ഭാഗിയെ ട്രാഫിക്ക് പൊലീസ് പൊക്കി (ദിവസം # 31 – രാത്രി 11:58)


11
മുംബൈയിൽ നിന്നും ജയ്പൂരിലേക്കുള്ള വിമാനം രാവിലെ 04:55ന് പുറപ്പെട്ട് 06:30 മണിക്ക് ജയ്പൂരിൽ ഇറങ്ങി. എയർപോർട്ടിൽ നിന്ന് ഊബർ പിടിച്ച് റെയിൽവേ കോളനിയിലെത്തിയപ്പോൾ സമയം 07:45.

ഇപ്രാവശ്യം വിമാനത്തിന്റെ ഏറ്റവും പുറകിലെ നിരയിൽ 31B എന്ന സീറ്റിൽ ഇരുന്ന്, ടർബുലൻസ് ഉണ്ടായപ്പോൾ, പതിവിന് വിപരീതമായി ചിരിച്ചുകൊണ്ടാണ് ഞാൻ അവിടെ ഇരുന്നത്. ഇന്നലെത്തെ AMK ട്രക്കിംങ്ങിന് ശേഷം എന്നിൽ ഉണ്ടായ വ്യത്യാസമാണത്. വിമാന യാത്ര തന്നെ എനിക്ക് ഭയമാണ്. പിൻസീറ്റുകളിലെ യാത്ര അതിലേറെ ബുദ്ധിമുട്ടാണ്.

മഞ്ജുവിന്റെ വീട്ടിലെത്തി വസ്ത്രങ്ങളൊക്കെ കഴുകി പ്രാതൽ കഴിച്ചു നീണ്ടുനിവർന്ന് കിടന്ന് ഉറങ്ങി. ഇന്നലത്തെ ട്രക്കിങ്ങിന്റേതായ സ്വാഭാവികമായ ഒരു ചെറിയ ശരീരം വേദന ഉണ്ടെന്നല്ലാതെ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല. എങ്കിലും രാത്രി ഉറക്കം നഷ്ടപ്പെട്ടതുകൊണ്ട് വൈകുന്നേരം 4 മണി വരെ ഉറങ്ങി.

ട്രക്കിങ്ങിനിടയ്ക്ക് പുറത്ത് കിടന്നിരുന്ന ബാഗ് പലയിടത്തും ഉരഞ്ഞ് കീറിയതുകൊണ്ട്, മറ്റൊരു ബാഗ് വാങ്ങണമെന്നുണ്ടായിരുന്നു. പറ്റുമെങ്കിൽ വൈൽഡ്ക്രാഫ്റ്റിൻ്റെ അതേ ബാഗ് തന്നെ.
ജയ്പൂരിലെ വൈൽഡ്ക്രാഫ്റ്റ് കട കണ്ടുപിടിച്ച്, അവിടന്ന് ബാഗ് വാങ്ങി പുറത്തിറങ്ങുമ്പോൾ ഭാഗിയെ കാണാനില്ല. ട്രാഫിക് പോലീസുകാർ തൂക്കിയെടുത്ത് കൊണ്ടുപോയതാകാൻ സാദ്ധ്യതയുണ്ടെന്ന് തോന്നി. ആ ഭാഗത്ത് അങ്ങനെ ചെയ്യാറുണ്ടോ എന്ന് ചോദിച്ചപ്പോൾ, കടക്കാരൻ അത് ശരി വെച്ചു. റോഡിലൂടെ വന്ന ഒരു പോലീസുകാരനോട് കാര്യങ്ങൾ തിരക്കി.

എന്റെ വാഹനം ഇവിടെ നിന്ന് തൂക്കിക്കൊണ്ട് പോയിട്ടുണ്ടെങ്കിൽ അത് എങ്ങോട്ടായിരിക്കും പോയിരിക്കുക എന്ന് ചോദിച്ചപ്പോൾ അദ്ദേഹം രണ്ടു കാര്യങ്ങൾ പറഞ്ഞു തന്നു. രാം വിലാസ് ബാഗിലേക്കാണ് കൊണ്ടുപോകാൻ സാദ്ധ്യത. അല്ലെങ്കിൽ നിങ്ങളുടെ വാഹനം കിടന്ന സ്ഥലത്ത് റോട്ടിൽ അവർ ചോക്ക് വെച്ച് എഴുതിയിട്ടുണ്ടാകും.

ജീവിതത്തിൽ മുൻപൊരിക്കലും എൻ്റെ വാഹനം tow ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇതിൻെറ നടപടിക്രമങ്ങളും എനിക്കറിയില്ല. ഭാഗി കിടന്നിടുത്ത് ചെന്ന് നോക്കിയപ്പോൾ ജെ.പി ബാഗ് എന്ന് റോഡിൽ ചോക്ക് വെച്ച് എഴുതിയിട്ടുണ്ട്.

ഒരു ടുക്ക് ടുക്ക് പിടിച്ച് ആൽബർട്ട് ഹാളിന്റെ അടുത്തുള്ള ജെ.പി. ബാഗിലേക്ക് വിട്ടു. ഭാഗ്യം, ഭാഗി അവിടെ ഉണ്ട്. ഇനി അവളെ അവിടന്ന് ഇറക്കാനുള്ള നടപടിക്രമങ്ങളാണ് നോക്കേണ്ടത്.
ഞാൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചു. നോ പാർക്കിംഗ് ബോർഡ് ഒന്നും ആ പരിസരത്ത് ഉണ്ടായിരുന്നില്ല. പിന്നീട് വാഹനം അന്വേഷിച്ച് 20 അടി മുന്നോട്ട് നീങ്ങിയപ്പോൾ മാത്രമാണ് ഞാൻ ആ ഒരു ബോർഡ് കണ്ടത്. എന്നെപ്പോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ടൂറിസ്റ്റുകൾക്ക് ആ റോഡിൽ പാർക്കിങ്ങ് ഇല്ലെന്ന് മനസ്സിലാകണമെന്നില്ല സർ.

അദ്ദേഹത്തിന് എൻ്റെ ബുദ്ധിമുട്ട് മനസ്സിലായി. ഫൈൻ ഒഴിവാക്കി തരാമെന്ന് സമ്മതിച്ചു. പക്ഷേ ക്രെയിൻ ഉപയോഗിച്ച് വാഹനം പൊക്കി കൊണ്ടുവന്നവർക്ക് അവരുടെ പണം കൊടുക്കണം. അങ്ങനെ മൊത്തത്തിൽ 900 രൂപ എന്നുള്ള പിഴ 500 രൂപയിൽ ഒതുങ്ങി.

യാതൊരു ട്രാഫിക് മര്യാദയും കാണിക്കാതെ റോട്ടിൽ റൗണ്ട് എബൗട്ടിൽ പോലും എതിർവശത്തേക്ക് വാഹനം ഓടിക്കുന്ന ഈ നഗരത്തിൽ കൃത്യമായി നോ പാർക്കിംങ്ങ് നോക്കി വാഹനങ്ങൾ പൊക്കിക്കൊണ്ട് പോകുന്നു! ഇക്കാര്യം മഞ്ജുവിനോട് സംസാരിച്ചപ്പോൾ ഇതേ റോഡിൽ മഞ്ജുവിന്റെ വാഹനവും പൊക്കിയിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തി.

എന്തായാലും ഇതൊരു നല്ല അനുഭവം തന്നെ. ജയ്സാൽമീറിലും ഇതുപോലെ നോ പാർക്കിങ്ങിൽ ഭാഗിയെ പിടിച്ചിട്ടുണ്ട്. ഇനി മുതൽ രാജസ്ഥാനിലെ തിരക്കുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അറിഞ്ഞുകൊണ്ട് ഞാൻ നോ പാർക്കിങ്ങിൽ വാഹനം ഇട്ടതല്ല.
അതിനിടയ്ക്ക് മഞ്ജുവിന്റെ ഭർത്തൃ സഹോദരിയുടെ ബാഗ് കള്ളന്മാർ തട്ടിപ്പറിച്ചു കൊണ്ട് ഓടിയത് കാരണം അതിന്റെ കേസും കൂട്ടവു മായി നടക്കുകയായിരുന്നു മഞ്ജു. ആ സംഭവം എന്നെ ശരിക്കും ഞെട്ടിപ്പിച്ചു. എന്റെ കയ്യിൽ നിന്നും വേണമെങ്കിൽ ഇതേപോലെ തട്ടിപ്പറിച്ച് ഓടാമായിരുന്നല്ലോ?! എത്രയിടത്ത് ബാഗ് അലക്ഷ്യമായി വെച്ചിട്ട് ചായയും കാപ്പിയും കുടിച്ചു ഇരുന്നിരിക്കുന്നു ഞാൻ. ഇനിയങ്ങോട്ട് നന്നായി ശ്രദ്ധിക്കണം. പിടിച്ചുപറിക്കാർ എല്ലാ നഗരത്തിലും ഉണ്ട്.

നാളെ ജയ്പൂർ വിടുകയാണ്. ജയ്പൂർ സന്ദർശനം ഇത്രയും ഭംഗിയായി നടന്നത് മഞ്ജുവിന്റെ സഹകരണം കൊണ്ട് മാത്രമാണ്. മഞ്ജുവിന് Manju Pareek ഒരുപാട് നന്ദി.

ഇന്നേക്ക് യാത്ര ഒരു മാസം പിന്നിടുന്നു. പകൽച്ചൂട് കുറഞ്ഞു. രാത്രി ചെറിയ തണുപ്പ് തുടങ്ങിയിട്ടുമുണ്ട്.

ശുഭരാത്രി.