്. കൊട്ടാരത്തിലെ പഞ്ചനക്ഷത്ര റസ്റ്റോറന്റിൽ ഭക്ഷണം സൗജന്യമായി കഴിക്കാം. എന്റെ ഭക്ഷണത്തിന്റെ (സൂപ്പും മുളകിട്ട് മൊരിച്ച ഉരുളക്കിഴങ്ങും) ബില്ല് തന്നെ 767 രൂപ ആയി. അങ്ങനെ നോക്കുമ്പോൾ ആ പ്രവേശന ഫീസ് നഷ്ടമല്ല. ₹1000 മുകളിൽ ഭക്ഷണം കഴിച്ചാൽ എന്താകുമെന്ന് ഞാൻ ചോദിച്ചില്ല. എനിക്കത്രയും കഴിക്കാൻ ആവില്ല.

1550ൽ പൃഥ്വിരാജ് സിങ്ങിന്റെ നാലാമത്തെ മകനായ റാവു ഗോപാൽജി ആണ് സമോദ് അധികാരികളുടെ ശാഖയായി ചോമു രാജവംശം സ്ഥാപിക്കുന്നത്. തുടക്കത്തിൽ ഇതൊരു കോട്ട ആയിരുന്നു. അഞ്ച് മീറ്റർ കനമുള്ള ഈ കൊട്ടാരത്തിന്റെ മതിലുകൾ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലാണ് പൂർണ്ണമായും ഇത് ഒരു കൊട്ടാരമായി മാറ്റപ്പെടുന്നത്.

പുറമേ, റോഡിൽ നിന്ന് കാണുമ്പോൾ ഒരു കോട്ടയുടെ എല്ലാ ഭാവങ്ങളും ചോമു കൊട്ടാരത്തിനുണ്ട്. കനത്ത മതിലുകൾ ആണ് അതിന് കാരണം.

ചെന്നയുടനെ വെള്ളി പത്രത്തിൽ ചന്ദന സർബത്ത് തന്നാണ് അവർ സ്വീകരിച്ചത്. കൊട്ടാരത്തിന്റെ പുറം ഭാഗങ്ങൾ കാണിച്ചതിന് ശേഷം ഒരു ജീവനക്കാരൻ എന്നെ നേരെ റസ്റ്റോറന്റിലേക്ക് കൊണ്ടുപോയി. ദർബാർ ഹാൾ എന്നാണ് ആ റസ്റ്റോറന്റിന്റെ പേര്. അത് പഴയ ദർബാർ ഹാൾ തന്നെയാണ്. രാവൺ സംഗീതഞ്ജൻ ഒരാൾ റസ്റ്റോറന്റിൽ വാദ്യസംഗീതം പകരുന്നുണ്ട്. ഞാൻ രാവൺ സംഗീതം ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിച്ചു.

മഹാറാണി സ്യൂട്ട്, മഹാരാജ് സ്യൂട്ട് എന്നിങ്ങനെ 100 മുറികൾ ഈ പഞ്ചനക്ഷത്ര പൈതൃക ഹോട്ടലിൽ ഉണ്ട്. രണ്ട് ദർബാർ ഹാളുകൾ, നാല് പൂന്തോട്ടങ്ങൾ, രണ്ട് ക്ഷേത്രങ്ങൾ, നീന്തൽക്കുളം എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. 80 മുറികൾ പഴയതാണെങ്കിലും 20 മുറികൾ പുതിയതായി കൂട്ടിച്ചേർത്താണ്. ചോമു കൊട്ടാരത്തിലുള്ള അത്രയും വിശാലമായി ഇരുനിലകളിൽ നിർമ്മിച്ചിട്ടുള്ള ശീഷ് മഹൽ മറ്റൊരു കൊട്ടാരത്തിലും ഇതുവരെ ഞാൻ കണ്ടിട്ടില്ല.

കാറ്റും വെളിച്ചവും നന്നായി കടക്കുന്ന ‘ഛത്തീസ് ധരി’ എന്ന വലിയ മുറിക്ക് പേര് പോലെതന്നെ 36 മാർബിൾ തൂണുകളാണ് ഉള്ളത്. ഹിന്ദിയിൽ ഛത്തീസ് ഏന്നാൽ 36 ആണ്. വളരെ നന്നായിത്തന്നെ പരിപാലിച്ചിരിക്കുന്നു ഈ കൊട്ടാരം.

പ്രധാനമായും ഷൂട്ടിങ്ങുകൾക്കും കല്യാണ ആവശ്യങ്ങൾക്കും വേണ്ടിയാണ് കൊട്ടാരം ഇപ്പോൾ ജനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. ഞാൻ ചെല്ലുമ്പോൾ ഒരു സംഗീത ആൽബത്തിന്റെ ഷൂട്ടിംഗ് അവിടെ നടക്കുന്നുണ്ട്.

ഒരു ജീവനക്കാരി എല്ലാ മുറികളും കൊണ്ടുനടന്ന് കാണിച്ച്, വിശദീകരിച്ച് തന്നു. ചോമു കൊട്ടാരത്തിനെ കോട്ടകളുടെ പട്ടികയിലേക്ക് ഞാൻ ചേർക്കുന്നില്ല. പക്ഷേ നല്ലൊരു കൊട്ടാരം എന്ന നിലയിൽ ഇതിനെ കണക്കിലെടുക്കുക തന്നെ വേണം.

നാളെ എങ്ങോട്ടെന്ന് കൃത്യമായി തീരുമാനിച്ചിട്ടില്ല. എന്തായാലും കാലാവസ്ഥ നന്നായിട്ടുണ്ട്. ഇന്ന് പകൽ പുറത്തിറങ്ങിയിട്ട് ഞാൻ വിയർത്തതേയില്ല.

ശുഭരാത്രി.