വൈദ്യുതി ബില്ല് വന്നു. തീയതി 02-05-2013. ബില്ല് തുക 310 രൂപ. മെയ് 2, 3 തീയതികളിൽ ഓൺലൈൻ വഴി പണം അടക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ 04-05-2013ന്, പണമടക്കാനായി നേരിട്ട് ചെറായിലുള്ള വൈദ്യുതി ആപ്പീസിലേക്ക് ചെന്നു.
310 രൂപയുടെ വൈദ്യുതി ബില്ല് |
പടമടക്കുന്ന കൌണ്ടറിലെ സാറ് പറഞ്ഞു, അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ ബില്ല് കയറി വന്നിട്ടില്ല എന്ന്. അതുതന്നെയാകാം ഓൺലൈനിൽ പണമടക്കാൻ പറ്റാതെ പോയതിന്റെ കാരണം എന്ന് ഞങ്ങൾ രണ്ടുപേരും ഒരു അനുമാനത്തിൽ എത്തി. എന്തായാലും ബിൽ തുകയായ 310 രൂപയ്ക്ക് പകരം 314 രൂപ, അതായത് 4 രൂപ അധികം അടച്ച്, അടുത്ത ബില്ല് വരുമ്പോൾ ഓൺലൈൻ പരിപാടി വീണ്ടും ശ്രമിച്ച് നോക്കാം എന്ന ചിന്തയോടെ, സ്ഥലം കാലിയാക്കി.
4 രൂപ അധികം അടച്ചതിന്റെ റസീറ്റ്. |
ഇക്കഴിഞ്ഞ ശനിയാഴ്ച്ച, അതായത് മെയ് 25ന് കറന്റ് ബില്ല് അടക്കാത്തതുകൊണ്ട് കണൿഷൻ വിച്ഛേദിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ലൈൻമാൻ പുരയിടത്തിലെത്തി. ബില്ല് അടച്ചതാണല്ലോ എന്ന് ഞാൻ. 19 രൂപ അടക്കാനുണ്ട്. അതിന്റെ ഫൈൻ 30 രൂപ + 1 രൂപ സർചാർജ്ജ് ഒക്കെ ചേർത്ത് 50 രൂപ ഉടനെ അടച്ചാൽ കണൿഷൻ രക്ഷപ്പെടുത്താമെന്ന് ലൈൻമാൻ. 4 രൂപ അധികം അടച്ചിട്ടും പിന്നേം 19 രൂപ എവിടന്ന് കയറി വന്നു എന്ന് വിഷണ്ണനായി കുറേ നേരം നിന്ന ശേഷം നേരെ കറന്റാപ്പീസിലേക്ക് ചെന്നു. മെയ് 4ന് ബില്ല് അടക്കാൻ ചെന്നപ്പോൾ കൌണ്ടറിൽ ഇരുന്നിരുന്ന സാറ് സ്ഥലത്തുണ്ട്. കാര്യങ്ങൾ അദ്ദേഹത്തെ ബോധിപ്പിച്ചു.
“റീഡിങ്ങ് എടുക്കാൻ വന്ന ആൾക്ക് കണക്ക് തെറ്റിയതുകൊണ്ട്, ബില്ലിൽ 310 രൂപ എന്നെഴുതിക്കാണും. ആ പിശക് പക്ഷേ, ബില്ലിങ്ങ് സെൿഷനിലുള്ളവർ കണ്ടുപിടിച്ച് തിരുത്തിക്കാണും. പക്ഷേ, അധികമുള്ള ആ തുക കമ്പ്യൂട്ടറിൽ കയറ്റുന്നതിന് മുന്നേ താങ്കൾ വന്ന് ബില്ല് അടച്ചിട്ട് പോയി. അതുകൊണ്ട് ബാക്കി വന്ന 19 രൂപ കുടിശ്ശികയായി. 1 രൂപ കുടിശ്ശിക ആയാൽപ്പോലും കണക്ഷൻ വിച്ഛേദിക്കാൻ അഡ്വൈസ് പോകുന്നത് പതിവാണ്.“ ക്യാഷ് കൌണ്ടറിലിരിക്കുന്ന സാറിന്റെ വിശദീകരണം അങ്ങനെ പോയി.
“കുടിശ്ശിക 19 രൂപ വന്നിട്ടുണ്ടെങ്കിൽ അത് എന്നെ അറിയിക്കാതെ ഞാനെങ്ങനെ അധിക ബില്ല് അടക്കും ? ലൈൻമാൻ സൈറ്റിൽ വന്നപ്പോൾ നേരിട്ട് കണ്ടതുകൊണ്ട് കണക്ഷൻ പോകാതെ തൽക്കാലം രക്ഷപ്പെട്ടു. എന്നെ കണ്ടില്ലായിരുന്നെങ്കിൽ അയാൾ ഫ്യൂസ് ഊരുമായിരുന്നില്ലേ ? അതും ചെയ്യാത്ത കുറ്റത്തിന്, ബില്ല് കൈയ്യിൽ കിട്ടി രണ്ട് ദിവസത്തിനകം 4 രൂപ അധികം ചേർത്ത് ബില്ല് അടച്ചതിന്, ഇതെന്ത് നീതിയാണ് സാറേ ? റീഡിങ്ങ് എടുക്കാൻ വന്ന ആൾക്ക് കണക്ക് തെറ്റിയതിന്, ഞാനെന്തിന് 31 രൂപ പിഴയൊടുക്കണം, എന്റെ ഫ്യൂസെന്തിന് ഊരണം ? “
“ അതൊന്നും എനിക്കറിയില്ല. ബില്ലിങ്ങ് സെൿഷനിൽ പറഞ്ഞ് തീർപ്പാക്കാൻ ശ്രമിക്കൂ. എന്തായാലും കണക്ഷൻ കട്ടാകാതിരിക്കണമെങ്കിൽ ആദ്യം ഫൈൻ അടക്കണം.”
വേറെ മാർഗ്ഗമൊന്നും ഇല്ലാത്തതുകൊണ്ട് കൃത്യസമയത്ത് അടച്ച ബില്ലിന്റെ ഫൈനും അടച്ചു. അടക്കാതിരിക്കാൻ ആവില്ലല്ലോ ? മോണോപോളിയല്ലേ KSEB കളിക്കുന്നത് ? അപ്പോഴേക്കും സമയം 5 മണി കഴിഞ്ഞിരുന്നു. ബില്ലിങ്ങ് സെൿഷനിൽ ഉള്ളവരെല്ലാം ഓഫീസ് വിട്ടിറങ്ങിക്കഴിഞ്ഞിരുന്നു. എന്നുവെച്ച് എന്റെ പ്രശ്നം തീരുന്നില്ലല്ലോ ? ഇന്ന് (27 മെയ്) വീണ്ടും ആപ്പീസിലെത്തി ബില്ലിങ്ങ് സെക്ഷനിലുള്ളവരെ കണ്ടു. കാര്യങ്ങൾ ഒക്കെ ബോധിപ്പിച്ചു.
50 രൂപ ഫൈൻ അടച്ചതിന്റെ റസീറ്റ്. |
“ റീഡിങ്ങ് എടുത്ത് വന്നാൽ രണ്ട് ദിവസമെങ്കിലും കഴിയും അത് കമ്പ്യൂട്ടറിൽ കയറ്റാൻ. അതുകൊണ്ട് വന്ന പ്രശ്നമാണ്”
“ രണ്ട് ദിവസം കഴിഞ്ഞാണല്ലോ ഞാൻ ബില്ലടക്കാൻ വന്നത്. ബില്ലിലെ ഡേറ്റ് (മെയ് 2) നോക്കൂ. ബില്ല് അടച്ചത് മെയ് 4ന്. ദിവസക്കണക്ക് നോക്കിയാൽ 3 ദിവസം കഴിഞ്ഞിരിക്കുന്നു. മാത്രമല്ല 7 ദിവസം കഴിഞ്ഞാൽ ഫൈനോടുകൂടെ അടക്കണമെന്ന അവസ്ഥയുമാകുന്നു. ഇതിനിടയ്ക്ക് എന്നാണ് ഒരു കൺസ്യൂമർ ബില്ലടക്കാൻ വരണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്.? “
ആർക്കും മിണ്ടാട്ടമില്ല. അതുകൊണ്ട് പ്രശ്നം തീരുന്നില്ലല്ലോ ?
“എനിക്ക് ഫൈൻ അടച്ച 31 രൂപ തിരികെ കിട്ടണം. ബില്ല് സമയത്തിന് തന്നെ അടച്ച ഒരാൾക്ക് ഫൈൻ അടക്കേണ്ടതോ കണക്ഷൻ ഇല്ലാതാകേണ്ടതോ ആയ കാര്യമില്ല.“
“താങ്കൾ സീനിയർ സൂപ്രണ്ടിനോട് സംസാരിക്കൂ. ഞങ്ങൾക്കൊന്നും ചെയ്യാനാവില്ല. പക്ഷെ, ഇന്ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹം ലീവിലാണ്.”
“എന്നുവെച്ചാൽ ഒരു ബില്ലിന്റെ പ്രശ്നം തീർക്കാൻ ഞാൻ നാലാമതൊരു പ്രാവശ്യം കൂടെ ഈ ഓഫീസിൽ വരണമെന്ന്, അല്ലേ ? “
മറുവശത്ത് വീണ്ടും മൌനം.
തൽക്കാലം പടിയിറങ്ങുന്നു. ഇനി സീനിയർ സൂപ്രണ്ട് എന്തോന്നാണ് പറയുന്നതെന്ന് കേൾക്കാൻ ഒരിക്കൽക്കൂടെ പോകുന്നുണ്ട്. ബാക്കി വിശേഷങ്ങൾ ആ സന്ദർശനത്തിന് ശേഷം.
വാൽക്കഷണം:- ഇതിലും ഭേദം 24 മണിക്കൂറും പവർ കട്ട് നടപ്പാക്കുന്നതാണ്. അല്ലെങ്കിൽ വല്ലതും പിടിച്ച് പറിക്കാനോ കേന്ദ്രമന്ത്രിയാകാനോ നോക്ക് KSEB ക്കാരേ.
———————————————————-
മെയ് 30ന് അപ്‌ഡേറ്റ് :- ഈ വിഷയം പരിഹരിക്കപ്പെട്ടു. വിശദവിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ലേഖനം വായിക്കുക.