നിയന്ത്രിപ്പാൻ കഴിവുള്ളോൻ
പടവിലുണ്ട് “
ചെറുപ്പത്തിൽ മകൻ കുളത്തിൽ നീന്തിക്കുളിക്കുന്നത് പോലും പേടിയോടെ മാത്രം നോക്കിക്കണ്ടിരുന്ന ഒരമ്മ, ആ മകനെ കടലിലൂടെ എങ്ങും നിർത്താതെ ഒറ്റയ്ക്കൊരു പായ്‌വഞ്ചിയിൽ ലോകാൻ ചുറ്റാൻ വിടുന്നത് മേൽപ്പറഞ്ഞ വിശ്വാസത്തിന്റെ പുറത്താണ്. ഒരമ്മയ്ക്ക്, തന്റെ മകൻ ഏറ്റെടുത്തിരിക്കുന്ന ദൌത്യത്തെപ്പറ്റിയുള്ള ആശങ്കകൾ അലിഞ്ഞില്ലാതാകുന്നത്, മകൻ തന്റെ യാത്രാനുഭവങ്ങളിൽ വിവരിക്കുന്നത് അപ്രകാരമാണ്.
ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ക്യാപ്റ്റൻ അഭിലാഷ് ടോമി (കീർത്തി ചക്ര) യുടെ 151 ദിവസം നീണ്ടുനിന്ന കടലിലൂടെയുള്ള ലോകപര്യടനത്തിന്റെ ത്രസിപ്പിക്കുന്ന വിവരണങ്ങളാണ് ‘കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ’ എന്ന പുസ്തകത്തിൽ. മലയാള മനോരമ പ്രസിദ്ധീകരിച്ചിരിക്കുന്ന 145 പേജുള്ള ബഹുവർണ്ണ ചിത്രങ്ങളോട് കൂടിയ ഗ്രന്ഥത്തിന്റെ വില 250 രൂപയാണ്. ലോകത്താകെ 200 ന് മേലെമാത്രം മനുഷ്യർ നേരിട്ടിട്ടുള്ള യാത്രാനുഭവങ്ങളാണ് വായിച്ചുകൊണ്ടിരിക്കുന്നതെന്ന് ആലോചിച്ചാലേ, ആ വിവരണങ്ങളുടെ മതിപ്പുവില, ഗ്രന്ഥത്തിന്റെ വിലയേക്കാളൊക്കെ ഒട്ടേറെ മടങ്ങാണെന്ന് ബോദ്ധ്യപ്പെടൂ.
യാത്രയ്ക്ക് വേണ്ടിയുള്ള 17 മീറ്റർ നീളവും 25 മീറ്റർ ഉയരവും അഞ്ച് മീറ്റർ ഉയരവുമുള്ള INSV Mhadei (മാദേയി) എന്ന പായ്ക്കപ്പൽ നിർമ്മിച്ചത് ഗോവയിലെ അക്വാറിസ് ഫൈബർ ഗ്‌ളാസ്സ് പൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. സാറ്റലൈറ്റ് ഫോൺ അടക്കമുള്ള അത്യാധുനിക വാർത്താവിനിമയ സംവിധാനങ്ങളും നാവിഗേഷൻ ഉപകരണങ്ങളും ഹൈ സ്പീഡ് ഇന്റർനെറ്റ് സൌകര്യവുമൊക്കെയുള്ള മാദേവിയിലാണ് കാമാൻഡർ അഭിലാഷിന്റെ ലോകപര്യടനം. മുംബൈ തുറമുഖത്ത് നിന്ന് പുറപ്പെട്ട് അവിടത്തന്നെ തിരിച്ചെത്തിയ ഈ യാത്രയിൽ, കരയിലെങ്ങും ഈ നൌക അടുക്കുന്നതേയില്ല. മറ്റൊരു നൌകകളിൽ നിന്നും യാതൊരു വിധ സഹായങ്ങളും സ്വീകരിക്കുന്നുമില്ല. 151 ദിവസം കടലിനോട് മല്ലടിച്ചും സൊറപറഞ്ഞും പ്രേമസല്ലാപങ്ങളിൽ ഏർപ്പെട്ടും, കടൽക്കാക്കകളും ആൽബട്രോസ് പക്ഷികളും വിട്ടിലുകളും പറക്കും മത്സ്യങ്ങളും ഡോൾഫിനുകളും തിമിംഗലവുമൊക്കെ എത്തിനോക്കുന്ന, നമുടെയൊന്നും സ്വപ്നത്തിൽ പോലും കടന്നുവരാത്ത കടലെന്ന മഹാത്ഭുതത്തിലൂടെയുള്ള അവിസ്മരണീയമായ യാത്രയിൽ മാദേയിയെ സ്വന്തം പ്രേയസിയായിട്ടാണ് ഗ്രന്ഥകാരൻ കണക്കാക്കുന്നത്.
ഒരു സിനിമാക്കഥയായിട്ടാണ് പറഞ്ഞിരുന്നെങ്കിൽ, ചലച്ചിത്രം കൊഴുപ്പിക്കാൻ വേണ്ടി ഏച്ചുകെട്ടിയ രംഗങ്ങളാണെന്ന് തോന്നിപ്പിക്കുമായിരുന്ന ചോരയുറഞ്ഞ് പോകുമായിരുന്ന പല സംഭവങ്ങളും യാദൃശ്ചികമായി സംഭവിക്കുന്നു ഈ യാത്രയിൽ. നാവികസേനയിലും ലോകമെമ്പാടുമുള്ള നാവികർക്കിടയിലുമുള്ള ചില ആചാരങ്ങൾ, ഊണിലും ഉറക്കത്തിലും അവരുടെ ചിന്തകൾ കടന്നുപോകുന്ന അക്ഷാംശംങ്ങൾ രേഖാംശങ്ങൾ മുനമ്പുകൾ നാഴികക്കല്ലുകൾ, ഇതൊക്കെയും കരയിലൂടെയുള്ള യാത്രാവിവരങ്ങങ്ങൾ മാത്രം വായിച്ചിട്ടുള്ള ഏതൊരാളെയും മറ്റൊരു ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്.
സാഗർ പരിക്രമ 2 എന്നാണ് കരയിലെങ്ങും നിർത്താതെ ലോകം ചുറ്റാനുള്ള കമാൻഡർ അഭിലാഷിന്റെ പദ്ധതിയുടെ പേര്. ചില ഇടവേളകളോടെ ഇതേ ദൌത്യം സാഗർ പരിക്രമ 1 എന്ന പേരിൽ നാവിക സേനാ ഉദ്യോഗസ്ഥനായ കമാൻഡർ ദിലീപ് ദോണ്ഡെ പൂർത്തിയാക്കിയപ്പോൾ ആ പദ്ധതിയിൽ കമാൻഡർ ദോണ്ഡെയുടെ സഹായിയായിരുന്നതിന്റെ പരിചയസമ്പത്തുമായാണ് കമാൻഡർ അഭിലാഷ് സാഗർ പരിക്രമ 2 എന്ന ദൌത്യം ഏറ്റെടുക്കുന്നതും, കരയിലെങ്ങും നിർത്താതെ പായ്‌വഞ്ചിയിൽ ലോകം ചുറ്റുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്ന ബഹുമതി നേടുന്നതും. ഇതേ ദൌത്യം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഏഷ്യാക്കാരൻ എന്ന ബഹുമതിയും കമാൻഡർ അഭിലാഷിനുള്ളതാന്. 23100 നോട്ടിക്കൽ മൈൽ(42781 കിലോമീറ്റർ) ദൂരം കരയിലൂടെ യാത്ര ചെയ്യുന്ന കാര്യം ആലോചിച്ചാൽമാത്രം മതി സാധാരണക്കാരൻ ഒരാൾക്ക് ബോധക്ഷയം ഉണ്ടാകാൻ. ഏറ്റവും കുറഞ്ഞത് ഇന്ത്യ, അതുമല്ലെങ്കിൽ കേരളമെങ്കിലും പൂർണ്ണമായും ചുറ്റിക്കറങ്ങണമെന്ന് യാത്രകളൊന്നും ചെയ്യാത്ത ഏതൊരാൾക്കും അഭിവാഞ്ജ ജനിപ്പിക്കാൻ ഈയൊരു സാഹസിക യാത്രയുടെ അനുഭവങ്ങൾ പകർന്ന് തരുന്ന ഊർജ്ജം ധാരാളം മതിയാകും.
ഭയാനകമായ രംഗങ്ങൾ എന്നതുപോലെ തന്നെ രസകരമായ ഒട്ടേറെ അറിവുകളും പകർന്നുതരുന്നുണ്ട് ഈ ഗ്രന്ഥം. ഭൂമദ്ധ്യരേഖ മുറിച്ചുകടക്കുന്ന നാവികർ അനുഷ്ടിക്കുന്ന ആചാരമാണ് അതിലൊന്ന്. ഏതെങ്കിലും ഒരു മദ്യക്കുപ്പി തുറന്ന് ഒരു തുള്ളി വരുണദേവനും ഒരു തുള്ളി സഞ്ചരിക്കുന്ന നൌകയ്ക്കും സമർപ്പിച്ചശേഷം ബാക്കിയുള്ളത് നാവികന് സേവിക്കാനുള്ളതാണ്. കമാൻഡർ പക്ഷേ മദ്യം ഉപയോഗിക്കുന്ന ആളല്ലാത്തതുകൊണ്ട് അനുഷ്ടാനങ്ങൾക്ക് ശേഷം ബാക്കി വരുന്ന മദ്യം തിരികെയെത്തുമ്പോൾ ഏതെങ്കിലും സുഹൃത്തിനുള്ളതാണ്.
വരുണദേവന്റെ കോടതി എന്ന ചടങ്ങാണ് രസകരമായ മറ്റൊരു പുതിയ അറിവ്. ലോകവ്യാപകമായി നാവികർക്കെല്ലാം വ്യത്യസ്തമായ ചടങ്ങുകൾ ഇതുമായി ബന്ധപ്പെട്ടുണ്ട്. വിദേശികൾക്കത് നെപ്‌റ്റ്യൂണിന്റെ കോടതിയാണ്. കപ്പലിലെ കമാൻഡറെ കേഡറ്റുകളെല്ലാം കൂടെ അറസ്റ്റ് ചെയ്ത് വരുണദേവന്റെ കോടതിയിൽ ഹാജരാക്കുന്നു. പിന്നീട് വിചാരണയും കടൽ വെള്ളത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ കലക്കിയ ‘സോമരസം’ കുടിപ്പിക്കുന്നതടക്കമുള്ള ശിക്ഷാവിധിയും അരങ്ങേറുന്നു. കടലിലെ വിവിധ സാഹചര്യങ്ങളുമായി നാവികരെ പൊരുത്തപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ചടങ്ങുകൾ.
കാതിൽ കടുക്കനിട്ട് നടക്കുന്ന പച്ചപ്പരിഷ്ക്കാരികൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്, കടൽ യാത്രയുമായി ബന്ധപ്പെട്ട്. നാവികരുടെ എവറസ്റ്റ് എന്ന് വിളിക്കുന്നതും, പസഫിക്കും അറ്റ്‌ലാന്റിക്കും കണ്ടുമുട്ടുന്നതുമായ കേപ്പ് ഹോൺ മുനമ്പ് ചുറ്റുന്ന നാവികർക്ക് കാതിൽ കടുക്കനിടാം എന്നത് ഒരു അവകാശമാണ്. ഇടതുവശത്തുനിന്നാണ് മുനമ്പ് ചുറ്റുന്നതെങ്കിൽ ഇടത്തേ കാതിലും മറിച്ചാണെങ്കിൽ വലത്തേ കാതിലും കടുക്കനിടാമെന്നാണ് ആചാരം. കേപ്പ് ഹോൺ ചുറ്റിവരുന്ന നാവികന് (കേപ്പ് ഹോണർ) ഉന്നത ഓഫീസർമാർ പങ്കെടുക്കുന്ന വിരുന്ന് സൽക്കാരങ്ങളിൽ പങ്കെടുക്കാം, വേണമെങ്കിൽ തീൻമേശയിൽ കാലെടുത്ത് വെക്കാം എന്നിങ്ങനെ പോകുന്നു രസകരമായ ആ അവകാശവാദങ്ങൾ.
കമാൻഡർ അഭിലാഷ് കേപ്പ് ഹോൺ ചുറ്റുന്ന ദിവസം ഇന്ത്യാമഹാരാജ്യത്തും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലുള്ള പ്രത്യേകത, യാത്രയുടെ രണ്ടാം ഘട്ടത്തിലേക്ക് അദ്ദേഹം കടക്കുന്ന ദിവസത്തിന്റേയും സമയത്തിന്റേയും പ്രത്യേകത, ഇന്റർനാഷണൽ ഡേറ്റ് ലൈൻ മുറിച്ച് കടന്നും പിന്നോട്ട് വന്ന് വീണ്ടും മുറിച്ച് കടന്ന് 2013 ലെ പുതുവത്സരം രണ്ടുവട്ടം ആഘോഷിക്കുന്ന ഗംഭീരവും അസുലഭവുമായ അനുഭവം എന്നിങ്ങനെ ഞാൻ ആദ്യം പറഞ്ഞതുപോലെ ഒരു ത്രില്ലർ സിനിമയിൽ എഴുതിച്ചേർത്ത രംഗങ്ങൾ പോലയാണ് ഈ യാത്രാനുഭവങ്ങൾ മുന്നേറുന്നത്.കേപ്പ് ഹോൺ ചുറ്റുന്ന സമയത്ത് മാദേയിൽ ത്രിവർണ്ണ പതാക ഉയർത്താൻ അദ്ദേഹം പെടുന്ന പാട്, കടൽ അത്യധികം ക്ഷോഭിക്കുന്ന സമയത്തും കൊടുങ്കാറ്റുകൾ വീശിയടിക്കുമ്പോഴും പായകൾക്ക് കേടുപാടുണ്ടാകുമ്പോഴും മാദേയിയെ നിയന്ത്രിക്കാനും പായകൾ ഒതുക്കാനും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, പായകളെ ഒതുക്കാൻ 25 മീറ്റർ ഉയരമുള്ള പായ്മരത്തിൽ കയറേണ്ടി വന്നപ്പോൾ നേരിടേണ്ടി വന്ന യാതനകൾ, പായ്മരത്തിന് മുകളിൽ വെച്ച് അദ്ദേഹത്തെ ചുറ്റി വരിയുന്ന ഏകാന്തതയുടെ ഭീതിജനകമായ അന്തരീക്ഷം, ഇനിയങ്ങോട്ട് ജീവിതമില്ല എന്ന് തോന്നിപ്പിക്കുന്ന സന്ദർഭങ്ങൾ, എല്ലാ മഹാസമുദ്രങ്ങളിലും നേരിടേണ്ടി വരുന്ന വെല്ലുവിളികൾ, കാലാവസ്ഥാ പ്രവചനങ്ങളെ നിഷ്‌പ്രഭമാക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ, കടലിൽ സ്ഥിരമായി ജീവിക്കുന്ന ഒരാളുടെ പേശികൾക്കും ശരീരത്തിനും ഉണ്ടാകുന്ന മാറ്റങ്ങൾ, അതുമൂലം കഠിനമായ ജോലികൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, എന്നിങ്ങനെ ഒട്ടനവധി ക്‌ളേശകരമായ കടമ്പകളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുള്ളത് കോടികളിൽ ഒരാൾക്ക് മാത്രമാണ് ഈ ലോകത്ത് എന്നത് വായനക്കാരനെ ഒരുപോലെ തന്നെ ത്രസിപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നുണ്ട്.
കരയടുക്കാൻ 10 ദിവസം മാത്രം ബാക്കിയുള്ളപ്പോളാണ് കുടിവെള്ളത്തിൽ ഡീസൽ കയറി മോശമാകുന്നത്. മഴവെള്ളം പിടിച്ചും, പ്രഷർ കുക്കറിൽ കടൽ വെള്ളം തിളപ്പിച്ച് ആ നീരാവി പിടിച്ചെടുത്ത് ഓരോ തുള്ളി വെള്ളവും അമൂല്യമായി ഉപയോഗിക്കുന്നതും, എന്തെങ്കിലും കഴുകാൻ ഉപയോഗിക്കുന്ന ശുദ്ധജലം പോലും കുടിക്കുന്നതും, അരി കഴുകാൻ കടൽ വെള്ളം ഉപയോഗിക്കുന്നതുമൊക്കെ, സർവ്വത്ര വെള്ളം ചുറ്റിനുണ്ടായിട്ടും ഒരു കാര്യവുമില്ലെന്ന് മനസ്സിലാക്കാൻ പോന്ന നിമിഷങ്ങളാണ്. കരയിലുള്ളവർ പാഴാക്കിക്കളയുന്ന കുടിവെള്ളത്തിന്റെ വില മനസ്സിലാക്കേണ്ട ആ സന്ദർഭങ്ങൾ അന്ത്യപാദത്തിൽ നാവികനേയും പുസ്തകത്തിൽ മനസ്സുകൊടുത്തിരിക്കുന്ന വായനക്കാരനേയും ഒരുപോലെ വലയ്ക്കുന്നുണ്ട്.
‘കടലിൽ കടലാസ് വഞ്ചിയിൽ‘ എന്നൊരു യാത്രാനുഭവം വായിച്ചത് യു.പി. ക്‌ളാസ്സുകളിൽ പഠിക്കുന്ന കാലത്താണ്. അന്നത് വായിക്കുമ്പോൾ കടലിൽ നിന്നുള്ള് ജീവിതാനുഭവങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു കടൽ യാത്രയുടെ ഭീകരതയും ബുദ്ധിമുട്ടുകളുമൊക്കെ പൂർണ്ണമായും മനസ്സിലാക്കാൻ പറ്റിയിട്ടുമില്ല. പിന്നീട്, എണ്ണപ്പാടത്തെ ജോലി സംബന്ധമായി കടലുകളിൽ ബോട്ട് യാത്രകൾ ചെയ്യേണ്ടിവന്നിട്ടുണ്ട് ഈയുള്ളവനും. ആഴ്ച്ചകളോളം കടലിടുക്കുകളിൽ ബോട്ടിൽത്തന്നെ കഴിയേണ്ടിയും വന്നിട്ടുണ്ട്. ഇളകിമറിയുന്ന കടലിലേക്ക് ബോട്ടിറക്കിയെങ്കിലും ക്യാപ്റ്റനും നാവികരുമൊഴികെ എല്ലാവരും ശർദ്ദിച്ച് അവശരായി മടങ്ങിപ്പോരുകയും ചെയ്തിട്ടുണ്ട്. ഇത്തരം ചെറിയ ചില അനുഭവങ്ങളെങ്കിലും ഇപ്പോളുള്ളതുകൊണ്ട് കമാൻഡർ അഭിലാഷ് ടോമി നേരിട്ട കഷ്ടതകളും ബുദ്ധിമുട്ടുകളും അൽപ്പം പോലും അന്യമായിരുന്നില്ല വായനയ്ക്കിടയിൽ ഒരിടത്തും.
പലപല കാരണങ്ങൾ കൊണ്ടും തൊട്ടപ്പുറത്തുള്ള ജില്ലയിലേക്ക്
പോലും യാത്രപോകാത്ത ഏതൊരാളും അവശ്യം വായിച്ചിരിക്കേണ്ടതാണ്, കമാൻഡർ അഭിലാഷിന് യുദ്ധേതര സേവനത്തിന് രാജ്യം നൽകുന്ന രണ്ടാമത്തെ ബഹുമതിയായ കീർത്തിചക്ര നേടിക്കൊടുത്ത ഈ യാത്രയുടെ അനുഭവങ്ങൾ. കരയിലൂടെ നമ്മൾ ചെയ്യുന്നതും ചെയ്യാത്തതുമായ യാത്രകളൊന്നും യാത്രകളേ അല്ല എന്ന തോന്നലുളവാക്കാനും അത്യധികം സാഹസികമായ യാത്രകൾക്ക് കോപ്പൊരുക്കുവാനും ഏതൊരു സഞ്ചാരിയേയും പ്രേരിപ്പിക്കുക കൂടെ ചെയ്യുന്നുണ്ട് ‘കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ’.
വാൽക്കഷണം:- പുസ്തകം വായിച്ച് തീർന്നപ്പോൾ മുതൽ കടന്നുകൂടിയ രണ്ടാഗ്രഹങ്ങളുണ്ട്. എന്നെപ്പോലൊരു കൊച്ചിക്കാരൻ കൂടെയായ കമാർഡർ അഭിലാഷിനെ ഒരിക്കലെങ്കിലും നേരിൽ കാണണം. കേപ്പ് ഹോണറായ അദ്ദേഹം തന്റെ ഇടത്തേ കാതിൽ കടുക്കനിട്ടിട്ടുണ്ടെങ്കിൽ, അതിലൊന്ന് തൊടണം.