വിദേശം

ലോക്ക് ഡൗണും ആൻ ഫ്രാങ്കും


22
ലോക്ക് ഡൗൺ സമയത്ത് വായിക്കാൻ പറ്റിയ ഏറ്റവും ഉചിതമായ ഒരു പുസ്തകമാണ് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ. മുൻപ് വായിച്ചിട്ടുണ്ടെങ്കിൽപ്പോലും ഒരിക്കൽക്കൂടി വായിക്കാൻ പോന്നത്. അടച്ചിരുപ്പിന്റെ വേദനയും ബുദ്ധിമുട്ടും എന്താണെന്ന് അക്ഷരാർത്ഥത്തിൽ വരച്ചിടുന്ന ഒന്ന്.

പുറത്തിറങ്ങാതെയും നാസിപ്പടയ്ക്ക് പിടികൊടുക്കാതെയും ഒളിച്ച് താമസിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ ടീനേജുകാരി സ്വന്തം ഡയറിയിൽ കുറിച്ചിട്ട മാനസിക വ്യാപാരങ്ങളും ആകുലതകളും ലോകം ഏറ്റെടുക്കുക തന്നെ ചെയ്തു. ചരിത്രത്തിന്റെ ഭാഗമായി മാറിയ ഡയറിക്കുറിപ്പുകൾ !

കൊറോണക്കാലത്ത് ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ഏതാണ്ട് ആൻ ഫ്രാങ്കിന്റേയും കുടുംബത്തിന്റേയും, അത്തരം നൂറ് (അതോ ആയിരമോ) കണക്കിന് കുടുംബങ്ങളുടേയും അവസ്ഥയിലൂടെയാണ്.
അനാവശ്യമായി പുറത്തിറങ്ങിയാൽ നാസിപ്പടയ്ക്ക് പകരം പിടിക്കുന്നത് കൊറോണയല്ലെങ്കിൽ ലോക്കൽ പൊലീസ് ആയിരിക്കുമെന്ന് മാത്രം. വേറെയും ചില വ്യത്യാസങ്ങൾ കൂടെയുണ്ട്. എന്തായാലും ആ അവസ്ഥയേക്കാൾ ഭേദം ഇന്നത്തേത് തന്നെയാണ്.

ഈ കുറിപ്പ് വായിക്കുന്നവരിൽ ആൻ ഫ്രാങ്കിനെ വായിച്ചിട്ടില്ലാത്തവർ ആരുമുണ്ടാകാൻ സാദ്ധ്യതയില്ല. ആയതിനാൽ കൂടുതൽ വർണ്ണിക്കാൻ ഉദ്ദേശിക്കുന്നില്ല. വായിക്കാത്തവരുണ്ടെങ്കിൽ വായിക്കുക തന്നെ വേണം. കൊറോണക്കാലത്ത് ജീവിച്ചിട്ട് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിലൂടെ കടന്നുപോയിട്ടില്ലെങ്കിൽ പാൻഡമിക്ക് അപരാധമായി കണക്കാക്കപ്പെട്ടേക്കാം