IMG_0005

വിളപ്പിൽശാലകൾ ഒഴിവാക്കാൻ


റ്റുള്ളവന്റെ മാലിന്യം മൂലമുണ്ടാകുന്ന ദുരിതങ്ങൾ സഹിച്ച് ജീവിക്കാനാവില്ലെന്ന് പൊലീസിനോടും ഭരണാധികാരികളോടും തീർത്തുപറഞ്ഞുകൊണ്ട് വിളപ്പിൽശാല ഗ്രാമം ഒറ്റക്കെട്ടായി നടത്തിയ ഒരു ചെറുത്തുനിൽ‌പ്പ് ഇന്ന് കേരളം കണ്ടു. നീതിപീഠത്തിന്റെ ആജ്ഞയ്ക്ക് പുല്ലുവില കൽ‌പ്പിച്ചുകൊണ്ട് ഈ ഒരു ദിവസത്തേക്കെങ്കിലും വിജയം നേടാൻ വിളപ്പിൽശാലയിലെ ജനങ്ങൾക്കായി. പക്ഷെ, നാളെ മാലിന്യക്കൂമ്പാരവുമായി ലോറികൾ വീണ്ടും വിളപ്പിൽശാലയിൽ എത്തിയെന്ന് വരും. നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. ചെറുത്ത് നിൽ‌പ്പ് എവിടെ വരെ പോകുമെന്നും ആർക്കായിരിക്കും അന്തിമ വിജയമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

സമരസമിതി ജയിച്ചാലും ഭരണകൂടം ജയിച്ചാലും ഒരു വശത്ത് തോൽക്കപ്പെടുന്നത് ജനങ്ങൾ തന്നെയാണ്. ഒന്നുകിൽ വിളപ്പിൽശാലയിലെ ജനങ്ങൾ, അല്ലെങ്കിൽ തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾ. തലസ്ഥാനത്തെ ഈ പ്രശ്നം ഒരു സൂചന മാത്രമാണ്. മാലിന്യത്തെച്ചൊല്ലിയുള്ള ഇത്തരം ശക്തമായ പ്രക്ഷോഭങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഇനിയും ഉയർന്നുവരാൻ പോകുന്നതേയുള്ളൂ.

കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കിയേ തീരൂ. അതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ആകാശ നഗരം, മെട്രോ റെയിൽ, അതിവേഗ റെയിൽ എന്നിങ്ങനെയുള്ള പദ്ധതികളെ വികസനമായി കണക്കാക്കി മുന്നോട്ട് പോകുന്നതിന് പകരം മാലിന്യനിർമ്മാർജ്ജനത്തിനായുള്ള പഴുതുകളില്ലാത്ത പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ് ചെയ്യേണ്ടത്. ശുചിത്വമുള്ള അന്തരീക്ഷവും, കുണ്ടും കുഴിയും ഇല്ലാത്ത റോഡുകളും, രോഗബാധിതരല്ലാത്ത ജനങ്ങളുമൊക്കെയാണ് യഥാർത്ഥ വികസനത്തിന്റെ മുഖമുദ്രകൾ.

ഈ വിഷയത്തിൽ ‘മാലിന്യ വിമുക്ത കേരളം‘ എന്ന പേരിൽ ഒരു ലേഖനം മുൻപൊരിക്കൽ എഴുതിയിരുന്നു. അതിനനുബന്ധമായും അതിനോട് ചേർത്തും വായിക്കാനായി, അനുഭവത്തിന്റെ വെളിച്ചത്തിൽ കുറച്ച് കാര്യങ്ങൾ കൂടെ എഴുതിയിടുന്നു.

കുറച്ച് നാളുകളായി ഞങ്ങളുടെ വീട്ടിൽ(ഫ്ലാറ്റ്) നിന്ന് ഭക്ഷ്യമാലിന്യങ്ങൾ കൊച്ചിൻ കോർപ്പറേഷന് നൽകാറില്ല. മാലിന്യമായി നൽകുന്നത് പ്ലാസ്റ്റിക്കും പേപ്പറും മാത്രം. ഭക്ഷ്യ മാലിന്യങ്ങൾ മുഴുവൻ വീട്ടിൽത്തന്നെ വളമാക്കി മാറ്റപ്പെടുന്നു. ഫ്ലാറ്റിലോ പരിസരത്തോ മാലിന്യം മൂലമുള്ള നാറ്റം പോലും ഉണ്ടാക്കാതെയാണ് ഇത് സാധിക്കുന്നത്. Credai Clean City Movement എന്ന സംരംഭത്തിന്റെ ഭാഗമായി 1500 രൂപ ചിലവഴിച്ചാണ് ഇത് സാദ്ധ്യമാക്കിയത്. ഇതിന്റെ കൃത്യമായി രീതികൾ മനസ്സിലാക്കാൻ പ്രസ്തുത ഏജൻസി തയ്യാറാക്കിയ ലഘുലേഖ താഴെച്ചേർക്കുന്നു. ചിത്രത്തിൽ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം.

3 തട്ടുകളുള്ള മൺചട്ടികൾ

ഈ സജ്ജീകരണത്തിലൂടെ ജൈവ വളമാക്കി മാറ്റപ്പെടുന്ന മാലിന്യം, ചെറിയ ചാക്ക് ഒന്നിന് 35 രൂപ നിരക്കിൽ വിറ്റ് വരുമാനം ഉണ്ടാക്കാൻ പറ്റും എന്നതാണ് മറ്റൊരു പ്രധാന നേട്ടം. മൺ‌ചട്ടികൾക്കും, ഉപകരണങ്ങൾക്കും, സ്റ്റാർട്ടർ ആയി ഉപയോഗിക്കുന്ന വളത്തിനും, ബയോകൾച്ചർ മിശ്രിതത്തിനുമൊക്കെ ചേർത്താണ് 1500 രൂപ ചിലവ് വരുന്നത്. അത് സാധാരണക്കാർക്ക് എല്ലാവർക്കും താങ്ങാൻ പറ്റുന്ന ഒരു തുകയല്ല. പക്ഷെ, ഒരു ദിവസം 2 കിലോ വരെ അടുക്കള മാലിന്യം സംസ്ക്കരിക്കാൻ പറ്റുന്ന ഈ സംവിധാനം രണ്ട് വീട്ടുകാർക്ക് ചേർന്ന് സ്വന്തമാക്കാൻ പറ്റിയെന്ന് വരും. അതുമല്ലെങ്കിൽ കുറച്ച് തുക സബ്‌സിഡി നൽകി സർക്കാർ തന്നെ ഓരോ വീടുകളിലും ഈ സംരംഭം നടപ്പിലാക്കാനുള്ള നടപടികൾ കൈക്കൊള്ളണം. കൈയ്യിൽ നിന്ന് പണം മുടക്കി ഇത് വാങ്ങാൻ യാതൊരു നിവൃത്തിയും ഇല്ലാത്ത മൂന്നോ നാലോ വീട്ടുകാർക്ക് വേണ്ടി ഒരു യൂണിറ്റ്, സർക്കാർ സൌജന്യമായി നൽകണം. എറണാകുളത്തെ ഒരു നക്ഷത്രഹോട്ടലിൽ ഇതേ സംവിധാനത്തിന്റെ വലിയ പതിപ്പ് ഉപയോഗിച്ച് 100 കിലോ മാലിന്യമാണ് ഒരു ദിവസം സംസ്ക്കരിക്കപ്പെടുന്നത്. ഹോട്ടലുകളിലും മറ്റും അടുക്കള മാലിന്യത്തിൽ നിന്ന് ബയോഗ്യാസ് നിർമ്മിക്കുന്ന രീതിയോ അല്ലെങ്കിൽ മേൽ‌പ്പറഞ്ഞ പദ്ധതിയോ നിർബന്ധമാക്കണം.

തുടക്കക്കാർക്ക് കിട്ടുന്ന കിറ്റ്, കറുത്ത നിറത്തിൽ ഫൈനൽ പ്രോഡൿറ്റ്.
ചട്ടിയുടെ ഉൾവശം.

ഇതുപയോഗിക്കേണ്ട രീതി ജനങ്ങളെ പഠിപ്പിക്കാനും ബോധവൽക്കരിക്കാനും ഉദ്യോഗസ്ഥ തലത്തിൽ സാദ്ധ്യമായ എല്ലാ ഏർപ്പാടുകളും ചെയ്യണം. പഞ്ചായത്ത് മെമ്പർ അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ ഇതിനായി സന്നദ്ധപ്രവർത്തകരായി മുന്നിട്ടിറങ്ങണം. മാലിന്യം അലക്ഷ്യമായി അവിടവിടെ നിക്ഷേപിക്കുന്നതുകൊണ്ടുള്ള ദൂഷ്യഫലങ്ങൾ കൃത്യമായി അറിയാത്തതുകൊണ്ടും, മാലിന്യസംസ്ക്കരണ മാർഗ്ഗങ്ങൾ ഒന്നും കൈവശമില്ലാത്തതുകൊണ്ടുമാണ്, നല്ലൊരു വിഭാഗം ജനങ്ങൾ മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കവറിൽക്കെട്ടി അന്യന്റെ പറമ്പിലേക്കോ കായലിലേക്കോ കടലിലേക്കോ കൊണ്ടുതള്ളുന്നത്. ചിക്കൻ ഗുനിയ, തക്കാളിപ്പനി എന്നിങ്ങനെയുള്ള രോഗങ്ങളുടേയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടേയുമൊക്കെ കാരണം ഇതൊക്കെയാണെന്ന് പറഞ്ഞാൽ ജനം മനസ്സിലാക്കാതിരിക്കില്ല.

മാലിന്യം സൃഷ്ടിക്കപ്പെടുന്നിടത്ത് തന്നെ സംസ്ക്കരിക്കപ്പെടാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഗ്രാമങ്ങളിൽ സ്വന്തമായി പുരയിടമുള്ള എല്ലാ വീട്ടുകാർക്കും അടുക്കള മാലിന്യം പറമ്പിൽത്തന്നെ നിർമ്മാജ്ജനം ചെയ്യുകയെന്നത് അത്രയ്ക്കധികം അദ്ധ്വാനമോ ചിലവോ ഇല്ലാത്ത കാര്യമാണ്.

വിദ്യാലയങ്ങളിൽ എല്ലാ ക്ലാസ്സുകളിലും മാലിന്യനിർമ്മാർജ്ജനത്തിന്റെ ആവശ്യകതയും പാഠ്യവിഷയമാക്കുക. കുട്ടികളെ കണ്ട് വീട്ടിലുള്ള വലിയവർ പഠിക്കും എന്നതോടൊപ്പം യഥാവിധിയുള്ള മാലിന്യനിർമ്മാർജ്ജനത്തിന്റെ ആവശ്യകത അറിയുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കാനും ഇതുമൂലം സാദ്ധ്യമാകും.

ഇങ്ങനെ ചില കാര്യങ്ങൾ ആത്മാർത്ഥമായി ചെയ്യാനായാൽ ചുരുങ്ങിയ കാലം കൊണ്ട് കാര്യങ്ങൾ നിയന്ത്രവിധേയമാക്കാൻ നമുക്കാകും. മാലിന്യസംസ്ക്കരണത്തിന് കേരള സംസ്ഥാനം ഒട്ടുക്ക്, അല്ലെങ്കിൽ രാജ്യം മുഴുവനും തന്നെ ഇത്തരത്തിലോ അല്ലെങ്കിൽ ഇതിനേക്കാൾ ഫലപ്രദമായ എന്തെങ്കിലും സംവിധാനമോ കൊണ്ടുവന്നേ പറ്റൂ. അല്ലെങ്കിൽ കേരളം മൊത്തമായി ചീഞ്ഞ് നാറി രോഗഗ്രസ്തമാകുന്ന ഒരു അവസ്ഥാ വിശേഷം സംജാതമാകാൻ അധികം താമസമില്ല.

വാൽക്കഷണം:‌- ഇലൿട്രോണിക് മാലിന്യം എന്ന മറ്റൊരു ഭീകരമായ സംഭവം കൂടെ രംഗപ്രവേശനം ചെയ്തു കഴിഞ്ഞിരിക്കുന്നു. നിലവിലുള്ള മാലിന്യ പ്രശ്നങ്ങളൊക്കെ ഫലപ്രദമായി പരിഹരിച്ചിട്ട് വേണം അതേപ്പറ്റി എന്തെങ്കിലുമൊക്കെ ചർച്ചകളെങ്കിലും തുടങ്ങാൻ.

ക്രെഡായി പദ്ധതി വൻ‌വിജയം – 29 ഫെബ്രുവരി 2012 ദീപിക വാർത്ത.

Comments

comments

51 thoughts on “ വിളപ്പിൽശാലകൾ ഒഴിവാക്കാൻ

  1. സമരസമിതി ജയിച്ചാലും ഭരണകൂടം ജയിച്ചാലും ഒരു വശത്ത് തോൽക്കപ്പെടുന്നത് ജനങ്ങൾ തന്നെയാണ്. ഒന്നുകിൽ വിളപ്പിൽശാലയിലെ ജനങ്ങൾ, അല്ലെങ്കിൽ തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾ.

  2. നിരൂ – ആദ്യം തന്നെ ഇങ്ങനെയൊരു ലേഖനത്തിനു നന്ദി പറയട്ടെ. ഇത്തരം അറിവുകൾ പങ്കു വെക്കൂ, ഇതിനെപ്പറ്റി ഞാൻ വീട്ടിലുമൊക്കെ പറയാം.

    - സന്ധ്യ

  3. ഒരു പ്രകൃതിസ്നേഹി എന്ന നിലയില്‍ നീരുവിന്റെ പല ഇടപെടലുകളും തികച്ചും പ്രശംസനീയമാണ്.

  4. നന്നായിരിക്കുന്നു…. മാലിന്യ മുക്തകേരളം .അതാണ്‌ ആവശ്യം ..!!

  5. മനോജേട്ടാ, നല്ല പോസ്റ്റ്…… മറ്റുള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടും…. ആശംസകൾ…. എന്തായാലും ഓരെണ്ണം വാങ്ങി നോക്കാം..

  6. ഫെയ്സ് ബുക്കിലിരുന്നു സമരത്തിന്‌ അഭിവാദ്യമര്‍പ്പിക്കാന്‍ എളുപ്പമാണ് ! അന്യഗ്രഹ ജീവികള്‍ കൊണ്ട് വന്നിട്ട മാലിന്യമല്ല വിളപ്പില്‍ ശാലയടക്കം പല സ്ഥലങ്ങളില്‍ കുന്നു കൂടുന്നത് ! നമ്മളോരോരുത്തരും ആവശ്യത്തിനും അനാവശ്യത്തിനും ഉണ്ടാക്കി കൂട്ടുന്ന മാലിന്യം വിളപ്പില്‍ ശാലയിലല്ലെങ്കില്‍ ഞെളിയന്‍ പറമ്പില്‍ ! ഒരു ടൂത്ത് പെയ്സ്ടിനു പോലും കിറ്റ് ചോദിക്കുന്ന ജനമാണ് ഇവിടെയുള്ളത് ! നമ്മള്‍ വിതയ്ക്കുന്നു .. നമ്മള്‍ കൊയ്യുന്നു !!

  7. താങ്ങള്‍ ഇത് ഉപയൊഗിഛ് നോകിയതില്‍ ഇതിനു ഐന്തഗിലും ദുഷ്യവശ്ശം ഉണ്ടോ ?

    1. ദൂഷ്യവശം അല്ലെങ്കിലും, ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ഇടുന്ന വേസ്റ്റ് വെള്ളമില്ലാതെ അല്ലെങ്കിൽ നനവില്ലാതെ ഇടാൻ ശ്രമിക്കണം. അല്ലെങ്കിൽ 2 ദിവസം കഴിയുമ്പോൾ പുഴു വരാൻ തുടങ്ങും. അതുകൊണ്ട് ഒരു കുഴപ്പവും ഇല്ല. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പുഴുക്കൾ മുഴുവൻ ചാകും. ചട്ടിയിൽ നിന്ന് പുറത്തേക്ക് വരാൻ പോലും അതിനാകില്ല. വളമാക്കി സൂക്ഷിക്കുന്നതിന് മുന്നേ ഒന്ന് വെയിലത്ത് വെച്ചാൽ ചത്ത് ഉണങ്ങിപ്പോയ പുഴുവിനെയല്ലാം കാക്ക തിന്ന് ക്ലീൻ ആക്കിത്തരുകയും ചെയ്യും.

  8. പദ്ധതി കൊള്ളാം മാഷേ, 1500 രൂപ ഇന്നത്തെ കാലത്ത് ഒരു കുടുംബത്തിനു അത്രവലിയ തുകയൊന്നുമല്ല (പ്രത്യേകിച്ചും ദിവസകൂലി 400-600 രൂപയൊക്കെയുള്ള കേരളത്തില്‍). സര്‍ക്കാര്‍ തലത്തിലും തദ്ധേശസ്ഥാപനങ്ങളും പ്രചരണവും കൊടുത്താല്‍ നടപ്പാക്കാവുന്നതേയുള്ളൂ. പിന്നെ ഇതിലും കൈയിട്ടുവാരാന്‍ ജനപ്രധിനിധികളും ഉദ്യോഗസ്ഥരും ശ്രമിച്ചാല്‍ മറ്റൊരു അഴിമതിക്ക് വളമാകുകയും ചെയ്യും.

  9. ഇങ്ങനെ പോയാല്‍ മാലിന്യക്കൂമ്പാരങ്ങള്‍ കൊണ്ടുപോയി തള്ളാന്‍ ഭൂമിക്ക് പുറത്ത് ഒരു ഗ്രഹം പാട്ടത്തിനെടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. മാലിന്യങ്ങള്‍ ഉണ്ടാക്കുന്നത് ജനങ്ങള്‍ , അത് വഴിയോരങ്ങളില്‍ വലിച്ചെറിയുന്നത് ജനങ്ങള്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതില്‍ മുറവിളി കൂട്ടുന്നവര്‍ ജനങ്ങള്‍, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പൊരുതുന്നതും ജനങ്ങള്‍ .. ഒന്നും മനസ്സിലാവുന്നില്ലല്ലൊ.. ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിച്ചത്കൊണ്ട് പ്രതിദിനം മാലിന്യങ്ങള്‍ എവിടെയും കുന്നുകൂടുകയാണ്. ഈ മാലിന്യങ്ങള്‍ എന്ത് ചെയ്യാന്‍ പറ്റും? ജനങ്ങളുടെ റോള്‍ മാലിന്യങ്ങള്‍ ഇഷ്ടം പോലെ ഉണ്ടാക്കുക, എന്നിട്ട് പ്ലാസ്റ്റിക്ക് ബാഗുകളില്‍ കെട്ടി എവിടെയെങ്കിലും വലിച്ചെറിയുക എന്നിട്ട് മാലിന്യവിരുദ്ധ സമരത്തിന് പോവുക ഇതൊക്കെയാണോ? ഇതില്‍ പ്രതികള്‍ ആരാണ്? സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിമാരും മുനിസിപല്‍ -കോര്‍പ്പറേഷന്‍ ചെയര്‍മാന്മാരും കോടതിയും പോലീസുമൊക്കെയോ? ഇക്കൂട്ടര്‍ മന:പൂര്‍വ്വം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കാന്‍ വേണ്ടി മാലിന്യക്കൂമ്പാരങ്ങളെ ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണോ? ഒന്നും മനസ്സിലാകാഞ്ഞിട്ട് ചോദിച്ചതാണേ. വീട്ടിന് പുറത്ത് റോഡിലൂടെ നടക്കാന്‍ പറ്റാത്ത ഒരു പഞ്ചായത്തിലാണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്. റോഡിന്റെ ഇരുവശങ്ങളും നീളെ വലിച്ചെറിയപ്പെട്ട മാലിന്യക്കെട്ടുകള്‍ :(

  10. എന്റെ വീട്ടിലെ മാലിന്യത്തിന്റെ ഉത്തരവാദി ഞാനോ എന്റെ അയല്‍ക്കാരനോ? ഞാനാണ്‌ എന്ക്കില്‍ അത് അയല്‍ക്കാരന്റെ മേല്‍ കെട്ടി വയ്ക്കുന്നത് എങ്ങനെ ന്യായമാകും? എവിടെയാണ് നമുക്ക് പിഴച്ചത്?

  11. മനോജ് ചെയ്യുന്ന പോലെ എത്ര പേര്‍ ചെയ്യും? ഞാ‍ന്‍ തര്‍ക്കിക്കുയല്ല. ഭരണകൂടത്തെ മാത്രം കുറ്റം പറയുന്ന ഒരു ഫാഷനാണ് കണ്ടുവരുന്നത്. എന്നാല്‍ ജനങ്ങളുടെ പൌരബോധ നിലവാരം എന്താണ്? അവനവന്റെ കാര്യം എളുപ്പത്തില്‍ സാധിക്കുക എന്നല്ലാതെ അയല്‍ക്കാരന്റെ വിഷമം എത്ര പേര്‍ ശ്രദ്ധിക്കും? സര്‍ക്കാരോ പഞ്ചായത്തോ എന്തെങ്കിലും സ്കീം കൊണ്ടുവന്നാല്‍ എത്ര പേര്‍ സഹകരിക്കും? ഭരണകൂടം എന്നാല്‍ എന്തോ ജനങ്ങളെ നരകിപ്പിക്കുന്ന സംവിധാനമാണെന്നും ജനങ്ങള്‍ എന്നാല്‍ പുണ്യവാളന്മാര്‍ ആണെന്നുമൂള്ള മട്ടിലാണ് പലരുടെയും വാക്കുകള്‍ കാണുന്നത്. അവനവന്റെ ഉത്തരവാദിത്വം വൃത്തിയായി ചെയ്യാന്‍ സന്മനസ്സുള്ള എത്ര പേര്‍ കാണും ഈ ജനങ്ങളില്‍ ? എല്ലാം ഭരണകൂടം ചെയ്യണം, ജനങ്ങള്‍ ഇങ്ങനെ ഒരു പൌരബോധവും ചുമതലകളും ഒന്നുമില്ലാതെ വിലസിയാല്‍ മതി എന്ന മനോഭാവത്തെ ഞാന്‍ ശക്തിയായി എതിര്‍ക്കുന്നു. ജനങ്ങള്‍ നന്നായാലേ ഭരണകൂടവും നന്നാവൂ. ഉദ്യോഗസ്ഥരും മന്ത്രിമാരും പ്യൂണും എല്ല്ലാം ഈ ജനങ്ങളില്‍ പെട്ടതാണ്. എല്ലാം സര്‍ക്കാര്‍ ആക്കിത്തരണം , ജങ്ങള്‍ ഒന്നും ഒന്നിലും സഹകരിക്കുക കൂടി വേണ്ട എന്ന മട്ടിലുള്ള ഈ ജനങ്ങളെ താലോലിക്കുന്ന രീതിയോട് എനിക്ക് യോജിപ്പില്ല. ജീവിക്കാന്‍ വേണ്ടി എന്ന് പറഞ്ഞ് സമരത്തിന് പോകുന്നവനും സ്വന്തം മാലിന്യം അടുത്തവന്റെ പറമ്പത്തേക്കോ റോഡ് സൈഡിലേക്കോ വലിച്ചെറിഞ്ഞിട്ടാണോ പോകുന്നത് എന്ന് ആരു കണ്ടു? ക്ഷമിക്കൂ മനോജ്, അല്പം വികാരാധീ‍നനായിപ്പോയി. ആളുകളുടെ മെന്റാലിറ്റി കണ്ടിട്ടാണ്. സമൂഹത്തെ നിര്‍മ്മിക്കേണ്ടത് , അഥവാ നിര്‍മ്മിക്കുന്നത് പൌരസമൂഹമാണ്. അത് ഭരണകൂടത്തിന്റെ മാത്രം ബാധ്യതയാണ് എന്ന മനോഭാവത്തോടാണ് എനിക്ക് വെറുപ്പ്.

    1. എല്ലാവരും സഹകരിക്കും ചേട്ടാ. ഇത്തരം ബോധവൽക്കരണ പരിപാടികൾക്കൊപ്പം അത് നടപ്പിലാക്കാനുള്ള ഉപകരണങ്ങൾ കൂടെ അവർക്ക് നൽകിയശേഷം, അതനുസരിച്ച് ചെയ്തില്ലെങ്കിൽ ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുന്നത് അവർ തന്നെയാണെന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ ഏതൊരു തലതിരിഞ്ഞവനും ആകും. ഉദാഹരണത്തിന് ആദ്യം ഈ തിരുവനന്തപുരം ജില്ലയിൽത്തന്നെ ഒന്ന് ശ്രമിക്കട്ടെ. അവർ ഇതിന്റെ പേരിൽ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയല്ലേ ? അങ്ങനെയുള്ള ശ്രമങ്ങൾ ഒന്നും നടന്നിട്ടില്ലല്ലോ ഇതുവരെ. ചെയ്ത് നോക്കണം. അതിലെന്താ തെറ്റ് ? ജനങ്ങൾ തീർച്ചയായും സഹകരിക്കും. അവർക്ക് അറിയാത്ത കാര്യങ്ങളിൽ ബോധവൽക്കണം ആവശ്യമാണ്.

    2. ഓ.കെ. ഞാന്‍ പക്ഷെ വളരെ അസ്വസ്ഥനാണ്. കണ്ണൂര്‍ ജില്ലയില്‍ പാപ്പിനിശ്ശേരിയില്‍ മകളുടെ വീട്ടിലാണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്. റോഡിലൂടെ മൂക്ക് പൊത്താതെ നടക്കാന്‍ വയ്യ. ചുറ്റുപാടും ഉള്ള വീട്ടുകാര്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ എല്ലാ മാലിന്യങ്ങളും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയാണ് പതിവ്. അതിങ്ങനെ കുറെ സമയം പുകഞ്ഞുകൊണ്ടേയിരിക്കും. അപ്പോള്‍ വാതിലും ജനലും അടച്ച് അകത്ത് കഴിയുകയാണ് ഞാന്‍. ആ വിഷവാതകം അന്തരീക്ഷത്തില്‍ പടരുകയാണല്ലൊ എന്ന് ഞാന്‍ ദു:ഖിക്കുകയും ചെയ്യുന്നു. ആരോട് പറയാന്‍ …. എന്നാല്‍ ശരി ,ബൈ :)

    3. ചേട്ടാ… ഓരോ തെരുവിലും ഒരാളെങ്കിലും മുൻ‌കൈ എടുത്ത് ബോധവൽക്കരണവും സ്വയം സംസ്ക്കരണവും നടത്താനുള്ള പ്രവർത്തനങ്ങളും ചെയ്യണം. ഞങ്ങളുടെ തെരുവിൽ എല്ലാവരും ആ പ്രവർത്തനങ്ങളുടെ ഭാഗമാണ്. അതുകൊണ്ട് ഇവിടെ നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടും ഒരു പ്രശ്നവും ഇല്ല. പക്ഷെ നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഈ ഹൌസിങ്ങ് ഏരിയയ്ക്ക് അപ്പുറത്ത് ചെന്ന് പ്രവർത്തിക്കുക ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. ഓരോ ഭാഗത്തുമുള്ളവർ മാലിന്യപ്രശ്നം അവരുടെ പ്രശ്നമായി ഏറ്റെടുക്കണം. ചേട്ടന്റെ തെരുവിൽ ചേട്ടൻ ചിലരുമായി സംസാരിച്ച് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കൂ. സാങ്കേതികമായി ഞങ്ങൾക്കറിയുന്ന എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാം.

  12. വളരെ നല്ല ചര്‍ച്ചയാണ് ഇവിടെ നടകുന്നത്, അതിനു ആദ്യമേ നന്ദി പറയട്ടെ.

    സര്‍ക്കാര്‍ തലത്തില്‍ നല്ല പദ്ധധികള്‍ ഉണ്ട്എന്നാണു എന്റെ പരിമിതമായ അറിവ്, പക്ഷെ അതൊന്നും പ്രായോഗികമായി നടപ്പിലാക്കുന്നതില്‍ നമ്മള്‍ ഉള്പടെയുള്ളവര്‍ പരാജയപെടുന്നു. charcha munnoot povatte,…

  13. അതിവേഗം നഗരവൽക്കരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ അവശേഷിക്കുന്ന പച്ചപ്പിനു മേലെ മാലിന്യങ്ങൾ കുമിഞ്ഞുകൂട്ടാതെ നോക്കേണ്ടത് അത്യാവശ്യം തന്നെ. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങൾ സമരം തുടങ്ങുന്നതു വരെ കാത്തിരിക്കാതെ മുൻകൂട്ടി മികച്ച മാലിന്യസംസ്കരണ സം‍വിധാനങ്ങൾ ആരംഭിക്കട്ടെ.

  14. മാലിന്യ സംസ്കരണ പ്ലാന്റ് ഓരോ ജില്ലകളിലും ആവശ്യമാണ്. ഒരിക്കൽ നാട്ടിലെത്തിയപ്പോൾ കുട്ടികളുടെ ഡയപ്പറുമായി നാട് ചുറ്റിയിട്ടുണ്ട്. ചെമ്മാട് ടൌണിൽ ഇല്ലാത്തതിനാൽ കേട്ടറിഞ്ഞു 16 കിലോമീറ്റർ അകലെ കോട്ടക്കലിലേക്ക് പോയി. അവിടെയും മാലിന്യം കളക്റ്റ് ചെയ്യുന്നില്ല എന്നു ബോധ്യമായപ്പോൾ കുറച്ചു മണ്ണെണ്ണയും വാങ്ങി വീട്ടിലേക്കുവന്നു ചാരമാക്കി. മണ്ണിൽഅലിഞ്ഞുചേരാത്ത മാലിന്യങ്ങൾ വലിയ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചു മാലിന്യ സംസ്കരണ കേന്ദ്രങ്ങളുണ്ടാവേണ്ടത് അത്യാവശ്യമാണ്.

  15. ആദ്യമായി സൂപ്പര്‍ ബ്ലോഗ്ഗര്‍ക്ക് അഭിനന്ദനങ്ങള്‍.വികസനം മാറ്റിവെയ്ക്കാതെ മാലിന്യം സംസ്കരിക്കാനുള്ള ശ്രമമാണ് വേണ്ടത്.അതിനു നമ്മുടെ മനോഭാവം മാറണം.ഈ ക്രഡായി കോഴിക്കോട്ടെങ്ങാനും ഉണ്ടോ?

  16. ഈ ലേഖനത്തിന് നന്ദി. ഇത് നടപ്പിലാക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ.

    പിന്നെ അഭിനന്ദനങ്ങൾ……സൂപ്പർ ബ്ലോഗർക്ക്.

  17. ബൂലോലം ഡോട്ട് കോം സൂപ്പർ ബ്ലോഗർ 2011-ന് അഭിനന്ദനങ്ങൾ!(അഭിനന്ദിച്ച് എന്റെ ബ്ലോഗിൽ ഒരു പോസ്റ്റ് ഇട്ടിട്ടുമുണ്ട്) മലിന്യസംസ്കരണം സംബന്ധിച്ച ഈ പോസ്റ്റും ഇഷ്ടമായി. നഗരമാലിന്യങ്ങൾ ഗ്രാമങ്ങൾ ചുമക്കണമെന്നുള്ളത് നീതിയല്ല. തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങൾ എന്റെ ഗ്രാമമായ തട്ടത്തുമലയിൽ നിക്ഷേപിക്കുന്ന കാര്യം എനിക്ക് ആലോചിക്കാൻ കൂടി വയ്യ!

  18. മാലിന്യങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടുന്ന മലയാളിക്ക് പരീക്ഷിക്കാവുന്ന നല്ലൊരു മാര്‍ഗമായി തോന്നി, കുറച്ചു മുമ്പ് മനോരമ പത്രത്തില്‍ വീട്ടു മാലിന്യങ്ങളില്‍ നിന്നും ഗ്യാസ്‌ ഉല്പാദിപ്പിക്കുന്ന ബയോ ഗ്യാസ്‌ പ്ലാന്റിനെ കുറിച്ച് വന്ന ഒരു ഫീച്ചര്‍ വായിച്ചതോര്‍ക്കുന്നു. നഗര മാലിന്യങ്ങള്‍ കൂടി ഗ്രാമീണ ജനത പേറണമെന്നു കല്പ്പിക്കപ്പെടുമ്പോള്‍ ഈ പോസ്റ്റിനു സാമൂഹ്യ പ്രസക്തി കൂടിയുണ്ട് നന്ദി…അതോടൊപ്പം സൂപ്പര്‍ ബ്ലോഗര്‍ 2011 നേട്ടത്തിന് അഭിനന്ദനങ്ങളും

  19. നിരക്ഷരൻ സർ, സൂപ്പർ ബ്ലോഗർ അവാർഡ് ശരിക്കും അർഹിച്ച കൈകളിലേക്ക് തന്നെ… അഭിനന്ദനങ്ങൾ!!! ഇനിയുമിനിയും ഈ യാത്ര തുടരട്ടേ…

  20. ബൂലോകം ഓണ്‍ ലൈന്‍ 2011 ലെ സൂപ്പര്‍ ബ്ലോഗര്‍ വിജയം നേടിയതിനു അകമഴിഞ്ഞ ആശംസകള്‍… ഇനിയും ഞങ്ങൾ കാത്തിരിക്കുന്നൂ…നല്ല എഴുത്തുകൾക്കായി…..

  21. വളരെ ചിട്ടയായി അവതരിപ്പിച്ച ലേഖനം. എനിക്ക് തോന്നുന്നത് 1500 രൂപ സംഘടിപ്പിക്കാന്‍ കഴിയാത്തതല്ല നമ്മുടെ പ്രശ്നം. മലയാളിയുടെ ശുചിത്വ ബോധം തന്‍റെ കോംബൌണ്ടിനുള്ളില്‍ മാത്രം ഒതുങ്ങുന്നതാണ് എന്നതാണ്. മാലിന്യങ്ങളെ തന്‍റെ പടി കടത്തി വിട്ടാല്‍ എല്ലാം ഭംഗിയായി എന്ന് കരുതുന്നവന്‍ ആണ് മലയാളി. അടിസ്ഥാന വിചാരങ്ങളില്‍ മാറ്റം വരാന്‍ എത്ര തരം പനികളാല്‍ ആശുപത്രികള്‍ ഇനിയും നിറയണം എന്നതാണ് ചോദ്യം.
    ബൂലോകം ഓണ്‍ ലൈന്‍ 2011 ലെ സൂപ്പര്‍ ബ്ലോഗര്‍ വിജയം നേടിയതിനു ആശംസകള്‍…

  22. സമരസമിതി ജയിച്ചാലും ഭരണകൂടം ജയിച്ചാലും ഒരു വശത്ത് തോൽക്കപ്പെടുന്നത് ജനങ്ങൾ തന്നെയാണ്. ഒന്നുകിൽ വിളപ്പിൽശാലയിലെ ജനങ്ങൾ, അല്ലെങ്കിൽ തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾ.

    ഈ ഭരണകൂടത്തിന്റെ കൂതറാട്ടത്തിൽ തോൽക്കപ്പെടുന്നത് വിളപ്പിൽശാലയിലേയോ തിരുവനന്തപുരത്തേയോ ജനങ്ങൾ മാത്രമല്ല. നമ്മൾ ഈ കൊച്ച് കേരളത്തിൽ ജീവിക്കുന്ന എല്ലാ മനുഷ്യരുമാണ്. അതൊക്കെ എന്ന് എല്ലാർക്കും മനസ്സിലാവും ആവോ ? ആശംസകൾ.

  23. വളരെ നല്ല കുറിപ്പ്….ഇത് പക്ഷെ സര്‍ക്കാര്‍ ചിലവില്‍ കൊടുത്താല്‍ നമ്മുടെ നാട്ടിലെ ആളുകള്‍ക്ക് ഒരു വിലയും കാണില്ല..ബോധാവല്‍ക്കരിച് അവര്‍ തന്നെ വാങ്ങണം എന്നാലെ അവര്‍ അതിന്റെ ആവശ്യവും വിലയും മനസിലാകൂ ..പിന്നെ മാലിന്യം ഇങ്ങിനെ കുമിഞ്ഞു കൂടുന്നത് നമ്മുടെ വീട് മാത്രം ശുചിയായി ഇരുന്നാല്‍ മതിയെന്ന ചിന്തയില്‍ നിന്നാണ് എന്നാണു എനിക്ക് തോന്നുന്നത്..കാരണം എന്റെ ചെറുപ്പം മുതല്‍ ഞാന്‍ കണ്ടിട്ടുള്ള ഒരു പ്രവൃത്തിയാണ് വീടൊക്കെ തുടച്ചു വൃത്തിയാക്കുന്ന ആളുകള്‍ സ്വന്തം വീട്ടു പരിസരം പോലും വൃത്തിയാക്കാന്‍ മടിക്കുന്നത്..മുന്‍പ്‌ സ്വന്തം സ്ഥലത്തു വലിചെരിഞ്ഞിരുന്നത് ഇപോ ഇങ്ങിനെ ചെയ്യുന്നു..പലരും വൃത്തിയെ കുറിച്ച് പറയുമ്പോഴും അത അവരുടെ വീട്ടില്‍ മാത്രം മതിയെന്നുള്ള ചിന്തയാനെണ്ണ്‍ അനുഭവത്തില്‍ നിന്ന് മനസിലായിട്ടുണ്ട്..ഇവിടെ ദുബായില്‍ വേസ്റ്റ് ബിന്‍ ഇല്ലാത്ത ബില്ടിങ്ങുകളുടെ റൂമിനു മുന്‍പില്‍ വേസ്റ്റ് കാണുമ്പോള്‍ അങ്ങിനെയാണ് എനിക്ക് തോന്നുക …അതും മിക്കവാറും മലയാളികള്‍ തന്നെയാണ്..

  24. Maahe, njaan ivide oru kamantu postiyirunnathu kaanaanillallo mashe, karichukalanjo atho urukkikkalanjo, ormma shariyaanenkil, iruvarum kaaril nilkkukayou atho irikkukayo enno matto aayrirunnu
    yenthaayaalum santhosham ithenkilum ivide veezhumennu thonnunnu
    Yathra thudaruka
    Oppam Yezhuthum
    P V

    1. @ P V Ariel – നിരുപദ്രവകരവും, തെറിവിളി ഇല്ലാത്തതുമായ ഒരു കമന്റുകളും ഇതുവരെ കരിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ലല്ലോ ? അങ്ങനൊരു കമന്റ് വായിച്ചതായി ഞാനും ഓർക്കുന്നുണ്ട്. പക്ഷെ ഏത് ബ്ലോഗിൽ, ഏത് പോസ്റ്റിൽ , അതോ ഫേസ്‌ബുക്കിലോ എന്നൊന്നും ഓർമ്മയില്ല. എന്തായാലും താങ്കൾ വന്ന് പറഞ്ഞതുകൊണ്ട് ഞാൻ സ്പാം കമന്റുകളിൽ ഒക്കെ കയറിത്തപ്പി. അവിടെയൊന്നും ഇല്ല. എന്താണാവോ സംഭവിച്ചത്. പലപ്പോഴും കമന്റുകൾ മെയിൽ വഴി വായിക്കും എന്നതല്ലാതെ പോസ്റ്റിനടിയിൽ വന്നോ എന്ന് നോക്കാറില്ല :(

  25. വിളപ്പില്‍ ശാലയ്ക്ക് എല്ലാ ആശംസകളും…

    എന്‍റെ പ്രിയപ്പെട്ട സുഹൃത്തിനു സൂപ്പര്‍

    ബ്ലോഗ്ഗര്‍ അവാര്‍ഡിന് അഭിനന്ദനങ്ങളും…..

  26. ബോധവൽക്കരണം …. അതുമാത്രമാണ് ഇതിനെല്ലാം ഒരു പരിഹാരം.അതിനുവേണ്ടി നമ്മുടെ ബൂലോകത്തിന് എന്തുചെയ്യാൻ പറ്റും എന്ന് ആലോചിച്ച് ഒരു നല്ല ലേഖനം എഴുതണേ.

    ഓ:ടോ: പുതിയ പോസ്റ്റുകൾ ഇടുമ്പോൾ അറിയിക്കണേ. ബൂലോകം തപ്പി നടന്നു വരുമ്പോഴേക്കും പലപ്പോഴും വളരെ വൈകുന്നു.

    1. @ ഉഷശ്രീ (കിലുക്കാംപെട്ടി) – ആവുന്നത് പോലെയൊക്കെ പോസ്റ്റുകൾ ഇട്ടും അല്ലാതെയുമൊക്കെ ചെയ്യാൻ ശ്രമിക്കാം. പോസ്റ്റുകൾ ഇടുമ്പോൾ മെയിൽ വഴി ആരേയും അറിയിക്കുന്ന പതിവ് ഇല്ല. താങ്കളെപ്പോലെ ചില ആവശ്യപ്പെട്ടിരുന്നെങ്കിലും അങ്ങനെ ആവശ്യമുള്ളവരുടെ മെയിൽ ഐഡികൾ ശേഖരിച്ച് വെക്കുന്നതിൽ പരാജയപ്പെട്ടു. നോക്കട്ടെ ഇനി ചെയ്യാൻ പറ്റുമോ എന്ന്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  27. ഈ മാസം ആദ്യവാരത്തില്‍ ഞാന്‍ കൂടംകുളം അണുവൈദ്യുതനിലയത്തിന്റെ പാര്‍പ്പിട സമുച്ചയത്തില്‍ പോയിരുന്നു. ആ കോളനിയിലെ എല്ലാ ജൈവമാലിന്യങ്ങളും താങ്കള്‍ പറഞ്ഞതുപോലെ ജൈവവളമായി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. അവിടെ ആ പ്രക്രിയയ്ക്കുപയോഗിക്കുന്നത് താങ്കള്‍ കമെന്റില്‍ പറഞ്ഞ പുഴുക്കളെത്തന്നെയാണ്!

    ജൈവമാലിന്യം തീര്‍ച്ചയായും വ്യക്തികളുടേയും അയല്‍ക്കൂട്ടങ്ങളുടേയും തലത്തില്‍ത്തന്നെ പരിഹരിക്കാവുന്നതേയുള്ളൂ എന്നത് ശരിതന്നെ. പക്ഷേ പ്ലാസ്റ്റിക് പോലുള്ള non-biodegradable വസ്തുക്കളും toxic materialsഉം അതിലും വലിയ പ്രശ്നമാണ്. Recycle ചെയ്യാന്‍ പറ്റാത്ത പ്ലാസ്റ്റിക്കുകള്‍ നിരോധിക്കണം. ബാറ്ററി, പെയിന്റ്, household chemicals തുടങ്ങിയവ സുരക്ഷിതമായി സംസ്കരിക്കാന്‍ സംസ്ഥാനതലത്തില്‍ സംവിധാനമുണ്ടാകണം.

    ‘തോല്‍ക്കപ്പെടുന്നത്’ എന്നൊരു പ്രയോഗം ലേഖനത്തില്‍ കാണുന്നു. ‘തോല്‍ക്കുന്നത്’ എന്നോ ‘തോല്‍പ്പിക്കപ്പെടുന്നത്’ എന്നോ പറയുന്നതാകും കുറച്ചുകൂടി ഭംഗി, എന്നു തോന്നുന്നു.

  28. ഇതിന് തത്തുല്യമായ ഒരു മാലിന്യസംസ്ക്കരണപരിപാടി ഒരു ഹൌസിങ്ങ് കോളനിയിൽ നടപ്പാക്കുന്നത് ഇന്ന് രാവിലെ മനോരമ ചാനലിൽ കാണിച്ചു. ഇനിയും കാണിക്കുമായിരിക്കും. ആ മാർഗ്ഗത്തിനും ചിലവ് 1500 രൂപ തന്നെ. ജനങ്ങൾ സ്വയം കുറേക്കാര്യങ്ങൾ എറ്റെടുക്കുന്നുണ്ടെന്ന് വേണം മനസ്സിലാക്കാൻ. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രോത്സാഹനവും ബോധവൽക്കരണവും കൂടെ ആയാൽ കാര്യങ്ങൾ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ.

  29. ക്രെഡായി പദ്ധതി പലയിടങ്ങളിലും വൻ‌വിജയം – 29 ഫെബ്രുവരി 2012 ദീപിക വാർത്ത, ലേഖനത്തിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. റൈറ്റ് ക്ലിക്ക് ചെയ്ത് മറ്റൊരു വിൻഡോയിൽ തുറന്നാൽ വലുതാക്കി വായിക്കാം.

  30. മനോജിന്റെ ബ്ലോഗ്‌ കൌമുദി വാരികയില്‍ പരാമര്‍ശിച്ചിരിക്കുന്നു; ലിങ്ക് കാണുക http://goo.gl/mByjN (ആദ്യ കോളം അവസാന വരി). താമസിയാതെ താങ്കളുടെ ഒരു സ്ഥിരം കോളം ഏതെങ്കിലും ഒരു മുന്‍നിര ആനുകാലികത്തില്‍ വന്നു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

    ആശംസകള്‍
    ശൈലേഷ്
    പിന്നെ, സമയം കിട്ടുമ്പോള്‍ താങ്കളുടെ പഴയ പോസ്റ്റുകള്‍ ഓരോന്നായി വായിക്കാറുണ്ട്. എല്ലാം കഴമ്പുള്ള കാര്യങ്ങള്‍. നന്ദി.

    1. കൌമുദിയുടെ ലിങ്ക് ഷെയർ ചെയ്തതിന് നന്ദി ശൈലേഷ്. ശ്രീലതാ പിള്ള ഇടയ്ക്കിടയ്ക്ക് എന്റെയീ ബ്ലോഗ് വായിച്ച് കമന്റൊക്കെ ഇടാറുണ്ട്. അക്കൂട്ടത്തിൽ വിളപ്പിൽശാല ലേഖനവും കണ്ടുകാണും.

      ശൈലേഷിന്റെ നാക്ക് പൊന്നാകട്ടെ :) എന്നാപ്പിന്നെ എനിക്കീ എണ്ണപ്പാടത്തെ പൊരിവെയിലിൽ നിന്ന് രക്ഷപ്പെടാമല്ലോ ? :) വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  31. മാലിന്യസംസ്ക്കരണ വിഷയത്തിൽ കൊടുങ്ങലൂർ പ്ലാന്റ് എന്നൊരു മാതൃക നമുക്ക് മുന്നിലുണ്ട്. അധികാരികൾ അത് കണ്ടില്ലെന്ന് നടിച്ച് കൂടുതൽ വിളപ്പിൽശാലകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കൊടുങ്ങല്ലൂർ പ്ലാന്റിനെപ്പറ്റി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

Leave a Reply to ഇ.എ.സജിം തട്ടത്തുമല Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>