പുഷ്കർ (ദിവസം # 26 – രാത്രി 11:53)


11
iന്നലെ രാത്രി രണ്ട് പ്രാവശ്യം ഉറക്കമുണർന്നു. അതിന് കാരണമുണ്ട്. ഈ യാത്രയിൽ ഞാനും ഭാഗിയും കൂടാതെ മറ്റൊരു കക്ഷികൂടെ രണ്ട് ദിവസമായി പറ്റിക്കൂടിയിട്ടുണ്ട്. ഒരു എലി!!

അടുക്കളയുടെ ഭാഗത്ത് വെച്ചിരുന്ന ഒരു സ്പോഞ്ച് കരണ്ട് ഇരിക്കുന്നു. മിനിയാന്ന് രാത്രി എന്റെ കാലിലൂടെ എന്തോ ഓടിയത് പോലെ തോന്നിയിരുന്നു. ഇന്നലെ രാത്രി എലിയുടെ ശബ്ദം ഞാൻ വ്യക്തമായി കേൾക്കുകയും ചെയ്തു.

പിന്നെ പെട്ടെന്നൊന്നും ഉറക്കം വന്നില്ല. എന്റെ വസ്ത്രങ്ങൾ എലി വെട്ടിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.

നേരം വെളുത്തപ്പോൾ ചെറിയ തണുപ്പ് ഉണ്ടായിരുന്നു. അതിനർത്ഥം ഞാൻ മുംബൈയിൽ പോയി വരുമ്പോഴേക്കും കാലാവസ്ഥ മാറിയിട്ടുണ്ടാകും എന്ന് തന്നെയാണ്.

പുഷ്ക്കർ പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ മാറിയാണ് ഞാൻ തങ്ങിയിരിക്കുന്ന ധാബ. രാവിലെ തന്നെ തയ്യാറായി പുഷ്ക്കർ നഗരത്തിലേക്ക് തിരിച്ചു.

പുഷ്കർ തടാകവും ബ്രഹ്മക്ഷേത്രവും കാണുകയായിരുന്നു ലക്ഷ്യം. ഒട്ടക ഉത്സവത്തിന് പേര് കേട്ട സ്ഥലമാണ് പുഷ്ക്കർ. ലോകത്ത് ഏറ്റവും കൂടുതൽ ഒട്ടകങ്ങൾ സമ്മേളിക്കുന്നത് ഈ ഉത്സവത്തിന്റെ സമയത്താണ്. പുഷ്ക്കറിലെ കന്നുകാലികളുടെ ഉത്സവവും പുകൾപെറ്റതാണ്.

സീസൺ അല്ലാതിരുന്നിട്ട് പോലും ഉദയ്പൂരിലോ ജയ്പൂരിലോ ജയ്സാൽമീരിലോ കാണുന്നതിനേക്കാൾ അധികം വിദേശ സഞ്ചാരികളെ പുഷ്ക്കറിൽ കാണാം. ലഹരി വസ്തുക്കളുടെ ലഭ്യതയും പുഷ്ക്കറിൽ കൂടുതലാണത്രേ!

ക്ഷേത്രത്തിലേക്ക് ഒന്നൊന്നര കിലോമീറ്റർ നടക്കണം. ആ വഴിയുടെ ഇരുവശവും കച്ചവട കേന്ദ്രങ്ങളാണ്.

സത്യത്തിൽ പുഷ്ക്കറിന്റെ പ്രധാന ആകർഷണവും ആ കടകൾ തന്നെയാണ്. ക്ഷേത്രത്തിന് അടുത്ത് എത്തുന്നതോടെ, അത് പൂജാദ്രവ്യങ്ങളുടെ കച്ചവടമായി മാറുന്നു.

ഒറ്റ വാചകത്തിൽ പുഷ്ക്കറിനെ വിശേഷിപ്പിക്കാൻ പറഞ്ഞാൽ, ‘ദൈവത്തിന്റെ പേരിൽ വലിയ തട്ടിപ്പ് നടത്തുന്ന സ്ഥലം’ എന്ന് ഞാൻ പറയും. അതെന്ത് കൊണ്ടാണെന്ന് വിശദമാക്കാം.

ഞാൻ ഏറെക്കുറെ ക്ഷേത്രത്തിന് അടുത്ത് എത്താറായപ്പോൾ “ചെരുപ്പ് ഇവിടെ സൂക്ഷിക്കാം” എന്ന് ഒരു കടക്കാരൻ പറഞ്ഞു. പല സ്ഥലങ്ങളിലും അങ്ങനെ ഒരു സൗകര്യം ഉണ്ടാകാറുണ്ടല്ലോ. ചെരുപ്പ് അവിടെ വെച്ചതും അയാൾ ഒരു പൂക്കൂട എടുത്ത് കയ്യിൽ തന്നു. ഞാനത് വാങ്ങിയില്ല. തട്ടിപ്പ് അവിടന്ന് തുടങ്ങുകയാണ്.

അപ്പോഴേക്കും ഒരു ചെറുപ്പക്കാരൻ ഇടയ്ക്ക് വന്നു.

“തടാകത്തിൽ പോയിട്ടാണോ വന്നത്?”

“അല്ല.”

“തടാകത്തിൽ പോയിട്ട് വേണം ക്ഷേത്രത്തിലേക്ക് കയറാൻ, അതാണ് ഇവിടുത്തെ ചിട്ട.” അയാൾ കൂടുതൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഒരു ഗൈഡ് ആണെന്ന് എനിക്ക് തോന്നി.

“നിങ്ങൾ എത്ര രൂപയാണ് ചാർജ് ചെയ്യുന്നത്?”

“വെറും 20 രൂപ” രാജസ്ഥാനിൽ ഒരിടത്തും 200 രൂപയിൽ കുറയാത്ത ഗൈഡ് സംവിധാനം ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ 20 രൂപ നിരക്കിൽ എനിക്കെണ്ടോ പന്തികേട് തോന്നി.

“ഇത്രയും കുറഞ്ഞ നിരക്കിൽ നീ എന്തുകൊണ്ട് ഈ സേവനം ചെയ്യുന്നു.”

“ഞാനിവിടത്തെ ഒരു വിദ്യാർത്ഥിയാണ്. പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുന്നു. പഠനത്തിന്റെ ചിലവെല്ലാം വഹിക്കുന്നത് ക്ഷേത്രത്തിന്റെ ട്രസ്റ്റ് ആണ്. മറ്റ് ആവശ്യങ്ങൾക്കുള്ള പൈസ ഉണ്ടാക്കുന്നത് ഇങ്ങനെയാണ്. പത്ത് പേരെ കിട്ടിയാൽ ഒരു ദിവസം 200 രൂപ ഉണ്ടാക്കാമല്ലോ.” ആ മറുപടി എനിക്ക് വിശ്വസനീയമായി തോന്നി. പക്ഷേ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്.

അയാളെന്നെ തടാകക്കരയിലേക്ക് കൊണ്ടുപോയി. അവിടെ മറ്റൊരാൾ ചരിത്രമെല്ലാം പറഞ്ഞ് തരാൻ എൻ്റെ അടുത്തേക്ക് വന്നു. അയാൾക്കും പൈസ ഒന്നും കൊടുക്കേണ്ട പോലും. സൗജന്യ സേവനങ്ങളെ എപ്പോഴും ശ്രദ്ധിക്കണം. അതിനു പിന്നിൽ എന്തെങ്കിലും വലിയ കെണി ഉണ്ടാകും. ഉടായിപ്പ് ഇല്ലാത്ത സൗജന്യ സേവനങ്ങൾ വളരെ ചുരുക്കമാണ്.

ലോകത്ത് വേറെ ഒരിടത്തും ബ്രഹ്മാവിന്റെ ക്ഷേത്രം ഇല്ല എന്നാണ് തടാകക്കരയിലെ കക്ഷി പറയുന്നത്. കേരളത്തിൽ ബ്രഹ്മാവിന്റെ ക്ഷേത്രം ഉണ്ടല്ലോ. എന്ന് പറഞ്ഞപ്പോൾ ഇവിടത്തെ ബ്രഹ്മാവിന് മാത്രമേ നാല് തലയുള്ളൂ എന്നായിരുന്നു മറുപടി. അക്കാര്യത്തിൽ കൂടുതൽ ആത്മീയവും ദൈവീകവുമായ ജ്ഞാനം എനിക്കില്ല. അതുകൊണ്ട് കൂടുതൽ തർക്കിക്കാൻ നിന്നില്ല.
അടുത്തതായി പൂജാരിയുടെ വരവായി.

പൂജാസാമഗ്രികൾക്ക് 20 രൂപ ചിലവുണ്ട്. പൂജാരിക്ക് ഒന്നും കൊടുക്കണ്ടതില്ല. പുഷ്ക്കറിൽ, തടാകക്കരയിൽ മാത്രമാണ് പൂജ നടക്കുന്നത്. ക്ഷേത്രത്തിനകത്ത് പൂജ ഇല്ല പോലും! ഈ തടാകക്കരയിൽ പൂർവികർക്ക്, അതും 7 തലമുറയിലുള്ള പിന്നോട്ടുള്ള പൂർവ്വികർക്ക് വരെ ബലിയിട്ട് സമാധാനിപ്പിക്കാനുള്ള വകുപ്പുണ്ടെന്നാണ് പറയുന്നത്.

എന്തെങ്കിലും ദക്ഷിണയോ സംഭാവനയോ കൊടുക്കണമെന്നുണ്ടെങ്കിൽ അത് ഈ തടാകക്കരയിൽ കൊടുക്കാം. ക്ഷേത്രത്തിൽ ആവക പരിപാടികൾ ഒന്നുമില്ല.

തട്ടിപ്പിന്റെ രീതി എനിക്കിപ്പോൾ ഏകദേശം മനസ്സിലായി വരുന്നുണ്ട്. ക്ഷേത്രത്തിൽ നട വരുമാനം വേണ്ടെങ്കിലും തടാകക്കരയിൽ ഉള്ള പൂജാരികളും സംഘങ്ങളും അത് ആവോളം ഉണ്ടാക്കുന്നുണ്ട്. അവർക്ക് ക്ഷേത്രവുമായി എന്തെങ്കിലും ബന്ധം ഉണ്ടാകാൻ പോലും സാദ്ധ്യതയില്ല.

പൂജാരി ഹിന്ദിയിൽ എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലുന്നുണ്ട്. ഞാൻ വേറെ എന്തൊക്കെയോ ഏറ്റ് ചൊല്ലുന്നുമുണ്ട്.

ഇനിയാണ് തട്ടിപ്പിന്റെ അവസാനഘട്ടം. ഇവിടെ പലതരം അന്നദാനങ്ങൾ നടക്കുന്നുണ്ട്. ഗോക്കൾക്കും മനുഷ്യർക്കും സന്യാസികൾക്കും ഒക്കെ അന്നദാനം ഉണ്ട്. 50,000 രൂപ വരെ ചിലവുള്ള അന്നദാനങ്ങൾ ഉണ്ട്. എല്ലാത്തിന്റേയും നിരക്കുകൾ പൂജാരി പറഞ്ഞു തന്നു. അവസാനത്തെ മന്ത്രം ചൊല്ലുമ്പോൾ എത്ര രൂപയുടെ അന്നദാനമാണ് ഞാൻ നടത്താൻ പോകുന്നതെന്ന് പറയണം. പൂജയ്ക്കിടയിൽ അങ്ങനെ വാഗ്ദാനം ചെയ്താൽപ്പിന്നെ പണം കൊടുക്കാതെ പിൻവലിയാൻ പറ്റില്ലല്ലോ. അതാണ് തട്ടിപ്പിന്റെ ക്ലൈമാക്സ്.

“ഞാൻ ദാനമാണ് നൽകുന്നത്. എന്റെ വലത് കൈ ദാനം ചെയ്യുന്നത് ഇടത് കൈ അറിയരുത് എന്നാണ് പ്രമാണം. അങ്ങനെയുള്ളപ്പോൾ നിങ്ങളോട് ഞാൻ അത് എങ്ങനെ പറയും?” ഞാൻ തട്ടിപ്പിന് ഇടങ്കോൽ വെച്ചു.

പൂജാരിയുടെ മുഖം തുടുത്തു. അയാൾ ദേഷ്യത്തിലാണ്. തന്ത്രങ്ങളും പൂജയും എല്ലാം കഴിഞ്ഞിട്ട് ഞാൻ അന്നദാനം നടത്തില്ല എന്ന് പറഞ്ഞാൽ അയാൾക്ക് അതിൽ നിന്ന് കിട്ടാനുള്ള കമ്മീഷൻ കിട്ടില്ലല്ലോ.

പൂജാ ദ്രവ്യങ്ങൾ വെച്ച പാത്രം തടാകത്തിലെ വെള്ളത്തിൽ കഴുകി എടുത്തിട്ട് വരാൻ എന്നോട് പറഞ്ഞ് പൂജാരി എഴുന്നേറ്റു. കുപിതനായാണ് അത് പറയുന്നത്. ഞാനും എഴുന്നേറ്റു. അയാൾ പണം അടക്കാനുള്ള കൗണ്ടറിന് അടുത്തേക്കാണ് എന്നെ വിളിക്കുന്നത്.

“എത്ര രൂപയുടെ അന്നദാനമാണ് നടത്താൻ പോകുന്നത്?” എന്ന് വീണ്ടും പൂജാരിയുടെ ചോദ്യം. ഞാൻ അവിടെയുള്ള ലിസ്റ്റ് നോക്കി. ഏറ്റവും കുറഞ്ഞ അന്നദാന ചിലവ് 2001 രൂപയാണ്.
“ഞാൻ ഒരു അന്നദാനവും നടത്താൻ ഉദ്ദേശിക്കുന്നില്ല” എന്ന് പറഞ്ഞ് പാത്രം അവിടെ വെച്ച് തിരിച്ച് നടന്നു. 20 രൂപയുടെ സേവനവുമായി വന്നവനും പൂജാരിയും തമ്മിൽ എന്തെല്ലാമോ ആംഗ്യങ്ങൾ കാണിക്കുന്നുണ്ട്.

ചെരുപ്പ് സൂക്ഷിക്കുന്നവർ, പൂത്താലം വിൽക്കുന്നവർ, പൂജാരി, ഗൈഡ് എന്നിങ്ങിനെ എല്ലാവരും ചേർന്ന ഒരു തട്ടിപ്പ് സംഘമാണ് അവിടെ സഞ്ചാരികളുടേയും ഭക്തന്മാരുടേയും കാശ് കൊള്ളയടിക്കുന്നത്. 20 രൂപക്കാരൻ ഗൈഡ് എന്നെ ശ്രദ്ധിക്കാത്തത് പോലെ നിൽക്കുകയാണ്. ഞാൻ ഷൂ എടുത്തിട്ട് അമ്പലത്തിലേക്ക് നടന്നു.

അത്ര വലിയ ക്ഷേത്രമല്ല ഇത്. നാല് തലയുള്ള ബ്രഹ്മാവിന്റെ ഒരു വലിയ പ്രതിഷ്ഠ വാതിലിൽ നിന്ന് അധികം ഉള്ളിലേക്ക് നീങ്ങാതെ സ്ഥാപിച്ചിരിക്കുന്നു. തൊട്ടടുത്ത് നിന്ന് ദർശനം കിട്ടുമെന്ന് സാരം.
ഞാൻ ക്ഷേത്രത്തിന് ഒരു ചുറ്റുവച്ച് പുറത്ത് കടന്നു. ചെറിയൊരു ആശങ്ക ഇല്ലാതിരുന്നില്ല.

അവന്മാരുടെ തട്ടകമാണ്. പൂജ നടത്തുകയും ചെയ്തു; അന്നദാനത്തിന്റേയും ഗൈഡിൻ്റേയും പണം കൊടുത്തിട്ടുമില്ല. ഭക്തിയുടെ പേരിൽ ചൂഷണം ചെയ്യുന്നവർ ഗുണ്ടായിസത്തിന് പോലും മടിച്ചെന്ന് വരില്ല.

“ആയുധങ്ങൾ വിളമ്പും പുരോഹിതർ, ഗൂഢമന്ത്രമുരുവിടും മാരണം.” എന്നാണല്ലോ കവി പാടിയിരിക്കുന്നത്.

തിരിച്ച് ഭാഗിയുടെ അടുത്തേക്ക് നടക്കുമ്പോൾ ഗൈഡിനെ കണ്ടു. അവന്റെ 20 രൂപ കൊടുത്തു.
“അടുത്ത പ്രാവശ്യം വരുമ്പോൾ കുറച്ച് പൈസയുമായി വരൂ ബാബുജി”…. എന്ന് അവൻ്റെ വക പരിഹാസം കലർന്ന ഒരു ഉപദേശം.

“പൈസ ഉണ്ടെങ്കിലും തരില്ലെടാ ഉവ്വേ” എന്ന് നാക്ക് തരിച്ചെങ്കിലും അവൻ്റെ തട്ടകമായതുകൊണ്ട്, മിണ്ടാതെ ഉരിയാടാതെ വലിഞ്ഞ് നടന്നു.

പുഷ്ക്കറിൽ നിന്ന് അജ്മീർ വഴി ജയ്പൂർക്ക് മടങ്ങിയാൽ അജ്മീർ കോട്ട കാണാം. പക്ഷേ ഉച്ചയ്ക്ക് 2 മണി കഴിഞ്ഞിരിക്കുന്നു. ഇനി അജ്മീർ കോട്ട കാണാൻ നിന്നാൽ ജയ്പൂരിൽ എത്താൻ വൈകും. മഹാരാഷ്ട്രയിൽ അലങ്ങ്, മദൻ, കുലങ്ങ് ട്രക്കിങ്ങിന് ആവശ്യമായ അത്യാവശ്യം ചില സാധനങ്ങൾ ഡെക്കാത്തലണിൽ നിന്ന് വാങ്ങാനുണ്ട്. മുംബൈയിൽ നിന്ന് തിരികെ വന്നിട്ട് അജ്മീറിൽ പോകാമല്ലോ.

ഡക്കാത്തലണിൽ നിന്ന് സാധനങ്ങൾ വാങ്ങി, ഭാഗിയെ ജയ്പൂർ റെയിൽവേ കോളനിയിൽ കൊണ്ടുചെന്ന് പാർക്ക് ചെയ്തു. നാളെ ഉച്ചക്ക് 2 മണിക്കാണ് മുംബൈയിലേക്കുള്ള തീവണ്ടി. നാളെ രാവിലെ ബാഗ് തയ്യാറാക്കണം.

അതിനുമുൻപ് ഭാഗിക്ക് ഉള്ളിൽ നിന്ന് സാധനങ്ങൾ എല്ലാം വെളിയിൽ എടുത്ത്, അതിനകത്ത് കടന്നുകൂടിയിരിക്കുന്ന മൂഷികനെ പുറത്താക്കണം. കർണ്ണിമാതാ ക്ഷേത്രത്തിൽ പോയപ്പോൾ അവിടന്ന് ആയിരിക്കുമോ മൂഷികൻ കയറിപ്പറ്റിയത്?! അതിനുള്ള സാദ്ധ്യതയുണ്ട്.

ശുഭരാത്രി.