Monthly Archives: August 2023

ഒരു ദിനം ശങ്കരൻകുട്ടി


44
പ്രിരവീ

നിൻ്റെ പുസ്തകം ‘ഒരു ദിനം ശങ്കരൻകുട്ടി‘ ഇന്നാണ് വായിക്കാനെടുത്തത്. 64 പേജുകൾ ഒറ്റയിരുപ്പിന് വായിച്ച് തീർക്കുകയും ചെയ്തു.

സമകാലീനരും സഹപാഠികളും ഒരേ പഞ്ചായത്തുകാരും ആയതുകൊണ്ട് എനിക്കതിലെ വരികളിലൂടെ എളുപ്പം കടന്നുപോകാനായി. മറവിക്കൂട്ടത്തിലേക്ക് കടന്ന എത്രയെത്ര കാര്യങ്ങളെയാണ് ഇന്ന് രാവിലെ നീ തോണ്ടി വെളിയിലിട്ടതെന്നോ!

ഉദാഹരണത്തിന് തേങ്ങയെണ്ണുന്ന സമയത്ത് 98, 99 കഴിഞ്ഞ് നൂറിന് പകരം ‘അലക് ‘ എന്ന് എണ്ണിയിരുന്നത്. ചെറുപ്പത്തിൽ അതിൻ്റെ അർത്ഥം അറിയാതെ ഞാനും പകച്ച് നിന്നിട്ടുണ്ട്. എണ്ണുന്നവരോട് ചോദ്യം ഉന്നയിച്ചിട്ടുമുണ്ട്. പക്ഷേ അവർക്കന്ന് അത് പറഞ്ഞ് മനസ്സിലാക്കിത്തരാൻ കഴിഞ്ഞില്ല. ഒന്ന്, രണ്ട് എന്ന് എണ്ണിത്തുടങ്ങുമെങ്കിലും ആ സമയത്ത് അവരുടെ രണ്ട് കൈകളിലും ഓരോ തേങ്ങ വീതം ഉണ്ടാകും. എണ്ണം നൂറാകുമ്പോൾ കണക്ക് പ്രകാരം 200 തേങ്ങകൾ എണ്ണിക്കഴിഞ്ഞിരിക്കും. അലക് എന്നാൽ 200 ആകുന്നത് അങ്ങനെയാണെന്ന് മനസ്സിലാക്കാൻ 55 വർഷമെടുത്തു കൂട്ടുകാരാ. ജൂതകാലഘട്ടത്തിൽ പറവൂർ ചന്തയിലടക്കം നിലനിന്നിരുന്ന അളവുകളും തൂക്കങ്ങളിലും പെടുന്ന പ്രയോഗമാണതെന്ന് വ്യാഴവട്ടങ്ങൾക്ക് ശേഷം നിൻ്റെ ശങ്കരൻകുട്ടി പറയുമ്പോളാണ് മനസ്സിലാക്കുന്നത്. ജൂതന്മാരുടെ കഥകൾക്ക് പിന്നാലെ കുറച്ച് നാൾ നടന്നിട്ടും ഇതെനിക്ക് പിടികിട്ടിയിരുന്നില്ല.

തെങ്ങിൽ കയറുന്നവർ മുന്നറിയിപ്പ് നൽകിയിരുന്നത് 5 കിലോമീറ്ററിനുള്ളിൽ എത്രത്തോളം വ്യത്യസ്തമാണെന്ന് ചിന്തിക്കാൻ ഇന്നാണ് അവസരമുണ്ടായത്. ചെറായി ഭാഗത്ത് ‘ചിമ്പ്രാക്കൻ മേൽഭാഗെ’ എന്ന് പറയുമ്പോൾ, ഞങ്ങളുടെ ഭാഗത്ത് ‘മുകളിൽ ആളുണ്ടേ’ എന്നായിരുന്നു ഒച്ചയിട്ടിരുന്നത്.

‘തോട്ടങ്ങാടി‘ എന്ന് പറയുന്നത് ‘കരുത്തലത്തോട് ‘ തന്നെയാണെന്ന് സിപ്പി മാഷിൻ്റെ അവതാരിക വായിക്കുന്നതിന് മുന്നേ തന്നെ ഞാനും ഉറപ്പിച്ചിരുന്നു. അവതാരിക അവസാനം വായിക്കുക എന്നത് എൻ്റെയൊരു ശീലമാണ്. അവതാരികയിലെ അഭിപ്രായങ്ങൾ എൻ്റെ വായനയെ ബാധിക്കരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് അങ്ങനെ.

പിടികിട്ടാതെ പോയ ഒന്ന് ‘ശമ്പളക്കൂട്ട് ‘ ഇട്ട് ഇരിക്കുന്നതാണ്. ചമ്രം പടിഞ്ഞ് ഇരിക്കുന്നതിനെ അഥവാ പത്മാസനത്തെ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ശമ്പളക്കൂട്ട് എന്ന് വിളിക്കുന്നു എന്നതിനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇനി ആരോട് ചോദിക്കാൻ. ആ തലമുറയിൽ ആരുണ്ടിനി ബാക്കി?! സന്ധ്യാസമയത്ത് വിളക്ക് കത്തിച്ച് വെച്ച് നാമജപം നടത്തുന്ന തലമുറ അസ്തമിച്ച് കഴിഞ്ഞില്ലേ?

ബാലസാഹിത്യ നോവൽ എന്ന് ഇതിനെ വകതിരിച്ചിരിക്കുന്നതായി പുസ്തകത്തിൻ്റെ ബ്ലർബിൽ കണ്ടു. ഒരുപാട് മുതിർന്നെങ്കിലും ബാലനായിരുന്നപ്പോൾ മനസ്സിലാക്കാൻ പറ്റാതെ പോയ പല കാര്യങ്ങളും പിടികിട്ടിയെന്ന് വെച്ച് ഇതിനെ ബാലസാഹിത്യകൃതിയായി കാണാൻ എനിക്കാവില്ല. ഗൃഹാതുരത്വത്തിൻ്റെ വേലിയേറ്റം എന്ന് ഞാൻ വിശേഷിപ്പിക്കും ‘ഒരു ദിനം ശങ്കരൻകുട്ടി‘ എന്ന നോവലിനെ.

എന്തേ ഇത്ര വൈകി എഴുതിത്തുടങ്ങാൻ എന്ന് ചോദിക്കാതെ വയ്യ. പുതിയ എഴുത്തുകൾ എന്തായാലും ഇനിയും വൈകിക്കരുത്.

എന്ന് സസ്നേഹം നിൻ്റെ സതീർത്ഥ്യൻ
- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)