ആദിവാസികൾ ജൂലൈ 9ന് തുടങ്ങിയ നിൽപ്പ് സമരം 75 ദിവസം പിന്നിട്ടിരിക്കുന്നു. ഓൺലൈനിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുക മാത്രമല്ല, സമരപ്പന്തലിൽ അവർക്കൊപ്പം നിന്നും ഓൺലൈൻ സമൂഹവും സുഹൃത്തുക്കളും സമരത്തിൽ പങ്കാളികളായി.
പക്ഷേ, അതിലൊന്നും എനിക്ക് പങ്കുകൊള്ളാനായില്ല. നേരിട്ട് പങ്കെടുക്കാനാകാത്ത കാര്യങ്ങളെപ്പറ്റി വാചകക്കസർത്ത് നടത്തുന്നതിൽ കാര്യമില്ലെന്ന പോളിസി കൊണ്ടുനടക്കുന്നതുകൊണ്ട് ഇതുവരെ മൌനം പാലിച്ചു.
ഈ മാസം 18ന് ഔദ്യോഗികമായി തലസ്ഥാനത്ത് പോകാനുള്ള സാഹചര്യം ഒത്തുവന്നപ്പോൾ സമരപ്പന്തലിൽ പോയി കുറച്ചുനേരമെങ്കിലും നിൽക്കാനുള്ള സമയം കൂടെ കരുതിയിരുന്നു. ഓൺലൈനുകാരെ സംഘടിപ്പിച്ച ശ്രീ.ടി.എൻ.സന്തോഷിനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു.
തീവണ്ടി വൈകിയതുകൊണ്ട് നാല് മണിക്കാണ് തിരുവനന്തപുരത്തെത്തിയത്. നേരേ സമരപ്പന്തലിലേക്ക് ചെന്നു. കുട്ടികൾ അടക്കം 20ന് അടുക്കെയുള്ള ഒരു കൂട്ടം അവിടെയുണ്ട്. വയനാട്ടിൽ നിന്ന് വന്നും പോയും എല്ലാവരും സമരത്തിന്റെ ഭാഗമാകുന്നു. അവധി ദിവസങ്ങളിൽ കുട്ടികളും എത്തുന്നു. സർവ്വശ്രീ സി.കെ.ജാനു, ചന്ദ്രൻ, സുധി എന്നിവരുമായി സംസാരിച്ചു. രാത്രി ഏഴ് മണിയോടെ അവരെല്ലാം സമരപ്പന്തലിൽ നിന്ന് പിരിയുന്നത് വരെ അവർക്കൊപ്പം ചിലവഴിച്ചു. പൊടിയും പുകയും വെയിലും മഴയുമൊക്കെ കൊണ്ട് ഇത്രയും ദിവസം അവിടെ നിന്നവർക്കെല്ലാം പ്രണാമം.
അതിനിടയ്ക്ക് സമരക്കാർക്ക് വേണ്ടതെല്ലാം നൽകിയെന്നും പിന്നെന്തുകൊണ്ടാണ് സമരം തുടരുന്നതെന്ന് അറിയില്ലെന്നും മന്ത്രി ജയലക്ഷ്മിയുടെ പ്രസ്ഥാവന ടീവിയിൽ കണ്ടിരുന്നു. എന്തൊക്കെയാണ് നൽകിയതെന്ന് പറയാൻ അവർക്കാവുന്നില്ല. എല്ലാ ചോദ്യങ്ങൾക്കും തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടിൽ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു. സ്വന്തം വിഭാഗത്തിൽ നിന്ന് തന്നെ ഒരു മന്ത്രിയുണ്ടായിട്ടും രക്ഷപ്പെടാൻ ആവുന്നില്ലെന്നത് ആദിവാസികളുടെ ശോച്യാവസ്ഥയാണ്.
ഉന്നതതലത്തിൽ മീറ്റിങ്ങ് വിളിച്ച് സത്വരനടപടികൾ സ്വീകരിക്കുമെന്ന് ശ്രീ.വി.എം.സുധീരൻ പറഞ്ഞ് പോയത് തൊട്ടുമുൻപുള്ള ദിവസമാണ്. നടപടികൾ സ്വീകരിക്കണം. അല്ലാതെ എങ്ങനെയാണ് സമരം അവസാനിപ്പിക്കുക ? വാഗ്ദാനങ്ങൾ കേട്ട് മാത്രം നിൽപ്പ് അവസാനിപ്പിക്കില്ല, കിട്ടാനുള്ളത് കിട്ടിയേ പിന്മാറൂ എന്ന ഉറച്ച തീരുമാനത്തിലാണ് സമരക്കാർ. സമരത്തിന് ഒരിക്കൽക്കൂടെ ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു. സമരം തീരുന്നതിന് മുന്നേ ഇനിയും തിരുവനന്തപുരത്തെത്തിയാൽ വീണ്ടും സമരപ്പന്തലിൽ എത്തുന്നതായിരിക്കും.
ഒരാഴ്ച്ച മുൻപ് സംവിധായകൻ ആഷിക്ക് അബു, ശ്രീനാഥ് ഭാസി, മൈഥിലി, ശൃന്ദ അഷബ്, എന്നിങ്ങനെയുള്ള സിനിമാക്കാർ നിൽപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരപ്പന്തലിൽ ചെന്നിരുന്നു. ആഷിക്ക് അബു കോളേജ് കാലം മുതൽ സാമൂഹ്യവിഷയങ്ങളിൽ ഇടപെടുന്ന വ്യക്തിയാണ്. ഇപ്പോഴും അത്തരം പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്ന് നേരിട്ടുള്ള അനുഭവം എനിക്കുമുണ്ട്. നിൽപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ സഹപ്രവർത്തകർക്ക് ഒപ്പം അദ്ദേഹം ചെന്നിട്ടുണ്ടെങ്കിൽ അത് ആത്മാർത്ഥമായിട്ട് തന്നെയാണ്. അതിനെ പരിഹസിക്കുന്ന തരത്തിലുള്ള മാതൃഭൂമിയുടെ നിലപാട് അപഹാസ്യമാണ്. അതിൽ സറ്റയർ കാണാൻ ശ്രമിക്കണമെന്ന് ചിലർ പറയുന്നുണ്ടെങ്കിലും, വീണുകിടക്കുന്നവനെ പരിഹസിച്ചുകൊണ്ടുള്ള സറ്റയർ ഉൾക്കൊള്ളാൻ ആവുന്നില്ല. പ്രസ്തുത ‘സറ്റയറിനുള്ള’ മറുപടി ആഷിക്ക് അബു തന്നെ ഉരുളയ്ക്ക് ഉപ്പേരിയെന്ന കണക്കിൽ കൊടുത്തിട്ടുള്ളതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല.
വാൽക്കഷണം:- ആദിവാസി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു ‘നടപ്പ് ‘ സമരത്തിന്റെ കഥകൂടെ എനിക്ക് പറയാനുണ്ട്. നടപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. അത് തീർന്നാലുടനെ അക്കഥയുമായി വരാം.