Monthly Archives: January 2024

ചിറ്റോർഗഡ്


ദയ്പൂരിൽ നിന്ന് ചിറ്റോറിലേക്ക് 110 കിലോമീറ്ററുണ്ട്. അവസാനത്തെ 12 കിലോമീറ്റർ ഒഴികെയുള്ള ദൂരം 6 വരിപ്പാതയാണ്. അവസാനത്തെ 2 കിലോമീറ്റർ ദൂരത്തുനിന്ന് മുകളിലായി കോട്ട കാണാം.

രണ്ട് മൂന്ന് ഹെയർപിൻ കയറി വേണം മുകളിലെത്താൻ. അതിനിടയ്ക്ക് ഒരു വാഹനത്തിന് മാത്രം കടക്കാൻ വീതിയിൽ മൂന്ന് കൽക്കവാടങ്ങൾ. വളരെ ശ്രദ്ധയോടെ വേണം അവിടെ വാഹനമോടിക്കാൻ. അപ്പുറത്ത് നിന്ന് വരുന്ന വാഹനവുമായുള്ള ടൈമിങ്ങ് തെറ്റിയാൽ അപകടം ഉറപ്പ്. 590 അടി ഉയരത്തിലാണ് യുനസ്ക്കോ ഹെറിറ്റേജ് സൈറ്റ് കൂടെയായ കോട്ട നിൽക്കുന്നത്.

വാഹനത്തിന് 40 രൂപയും സഞ്ചാരിക്ക് 40 രൂപയും ആണ് പ്രവേശന ഫീസ് നിരക്ക്.

12

അകത്ത് കടന്ന് ഒരുവട്ടം ചുറ്റിയടിച്ചതും കോട്ടയുടെ വിസ്തൃതിയെപ്പറ്റിയും അതിലെ കാഴ്ച്ചകളെപ്പറ്റിയും അതിനുള്ളിൽ ജീവിക്കുന്ന ജനങ്ങളുടെ എണ്ണത്തെപ്പറ്റിയും അൽപ്പസ്വൽപ്പം ധാരണ കിട്ടി. കടകളും റസ്റ്റോറന്റുകളും ഹോട്ടലും ഒക്കെയുണ്ട് കോട്ടയിൽ. അതൊരു പഞ്ചായത്തിനോളം പോന്ന കോട്ടയാണ്. 700 ഏക്കറാണ് കോട്ടയുടെ വിസ്തൃതി.

പക്ഷേ, ഇത് ഏഷ്യയിലെ ഏറ്റവും വലിയ കോട്ടയാണെന്ന് കേൾക്കുന്നതിൽ എനിക്ക് വ്യക്തത പോര. 1000ൽപരം ഏക്കറിൽ കിടക്കുന്ന കർണ്ണാടകയിലെ ചിത്രദുർഗ്ഗയെ ഏത് സ്ഥാനത്ത് പെടുത്തും? പാക്കിസ്ഥാനിലെ സിന്ധിലുള്ള റാണിക്കോട്ട് ലോകത്തെ ഏറ്റവും വലിയ കോട്ടയാണെന്ന് ഇന്റർനെറ്റ് പറയുമ്പോൾ ചിറ്റോർഗഡ് എങ്ങനെ ഏഷ്യയിലെ ഏറ്റവും വലിയ കോട്ടയാകും? എന്താണ് ഈ വലിപ്പത്തിൻ്റെ മാനദണ്ഡം എന്നത് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

16 കിലോമീറ്റർ ദൂരം അങ്ങോട്ടും ഇങ്ങോട്ടും പലവഴികളിലൂടെ കോട്ടയ്ക്കകത്ത് ഭാഗി ഓടി നടന്നു.

13

ഈ കോട്ട കണ്ട് തീർക്കാനും ഇതിന്റെ ചരിത്രം പഠിക്കാനും കുറഞ്ഞത് രണ്ട് ദിവസം വേണമെനിക്ക്. റെക്കോർഡ് ചെയ്യാൻ പിന്നെയും ഒരു ദിവസം വേണം. അതിലേക്ക് കടക്കുന്നതിന് മുൻപ് ഇന്ന് രാത്രി ഭാഗിക്ക് വിശ്രമിക്കാൻ ഏർപ്പാടാക്കിയിട്ടുള്ള സ്ഥലം കണ്ടുപിടിച്ചു. കോട്ടയ്ക്ക് അകത്തുള്ള RTDC കഫേയുടെ പാർക്കിങ്ങ് ഇടമാണ് അത്.

ഉച്ചഭക്ഷണം 4 മണിക്ക് കോട്ടയ്ക്ക് അകത്തുള്ള ഒരു റസ്റ്റോറന്റിൽ നിന്ന് കഴിച്ച് അൽപ്പനേരം വീണ്ടും കറങ്ങി.

14

രാജസ്ഥാനി വേഷം ധരിച്ച് കുതിരപ്പുറത്ത് കയറി പടമെടുക്കാൻ മാത്രം ഒരിടമുണ്ട് കോട്ടയിൽ. കുതിരപ്പുറത്ത് കയറി അതിന്റെ മുൻകാലുകൾ ഉയർത്തിപ്പിടിച്ച് പടമെടുക്കുന്നതിന് 20 രൂപ മതിയെന്നതുകൊണ്ട് കോട്ടയിൽ വരുന്നവരിൽ നല്ലൊരു പങ്കും കുതിരപ്പുറത്ത് കയറുന്നുണ്ട്. അവിടത്തെ മുഴുവൻ കുതിരകളും തൻ്റേതാണെന്നാണ് ഇർഷാദ് എന്ന സുഹൃത്ത് അവകാശപ്പെടുന്നത്. കക്ഷി കേരളത്തിൽ വന്നിട്ടുണ്ട്. മലപ്പുറത്ത് അങ്ങാടിപ്പുറത്ത് ഒരു മലയാളിയുടെ ഫാമിലേക്ക് 100 കുതിരകളെ നൽകിയിട്ടുണ്ട് ഇർഷാദ് ഭായ്. ഉയരത്തിനും ആരോഗ്യത്തിനും അനുസരിച്ച് 2 ലക്ഷം മുതൽ 4.5 ലക്ഷം രൂപ വരെ വിലയുണ്ട് നാല് വയസ്സുള്ള ഒരു കുതിരയ്ക്ക്.

നാളെ രാവിലെ ഒരു ഗൈഡിന്റെ സഹായത്തോടെ കോട്ടയിൽ കറങ്ങാനാണ് ഉദ്ദേശിക്കുന്നത്. അതിന് മുൻപ് കോട്ടയിലെ വളരെ പ്രധാനപ്പെട്ട ഒരിടത്ത് സ്വന്തം നിലയ്ക്ക് ചുറ്റിയടിച്ച ശേഷം നേരെ എതിർവശത്തുള്ള ഭാഗിയുടെ പാർക്കിങ്ങിലേക്ക് പോകണം.

16

മാൽവ സുൽത്താനെതിരെ നേടിയ വിജയം ആഘോഷിക്കാനും അടയാളപ്പെടുത്താനും വേണ്ടി 1448ൽ മഹാറാണ കുംഭ പണിതീർത്ത വിജയ സ്തംഭമാണ് ഇപ്പറഞ്ഞ പ്രധാനപ്പെട്ട ഇടം. 9 നിലകളിലായി 37.19 മീറ്റർ ഉയരമുണ്ട് വിജയസ്തംഭത്തിന്. പണ്ട് അതിന്റെ മുകളിൽ കയറാൻ പറ്റുമായിരുന്നു. ഇപ്പോൾ അനുവദിക്കുന്നില്ല. ദേവന്മാരുടേയും ദേവിമാരുടേയും ഋതുക്കളുടേയും ആയുധങ്ങളുടേയും വാദ്യോപകരണങ്ങളുടേയും ലേഖനങ്ങൾക്ക് പുറമേ പുരാണങ്ങളിലെ സംഭവങ്ങളും കൊത്തിവെച്ചിരിക്കുന്നു വിജയ സ്തംഭത്തിന്റെ ചുറ്റോട് ചുറ്റും അക്കാണുന്ന ഉയരമത്രയും. എത്ര വലിയ വിജയാഹ്ലാദമാണ് അതെന്ന് നോക്കൂ.

വിജയസ്തംഭതിൻ്റെ ശിൽപ്പിയായ ജയ്തയേയും അദ്ദേഹത്തിൻ്റെ ആൺമക്കളായ നാപ, പൂജ, പോമ എന്നിവരേയും അഞ്ചാം നിലയിൽ കൊത്തി വെച്ചിട്ടുണ്ടെങ്കിലും അങ്ങോട്ട് പ്രവേശനം ഇല്ലാത്തതുകൊണ്ട് അത് കാണാൻ നിർവ്വാഹമില്ല.

18

തൊട്ടടുത്ത് നശിപ്പിക്കപ്പെട്ടതും അല്ലാത്തതുമായി അരഡസൺ ക്ഷേത്രങ്ങളുണ്ട്. ആ പരിസരത്ത് തന്നെയാണ്, മാതൃഭൂമിയുടേയും സ്ത്രീകളുടേയും മാനം കാക്കാൻ വേണ്ടി ഒരുപാട് രജപുത്ര സ്ത്രീകളും കുട്ടികളും ജൗഹർ (തീയിൽ ചാടിയുള്ള കൂട്ട ആത്മാഹുതി) ആചരിച്ചത്. അടുത്ത കാലത്ത് അവിടം കിളച്ച് മറിച്ചപ്പോൾ ധാരാളം അസ്ഥികളും തലയോട്ടികളും കിട്ടിയിരുന്നത്രേ!

ആദ്യത്തെ ജൗഹർ ഇവിടെ നടന്നത് 1303 ആഗസ്റ്റ് 17 ശനിയാഴ്ച്ച ആയിരുന്നു. രത്തൻ സിങ്ങിന്റെ റാണിയായ പത്മിനിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ക്ഷത്രാണികളാണ് അന്ന് ജൗഹർ ചെയ്തത്. ദീപിക പദുകോൺ അഭിനയിച്ച ആ രംഗം നമ്മൾ പത്മാവതി സിനിമയിൽ കണ്ടിട്ടുള്ളതാണ്.

17

ഇരുട്ട് വീണതോടെ കോട്ടയിൽ അതുവരെ ഉണ്ടായിരുന്ന സഞ്ചാരികളിൽ അവസാനത്തെ ആളും പിരിഞ്ഞു. ഞാൻ മടക്ക് കസേര നിവർത്തി ഭാഗിയുടെ അടുത്തിരുന്നു. RTDC കഫേ അടച്ച് ജീവനക്കാരനും പൊയ്ക്കഴിഞ്ഞിരിക്കുന്നു. തളം കെട്ടി നിൽക്കുന്ന നിശബ്ദത.

അധികം വൈകാതെ വിജയസ്തംഭത്തിൻ്റെ മുന്നിലെ പാറാവുകാരൻ എൻ്റെയടുത്തെത്തി.

“എന്താണ് പോകാത്തത്?”

” ഞാനിന്ന് ഇവിടെയാണ് തങ്ങുന്നത്.”

“ഇവിടെ തങ്ങാൻ പറ്റില്ല. വിട്ട് പോകണം.”

കഴിഞ്ഞു. കോട്ടയിൽ ഉറങ്ങാനായി കെട്ടിയൊരുങ്ങി ഇറങ്ങിയ പദ്ധതി, നിന്നനിൽപ്പിൽ പൊളിഞ്ഞു.

പുറത്താക്കൽ ഞങ്ങൾക്കൊരു പുതിയ സംഭവമല്ല. ഗോവയിൽ ഒരു പെട്രോൾ പമ്പിൽ നിന്നും ഒരു റസ്റ്റോറന്റിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട് ഭാഗിയേയും എന്നേയും. ഇപ്പോൾ ദാ രാജസ്ഥാനിൽ ഒരു കോട്ടയിൽ നിന്നും പുറത്താക്കിയിരിക്കുന്നു.

മറ്റേതെങ്കിലും കോട്ടയിൽ ഉറങ്ങാനുള്ള അവസരം എന്നെങ്കിലും ഒത്തുവരാതിരിക്കില്ല. ഒന്നും നടന്നില്ലെങ്കിൽ, പ്രത്യേക അനുമതി വാങ്ങി ഞങ്ങളുടെ സ്വന്തം തട്ടകത്തിലുള്ള കോട്ടപ്പുറം കോട്ടയിൽ പോയി കിടക്കും. അല്ലെങ്കിൽ പഞ്ചനക്ഷത്ര റൂമെടുത്ത് ഗോവയിലെ ‘തിരക്കോൾ’ കോട്ടയിൽ പോയിക്കിടക്കും. അത്രേയുള്ളൂ.

15

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ഹോട്ടലിന്റെ പരിസരത്ത് പാർക്ക് ചെയ്യാമോ എന്നന്വേഷിച്ചപ്പോൾ, അവിടന്ന് 100 മീറ്റർ മാറിയുള്ള തടാകക്കരയിൽ പാർക്ക് ചെയ്തോളൂ എന്നവർ പറഞ്ഞു. അത് പക്ഷേ, അത്ര സുരക്ഷിതമായ സ്ഥലമാണെന്ന് തോന്നിയില്ല. മാത്രമല്ല മറ്റൊരു സെക്യൂരിറ്റി ഗാർഡ് ഇനിയും വന്ന് പറഞ്ഞ് വിടില്ലെന്ന് ആര് കണ്ടു!

പിന്നെ അമാന്തിച്ചില്ല, ഭാഗിയെ 5 കിലോമീറ്റർ താഴെയുള്ള RTDC യുടെ ‘പന്ന’ ഹോട്ടലിലേക്ക് നയിച്ചു. അവിടെച്ചെന്ന് രവി ചതുർവ്വേദിയെ കണ്ടു. വാഹനം പാർക്ക് ചെയ്യാനും നാളെ രാവിലത്തെ കർമ്മങ്ങൾക്കുമുള്ള ഏർപ്പാട് അദ്ദേഹം കൈയോടെ ചെയ്തു തന്നു.

‘പന്ന’ ഹോട്ടലിൽ ഏതോ വിവാഹ സൽക്കാരം നടക്കുന്നുണ്ട്. വിളിക്കാത്ത കല്ല്യാണത്തിന് പോയി തിന്നാൻ പറ്റിയ പ്രായമല്ല. തെരുവിൽ പോയി അത്താഴം കഴിച്ചു. അരക്കാതം അതേ തെരുവിലൂടെ നടന്നു. ഭാഗി ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. തണുപ്പ് തീരെ കുറവാണ്.

ശുഭരാത്രി കൂട്ടരേ.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofindia
#fortsofrajasthan
#motorhomelife
#boleroxlmotorhome