ജുനാഗഡ് കോട്ട (കോട്ട # 69) (ദിവസം # 23 – രാത്രി 10:32)


11
ന്നലെ രാത്രി പെട്രോൾ പമ്പിലെ ഉറക്കം സുഖമായിരുന്നു. നേരം വെളുത്തപ്പോൾ ആണ് മനസ്സിലാക്കിയത് നഗരത്തിൽ കിട്ടാവുന്നതിൽ നല്ല പെരുവഴിയിൽ തന്നെയാണ് ഞങ്ങൾ കിടന്നതെന്ന്. ഗ്യാസ് സ്റ്റേഷൻ ആണെങ്കിലും അവരുടെ ശൗചാലയ സൗകര്യങ്ങളൊന്നും ഉപയോഗിച്ചില്ല. ഭാഗിയുടെ സൗകര്യങ്ങളിൽ തന്നെ പ്രഭാതകൃത്യങ്ങൾ എല്ലാം നടത്തി. ശേഷം അടുത്ത ദിവസത്തേക്കുള്ള വെള്ളം ഗ്യാസ് സ്റ്റേഷനിൽ നിന്ന് ഭാഗിയുടെ ടാങ്കിൽ നിറച്ചു.
.
അപ്പോഴും സമയം എട്ടു മണി ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഒരു റസ്റ്റോറന്റിൽ നിന്നും പ്രാതൽ കിട്ടില്ല എന്ന് ഉറപ്പാണ്. എങ്കിലും ഇന്നലെ രാത്രി ദാൽ ബാട്ടി ചുർമ കഴിച്ച ദ്വാരിക റെസ്റ്റോറന്റിൽ ഒന്ന് ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു. പക്ഷേ അത്ര വലിയ റെസ്റ്റോറന്റ് ആയിട്ട് പോലും സമൂസ അല്ലാതെ വേറൊരു സാധനവും ആ സമയത്ത് കിട്ടിയില്ല.
.
രണ്ട് സമൂസ കഴിച്ച് നേരെ ജുനാഗഡ് കോട്ടയിലേക്ക് വിട്ടു. ബിക്കാനീർ കോട്ടയ്ക്ക് ജുനാഗഡ് എന്നും ചിന്താമണി എന്നും പേരുണ്ട്. പഴയ പേരാണ് ചിന്താമണി.
.
കോട്ടയിലേക്കുള്ള വഴി ഇന്നലെ നോക്കി വെച്ചതുകൊണ്ട്, ചിരപരിചിതനായ ഒരാളെപ്പോലെ ഭാഗിക്കൊപ്പം ഓടിച്ച് ഞാൻ കോട്ടയിലേക്ക് ചെന്നു. ആദ്യം കോട്ടയ്ക്ക് വെളിയിൽ ഭാഗിയെ പാർക്ക് ചെയ്തെങ്കിലും പിന്നീട് കോട്ടക്കകത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടെന്ന് മനസ്സിലാക്കി. 50 രൂപയാണ് ചാർജ്. ഞാൻ ഭാഗിയെ അകത്ത് കൊണ്ടുചെന്ന് സുരക്ഷിതമായി പാർക്ക് ചെയ്തു.
.
അപ്പോഴേക്കും ഗൈഡുകൾ വളഞ്ഞു. ജയ്പൂരിനെക്കാൾ വലിയ നിരക്കാണ് ഇവിടെ ഗൈഡുകൾക്ക്. 500 രൂപ. ഞാൻ ഒറ്റയ്ക്കാണെന്നും അത്രയും തരാൻ ആവില്ലെന്നും ചില ഗൈഡുകളോട് വില പേശിയ ശേഷം ഒറ്റക്ക് അകത്ത് കടക്കാൻ തീരുമാനിച്ചു. കോട്ടയിൽ ഓഡിയോ ടൂർ ഗൈഡ് സൗകര്യമുണ്ട്. അത് ഉപയോഗിക്കാമല്ലോ.
.
അപ്പോഴേക്കും 20 – 23 വയസ്സുള്ള ഒരു ചെറുപ്പക്കാരി ഗൈഡ് എന്നെ വിടാതെ പിടികൂടി. അവൾ പഠിക്കുകയാണ്, പാർടൈം ആയിട്ടാണ് ഈ ജോലി ചെയ്യുന്നത്, ഹോസ്റ്റലിൽ കൊടുക്കാനും മറ്റും പണം വേണം, അച്ഛൻ പ്ലംബർ ആണ്, എന്നിങ്ങനെ ഒരുപാട് പരാധീനതകൾ നിരത്തി. അതിൽ ഞാൻ അലിഞ്ഞു. പഠിക്കുന്ന കുട്ടിയാണെന്ന് പല ചോദ്യങ്ങളിലൂടെ ഞാൻ ഉറപ്പുവരുത്തി. നീതു ശർമ; അതാണ് അവളുടെ പേര്.
.
കോട്ട തുറക്കാൻ ഇനിയും സമയമുണ്ട്. അതുവരെ പരിസരത്തുള്ള മ്യൂസിയം കാണാൻ ഞങ്ങൾ തീരുമാനിച്ചു. കോട്ടയിൽ കയറാൻ 100 രൂപയും മ്യൂസിയത്തിൽ 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഗൈഡിനും ടിക്കറ്റ് എടുക്കണം എന്നുള്ളത് ഇവിടത്തെ ഒരു ന്യൂനതയാണ്. സർക്കാരിന്റെയല്ല രാജകുടുംബത്തിന്റെ അധീനതയിലാണ് കോട്ട. കൊട്ടാരവും കൂടെ ചേർന്ന് വലിയ ഒരു കോട്ടസമുച്ചയം എന്ന് പറയുന്നതാവും ശരി.

കോട്ടയുടെ ചരിത്രം ഇങ്ങനെ പോകുന്നു.
* കോട്ടയുടെ ആദ്യഘട്ടം ഉണ്ടാക്കി തുടങ്ങിയത് 1589 മുതൽ 1594 വരെ.

* ബിക്കാനീറിൻ്റെ ആറാമത്തെ ഭരണാധികാരിയായിരുന്ന റായ്സിംഗ്ജി ആണ് ഈ കോട്ടയുടെ നിർമ്മാണം തുടങ്ങിയത്.

* 1902 വരെ 20 ബിക്കാനീർ ഭരണാധികാരികളുടെ താമസസ്ഥലം അഥവാ കൊട്ടാരം കൂടെ ആയിരുന്നു ഇത്.

* പിന്നീട് പതിനാലാമത്തെ ഭരണാധികാരിയായിരുന്ന ഗജ്സിംഗ്ജി, കരൺ മഹൽ, ഗജ് മന്ദിർ, ഫൂൾ മഹൽ എന്നിവ 1745-1787 കാലഘട്ടത്തിൽ കൂട്ടിച്ചേർത്തു.

* പതിനേഴാമത്തെ ഭരണാധികാരിയായിരുന്ന സൂറത്ത് സിംഗ്ജി അനൂപ് മഹൽ കൂട്ടിച്ചേർത്തു.

* ഇരുപതാമത്തെ ഭരണാധികാരിയായിരുന്ന ദുങ്കർ സിംഗ്ജി ഛത്തർ മഹൽ കൂട്ടിച്ചേർത്തു.

* ഇരുപത്തിമൂന്നാമത്തെ ഭരണാധികാരിയായ ഡോക്ടർ കർണി സിംഗ്ജി 1963ൽ ട്രസ്റ്റ് ഉണ്ടാക്കി, ഈ കോട്ടയെ ട്രസ്റ്റിന് സംഭാവന ചെയ്തു. അന്ന് മുതൽക്കാണ് കോട്ടയിൽ സന്ദർശകർക്ക് അനുവാദം ലഭിച്ചു തുടങ്ങിയത്.

* ഒരുപാട് പോരാട്ടങ്ങളും ശത്രുവിന്റെ ആക്രമണങ്ങളും ഈ കോട്ടയ്ക്കെതിരെ ഉണ്ടായിട്ടുണ്ടെങ്കിലും കോട്ട ആരും കീഴടക്കിയിട്ടില്ല.

* പല വർഷങ്ങളിലായി ഒരുപാട് സതികൾ ഈ കോട്ടയിൽ നടന്നിട്ടുണ്ട്; പക്ഷേ ജോഹർ നടന്നിട്ടില്ല. അതിന്റെ അടയാളങ്ങൾ പ്രവേശന കവാടത്തിന് ചേർന്നുള്ള ചുമരുകളിൽ കാണാം.

* ആയുധങ്ങൾ പാത്രങ്ങൾ ആഭരണങ്ങൾ വസ്ത്രങ്ങൾ എന്നിങ്ങനെ ഏതൊരു രാജസ്ഥാൻ കോട്ടയിലുമുള്ള അത്രയും പ്രദർശന വസ്തുക്കൾ ഇവിടെയുമുണ്ട്. എന്നിരുന്നാലും 50 കിലോഗ്രാം ഭാരമുള്ള തോക്ക് 100 കിലോഗ്രാം ഭാരമുള്ള തോക്ക് 12 അടി നീളമുള്ള തോക്ക്, സ്വർണ്ണനൂലുള്ള പരവതാനി ഇതൊക്കെ പ്രത്യേകം ശ്രദ്ധയിൽപ്പെടും.

* എന്നാൽ അതിനെയൊക്കെ വെല്ലുന്ന അതിഗംഭീരമായ ഒരു പ്രദർശന വസ്തു ഈ കോട്ടയ്ക്കുള്ളിൽ അഥവാ കൊട്ടാരത്തിന്റെ വിക്രം വിലാസ് ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മഹാരാജ ഗംഗ രാജ്സിംഗ് ഒന്നാം ലോകമഹായുദ്ധത്തിൽ നൽകിയ സേവനങ്ങൾക്ക് സമ്മാനം എന്ന നിലയ്ക്ക് DH 9DE ഹവിലാൻ്റ് എന്ന രണ്ട് യുദ്ധവിമാനങ്ങളുടെ വെടിവെച്ച് വീഴ്ത്തപ്പെട്ട ഭാഗങ്ങൾ, ബ്രിട്ടീഷ് സർക്കാർ രാജാവിന് സൊവനീറായി നൽകി. 1920ൽ ഈ വിമാന ഭാഗങ്ങൾ കപ്പൽ വഴി കടൽ കടന്ന് ഇന്ത്യയിൽ എത്തി. 1985 മഹാരാജ ഡോക്ടർ കർണ്ണി സിംഗ്ജി, ദ്രവിച്ചുകൊണ്ടിരുന്ന ഈ വിമാന ഭാഗങ്ങളിൽ നിന്ന് ഒരു മുഴുവൻ വിമാനം പ്രാദേശിക തൊഴിലാളികളുടെ സഹായത്തോടെ നിർമ്മിച്ച് കൊട്ടാരത്തിലെ മ്യൂസിയത്തിനകത്ത് സ്ഥാപിച്ചു. കൊട്ടാരത്തിലെ വിക്രം ഹാളിൽ ആ വലിയ വിമാനം ഇരിക്കുന്നത് കാണാൻ വേണ്ടി മാത്രം ടിക്കറ്റ് എടുത്ത് അകത്തു കയറേണ്ടതാണ്, ബിക്കാനീറിൽ എത്തുന്ന ഏതൊരു സഞ്ചാരിയും.

കോട്ടയ്ക്കുള്ളിൽ തുടക്കത്തിൽ ചില ഭാഗങ്ങളിൽ ഫോട്ടോയും വീഡിയോയും എടുക്കാം. പക്ഷേ ഉള്ളിലേക്ക് കടന്നാൽ പല ഭാഗങ്ങളിലും ഫോട്ടോ മാത്രമേ എടുക്കാൻ പാടുള്ളൂ. വീഡിയോ അനുവദനീയമല്ല. അതെന്നെ കുഴക്കി. എല്ലാ കോട്ടകളും വീഡിയോ ആക്കേണ്ടത് എൻ്റെ ദൗത്യമാണ്.

ബിക്കാനീറിൽ ഇനി എന്തൊക്കെയാണ് പരിപാടി എന്ന് നീതു ശർമ ചോദിച്ചു. കാണാനുള്ള സ്ഥലങ്ങളെല്ലാം അവൾ ചിട്ടപ്പെടുത്തി തന്നു. ഭാഗിയുമായി ആ ഇടുങ്ങിയ വഴികളിലൂടെ പോകാൻ പറ്റില്ല. അതുകൊണ്ട് ഒരു ഓട്ടോറിക്ഷ എടുത്ത് പോകുന്നതാവും ഗുണമെന്ന് അവൾ ഉപദേശിച്ചു. ഓട്ടോക്കാരനെയും അവൾ ഏർപ്പാട് ചെയ്തു തന്നു. കൂട്ടത്തിൽ മറ്റൊരു ചോദ്യവും.

“ഇതുവരെ കണ്ടതിൽ ഏറ്റവും ഭംഗിയുള്ള കോട്ട ഇതു തന്നെയല്ലേ?”

“മാർക്ക് ഇടാണമെങ്കിൽ ചിറ്റോർഡും കുമ്പൽഗഡും മേറങ്ഗഡുമൊക്കെ ഒന്നിനൊന്ന് വെല്ലുവിളി ഉയർത്തി മുന്നിലുണ്ട്.” എന്നായിരുന്നു എൻ്റെ മറുപടി.

ത്രിലോക് എന്നാണ് ഓട്ടോക്കാരന്റെ പേര്. 400 രൂപയാണ് അയാളുടെ നിരക്ക്. രാംപുരിയ ഹവേലി, ലക്ഷ്മിനാഥ് ജി അമ്പലം, ബന്ത ഷാഹ ജൈൻ ക്ഷേത്രം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിൽ കൊണ്ടുപോകുന്നത് കൂടാതെ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലത്തും കൊണ്ടുപോകും.

ത്രിലോഗി എൻ്റെ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ തുടങ്ങി. മെല്ലെ മെല്ലെ അതൊരു അഭിമുഖത്തിനേക്കാൾ വലിയ ചോദ്യങ്ങളായി. കഥകൾ അറിഞ്ഞപ്പോൾ അയാൾക്ക് ഭാഗിയെ കാണണം എന്നായി. അങ്ങനെയൊരു അടുപ്പം അയാളുമായി വന്നത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അയാൾ നഗരത്തിൽ പലയിടങ്ങളിലും എന്നെ കൂടുതലായി കൊണ്ടുപോയി. ഏഴ് കിലോമീറ്റർ ചുറ്റിവളഞ്ഞ് കിടക്കുന്ന പഴയ പട്ടണത്തിൻ്റെ കോട്ടസമാനമായ മതിലിൻ്റെ ഭാഗങ്ങൾ അതിലൊന്നാണ്.

രാംപുരിയാ ഹവേലിയുടെ അകത്ത് കയറാൻ പറ്റില്ല. ഒരു തെരുവിന് ഇരുവശവും ആ കൂറ്റൻ ഹവേലിയുടെ ചുമരുകളാണ്. നായ്ക്കളും പശുക്കളും വിഹരിക്കുന്ന ആ തെരുവിലൂടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും തിക്കിത്തിരക്കുന്നു.

ലക്ഷ്മിനാഥ്ജി ക്ഷേത്രത്തിൽ എനിക്ക് കാര്യമായ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. പോരാത്തതിന് നവരാത്രിയുടെ അലങ്കാരങ്ങളും തിരക്കുമാണ് അവിടെ. ഒരു സാധാരണ ക്ഷേത്രം മാത്രം. പക്ഷേ അതിന് എതിർവശത്തുള്ള ഭന്തസാർ ജൈനക്ഷേത്രത്തിൽ കാണാൻ കാര്യമായി എന്തെങ്കിലും ഉണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു.

ചുമര് മുഴുവൻ കൊത്തുപണികളും പെയിൻ്റിങും എല്ലാമായി നല്ലൊരു കാഴ്ചയാണ് ആ ജൈനക്ഷേത്രം. വളരെ ഉയരത്തിൽ നിൽക്കുന്ന ഗോപുരവും ആ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ഭന്തസാർ ജൈന ക്ഷേത്രത്തിലെ പൂജാരിയും കാവൽക്കാരനും ജഗദീഷ് എന്ന ജഗ്ഗു ആണ്. ഫോട്ടോയെടുക്കാം വീഡിയോകൾ എടുക്കരുത് എന്ന് അദ്ദേഹം ആദ്യം പറഞ്ഞെങ്കിലും, എൻ്റെ കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കിയപ്പോൾ വീഡിയോ എടുക്കാനും അനുവദിച്ചു.

മാത്രമല്ല അദ്ദേഹം എൻ്റെ പടങ്ങൾ എടുത്തു തന്നു. എന്നെ അമ്പലത്തിന് പുറത്തുള്ള ഒരു കടയിൽ കൊണ്ടുപോയി ശീതള പാനീയം വാങ്ങിത്തന്നു. പക്ഷേ അദ്ദേഹത്തിനൊപ്പം സെൽഫി എടുക്കാൻ സമ്മതിച്ചില്ല. കുറച്ചുനേരം ത്രിലോഗിയും ജഗ്ഗുവും ഞാനും സംസാരിച്ചിരുന്നു.
എനിക്ക് വല്ലാത്ത സന്തോഷമായി. പോകുന്ന സ്ഥലങ്ങളിലെ മനുഷ്യരുമായി ഇങ്ങനെ ഇടപഴകാനുള്ള അവസരങ്ങൾ ഇതുവരെ കിട്ടിയില്ലായിരുന്നു. അതുകൂടെ ആകുമ്പോഴേ യാത്ര രസകരമാകുന്നുള്ളൂ.

ഉച്ചഭക്ഷണം ത്രിലോകിയും ഞാനും ഒരുമിച്ചു കഴിച്ചു. നഗരത്തിലെ പേരുകേട്ട കോട്ടും മീട്ടു ഹോട്ടലിലാണ് ത്രിലോഗി എന്നെ കൊണ്ടുപോയത്. പൂരി ബാജിയും ലസ്സിയും ബിക്കാനീറിൽ പേരുകേട്ട രസഗുളയും കഴിച്ചു.

ഭാഗി കോട്ടയ്ക്കകത്ത് തന്നെ കിടക്കുകയാണ്. ഞങ്ങൾ മടങ്ങി കോട്ടയിലെത്തി. ത്രിലോഗിക്ക് ഞാൻ ഭാഗിയെ കാണിച്ചു കൊടുത്തു. ത്രിലോഗിക്ക് ഒപ്പം മറ്റ് ഓട്ടോറിക്ഷ ഡ്രൈവർമാരും കൂടി. പോകുന്നിടത്തെല്ലാം ഭാഗിക്ക് ആരാധകർ കൂടുകയാണ്.

പകൽ സാമാന്യം നല്ല ചൂട് ഉണ്ടായിരുന്നു. ത്രിലോഗി എനിക്ക് ഒരു മരത്തണൽ സംഘടിപ്പിച്ചു തന്നു. ഞാൻ അവിടെ ഭാഗിയെ നിർത്തി, കുറച്ചു നേരം ഉറങ്ങി.

രാത്രി ഭക്ഷണം ദ്വാരിക റസ്റ്റോറന്റിൽ നിന്ന് തന്നെ കഴിച്ചു. ഒരുപാട് ദിവസങ്ങൾക്ക് ശേഷമാണ് ഒരു തെക്കേ ഇന്ത്യൻ ഭക്ഷണം (ഊത്തപ്പം) കഴിക്കുന്നത്.

ഇന്നലെ തങ്ങിയ ഗ്യാസ് സ്റ്റേഷനിൽ തന്നെ ഇന്നും തങ്ങുന്നു. തങ്ങാൻ ഒരിടം ഉറപ്പായാൽ പിന്നെ മനസ്സ് കാറൊഴിഞ്ഞ വാനം പോലെ ശാന്തമാണ്.

നാളത്തെ പരിപാടികൾ കൃത്യമായി തയ്യാറാക്കിയിട്ടുണ്ട് മൂന്ന് ദിവസം തങ്ങാനുള്ള വകുപ്പുണ്ട് ബിക്കാനീറിൽ. അപ്പോഴേക്കും ജയ്പൂരിലേക്ക് മടങ്ങാനുള്ള സമയമാകും.

വാൽക്കഷണം:- അങ്ങനെ ഒരു കോട്ട കൂടി മനസ്സ് കീഴടക്കിയിരിക്കുന്നു. 70 കോട്ടകൾ ഞാൻ സന്ദർശിക്കുമായിരിക്കും. 70 റൺസ് കഴിഞ്ഞാൽ സെഞ്ചുറിക്ക് വേണ്ടി മുട്ടിക്കളിക്കുന്ന സച്ചിനെപ്പോലെ മനസ്സ് പ്രക്ഷുബ്ദ്ധമാണ്. അതിന് കാരണമുണ്ട്. മഹാരാഷ്ട്രയിലെ അലങ്, മദൻ, കുലങ് കോട്ടകളിലേക്ക്, സഞ്ചാരികൾ ട്രക്ക് ചെയ്യുന്നതിന്റെ അതിസാഹസികമായ ചില വീഡിയോകൾ ശ്രേയ മോഹൻ അയച്ച് തന്നിരുന്നു. അത് ഗംഭീര ഗൂഗ്ളിയും ഫുൾ ടോസും ഒക്കെയാണ്. ഒക്ടോബർ 10, 11 തീയതികളിൽ ഞാനും ആ പന്തുകൾ നേരിടുകയാണ്. സൂക്ഷിച്ചു കളിച്ചില്ലെങ്കിൽ ഔട്ട് ആയത് തന്നെ.

ശുഭരാത്രി