വ്യക്തികൾ

ചൈതന്യ ഒരു മാതൃക


44
രു പഴയ കഥയുണ്ട്.

ഒരിടത്തൊരിടത്ത് ഒരു ഭിക്ഷു ഉണ്ടായിരുന്നു. ഉടുതുണിക്ക് പുറമെ, ഭിക്ഷയായി കിട്ടുന്ന എന്തെങ്കിലും ഭക്ഷണം കഴിക്കാനോ ജലാശയങ്ങളിൽ നിന്ന് അൽപ്പം വെള്ളമെടുത്ത് കുടിക്കാനോ ഉപകരിക്കുന്ന ഒരു മൺചട്ടി മാത്രമാണ് അയാൾക്കുണ്ടായിരുന്ന ഏക സമ്പാദ്യം.

ഒരിക്കൽ അനാഥനും ദരിദ്രനുമായ ഒരു ബാലൻ നദിയിൽ നിന്ന് കൈക്കുമ്പിളിൽ ജലം കോരിക്കുടിക്കുന്ന അവസ്ഥ ഭിക്ഷു കാണാനിടയായി. വെള്ളം കുടിക്കാൻ ഒരു മൺചട്ടി പോലും സ്വന്തമായില്ലാത്ത ബാലൻ്റെ ദൈന്യതയിൽ മനം നൊന്ത് ഭിക്ഷു സ്വന്തം മൺചട്ടി അപ്പോൾത്തന്നെ തല്ലിയുടച്ച് കളഞ്ഞു.

കഥ കഴിഞ്ഞു.

ഏതാണ്ട് ഈ അവസ്ഥയിലൂടെ ഇന്ന് ഞാൻ കടന്നു പോയി.

മംഗലാപുരത്തുനിന്ന് ഗോവയിലേക്കുള്ള Great Indian Expedition യാത്ര, കാർവാർ നേവൽ ബേസ് എത്തുന്നതിന് മുൻപായി, ടയറുകൾക്ക് ഇരുവശത്തും കാര്യമായ ഭാരം തൂക്കി ഒരു ചെറുപ്പക്കാരൻ സൈക്കിൾ ചവിട്ടിപ്പോകുന്നത് കണ്ടു.

അൽപ്പസ്വൽപ്പം സൈക്കിൾ അഭ്യാസങ്ങൾ നടത്തിയിട്ടുള്ളതുകൊണ്ട്, ഒരു സൈക്കിൾ റൈഡറേയും സൈക്കിളിൽ പൊരി വിൽക്കാൻ നടക്കുന്നവരേയും സൈക്കിളിൽ ഉലകം ചുറ്റുന്നവരേയും തിരിച്ചറിയാനുള്ള സാക്ഷരതയൊക്കെ എനിക്കുണ്ട്.

ഇത് അവസാനം പറഞ്ഞ കൂട്ടക്കാരൻ തന്നെ. സൈക്കിൾ സഞ്ചാരിയെന്ന് മൂന്നരത്തരം.

ഞാൻ വാഹനം അൽപ്പം മുന്നോട്ടോടിച്ച് സൈഡൊതുക്കി നിർത്തി അയാൾക്കായി കാത്തുനിന്നു.

ആന്ധ്രക്കാരൻ ചൈതന്യ. 21 വയസ്സ്. എൻ്റെ മകളുടെ പ്രായമില്ല. 600 ദിവസം കൊണ്ട് സൈക്കിളിൽ ഇന്ത്യ ചുറ്റാൻ ഇറങ്ങിയിരിക്കുന്നു. അതിൽ 168 ദിവസം ഇന്ന് കഴിയുമ്പോൾ, കർണാടക, കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ അയാൾ കണ്ട് തീർത്തിരിക്കുന്നു. കേരളത്തിൽ എല്ലാ ജില്ലകളിലൂടെയും കടന്ന് പോയത് ഒരു മാസം സമയമെടുത്താണ്. നാളെ ചൈതന്യ ഗോവയിലേക്ക് കടക്കുന്നു.

രക്തം രക്തത്തെ പെട്ടെന്ന് തിരിച്ചറിയുമെന്നാണല്ലോ?! കുറഞ്ഞ സമയം കൊണ്ട് ഒരുപാട് വിവരങ്ങൾ ഞങ്ങൾ പങ്കിട്ടു. ആ പ്രായത്തിൽ എനിക്കിത് ചെയ്യുന്നതിനെപ്പറ്റി സങ്കൽപ്പിക്കാൻ പോലും പറ്റിയില്ലല്ലോ എന്ന് ഞാൻ വിസ്മയിച്ചപ്പോൾ, 55 വയസ്സിൽ ഞാനിത് ചെയ്യുന്നല്ലോ എന്നാണ് അയാൾക്ക് അതിശയം. ഇതിൽ ഏത് അതിശയത്തിൻ്റെ തട്ടാണ് താഴ്ന്നിരിക്കുന്നതെന്ന് വിലയിരുത്താൻ ഞാനാളല്ല. പക്ഷേ രണ്ട് കാര്യങ്ങൾ പറയാതെ വയ്യ. അയാൾ സ്വന്തം ഊർജ്ജമാണ് ഈ യാത്രയ്ക്കായി ചിലവാക്കുന്നത്. എനിക്ക് യന്ത്രത്തിൻ്റെ സഹായമുണ്ട്. അയാളിത് രണ്ടാം വട്ടമാണ് ഇന്ത്യ ചുറ്റുന്നത്. ഞാൻ വെറും നാലാം ദിവസക്കാരൻ.

30000 കിലോമീറ്റർ മുൻപും സൈക്കിളിൽ കറങ്ങിയിട്ടുണ്ട് ചൈതന്യ. ആ റെക്കോർഡ് ഈയിടെ ആരോ ഭേദിച്ചുവത്രേ! എന്നാൽപ്പിന്നെ 50000 കിലോമീറ്ററിന് മുകളിൽ ഒരു റെക്കോർഡ് ഇടാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കക്ഷി.

ഞങ്ങൾ പരസ്പരം വീഡിയോകൾ പിടിച്ചു, സെൽഫി എടുത്തു, ഫോൺ നമ്പറുകൾ കൈമാറി.

ഗോവയിൽ എവിടെയെങ്കിലും വെച്ച് വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിയുന്നതിന് മുൻപ് രണ്ട് ചോദ്യങ്ങൾ കൂടെ ഞാനയാളോട് ചോദിച്ചു.

ചോദ്യം 1:- വസ്ത്രങ്ങൾ എങ്ങനെ എവിടെ വെച്ച് കഴുകുന്നു, ഉണക്കുന്നു?

ഉത്തരം 1:- നദികൾ കാണുമ്പോളോ പൊതു ടാപ്പുകൾ കാണുമ്പോളോ അലക്കുന്നു, ഉണങ്ങുന്നത് വരെ അവിടത്തന്നെ കുത്തിയിരിക്കുന്നു

ചോദ്യം 2:- എത്ര ജോഡി വസ്ത്രങ്ങൾ ഉണ്ട് കൈവശം?

ഉത്തരം 2:- ഇട്ടിരിക്കുന്നത് കൂടാതെ രണ്ട് ജോഡി കൂടെയുണ്ട്.

ഇനി ആദ്യ കഥയിലേക്ക് തിരിച്ച് പോകാം. ഭിക്ഷുവിൻ്റെ സ്ഥാനത്തും ബാലൻ്റെ സ്ഥാനത്തും ആരൊക്കെയാണെന്ന് നിങ്ങൾക്കിതിനകം അറിയാം.

എൻ്റെ കൈവശം, ഇട്ടിരിക്കുന്നത് അടക്കം 5 ജീൻസുകൾ ഉണ്ട്. എളുപ്പം ഉണങ്ങുന്ന ട്രക്കിങ് പാൻ്റുകൾ രണ്ടെണ്ണം വേറെയും. ഒരു ഡസൻ ടീഷർട്ടുകളും ഉണ്ട്.

ഗോവ യാത്ര കഴിയുന്നതോടെ 3 പാൻ്റുകളും 6 ടീ ഷർട്ടുകളും ഒഴികെയുള്ളതെല്ലാം ഒഴിവാക്കുകയാണ് ഞാൻ. ഈ യാത്രയിൽത്തന്നെ അതെല്ലാം ഉപയോഗിക്കാതെ മാറ്റിവെക്കാൻ തീരുമാനമായി.

ഭിക്ഷു ആകാനോ ഭിക്ഷുവിൻ്റെ മാതൃക ആകാനോ വേണ്ടിയല്ല. അതൊന്നും എത്ര ശ്രമിച്ചാലും നടക്കുന്ന കാര്യമല്ല. അതിനൊക്കെ ഒരുപാട് വലിയ മനസ്സ് വേണം. പക്ഷേ, ‘Less luggage, more comfort ‘ എന്ന യാത്രാമന്ത്രം അറിഞ്ഞിട്ടും, അത് പ്രാവർത്തികമാക്കാത്തതിൻ്റെ ബുദ്ധിമുട്ട്, യാത്ര തുടങ്ങി നാല് ദിവസത്തിനകം ഞാൻ അനുഭവിച്ചു കഴിഞ്ഞു. ആ ബുദ്ധിമുട്ടൊന്ന് കുറക്കാൻ ചൈതന്യ എന്ന ചെറുപ്പക്കാരനെ ചെറിയ തോതിലെങ്കിലും മാതൃകയാക്കിയേ പറ്റൂ.

വാൽക്കഷണം:- എല്ലാ ദിവസവും ഒരു പടവും ഒരു പ്രാരഗ്രാഫും ചേർത്ത് ഒരു സ്പെഷ്യൽ ഡയറി എഴുതുന്നുണ്ട്. പിന്നീട് 25 കോപ്പി പ്രിൻ്റ് ചെയ്ത് ആവശ്യക്കാർക്ക് മാത്രം കൊടുക്കാൻ. അതിൻ്റെ ആശയം തന്നത് ജയ  ടീച്ചറാണ്. ആ ഡയറിയിൽ ഇന്നത്തെ പേജ് ചൈതന്യയ്ക്കുള്ളതാണ്. അയാളുടെ ഒറ്റയ്ക്കുള്ള പടമാകും ആ പേജിൽ. വരികൾ ഇതായിരിക്കില്ല.