ഏറ്റവും വലിയ സാഹസം (ദിവസം # 30 – രാത്രി 11:18)


11
ജീവിതത്തിൽ ചെയ്തിട്ടുള്ള ഏറ്റവും വലിയ സാഹസിക പ്രവർത്തി എന്താണെന്ന് ചോദിച്ചാൽ അലങ്ങ്, മദൻ, കുലങ്ങ് കോട്ടകൾ ഇരിക്കുന്ന മലയിലേക്കുള്ള കയറ്റം എന്ന്, രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ഞാൻ പറയും.

പർവ്വതാരോഹകർക്കും സാഹസികത ഓരോ ചുവടിലും കൊണ്ട് നടക്കുന്നവർക്കും ഇത് ഒരു വലിയ കാര്യമല്ലായിരിക്കാം. പക്ഷേ എൻ്റെ കാര്യം അങ്ങനെയല്ല. ഞാനൊരു സാഹസികനല്ല. കോട്ടകൾ സന്ദർശിക്കണം എന്നുള്ളത് കൊണ്ട് മാത്രമാണ് ഈ ട്രക്കിങ്ങിന് ഞാൻ മുതിർന്നത്.

മഹാരാഷ്ട്രയിലെ ഏറ്റവും കഠിനമായ ട്രക്കിംഗ് ആണ് ഇതെന്ന് അറിയാമായിരുന്നെങ്കിലും എൻ്റെ ജീവനെടുക്കാൻ പോന്ന ഒന്നാണെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. അത്രയ്ക്കധികം ഞാനിന്ന് ഭയന്നിട്ടുണ്ട്.

ഇന്നലെ രാത്രി കുറെ അധികം നേരം മഴപെയ്തു. അത് അപകടമാണ്. ചവുട്ടുന്നിടത്തെല്ലാം വഴുക്കൽ കൂടാൻ അതുമതി.

രാവിലെ എഴുന്നേറ്റപ്പോൾ കോടയിൽ മൂടി നിൽക്കുകയാണ് ചുറ്റിനും. ഞങ്ങൾ തങ്ങിയിരിക്കുന്ന ഗുഹയിൽ വരെ കോട തള്ളിക്കയറി വന്നിട്ടുണ്ട്. പുറത്തേക്ക് ഒന്നും കാണാൻ പറ്റുന്നില്ല. അതുകൊണ്ടുതന്നെ സൂര്യോദയം നഷ്ടമായി.

അംബെവാടി ഗ്രാമത്തിൽ നിന്ന് ഞങ്ങൾക്കൊപ്പം വന്നിരിക്കുന്ന ചെറുപ്പക്കാർ ഉണ്ടാക്കിത്തന്ന നൂഡിൽസ് കഴിച്ച് എല്ലാവരും ഏഴുമണിയോടെ തയ്യാറായെങ്കിലും, മടക്കയാത്ര ആരംഭിക്കാൻ പറ്റിയത് എട്ടര മണിയോടെയാണ്.

മഴപെയ്ത് വഴുതൽ കൂടിയിരിക്കുന്നത് കൊണ്ട് കുലങ്ങിലേക്കുള്ള കയറ്റം എല്ലാവരും ഉപേക്ഷിക്കണമെന്ന് ടെക്നിക്കൽ ടീം ആവശ്യപ്പെട്ടു. സത്യത്തിൽ മഴക്കാലത്ത് ചെയ്യാൻ പറ്റിയ ഒരു ട്രക്കിംഗ് അല്ല ഇത്. പക്ഷേ കഴിഞ്ഞവർഷം ഇതേ ദിവസങ്ങളിൽ മഴ ഉണ്ടായിരുന്നില്ല. കാലാവസ്ഥ ഓരോ വർഷവും മാറിക്കൊണ്ടിരിക്കുകയാണല്ലോ.

കുലങ്ങ് യാത്ര ഒഴിവായതിൽ കൂട്ടത്തിലുള്ള സാഹസികരായ ട്രക്കിംഗ് അംഗങ്ങൾക്ക് ഏറെ നിരാശ ഉണ്ടായിരുന്നു. ഞാനാകട്ടെ വന്ന വഴിയിലൂടെ അപകടം ഒന്നുമില്ലാതെ എങ്ങനെ തിരിച്ചിറങ്ങാം എന്ന ആശങ്കയിലായിരുന്നു.

ഞങ്ങൾക്കൊപ്പം ട്രക്കിങ്ങിന് ചേർന്നിരിക്കുന്ന മഹാരാഷ്ട്രക്കാരനായ പവൻ എന്ന ചെറുപ്പക്കാരനിൽ ആയിരുന്നു എൻ്റെ പ്രതീക്ഷ മുഴുവനും. ഇന്നലെ മലയിലേക്ക് കയറിയപ്പോൾ ഒരുപാട് സ്ഥലങ്ങളിൽ കൈപിടിച്ച് സഹായിച്ചത് പവൻ ആണ്.

ഇന്ന് എന്നെ സുരക്ഷിതമായി തിരിച്ചിറക്കുന്ന കാര്യം പവൻ ഏറ്റു. സത്യത്തിൽ പവൻ അല്ലെങ്കിൽ മറ്റൊരാൾ എന്നെ സഹായിക്കുമായിരുന്നു. പക്ഷേ, ഇന്നത്തെ എൻ്റെ നായകൻ പവൻ തന്നെയാണ്. ആൽക്കമിസ്റ്റ് പറഞ്ഞ ഗൂഢാലോചനയിലെ ഇന്നത്തെ താരം.

എങ്ങനെയായിരുന്നു സാഹസികമായ ആ ഇറക്കം എന്ന് തൽക്കാലം ഞാൻ വർണ്ണിക്കുന്നില്ല. മഴ നനഞ്ഞ് തെന്നി കിടന്നിരുന്ന ഓരോ ചുവടുകളും താണ്ടി, മറ്റ് സംഘാംഗങ്ങൾ എങ്ങനെ താഴെയിറങ്ങി എന്നത് എനിക്ക് ഇപ്പോഴും അതിശയമാണ്.

ഏകദേശം അഞ്ചുമണിക്കൂർ എടുത്തു ഞങ്ങൾ തിരികെ താഴ്വാരത്ത് എത്താൻ. വന്നയുടനെ കഴിഞ്ഞദിവസം കുളിക്കാൻ പോയ വെള്ളച്ചാട്ടത്തിന് സമീപമുള്ള തടാകത്തിൽ എല്ലാവരും കുളിക്കാൻ ഇറങ്ങി. ഇത്തരം വലിയ ഒരു ട്രെക്കിങ്ങ് നടത്തിയതിന് ശേഷം ആ തടാകത്തിലെ കുളി തരുന്ന ഊർജ്ജം ചെറുതൊന്നുമല്ല.

ബാഗ് എല്ലാം എടുത്ത് എല്ലാവരും വാഹനത്തിൽ കയറിയപ്പോഴേക്കും സമയം നാലു മണി. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. എന്റെ തീവണ്ടി മുംബൈ സെൻട്രലിൽ നിന്ന് ജയ്പൂരിലേക്ക് വിടുന്നത് ഏഴുമണിക്കാണ്. എത്ര ശ്രമിച്ചാലും ആ സമയത്തിനുള്ളിൽ കല്ലറയിൽ നിന്ന് ഞാൻ മുംബൈ സെൻട്രലിൽ എത്തില്ല. മറ്റുള്ളവരുടെ തീവണ്ടി 12 മണിക്കാണ്.

ഉടനെ തന്നെ മുംബൈയിൽ നിന്ന് ജയ്പൂരിലേക്ക് വിമാനം ഉണ്ടോ എന്ന് പരിശോധിച്ചു. നാളെ രാവിലെ 04:55ന് ഒരു വിമാനം ഉണ്ട്. അതിന് ടിക്കറ്റ് എടുത്തു. ഒരു രാത്രി മുംബൈയിൽ തങ്ങിയാൽ അതിൽ കൂടുതൽ പണം ചിലവായി എന്നു വരും. മാത്രമല്ല വീണ്ടും തീവണ്ടി അല്ലെങ്കിൽ വിമാന ടിക്കറ്റ് എടുക്കുന്ന ചിലവ് വേറെയും.

കേരളത്തിൽ നിന്നും വന്ന സംഘാംഗങ്ങൾ എല്ലാവരും പനവേലിലേക്ക് യാത്രതിരിച്ചു. അവിടന്നാണ് അവർക്ക് കേരളത്തിലേക്കുള്ള തീവണ്ടി. ഞാൻ ദാദറിൽ നിന്ന് തീവണ്ടി മാറിക്കയറി സാന്താക്രൂസിൽ ഇറങ്ങി, ഓട്ടോ എടുത്ത് 09:30ന് ഡൊമസ്റ്റിക്ക് വിമാനത്താവളത്തിൽ എത്തി.
പതിനൊന്നര മണി കഴിയാതെ രാവിലത്തെ വിമാനത്തിന് ഉള്ളവരെ അകത്തേക്ക് കടത്തിവിടില്ല. അതുകൊണ്ട് പുറത്തുള്ള റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് അവടെത്തന്നെ ഇരുന്നുകൊണ്ട് ഇത് എഴുതുന്നു.

വിമാനത്താവളത്തിന് അകത്തു കയറിക്കിട്ടിയാൽ അവിടെ ഏതെങ്കിലും ഒരു ബെഞ്ചിൽ കിടന്നുറങ്ങാം. ഇത്രയും ദൈർഘ്യമേറിയതും കഠിനമായതുമായ ഒരു ട്രക്കിങ്ങിന് ശേഷം നല്ലൊരു ഉറക്കം തീർച്ചയായും ആവശ്യമാണ്. ആ ഉറക്കം കിട്ടിയാലും ഇല്ലെങ്കിലും നാളെ ഞാൻ പരിപൂർണ്ണ വിശ്രമം എടുക്കുകയാണ്. അലങ്ങ്, മദൻ, മലങ്ങ് സാഹസികതയുടെ അയവിറക്കാൻ സത്യത്തിൽ ഒരു ദിവസം പോര.

ശുഭരാത്രി.