ജയ്പൂർ – മുംബൈ എക്സ്പ്രസ് (ദിവസം # 27 – വൈകീട്ട് 06:26)


11
ച്ചയ്ക്ക് ഒരു മണി വരെ, ജയ്പൂരിൽ നിന്ന് മുംബൈ വരെയുള്ള തീവണ്ടി യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. ഭാഗിയുടെ ഉള്ളിൽ കയറിക്കൂടിയ മൂഷികനെ പിടികൂടാൻ കഴിഞ്ഞതുമില്ല. ഇന്നലെ രാത്രി അവൻ രണ്ട് വെള്ളം കുപ്പികൾക്ക് ദ്വാരം ഇട്ടിരിക്കുന്നു. വൈദ്യുത വയറുകൾ എന്തെങ്കിലും കരണ്ടാൽ തുടർന്നുള്ള യാത്ര ശരിക്കും പ്രതിസന്ധിയിൽ ആകും.

ഒക്ടോബർ 11, 12 തീയതികളിൽ മഹാരാഷ്ട്രയിലെ അലങ്ങ്, മദൻ, കുലങ്ങ് എന്നീ കോട്ടകളിലേക്ക് ശ്രേയ മോഹന്റെ നേതൃത്വത്തിൽ ചെയ്യുന്ന ട്രക്കിങിന് ഞാനും പേര് കൊടുത്തിട്ടുണ്ട്. പതിനഞ്ചോളം പേരാണ് ആ സംഘത്തിലുള്ളത്. ഒരു ഗ്രൂപ്പിന്റെ ഒപ്പമല്ലാതെ ആ മൂന്ന് കോട്ടകളിൽ എത്തിച്ചേരാൻ എനിക്കാവില്ല. സംഘത്തോടൊപ്പം പോയാലും 55കാരനായ ഞാൻ ഈ കോട്ടകളിൽ എത്തുമോ എന്ന് കണ്ടറിയണം. അതെന്താണെന്നോ?

* മഹാരാഷ്ട്രയിലെ ഏറ്റവും ദുർഘടം പിടിച്ച ട്രെക്കിങ്ങ് ആണ് ഇത്.

* പലയിടത്തും ബാഹ്യമായ സാങ്കേതിക സഹായം ഇല്ലാതെ ഈ ട്രക്ക് പൂർത്തിയാക്കാൻ ആവില്ല.

* കയറിൽ തൂങ്ങിയുള്ള കയറ്റം ഇറക്കം (Rappelling) ഇത്യാദി പല കസർത്തുകളും ഈ ട്രക്കിന്റെ ഭാഗമാണ്.

* ഒരാൾക്ക് മാത്രം പോകാൻ പാകത്തിൽ വീതി കുറഞ്ഞതും ഒരു വശത്ത് അഗാധമായ കൊക്ക ഉള്ളതുമായ വഴികളിലൂടെ പോകേണ്ടതുണ്ട്.

* അവനവന് തങ്ങാനുള്ള ടെൻ്റ്, കുടിക്കാനുള്ള വെള്ളം ഭക്ഷണം എന്നിവ കൂടെ ചുമന്ന് വേണം പോകാൻ.

* രണ്ട് ദിവസം കൊണ്ട് കിലോമീറ്ററോളം നടക്കാനും കയറാനുമുണ്ട്.

* ശൗചാലയ സൗകര്യങ്ങൾ ഇല്ല.

* നമ്മുടെ ബാഗും ടെൻ്റും ചുമക്കാൻ ആളെ വേണമെങ്കിൽ നേരത്തേ പറയണം. ₹1000ന് ആ സൗകര്യം ലഭ്യമാണ്.

മേൽപ്പറഞ്ഞ പല കാര്യങ്ങളും, ഉദാഹരണത്തിന് ഉയരം, കൊക്ക ഒക്കെ എനിക്ക് നല്ല പേടിയാണ്. എന്ന് വെച്ച് ആയകാലത്ത് ഞാനിതൊന്നും ചെയ്യാതിരുന്നിട്ടില്ല. എണ്ണപ്പാടങ്ങളിൽ അത്തരം പലപല കസർത്തുകൾ ചെയ്താണ് ഇത്രയും കാലം പച്ചരി വാങ്ങാനുള്ള ചക്രം ഉണ്ടാക്കിയിരുന്നത്. അതിനേക്കാൾ സാഹസികാന്തരീക്ഷം ഇവിടെയുണ്ടെന്ന് തോന്നുന്നില്ല. എന്നിരുന്നാലും ആ പ്രായമല്ല ഇപ്പോൾ. സടയും പല്ലുകളും കൊഴിഞ്ഞ് തുടങ്ങിയിരിക്കുന്നു. കാഴ്ച്ചയ്ക്കും ബുദ്ധിക്കും സാരമായ തകരാറുണ്ട്.

അടുത്ത വർഷം ഇത്രത്തോളം ആരോഗ്യമോ കരളുറപ്പോ ഉണ്ടാകില്ലെന്ന് തീർച്ചയാണ്. അതുകൊണ്ടാണ് ഇപ്പോൾ ശ്രമിച്ച് നോക്കുന്നത്. ഇപ്രാവശ്യം നടന്നില്ലെങ്കിൽ 800 കോട്ടകളുടെ പട്ടികയിൽ നിന്ന് അരങ്ങ്, മദൻ, കുലങ്ങ് എന്നിവ എന്നെന്നേക്കുമായി ഒഴിവാക്കേണ്ടി വരും.

ഇനിയിപ്പോൾ, വിജയകരമായി ഈ ട്രക്കിങ്ങ് പൂർത്തിയാക്കിയാലോ?

ശ്രേയയുടെ ഭാഷയിൽ പറഞ്ഞാൽ, ഒരു ജീവിത കാലം മുഴുവൻ താലോലിക്കാനും ഓർത്ത് വെക്കാനും പോന്ന അസുലഭ സുന്ദര ദൃശ്യങ്ങളുമായിട്ടായിരിക്കും അങ്ങോട്ട് പോകുന്ന ഓരോ സഞ്ചാരിയും കൂടണയുക.

അഥവാ, മനസ്സിനെ ആ കോട്ടകൾ നിലകൊള്ളുന്ന മലമടക്കുകളിൽ നഷ്ടപ്പെട്ട്, ശരീരം മാത്രമായിരിക്കും മലയിറങ്ങുക. അതാകട്ടെ, ലോകത്ത് എല്ലാ സഞ്ചാരികൾക്കും കിട്ടാത്ത ദൃശ്യങ്ങളും അനുഭവങ്ങളും ആണെങ്കിലോ?!

ജയ്പൂർ – മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ ഇരുന്നാണ് ഇത് കുറിക്കുന്നത്. എന്നെ ബോഗിയിൽ കയറ്റി ഇരുത്തിയിട്ടാണ് മഞ്ജു പരീക്ക് പോയത്. മരുഭൂമിയിൽ വഴി തെറ്റിയില്ലെങ്കിലും, തീവണ്ടിയാപ്പീസിൽ വഴി തെറ്റുന്ന മനോനിലയിലാണ് ഞാനെന്ന് മഞ്ജുവിന് തോന്നിയിരിക്കാം.

സഹയാത്രികർ വളരെ നേരത്തേ തന്നെ ബർത്തുകളിൽ ചുരുണ്ടുകൂടിക്കഴിഞ്ഞു. 2 മണി മുതൽ ഇത്രയും നേരം സ്പീക്കർ ഫോണിൽ ഉറക്കെ സംസാരിച്ചും ഹെഡ് സെറ്റ് ഇല്ലാതെ വീഡിയോകൾ കണ്ടും പൊതുബോധത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി വരെ അടിച്ച് ക്ഷീണിച്ചുള്ള കിടപ്പാണ്. ഇന്ത്യാ മഹാരാജ്യത്ത് പൊതുബോധം, മാലിന്യ സംസ്ക്കരണം, ട്രാഫിക് നിയമപാലനം എന്നീ കാര്യങ്ങൾ നല്ല നിലയിൽ സംഭവിച്ച് കണ്ടിട്ട് ചാകാൻ പറ്റുമെന്ന് എനിക്ക് പ്രതീക്ഷയില്ല.

ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഞാനിന്ന് വളരെ നേരത്തേ നിദ്ര പൂകും. അതും ഭാഗിയുടെ സാമീപ്യം ഇല്ലാതെ. 13ന് മടങ്ങി ജയ്പൂരിൽ ചെല്ലുന്നത് വരെ അവൾ റയിൽവേ ക്വാർട്ടേർസിൽ സുരക്ഷിത ആയിരിക്കും.

ശുഭരാത്രി.