ആഘോഷങ്ങൾ

ഓണക്കിറ്റ് കിട്ടാത്ത ആദിവാസികൾ


55
ർക്കാരിൻെറ ഓണക്കിറ്റുകൾ എല്ലാവർക്കും കിട്ടിയെന്ന് കരുതുന്നു. സന്തോഷം. എല്ലാവർക്കും ഓണാശംസകൾ!

APL കാരും BPL കാരും കിറ്റുകൾ കൈപ്പറ്റി ഓണം കെങ്കേമമാക്കുമ്പോൾ സർക്കാരിന്റെ ഈ ഓണക്കിറ്റുകൾക്ക് ഏറ്റവും അർഹരായ ചിലർക്ക് അത് കിട്ടുന്നതേയില്ല എന്നതാണ് യാഥാർത്ഥ്യം. ശമ്പളം കിട്ടാത്ത KSRTC കുടുംബളിലേക്ക് പോലും കിറ്റുകൾ എത്തിക്കഴിഞ്ഞിരിക്കും ഇതിനകം.

റേഷൻ കാർഡ് ഉള്ളവർക്കാണ് ഓണക്കിറ്റുകൾ ലഭിക്കുക. റേഷൻ കാർഡ് ഇല്ലാത്തവർക്ക് സർക്കാരിന്റെ പുറമ്പോക്കിൽ പോലും സ്ഥാനമില്ല. അത്തരത്തിലുള്ള മനുഷ്യരും ഈ കേരള സംസ്ഥാനത്തിൽ ജീവിക്കുന്നുണ്ടെന്ന് അറിയുക.

വയനാട്ടിൽ (ചെതലയം – ബത്തേരി) റേഷൻ കാർഡ് ഇല്ലാത്തതുകൊണ്ട് മാത്രം ഓണക്കിറ്റ് ലഭിക്കാതെ പോകുന്ന ആദിവാസി കുടുംബങ്ങൾക്ക് വേണ്ടി, അന്നാട്ടിലെ സാമൂഹ്യ പ്രവർത്തകനായ കുഞ്ഞഹമ്മദിക്ക തയ്യാറാക്കിയ ഓണക്കിറ്റുകൾ ചിത്രത്തിൽ കാണാം. ഇന്നത് വിതരണം ചെയ്യപ്പെട്ടു കഴിഞ്ഞു.

കേന്ദ്രവും കേരളവും കോടിക്കണക്കിന് രൂപ ആദിവാസികൾക്ക് വേണ്ടി ചിലവഴിച്ചിട്ടും ഓണക്കിറ്റുകൾ പോലും അവരിലേക്ക് എത്തുന്നില്ല എന്നതിനേക്കാൾ ലജ്ജാവഹം, അവരിൽ പലർക്കും ഇപ്പോഴും റേഷൻ കാർഡ് ഇല്ല എന്നതാണ്.

അതൊരു പരിഷ്കൃത സമൂഹമല്ല. കാട്ടിൽ കഴിയുന്നവരാണ്. അവരുടെ ശീലവും സന്തോഷവുമെല്ലാം ആ ജീവിതം തന്നെയാണ്. ചുരുക്കം ചിലർ മാത്രമേ പരിഷ്കരിക്കപ്പെട്ടിട്ടുള്ളൂ. ആയതുകൊണ്ട് തന്നെ അവർക്ക് റേഷൻ കാർഡ് എടുക്കാൻ മെനക്കെടാനോ, അല്ലെങ്കിൽ അതെങ്ങനെ ചെയ്യണമെന്നോ പോലും അറിയില്ല എന്നതാണ് വസ്തുത.

എങ്കിലും കനേഷുമാരിയിൽ ഇവരുടെയൊക്കെ പേരുണ്ട്. വോട്ട് കളയാൻ ആവില്ലല്ലോ. അതാണല്ലോ ഇപ്പുറത്തുള്ളവർക്ക് എല്ലാമെല്ലാം.

ഒരൊറ്റ അപേക്ഷയേ ഉള്ളൂ. സംസ്ഥാനത്തെ അർഹതപ്പെട്ടവർക്കെല്ലാം ഓണക്കിറ്റ് കൊടുക്കുമ്പോൾ അതിനെക്കാൾ കൂടുതൽ അർഹതയുള്ള ആദിവാസി സമൂഹത്തിന് റേഷൻ കാർഡ് ഇല്ല എന്ന കാരണത്താൽ ഓണക്കിറ്റ് നൽകാതിരിക്കുന്നത് അനീതിയാണ്. ഒന്നുകിൽ ആ ഭാഗത്തെ പഞ്ചായത്ത് മെമ്പർമാരോ മറ്റ് അധികാരികളോ ഇടപെട്ട് ഇവർക്ക് റേഷൻ കാർഡ് ഉണ്ടാക്കാനുള്ള നടപടി സ്വീകരിക്കണം. അത് പറ്റില്ലെങ്കിൽ, റേഷൻകാർഡ് ഇല്ലെങ്കിലും അവർക്ക് ഓണക്കിറ്റ് അവകാശമായിത്തന്നെ നൽകണം.

അത് ചെയ്യാത്തിടത്തോളം കാലം സംസ്ഥാനമൊട്ടാകെ ഒണക്കിറ്റ് വിതരണം ചെയ്ത കൂട്ടർക്ക് ഒരുതരത്തിലും കൈയ്യടി തരാനാവില്ല. കിറ്റ് വേവിച്ച് കൂട്ടിക്കുഴച്ചുണ്ട് നമ്മളാഘോഷിക്കുന്ന ഈ ഓണത്തിന് ഒരു മാറ്റുമില്ല എന്ന് കടുപ്പിച്ച് തന്നെ പറയേണ്ടി വരും. സർക്കാർ ഇങ്ങനെ ലക്ഷക്കണക്കിന് ഓണക്കിറ്റുകൾ കൊട്ടിഘോഷിച്ച് വിതരണം ചെയ്യുമ്പോൾ, ഏതെങ്കിലും സന്നദ്ധസംഘടന സമാന്തരമായി ഒരു കിറ്റെങ്കിലും വിതരണം ചെയ്യുന്നുണ്ടെങ്കിൽ അത് സർക്കാരിനും ഭൂഷണമല്ല.

ബ്രിട്ടീഷ് മലയാളി എന്ന സംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ കിറ്റുകൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഈ സേവനം കുഞ്ഞഹമ്മദിക്ക തുടർന്നു പോരുന്നു. ഇപ്രാവശ്യം കിറ്റ് നൽകിയത് റേഷൻ കാർഡില്ലാത്ത 16 കുടുംബങ്ങൾക്കും വാർദ്ധക്യം ആയതുകൊണ്ട് സഹായമെത്താത്ത 34 ആദിവാസി കൂരകളിലേക്കും ആണ്.

വാൽക്കഷണം:- 163552 രൂപയാണ് അലവൻസുകൾ അടക്കം, പട്ടിക ജാതി പട്ടികവർഗ്ഗ വകുപ്പ് ഡയറക്ടറുടെ ശംബളം എന്നാണ് വിവരാവകാശം വഴി മനസ്സിലാക്കിയത്. റേഷൻ കാർഡ് ഇല്ലാത്ത ആദിവാസികൾക്ക് അതുണ്ടാക്കാനുള്ള നടപടി സ്വീകരിക്കാൻ, ലക്ഷങ്ങൾ ശംബളം വാങ്ങുന്ന ഡയറക്ടർക്ക് ഒന്നും ചെയ്യാനാവില്ലേ ?