Monthly Archives: October 2012

15

പോണ്ടിച്ചേരിയിലേക്ക്


പ്രവാസം ഉപേക്ഷിച്ചത് കൂടുതൽ യാത്രകൾക്ക് അവസരമൊരുക്കാൻ കൂടെയാണ്. പക്ഷെ അരച്ചാൺ വയറിന്റെ പ്രശ്നം ഉദ്ദേശിച്ചതുപോലെയൊന്നും ആഗ്രഹങ്ങളെ പിന്തുണച്ചില്ല. അവധിക്ക് നാട്ടിൽ വരുന്നത് പോയെലല്ല, നാട്ടിൽ ജോലി ചെയ്യുന്നതും സ്ഥിരതാമസമാക്കുന്നതും. വിചാരിച്ചതുപോലെ യാത്രകൾ പലതും ചെയ്യാനായില്ല.

അൽ‌പ്പം വൈകിയാണെങ്കിലും ഒരു യാത്രാ സൌകര്യം ഒത്തുവന്നത് ഓണനാളുകളിലാണ്. ഓണം എല്ലാക്കൊല്ലവും ആഘോഷിക്കുന്നതല്ലേ ?  അതുകൊണ്ട് ഇപ്രാവശ്യത്തെ ഓണാവധിക്കാലത്ത് യാത്രയ്ക്കുള്ള ഏർപ്പാടുകൾ ചെയ്തു. പല സ്ഥലങ്ങളും ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും അവസാനം നറുക്കുവീണത് പോണ്ടിച്ചേരി എന്ന പുതുശ്ശേരിക്കാണ്.

കുറേനാൾ കുടുംബത്തോടൊപ്പം മദ്രാസിൽ ജീവിക്കുകയും മഹാബലിപുരം വരെ പലപ്പോഴും യാത്ര ചെയ്തിട്ടും അവിടന്ന് നൂറ് കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള പോണ്ടിച്ചേരി എന്തുകൊണ്ടോ ഞങ്ങൾക്ക് അന്യമായി നിൽക്കുകയായിരുന്നു.

പോണ്ടിച്ചേരി, കാരയ്‌ക്കൽ, മാഹി, യാനം എന്നിവിടങ്ങളിലായി ഉണ്ടായിരുന്ന ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഹെഡ് ക്വാർട്ടേർസ് ആയിരുന്നു പോണ്ടിച്ചേരി. ഈ നാല് പ്രധാന കോളനികളിൽ മാഹി കേരളത്തിൽ, കാരയ്ക്കലും പോണ്ടിച്ചേരിയും തമിഴ്‌നാട്ടിൽ, യാനം ആന്ധ്രാ പ്രദേശിൽ. സ്വതന്ത്ര ഇന്ത്യയിൽ ഈ നാലിടങ്ങളും യൂണിയൻ ടെറിട്ടറിയായി നിലകൊള്ളുന്നു. ഈ യാത്രയ്ക്ക് തയ്യാറെടുക്കുന്നത് വരെ, ഇതിൽക്കൂടുതൽ ചരിത്രമൊന്നും പോണ്ടിച്ചേരിയെപ്പറ്റി ഞാൻ മനസ്സിലാക്കിയിരുന്നില്ല. കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചതോടെ പോണ്ടിച്ചേരി ഒരു വിസ്മയമായി മാറുകയായിരുന്നു. ഇനി വായിച്ച്  മനസ്സിലാക്കിയ കാര്യങ്ങൾ നേരിൽ കണ്ടറിയാനുള്ള സമയമാണ്. മൂന്ന് ദിവസത്തെ സന്ദർശനം കൊണ്ട് പോണ്ടിച്ചേരിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളെങ്കിലും കണ്ടുതീർക്കാൻ പറ്റുമെന്ന് ഒരുറപ്പുമില്ല. എന്നിരുന്നാലും, ഒരിക്കൽ അതുവരെ പോയി ഒരു തീപ്പൊരി വീണുകിട്ടിയാൽ, പിന്നീടങ്ങോട്ട് പല പ്രാവശ്യമായി യാത്രകൾ ആളിക്കത്തിക്കോളുമെന്ന് ഉറപ്പാണ്.

പതിവ് പോലെ കിഴക്ക് വെള്ള കീറുന്നതിന് മുന്നേ എറണാകുളത്തുനിന്ന് യാത്ര തിരിച്ചു. തൃശൂർ മുതൽ പാലക്കാട് വരെയുള്ള ദേശീയ പാത, സൈക്കിൾ ഓടിക്കാൻ പോലും കൊള്ളാത്തതാണെന്ന് അനുഭവമുള്ളതുകൊണ്ട് വടക്കാഞ്ചേരി പട്ടാമ്പി വഴി പാലക്കാട്. അവിടന്ന് കോയമ്പത്തൂർ, സേലം, വില്ലുപുരം (തമിഴിൽ വിഴുപ്പുരം) വഴി ഏതാണ് 550 കിലോമീറ്ററോളം ഡ്രൈവ് ചെയ്ത് പോണ്ടിച്ചേരിയിലേക്ക്.

കോയമ്പത്തൂർ മുതൽ 30 – 40 കിലോമീറ്റർ ഇടവിട്ട് 30 മുതൽ 70 രൂപ വരെ ഈടാക്കുന്ന ചുങ്കപ്പുരകളുണ്ട്.  തമിഴർ ഉണ്ടാക്കിയിട്ടിരിക്കുന്ന നെടുനീളൻ റബ്ബറൈസ്‌ഡ് റോഡുകളിൽ വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം,  ചുങ്കപ്പുരകളിൽ നിന്ന് പണം കൊടുത്ത് വാങ്ങണം. യാത്രകഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴേക്കും 800 രൂപയോളം ഇങ്ങനെ ചുങ്കത്തിന് മാത്രമായി ചിലവാക്കിയിരുന്നു. ചുങ്കം കൊടുത്തിട്ടായാലും നല്ല നിലവാരമുള്ള റോഡിലൂടെ യാത്ര ചെയ്യണോ, അതോ ചുങ്കപ്പിരിവെന്ന ഏർപ്പാടിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണോ എന്നത് ഓരോരുത്തരുടേയും യുക്തിക്കും കാഴ്ച്ചപ്പാടിനും അനുസരിച്ചിരിക്കും.

ആൾത്താമസം വളരെക്കുറഞ്ഞ ഇടങ്ങൾ, അതുകൊണ്ടുതന്നെ ആളൊഴിഞ്ഞ പാ‍തയോരങ്ങൾ,  വാഹനഗതാഗതവും വളരെച്ചുരുക്കം. ഓവർടേക്ക് ചെയ്യാനോ എതിരെ വരാനോ വാഹനങ്ങളൊന്നും ഇല്ലാതെ അനന്തമായി നീളുന്ന പരവതാനി പോലുള്ള പാത. അല്ലലൊന്നും ഇല്ലാതെ അഞ്ചായത്തെ ഗിയറിൽ ഞങ്ങളുടെ വാഹനം ദൂരങ്ങൾ താണ്ടിക്കൊണ്ടിരുന്നു. മാപ്പ് മൈ ഇന്ത്യയുടെ നേവിഗേറ്റർ നല്ലവണ്ണം സഹായിക്കുന്നുണ്ടെങ്കിലും വർഷങ്ങളായി അപ്‌ഡേറ്റ് ചെയ്യാതെ വെച്ചിരിക്കുന്നതുകൊണ്ട് പുതുതായി വന്ന പാതകളൊന്നും അതിന് മനസ്സിലാകുന്നില്ല. ഏതോ കൃഷിയിടത്തിലൂടെ വാഹനം അതിവേഗത്തിൽ നീങ്ങുന്നതായാണ് നേവിഗേറ്ററിൽ തെളിയുന്നത്.

ഇപ്രാവശ്യം യാത്ര ഈ തേരിലാണ്.

ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ, പോണ്ടിച്ചേരിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് റോഡിന് നടുക്ക് നിൽക്കുന്ന കമാനം ദൂരെ നിന്ന് തന്നെ കാണാം. വാഹനത്തിരക്കും അതോടൊപ്പം ആരംഭിക്കുകയായി. ഇരുചക്രവാഹനങ്ങളുടെ മേളമാണ് പോണ്ടിച്ചേരിയിൽ. 100 രൂപ ഡൌൺ പേയ്‌മെന്റ് നടത്തി ഇരുചക്രവാഹനം ഒരെണ്ണം വീട്ടിൽക്കൊണ്ടുപോകാം എന്ന സ്ഥിതി വന്നതോടെ സൈക്കിൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എല്ലാവരും ബൈക്കിലേക്ക് മാറിയിരിക്കുന്നു. എന്നുവെച്ച് നിരത്തിൽ സൈക്കിളുകൾക്കും  ക്ഷാമമൊന്നുമില്ല. വളരെ സൂക്ഷിച്ച് മൂന്ന് കണ്ണാടികളിലും നോക്കി വാഹനമോടിച്ചില്ലെങ്കിൽ റോഡപകടത്തിൽ‌പ്പെടാൻ ഒരു ബുദ്ധിമുട്ടുമില്ല ചില തെരുവുകളിൽ.

ജിഞ്ചർ ഹോട്ടൽ – പോണ്ടിച്ചേരി

ജിഞ്ചർ ഹോട്ടലിലാണ് ഓൺലൈനായി മുറി ഏർപ്പാടാക്കിയിരിക്കുന്നത്.ബിസിനസ്സ് ആവശ്യങ്ങൾക്കായി കറങ്ങുന്നവർക്ക് പറ്റിയ ബഡ്ജറ്റ് ഹോട്ടൽ ശൃംഖലയാണത്. പോണ്ടിച്ചേരി ബീച്ചിലേക്ക്, ഹോട്ടലിൽ നിന്ന് അധികം ദൂരവുമില്ല. വൈകുന്നേരം മൂന്ന് മണിയോടെ ഹോട്ടലിൽ ചെന്നുകയറി. ഇരുട്ടുന്നത് വരെയുള്ള സമയം പാഴാക്കേണ്ടതില്ലല്ലോ ? ഒന്ന് ശുദ്ധി വരുത്തി വീണ്ടും തെരുവിലേക്കിറങ്ങി.

പ്രോമനേഡ് ബീച്ചിലേക്ക് ആദ്യം ചെന്നെത്തിയത്. പോണ്ടിച്ചേരിയിൽ പ്രധാനമായും നാല് ബീച്ചുകളാണുള്ളത്. അതിൽ ഏറ്റവും മുന്തിയതും ചരിത്രപ്രാധാന്യമുള്ള ഒട്ടനേകം സംഭവങ്ങൾ കൊണ്ട് സമ്പന്നമായതും പ്രോമനേഡ് (Promenade) ബീച്ചാണ്. പാരഡൈസ് ബീച്ച്, സെറീനിറ്റി ബീച്ച്, ഓറോവില്ല ബീച്ച് എന്നിവയാണ് മറ്റ് ബീച്ചുകൾ.

1930 ലെ പോണ്ടിച്ചേരി (പ്രോമനേഡ്) ബീച്ച്

സുനാമിയുടെ ക്ഷോഭം നല്ലൊരളവ് വരെ ഏറ്റുവാങ്ങേണ്ടിവന്ന ഒരു കടൽത്തീരമാണ് പ്രോമനേഡ് ബീച്ച്. തീരത്തെ മണ്ണ് ഭൂരിഭാഗവും ഒലിച്ചുപോയി. തീരം തന്നെ ഇല്ലാതായി എന്ന് പറയാം. തീരം നഷ്ടപ്പെടുമ്പോൾ കടലിന് കരയോട് പറയാനുള്ള കാര്യങ്ങൾക്ക് ഒരു പ്രതലം ഇല്ലാതാകുന്നു, കരയ്ക്കടുത്ത് തന്നെ കരയുണ്ടെങ്കിലും അവ തമ്മിലുള്ള അകലം കൂടുന്നതുപോലെ. തീരം കൂടുതലായി കടലെടുക്കാതിരിക്കാനായി, സർക്കാർ ഇപ്പോൾ കടൽഭിത്തി കെട്ടി സംരക്ഷിച്ചിരിക്കുന്നയാണ്. കടൽഭിത്തിക്ക് ഇപ്പുറം Goubert Avenue എന്നറിയപ്പെടുന്ന ബീച്ച് റോഡ്.

ജനത്തിരക്കാണ് ബീച്ചിൽ. അസ്തമയ സൂര്യന്റെ മഞ്ഞയും ഓറഞ്ചും ചുവപ്പുമൊക്കെ കലർന്ന പ്രഭ, തീരത്തെ നനഞ്ഞ മണ്ണിൽ വീഴുന്ന കാഴ്ച്ച ഈ ബീച്ചിൽ കിട്ടില്ല. കാല് കടൽ വെള്ളത്തിൽ നനയ്ക്കാൻ പറ്റാതെ, പാറപ്പുറത്തിരിക്കുന്ന സന്ദർശകർ. അവർക്ക് അപകടം ഒന്നും വരുന്നില്ലെന്ന് ഉറപ്പാക്കാൻ ദൂരെ അവിടവിടെയായി സൂക്ഷ്മനിരീക്ഷണം നടത്തുന്ന ചുവന്ന തൊപ്പി വെച്ച പൊലീസ് കണ്ണുകൾ. കുറെയേറെ ദൂരെയായി പുതിയ കടൽ‌പ്പാലം കാണാം. അങ്ങോട്ട് പ്രവേശനം നിഷേധിച്ചുകൊണ്ട് പൊലീസ് പാറാവുണ്ട്. ഞങ്ങൾ തിരക്കിന്റെ ഭാഗമായി ഗൌബർട്ട് അവന്യുവിലൂടെ കുറെയേറെ നടന്നു.

പുതിയ കടൽ‌പ്പാലവും ചുവന്ന തൊപ്പി വെച്ച പൊലീസുകാരനും

ബീച്ചിലേക്കുള്ള പ്രധാന വഴി വന്നവസാനിക്കുന്നിടത്ത് തന്നെയാണ് ‘War Memmorial’.  ഉയരമുള്ള നാല് തൂണുകൾക്ക് നടുവിലുള്ള മണ്ഡപത്തിൽ ബയണറ്റിൽ കുത്തിനിർത്തിയിരിക്കുന്ന നീളമുള്ള തോക്ക്. മറ്റ് പല യുദ്ധസ്മാരകങ്ങളേയും പോലെ തോക്കിന്റെ പാത്തിക്ക് മേൽ കമഴ്‌ത്തി വെച്ചിരിക്കുന്ന പട്ടാളത്തൊപ്പിയും ഉണ്ടായിരുന്നു കുറേക്കാലം മുൻപ് വരെ. പട്ടാളത്തൊപ്പി ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. യുദ്ധത്തിൽ തല നഷ്ടപ്പെട്ട പട്ടാളക്കാരന്റെ കഴുത്തുപോലെ, തോക്കിന്റെ പാത്തി അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു.

പോണ്ടിച്ചേരി വാർ മെമ്മോറിയൽ.

ഗൌബർട്ട് അവന്യുവിൽ മറ്റൊരു യുദ്ധസ്മാരകം കൂടെയുണ്ട്. 1971 ൽ നിർമ്മിച്ച ഫ്രഞ്ച് വാർ മെമ്മോറിയലാണ് അത്. ഒന്നാം ലോക മഹായുദ്ധകാലത്ത് രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ പട്ടാളക്കാരുടെ ഓർമ്മയ്ക്കായാണ് ഈ സ്മാരകം നിലകൊള്ളുന്നത്. Bastille day എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനമായ ജൂലായ് 17ന് ഈ സ്മാരകത്തിൽ, വീരജവാന്മാർക്ക് സ്മരണാജ്ഞലികൾ അർപ്പിച്ചുപോരുന്നു.

ഇടത്തുവശത്ത് ഫ്രഞ്ച് വാർ മെമ്മോറിയൽ, വലത്തുവശത്ത് ലൈറ്റ് ഹൌസ്

ഫ്രഞ്ച് വാർ മെമ്മോറിയൽ.
ബീച്ച് – മറ്റൊരു ദൃശ്യം.

ഫ്രഞ്ച് കോളനി വാഴ്ച്ചക്കാലത്തെ പ്രൌഢി വിളിച്ചറിയിക്കാൻ പോന്ന പഴമയുടെ തനിമ പേറുന്ന കെട്ടിടങ്ങളാണ് ഗൌബർട്ട് അവന്യൂവിൽ. ഈ കെട്ടിടങ്ങൾക്കിടയിലൂടെ ചരിത്രവും ചികഞ്ഞുകൊണ്ടുള്ള നടത്തത്തെ ഹെറിറ്റേജ് വാക്ക് (Heritage Walk) എന്നാണ് വിളിക്കുന്നത്.

പഴയ ലൈറ്റ് ഹൌസ്, കസ്റ്റംസ് ഹൌസ്, കോർപ്പറേഷൻ ഓഫീസ് എന്നിങ്ങനെ മിക്കവാറും കെട്ടിടങ്ങളും കാര്യമായ അറ്റകുറ്റപ്പണികൾ ഒന്നും കിട്ടാത്തതിന്റെ ക്ഷീണം എടുത്തുകാണിക്കുന്നുണ്ട്. കടലിന് അഭിമുഖമായി നിൽക്കുന്ന ഹോട്ടലുകളും റിസോർട്ടുകളുമൊക്കെ നന്നായി സംരക്ഷിക്കപ്പെടുന്നുമുണ്ട്. വളരെ മനോഹരമായ Hotel De Ville എന്ന് പേരെഴുതി വെച്ചിരിക്കുന്ന ഹെറിറ്റേജ് കെട്ടിടമാണ് പോണ്ടിച്ചേരി മുൻസിപ്പാലിയുടെ ആസ്ഥാന മന്ദിരം. അതിനകത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്.

പോണ്ടിച്ചേരി മുൻസിപ്പാലിറ്റി ആസ്ഥാനം
കസ്റ്റംസ് കെട്ടിടം.

റോഡിന്റെ മറുവശത്ത് കടലിനോട് തീരത്തിനോട് ചേർന്ന് ഒരേയൊരു കെട്ടിടം മാത്രമേയുള്ളൂ. Le Cafe എന്ന് പേരുള്ള റസ്റ്റോറന്റാണ് അത്. നടത്തിക്കൊണ്ടുപോകുന്നത് സർക്കാർ തന്നെ. സുനാമി വന്നപ്പോൾ കെട്ടിടത്തിന്റെ നല്ലൊരു ഭാഗം ഇടിഞ്ഞുവീണെങ്കിലും, ഇപ്പോൾ വീണ്ടും കെട്ടിയുയർത്തി നല്ല നിലയിൽ സംരക്ഷിച്ച് പോരുന്നു. പഴയ പോണ്ടിച്ചേരിയുടെ നിറം മങ്ങിയ ഒരുപാട് ചിത്രങ്ങൾ ചില്ലിട്ട് വെച്ചിരിക്കുന്നു റസ്റ്റോറന്റിനകത്ത്. പഴയ കാലത്ത് ഈ റസ്റ്റോറന്റ് പോണ്ടിച്ചേരി പോർട്ട് ഓഫീസായിരുന്നു. ആ കെട്ടിടത്തിന് മുകളിൽ കയറി നിന്നാൽ തെരുവിന്റെ നല്ലൊരു ദൃശ്യം ലഭ്യമാകും.

ലേ കഫേ റസ്റ്റോറന്റ് – (പഴയ പോർട്ട് ഓഫീസ്)

Le Cafe കെട്ടിടത്തിൽ നിന്നും കടലിലേക്ക് കടലിലേക്ക് നീണ്ടുനിന്നിരുന്ന പഴയ കടൽ‌പ്പാലം, ഇപ്പോൾ ചുമരിലെ ചില്ലിട്ട ചിത്രത്തിൽ തൂങ്ങുന്ന ഓർമ്മ മാത്രമായിരിക്കുന്നു. എന്നിരുന്നാലും അൽ‌പ്പം തെളിവുകൾ അവശേഷിപ്പിച്ചുകൊണ്ട് പാലത്തിന്റെ ചില അവശിഷ്ടങ്ങൾ ദൂരെ കടലിൽ ഉയർന്നുനിൽക്കുന്നുണ്ട്. ചരിത്രത്തിന്റെ ക്ലാവ് പിടിച്ച് കറുത്തുനിൽക്കുന്ന ചെമ്പിന്റെ കുറ്റികളാണ് അവയോരോന്നും.

കടലിൽ അവശേഷിക്കുന്ന പഴയ പാലത്തിന്റെ ചെമ്പുകുറ്റികൾ

ഫ്രഞ്ച് കോൺസുലേറ്റ് കെട്ടിടവും തെരുവിൽ നിന്ന് ഉള്ളിലേക്കായി കാണാം. മഞ്ഞയും വെള്ളയും നിറത്തോടെ നിൽക്കുന്ന മനോഹരമായ കെട്ടിടമാണത്. മുന്നിൽ സദാ പൊലീസ് കാവലുമുണ്ട്.

ഫ്രഞ്ച് കോൺസുലേറ്റ്.

ബീച്ചിലെ മറ്റൊരു പ്രധാന കാഴ്ച്ച ഗാന്ധിപ്രതിമയും അതോടൊപ്പമുള്ള കൽത്തൂണുകളുമാണ്. കൂടുതൽ ജനങ്ങൾ തങ്ങിനിൽക്കുന്നതും ഫോട്ടോയെടുക്കുന്നതും മഹാത്മാവിന്റെ ഈ പൂർണ്ണകായ പ്രതിമയുടെ പരിസരത്താണ്. പ്രതിമയ്ക്ക് ഇരുവശത്തുമായി ഒറ്റക്കല്ലിൽ തീർത്തതും നിറയെ കൊത്തുപണികൾ ഉള്ളതുമായ നാല് കൽത്തൂണുകൾ. 1866 ലാണ് ഈ തൂണുകൾ സ്ഥാപിക്കപ്പെട്ടത്. അക്കാലത്ത് ഗാന്ധിപ്രതിമ സ്ഥാപിക്കപ്പെട്ടിരുന്നില്ല. 70 കിലോമീറ്ററോളം ദൂരെയുള്ള വില്ലുപുരം ജില്ലയിലെ ഗിങ്കിയിൽ നിന്നാണ് ഈ തൂണുകൾ പോണ്ടിച്ചേരിയിൽ എത്തിച്ചത്. ഗാന്ധിപ്രതിമയ്ക്ക് കീഴെയുള്ള തുരങ്കത്തിലൂടെയാണ് തൂണുകൾ കൊണ്ടുവന്നതെന്ന് സ്ഥിരീകരിക്കാത്ത നാട്ടുകഥകളും പോണ്ടിച്ചേരിക്കാർക്കിടയിലുണ്ട്.

ഗാന്ധിപ്രതിമയും ചുറ്റുമുള്ള 8 ഒറ്റക്കൽത്തൂണുകളും.

ഗാന്ധി പ്രതിമ നിൽക്കുന്നിടത്തു നിന്നാണ് കടൽ‌പ്പാലം ആരംഭിച്ചിരുന്നത്. Le Cafeയിൽ തൂക്കിയിരിക്കുന്ന പഴയ കാല ചിത്രങ്ങളിൽ പഴയ ആ പാലമുണ്ട്, ലൈറ്റ് ഹൌസ് ഉണ്ട്, എട്ട്  കൽത്തൂണുകളുമുണ്ട്, പക്ഷേ ഗാന്ധി പ്രതിമ മാത്രമില്ല്ല.

കടൽ‌പ്പാലം – Le Cafe യിൽ തൂങ്ങുന്ന ലെ ഒരു പഴയ ചിത്രം

ഗാന്ധി പ്രതിമയ്ക്ക് നേരെ എതിർവശത്തായി നെഹ്രുവിന്റെ പ്രതിമയുമുണ്ട്. അത്യാവശ്യം കലാപരിപാടികളൊക്കെ നടത്താൻ പറ്റിയ കുറച്ച് വിശാലമായ ഒരു അങ്കണമാണ് ആ ഭാഗത്ത്. അതിന്റെ നാല് ഭാഗത്തുമുണ്ട് ഒറ്റക്കല്ലിൽ കൊത്തിയ തൂണുകൾ.

ഗാന്ധി പ്രതിമയ്ക്ക് എതിർവശത്തുള്ള നെഹ്‌റു പ്രതിമ.

Our Lady of Angels പള്ളിക്ക് അഭിമുഖമായി നിൽക്കുന്ന Joan Of Arc ന്റെ പ്രതിമ അടക്കം വേറെയും അനവധി പ്രതിമകളുണ്ട് ബീച്ചിൽ. ഗൌബർട്ട് അവന്യൂ ബീച്ചിൽ നിന്ന് തിരിയുന്നിടത്തുള്ള ചെറിയ പാർക്കിൽ 1742 മുതൽ ഫ്രഞ്ച് ഇന്ത്യയുടെ ഗവർണ്ണറായിരുന്ന Joseph François Dupleix ന്റെ പ്രതിമയ്ക്ക് ക്ലാവിന്റെ  പച്ചനിറമാണ്. തെരുവിലൂടെ നീങ്ങുന്ന ജനങ്ങളെ നോക്കി ഗവർണ്ണർ പ്രൌഢിയോടെ തലയുയർത്തി നിൽക്കുന്നു.

ഫ്രഞ്ച് ഗവർണ്ണറായിരുന്ന Joseph Francois Dupleix

ഗവർണ്ണറുടെ തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന, തോളിന് മുകളിലെ ഭാഗം മാത്രമുള്ള മറ്റൊരു പ്രതിമയ്ക്ക് മുകളിൽ കയറിയിരിക്കുന്ന  വികൃതിപ്പയ്യൻ, പ്രതിമയുടെ ഫോട്ടോ എടുക്കാൻ എനിക്കവസരം തരില്ലെന്ന് ബെറ്റുവെച്ചിരിക്കുന്നത് പോലെ. അവനില്ലാതെ ആ ലോഹ പ്രതിമ മാത്രം ഫ്രെയിമിലൊതുക്കാൻ ഞാൻ ശരിക്കും വിയർത്തു. പക്ഷെ, അതാരുടെ പ്രതിമയാണെന്ന് മനസ്സിലാക്കാൻ മാർഗ്ഗമൊന്നുമില്ലായിരുന്നു.

പേരറിയാത്ത പ്രതിമ.

പോണ്ടിച്ചേരിയിൽ ഇത്തരത്തിലുള്ള പല സ്മാരകങ്ങൾക്കും കീഴെ എഴുതിയിരിക്കുന്നത് ഫ്രഞ്ച് ഭാഷയിൽ മാത്രമാണ്. ഒട്ടൊരുപാട് തെരുവ് ബോർഡുകളും ഫ്രഞ്ചിലാണ് എഴുതിവെച്ചിരിക്കുന്നത്. കോളനിക്കാലത്ത് സ്ഥാപിച്ചിരുന്ന അത്തരം ബോർഡുകൾ ഇന്നും യാതൊരു കേടുപാടുകളുമില്ലാതെ നീലയിൽ വെള്ള അക്ഷരവുമായി തെരുവോരങ്ങളിലും കെട്ടിടങ്ങളുടെ കോണുകളിലുമൊക്കെ കാണാം.

അടുത്ത കാലത്തായി ബീച്ചിൽ വന്നിരിക്കുന്ന മറ്റൊരു പ്രതിമ ഡോ:അംബേഡ്‌കറിന്റേതാണ്. ശിൽ‌പ്പചാതുര്യം കണക്കുകൾ തെറ്റിച്ച് നിൽക്കുന്ന ഒരു പ്രതിമയാണത്. അതിരിക്കുന്ന മണിമണ്ഡപത്തിന്റെ ഭാഗത്ത് നല്ല സുരക്ഷയുണ്ട്, ആ സ്ഥലം നന്നായി പരിപാലിക്കുന്നുമുണ്ട്.

അംബേഡ്‌കർ പ്രതിമയ്ക്ക് മുന്നിൽ.

ഇരുട്ട് വീണ് കഴിഞ്ഞിരിക്കുന്നു. രാവിലെ 4:30 തുടങ്ങിയ യാത്രയാണ്. ശരീരം വിശ്രമം ആവശ്യപ്പെടുന്നുണ്ട്, അതവഗണിക്കാൻ വയ്യ. രാത്രി ഭക്ഷണം കഴിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ നേരത്തേ നോക്കി വെച്ചിരുന്നു. Le Club ൽ നിന്ന് ഭക്ഷണത്തോടൊപ്പം വീഞ്ഞും നുകർന്ന് ജിഞ്ചറിലേക്ക് മടങ്ങി. രാത്രിയേറെ ആകുന്നതിന് മുൻപ് നിദ്ര പൂകണം. ഈയിടെയായി രാവിലെ സ്ഥിരമായി ചെയ്യാറുള്ള ഓട്ടവും കസർത്തുമൊക്കെ യാത്രാ ദിവസങ്ങളിൽപ്പോലും ഉപേക്ഷിക്കാൻ എനിക്കുദ്ദേശമില്ല.

നാളെ രാവിലെ ഓടാനുള്ള റൂട്ടിന്റെ കാര്യത്തിൽ തർക്കമൊന്നുമില്ല. ഒരു വശത്ത് പ്രോമനേഡ് ബീച്ചിന്റെ മനോഹാരിതയും മറുവശത്ത് പുരാതനമായ കെട്ടിടങ്ങളുടെ കാഴ്‌ച്ചയുമായി ഗൌബർട്ട് അവന്യൂ നീണ്ട് നിവർന്ന് കിടക്കുകയല്ലേ ?

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.