ഒട്ടക ഗവേഷണ കേന്ദ്രം (ദിവസം # 24 – രാത്രി 09:50)


11
ന്ന് പൊതുവേ ഒരു മോശം ദിവസമായിരുന്നു. രാവിലെ പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഡാറ്റ ബാക്ക് അപ്പ് എടുക്കലും ഭാഗിയെ വൃത്തിയാക്കലും ഒക്കെ കഴിഞ്ഞിട്ടും 8 മണി ആയിട്ടുണ്ടായിരുന്നില്ല.

ദ്വാരികയിൽ ചെന്ന് ഒരു കച്ചോരി കഴിച്ചു. അവിടുന്ന് ഇറങ്ങുമ്പോൾ വിശക്കുന്നു എന്ന് പറഞ്ഞ് ഒരു 12 വയസ്സുകാരൻ കൈ നീട്ടി. അവന് പണം കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. രണ്ട് കച്ചോരി വാങ്ങി കൊടുത്തപ്പോൾ ആർത്തിയോടെ അവനത് കഴിച്ചു. അത് നോക്കി നിന്നതും ഉള്ള് കലങ്ങി. രാജ്യത്ത് ഇപ്പോഴും കുട്ടികൾ വിശന്ന് വലയുന്നുണ്ട് എന്നത് വലിയ സങ്കടം തന്നെയാണ്.

7 കിലോമീറ്റർ അപ്പുറം ദേശീയ ഒട്ടക ഗവേഷണ കേന്ദ്രം (ICAR) ഉണ്ട്. ബിക്കാനീറിലെ ഒട്ടകങ്ങളും ഒട്ടക ഉൽപ്പന്നങ്ങളും ഏറെ പേരുകേട്ടതാണ്. പക്ഷേ, അവിടെ ചെന്നപ്പോളാണ് 2 മണിക്ക് ശേഷമേ സന്ദർശകരെ പ്രവേശിപ്പിക്കൂ എന്ന് മനസ്സിലായത്.

ഉടനെ രണ്ടാമത്തെ ലക്ഷ്യത്തിലേക്ക് പുറപ്പെട്ടു. എലികൾക്ക് വേണ്ടി ഒരു അമ്പലമുണ്ട് ബിക്കാനീറിൽ. കർണ്ണി മാത ക്ഷേത്രം എന്നാണ് അത് അറിയപ്പെടുന്നത്. അമ്പലം മുഴുവൻ മനുഷ്യരെ ഭയക്കാതെ ഓടി നടക്കുന്ന എലികൾ ആണത്രേ! ദേവിയുടെ മുഖം എലിയുടേത് പോലെ ആണ്. ദേവിയുടെ ഒരു പ്രതിമ ഞാൻ ജുനാഗഡ് മ്യൂസിയത്തിൽ ഇന്നലെ കണ്ടിരുന്നു.

ഗൂഗിൾ മാപ്പിൽ 7 കിലോമീറ്റർ ദൂരം കാണിക്കുന്നു. പക്ഷേ യാത്ര പുറപ്പെട്ടതും എനിക്ക് സംശയം ജനിക്കാൻ തുടങ്ങി. കോട്ടയുടെ അടുത്തേക്കാണ് മാപ്പ് എന്നെ കൊണ്ടുചെല്ലുന്നത്.

അതേ പേരിൽ മറ്റൊരു ക്ഷേത്രം കോട്ടയുടെ പരിസരത്ത് കാണിക്കുന്നുണ്ട്. അതാണ് പ്രശ്നമായത്. സത്യത്തിൽ കർണ്ണി മാത ക്ഷേത്രം നഗരത്തിൽ നിന്ന് 30 കിലോമീറ്റർ വെളിയിലാണ്. ഒരുവിധത്തിൽ ആ ലൊക്കേഷൻ തപ്പി കണ്ടുപിടിച്ച് അങ്ങോട്ട് പുറപ്പെട്ടു. അവിടെ ചെന്നപ്പോൾ പ്രശ്നം അതിലും സങ്കീർണ്ണം.

നവരാത്രി കാരണം ഉത്സവം പോലെ തിരക്ക് അമ്പലത്തിന്റെ ഭാഗത്ത്. ഭാഗിയെ പാർക്ക് ചെയ്യാൻ സ്ഥലമില്ല. വഴിയോര കച്ചവടക്കാരും ഭക്തരും കാരണം, ക്രമാതീതമായ തിക്കും തിരക്കും. സാധാരണ അത്രയും തിരക്കുള്ള സ്ഥലങ്ങളിൽ ഞാൻ പോകാറില്ല. എങ്ങോട്ട് പോകുന്നു, എങ്ങോട്ട് എപ്പോൾ തിരിയുന്നു എന്നൊന്നും ശരീരഭാഷയിൽ നിന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത ഒരു ജനസമൂഹത്തിനിടയിൽ എനിക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല. അമ്പലത്തിനകത്തേക്ക് കടക്കാനുള്ള ക്യൂവിൽ 3 മണിക്കൂറോളം നിന്നാലും അകത്ത് എത്തില്ലെന്ന് തോന്നി. എലികളുടെ ദേവിയെ കാണണം എന്നുള്ള ആഗ്രഹം അപ്പോൾത്തന്നെ കെട്ടു.

ചെറുപ്പത്തിൽ തെങ്ങിന്റെ കൊലഞ്ഞിൽ വെച്ച് എലികളെ തല്ലി കൊന്നിട്ടുള്ളവന് എലികളുടെ ക്ഷേത്രത്തിലേക്ക് അനുമതി നിഷേധിക്കപ്പെടുന്നത് സ്വാഭാവികം. എങ്ങനെയെങ്കിലും അവിടന്ന് രക്ഷപ്പെട്ട് ഓടണം എന്ന് വിചാരിച്ചപ്പോൾ, ഭാഗിയുടെ നാലുവശത്തും വാഹനങ്ങൾ കൊണ്ടുവന്ന് പാർക്ക് ചെയ്തിരിക്കുന്നു. ആ വാഹനത്തിന്റെ ഉടമകൾ അമ്പലത്തിലേക്ക് കയറാനുള്ള ക്യൂവിൽ ആണെങ്കിൽ ഇന്ന് ഞാൻ പെട്ടത് തന്നെ. ഭാഗ്യത്തിന് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അതിൽ ഒരു കാറുകാരൻ വന്നു. അയാൾ സത്യത്തിൽ അത്രയും നേരം അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു പോലും! പക്ഷേ എനിക്കറിയില്ലല്ലോ ആ കാറിന്റെ ഡ്രൈവർ അയാളാണെന്ന്.

ചുരുക്കിപ്പറഞ്ഞാൽ അര ദിവസം പാഴായി. നഗരത്തിലേക്ക് തിരിച്ചുവന്ന് ദ്വാരകയിലെ താലി ഭക്ഷണം കഴിച്ചശേഷം വീണ്ടും ഒട്ടക ഗവേഷണ കേന്ദ്രത്തിലേക്ക് വിട്ടു.

ഒട്ടകങ്ങളുടെ ശരീര പ്രകൃതി, മരുഭൂമിയെ അതിജീവിക്കാൻ വേണ്ടിയുള്ള പ്രത്യേക ശരീരഘടന, ആന്തരികാവയവങ്ങളുടെ പ്രത്യേകത, കാലുകളുടെ പ്രത്യേകത, എന്ന് തുടങ്ങി എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുണ്ട് മ്യൂസിയത്തിൽ. ജയ്സാൽമീർ ഒട്ടകം ബിക്കാനീർ ഒട്ടകം എന്നിങ്ങനെ വെവ്വേറെ ഒട്ടകങ്ങൾ ഉണ്ടെന്നത് പുതിയ അറിവായിരുന്നു.

* ശരീരത്തിൽ നിന്നും 30% വരെ ജലശോഷണം ഉണ്ടായാലും പിടിച്ചുനിൽക്കാനുള്ള കഴിവ് ഒട്ടകങ്ങൾക്ക് ഉണ്ട്.

* 100 ലിറ്റർ വരെ വെള്ളം ഒറ്റയടിക്ക് കുടിക്കാനുള്ള പ്രാപ്തിയുണ്ട് ഒരു ശരാശരി ഒട്ടകത്തിന്.

* 30 – 40 വർഷമാണ് ഒരു ഒട്ടകത്തിന്റെ ശരാശരി ആയുസ്സ്.

* 4-5 വയസ്സ് കഴിയുന്നതോടെ ഒരു ഒട്ടകം പൂർണ്ണ ലൈംഗിക വളർച്ച എത്തുന്നു.

* 400 – 600 കിലോഗ്രാം വരെയാണ് ഒരു പെൺ ഒട്ടകത്തിന്റെ ഭാരം.

* 500 – 750 കിലോഗ്രാം വരെയാണ് ഒരു ആൺ ഒട്ടകത്തിന്റെ ഭാരം.

* കുട്ടി ഒട്ടകത്തിന്റെ ഭാരം 35 – 40 കിലോഗ്രാം വരെ ആണ്.

* 400 കിലോഗ്രാം ഭാരം വരെ ഒരു ഒട്ടകം ചുമക്കും.

* 1200-1800 കിലോഗ്രാം വരെ ഭാരമുള്ള വണ്ടികൾ വലിച്ചുകൊണ്ട് 5 കിലോമീറ്റർ വേഗത്തിൽ ഒട്ടകങ്ങൾ ഓടും.

* 13 മാസം വരെ ഒരു ഒട്ടകം പാൽ ചുരത്തും.

* 3-6 ലിറ്റർ വരെ പാല് ഒരു ഒട്ടകം ഒരു ദിവസം ചുരത്തും. പക്ഷേ, ആവശ്യമെങ്കിൽ 10-15 ലിറ്റർ വരെ ചുരത്താനുള്ള കഴിവ് ഒട്ടകങ്ങൾക്ക് ഉണ്ട്.

* ഒട്ടകത്തിന്റെ പൂഞ്ഞയിൽ വെള്ളം ശേഖരിച്ചിട്ടുണ്ട് എന്നത് തെറ്റായ ധാരണയാണ്. പൂഞ്ഞയിൽ കൊഴുപ്പ് ആണ്. പട്ടിണി കിടക്കേണ്ടി വന്നാൽ ഈ കൊഴുപ്പിലെ മെറ്റാബോളിസം ഊർജ്ജവും വെള്ളവും നൽകുന്നു.

അങ്ങനെയങ്ങനെ ഒരുപാട് വിശേഷങ്ങൾ ഒട്ടകങ്ങളെ പറ്റി എഴുതിവച്ചിട്ടുണ്ട് മ്യൂസിയത്തിൽ. ഒട്ടകപ്പാലിന്റെ ഔഷധഗുണങ്ങൾ വേറെയും. ടിക്കറ്റ് കൗണ്ടറിൽ നിന്ന് വേണമെങ്കിൽ ഒട്ടകപ്പാല് കുടിക്കാൻ കിട്ടും. പശുവിന്റെയോ ആടിന്റെയോ പാലു പോലും കുടിക്കാത്ത ഞാൻ ഒട്ടകപ്പാല് കുടിക്കാനും മുതിർന്നില്ല. ഒട്ടകപ്പാലിന് ഉപ്പ് കൂടുതലാണത്രേ!

സൊവനീർ ഷോപ്പ് മൂന്ന് നാലെണ്ണം ഉണ്ട് ക്യാമ്പസിൽ. രാവിലത്തെ സങ്കടങ്ങൾ കാരണം ഞാൻ എന്നെത്തന്നെ ഒന്ന് സന്തോഷിപ്പിക്കാൻ തീരുമാനിച്ചു. ബിക്കാനീറിന്റെ ചില സൊവനീറുകൾ അവിടെ നിന്ന് വാങ്ങി. ഒരു മോതിരം, ഒട്ടകത്തിന്റെ രോമം കൊണ്ടുള്ള ഒരു ഷാൾ, ഫ്രിഡ്ജ് മാഗ്നെറ്റ് എന്നിങ്ങനെ ചിലത്.

നൂറു രൂപ ടിക്കറ്റ് എടുത്താൽ ഒട്ടകപ്പുറത്ത് സവാരി ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഈ ക്യാമ്പസിന്റെ തൊട്ടു പിന്നിലായി മണലാരണ്യം ആണുള്ളത്. പലതരം ഒട്ടകങ്ങൾ തൊഴുത്തിൽ ഉണ്ട്. പശുവിനേയും കുതിരയേയും തൊഴുത്തിൽ കണ്ടിട്ടുണ്ടെങ്കിലും ഒട്ടകത്തിനെ ആദ്യമായാണ് നിരനിരയായി തൊഴുത്തിൽ കാണുന്നത്. ചില ഒട്ടകങ്ങൾ കഠിന തടവിൽ ആണെന്നും കണ്ടാൽ മനസ്സിലാകും.

രാജസ്ഥാൻ അതിർത്തിയിൽ പട്ടാളക്കാർ ഒട്ടകങ്ങളെ വളരെ കാര്യക്ഷമമായി ഉപയോഗിക്കുന്നത് ഈ വർഷത്തിന്റെ തുടക്കത്തിൽ മരുമഹോത്സവത്തിൽ ഞാൻ കണ്ടത് ഈ അവസരത്തിൽ ഓർക്കുന്നു.

ഒട്ടക ഗവേഷണ കേന്ദ്രത്തിൽ നിന്ന് നഗരത്തിലേക്ക് മടങ്ങുമ്പോൾ ഒരു സ്ഥലം കൂടെ കാണാൻ ബാക്കി വെച്ചിട്ടുണ്ടായിരുന്നു. പഴയ കൊട്ടാരത്തിൽ നിന്ന് രാജകുടുംബാംഗങ്ങൾ മാറി താമസിച്ച പുതിയ കൊട്ടാരത്തിന്റെ പേരാണ് ലാൽഗഡ്. അതിന്റെ വലിയൊരു ഭാഗം പഞ്ചനക്ഷത്ര ഹോട്ടലാണ്. മറ്റ് ഭാഗത്ത് രാജ കുടുംബാംഗങ്ങൾ താമസിക്കുന്നുമുണ്ട്. ആയതിനാൽ ഹോട്ടലിൽ താമസിക്കുന്നവർക്ക് അല്ലാതെ മറ്റാർക്കും ആ കൊട്ടാര വളത്തിലേക്ക് പ്രവേശനമില്ല.

എന്നാലും പ്രധാന കവാടം വരെ ചെന്ന് അവിടന്ന് പടങ്ങൾ എടുത്ത് മടങ്ങുന്നു സഞ്ചാരികൾ. ആ പതിവ് ഞാനും തെറ്റിച്ചില്ല. ലാൽഗഡിലേക്കുള്ള പാതയുടെ ഇരുവശത്തും പഞ്ചനക്ഷത്ര ഹോട്ടലുകളും ഹവേലികളും ആണ്. പക്ഷേ അതുവരെയുള്ള പാതകൾ വളരെ മോശം.

ഗൂഗിൾ മാപ്പിൽ ലാൽഗഡ് കൊട്ടാരം എന്നതിന് പകരം ലാൽഗഡ് എന്ന് മാത്രം അടിച്ചാൽ നമ്മളെ ലാൽഗഡ് റെയിൽവേ സ്റ്റേഷനിൽ എത്തിക്കും ഗൂഗിളമ്മച്ചി. അങ്ങനെ ഒരബദ്ധം എനിക്ക് പറ്റി. അതുകൊണ്ട് ബിക്കാനീറിലെ ഒരുപാട് തെരുവുകൾ കാണാനും റെയിൽ പാത അങ്ങോട്ടുമിങ്ങോട്ടും മുറിച്ചു കടക്കാനും പറ്റി

ഒരു നഗരത്തിലെ വഴികൾ പരിചയപ്പെട്ടു കഴിഞ്ഞാൽ എനിക്ക് ആ നഗരത്തോട് പ്രണയം തുടങ്ങും. ബിക്കാനീറിൻ്റെ കാര്യത്തിലും അതിന് മാറ്റമൊന്നുമില്ല.

ഇതൊക്കെയാണെങ്കിലും ജയ്പൂരിനോട് എനിക്ക് പ്രണയം തോന്നിയില്ല. അതിന് കാരണം അവളുടെ ടുക്ക് ടുക്ക് എന്ന നാലുകാലി ആങ്ങളമാരാണ്. എന്തുകൊണ്ടോ ബിക്കാനീറിൽ ടുക്ക് ടുക്ക് കാര്യമായൊന്നും കണ്ടില്ല.

നാളെ രാവിലെ ബിക്കാനീറിനോട് വിട പറയുകയാണ്. ഒരിക്കൽ കൂടി ഇങ്ങോട്ട് വരേണ്ടി വന്നാൽ, ചില ചെറിയ സ്ഥലങ്ങൾ ബാക്കി വെച്ചിട്ട് തന്നെ.

ശുഭരാത്രി.