അംബേവാടി ഗ്രാമം – മഹാരാഷ്ട്ര (ദിവസം # 28 – രാത്രി 09:35)


11
രാവിലെ 7 മണിക്ക്, ജയ്പൂരിൽ നിന്നുള്ള വണ്ടിയിൽ ബോംബെ സെൻട്രലിൽ ഇറങ്ങി അവിടന്ന് 5 രൂപ ടിക്കറ്റ് എടുത്ത് സബർബൻ ട്രെയിനിൽ ചർച്ച്ഗേറ്റിലേക്ക്.

മുംബൈ നഗരം തിരക്കിലേക്ക് ഊളിയിട്ടിട്ടില്ല. അതുകൊണ്ട് തീരെ തിരക്കില്ലാതെ ആ യാത്ര സാദ്ധ്യമായി. അവിടന്ന് ടാക്സി പിടിച്ച് വീ.ട്ടി.യിലേക്ക്. വഴിയോര കാഴ്ച്ചകൾ കണ്ട് അലഞ്ഞ് തിരിഞ്ഞ് വീ.ട്ടി.യിൽ നിന്ന് ചർച്ച്ഗേറ്റിലേക്കും, തിരിച്ചും നടന്ന് പോകുമായിരുന്ന ഒരു പൂർവ്വകാലമുണ്ട് അക്ഷരമില്ലാത്തവന്. ആ ഓർമ്മകൾ തള്ളിക്കയറി വന്നു കുറഞ്ഞ നേരത്തേക്കെങ്കിലും.

വീ.ട്ടി.യിൽ നിന്ന് കസാറയിലേക്ക് രാവിലെ 8:33ന് തീവണ്ടിയുണ്ട്. അതുവരെ വീ.ട്ടി. സ്റ്റേഷനിലെ കാഴ്ച്ചകൾ കണ്ടുനിന്നു. അത് രണ്ടര മണിക്കൂർ യാത്രയുണ്ട്. കേരളത്തിൽ നിന്ന് വരുന്ന സംഘാംഗങ്ങൾ 13 പേർ ഉച്ചയോടെ കസാറയിൽ എത്തേണ്ടതാണെങ്കിലും അവരെത്താൻ ഒരു മണിക്കൂർ വൈകി. അതിനിടയ്ക്ക് ആ ‘കുഗ്രാമ പട്ടണ’ത്തിലെ ഏറ്റവും വൃത്തിയുള്ളതെന്ന് തോന്നിയ ഒരു കൊച്ചു റസ്റ്റോറന്റിൽ നിന്ന് ഞാൻ ബ്രഞ്ച് കഴിച്ചു.

42 കിലോമീറ്റർ ദൂരമുണ്ട് ഞങ്ങൾ ഇന്ന് രാത്രി തങ്ങാൻ പോകുന്ന ഗ്രാമത്തിലേക്ക്. അവിടെ ഏകനാഥിൻ്റെ വീട്ടിലാണ് താമസം. ഏകനാഥിൻ്റെ കൂട്ടർ രണ്ട് പേർ ഞങ്ങൾക്കൊപ്പം ട്രക്ക് ചെയ്യും. രാത്രി കിടക്കാനുള്ള ടെൻ്റും വഴിയിൽ കുടിക്കാനും കഴിക്കാനുമുള്ളതും ഒക്കെ നമ്മൾ തന്നെ ചുമക്കണം. അത് പറ്റില്ലെങ്കിൽ ആ സേവനം ₹1000 രൂപയ്ക്ക് ഏകനാഥിൻ്റെ ടീം ചെയ്യും.

ഏകനാഥിൻ്റെ വീട്ടിലേക്കുള്ള ജീപ്പ് യാത്രയിൽ അരങ്ങ്, മദൻ, കുലങ്ങ് കോട്ടകൾ നിലകൊള്ളുന്ന മലനിരകളുടെ മനോഹരമായ ദൃശ്യം ഇടത്തും വലത്തും മാറി മാറി വരുന്നുണ്ട്. പോരാത്തതിന് നൂല് പോലെ ഉള്ളതാണെങ്കിലും നിരവധി നീർച്ചാലുകളും സാമാന്യം വലിപ്പമുള്ള തടാകങ്ങൾ വേറെയും. ആ പാതയിലെ മൊത്തം ദൃശ്യങ്ങൾ മനം കവരുന്നതാണ്. വഴിക്ക് കുറച്ച് നേരം നന്നായി മഴ പെയ്തു. നാളെ വലിയ മഴ പെയ്താൽ കാര്യങ്ങൾ അവതാളത്തിലാകും.

ഞങ്ങൾ 14 പേരും ഡ്രൈവറും എല്ലാവരുടേയും ലഗ്ഗേജും എൻ്റെ ഭാഗിയുടെ വലിപ്പമുള്ള ഒരു ജീപ്പിൽ ഞെരുങ്ങിക്കൂടിയാണ് ഗ്രാമത്തിൽ എത്തിയത്. അത്രയും പേർ തമാശയും
ബഹളവും ചിരികളികളുമൊക്കെയായി സഞ്ചരിക്കുന്നത് തന്നെയാണ് ഇത്തരം യാത്രകളുടെ രസം.
ശ്രേയ, പോൾ, ഷബീബ്, തുഷാര, ആന്റണി, വൃന്ദ, മതീൻ, എൽദോസ്, എൽബിൻ, ഹരീഷ്, സുരേഷ്, ഷാജീവ്, കിഷോർ, നിരക്ഷരൻ എന്നിവരാണ് സംഘാംഗങ്ങൾ.

ഗ്രാമത്തിൽ എത്തിയ ഉടനെ നൂറ് മീറ്റർ മാറിയുള്ള ചെറിയൊരു വെള്ളച്ചാട്ടത്തിൽ പോയി കുളിച്ചപ്പോൾ ഇന്നലെ ഉച്ചയ്ക്ക് മുതലുള്ള വിഴുപ്പ് ഒഴിവായെന്ന് മാത്രമല്ല വലിയ ഊർജ്ജം ഇടിച്ചുകയറി വരുകയും ചെയ്തു.

രാത്രി ചപ്പാത്തിയും ചോറും കറികളുമൊക്കെ വിളമ്പി ഏകനാഥൻ. ഭക്ഷണശേഷം നാളെ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ വിശദീകരിച്ചു ശ്രേയ.  (ശ്രേയയുടെ കൂടെ ഈ റൂട്ടുകളിൽ സഞ്ചരിക്കാൻ താൽപ്പര്യമുള്ളവർ ഈ ലിങ്ക് പ്രയോജനപ്പെടുത്തുക.)

വിചാരിച്ചതിനേക്കാൾ കടുപ്പമാണ് കാര്യങ്ങളെന്ന് തോന്നുന്നു. ഏകനാഥൻ്റെ വീടിനകത്തെ ഹാളിലും പുറത്ത് ടെൻ്റിലും കിടക്കാനുള്ള സൗകര്യങ്ങൾ തയ്യാറായി കഴിഞ്ഞു.

നാളെ രാവിലെ 06:30 ട്രെക്കിങ്ങ് ആരംഭിക്കും. ഇന്ന് ഇപ്പോൾ ഈ സ്ഥലത്ത് എനിക്ക് ഇന്റർനെറ്റ് ഇല്ല. ശ്രേയയുടെ ജിയോ സിമ്മിൻ്റെ ഹോട്ട്സ്പോട്ട് വഴിയാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. നാളെയും മറ്റന്നാളും തൽദിന GIE വിവരണങ്ങൾ ഉണ്ടാകില്ല. പക്ഷേ, മടങ്ങിയെത്തിയ ശേഷം ആ വിവരങ്ങൾ തീർച്ചയായും പോസ്റ്റ് ചെയ്യുന്നതാണ്.

ശുഭരാത്രി.