സംഗീതം

സംഗീതത്തിനുമപ്പുറം ബോംബെ ജയശ്രീ


99

കൃതി 2019 ൽ ഫെബ്രുവരി 15ന് പ്രശസ്ത ഗായിക ബോംബെ ജയശ്രീയ്ക്കൊപ്പം എന്റെ സുഹൃത്ത് കൂടെയായ രേണുക അരുണിന്റെ സംഭാ‍ഷണങ്ങൾക്കിടയിൽ നിന്ന് കിട്ടിയ ഒരു അനുഭവം കൌതുകകരവും സ്നേഹനിർഭരവും ചിന്തനീയവുമായിരുന്നു.

സാധാരണ, കലാകാരന്മാർ അവരുടെ പരിപാടികൾ അവസാനിപ്പിക്കുമ്പോൾ ആരാധകരും ഫോളോവേർസുമൊക്കെ ചുറ്റും കൂടുകയും ഓട്ടോഗ്രാഫ് വാങ്ങുകയും ഒപ്പം നിന്ന് സെൽഫി എടുക്കുകയുമൊക്കെ പതിവാണല്ലോ ? കൂട്ടത്തിൽ അവരുടെ പാട്ടിനെപ്പറ്റിയോ കർമ്മ മണ്ഡലത്തിലെ കാര്യങ്ങളെപ്പറ്റിയോ പുകഴ്ത്തുകയും സ്നേഹം അറിയിക്കുകയുമൊക്കെ സ്വാഭാവിക സംഭവങ്ങൾ മാത്രം. കൃതി 2019ൽ ഗായികയുടെ കാൽ തൊട്ട് വന്ദിക്കുന്നവരെയും എനിക്ക് കാണാനായി.

അത്തരത്തിൽ ബോംബെ ജയശ്രീയ്ക്ക് ഉണ്ടായ വ്യത്യസ്തമായ ഒരു അനുഭവമാണ് അവർ പങ്കുവെച്ചത്. പുകഴ്ത്തലുകൾക്കിടയിൽ എപ്പോഴെങ്കിലും ഇകഴ്ത്തലുകൾ കേൾക്കേണ്ടി വന്നാൽ എന്തായിരിക്കും കഥ ! അത്തരത്തിലൊരു അനുഭവം.

ഒരു കച്ചേരി കഴിഞ്ഞ് ഇറങ്ങിയപ്പോൾ തടിച്ചുകൂടിയ ആരാധകർക്കിടയിൽ നിന്ന് എട്ടുപത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ അവർക്കടുത്ത് ചെന്ന് പറഞ്ഞു. ‘മാഡം ഇന്ന് പാടിയതെല്ലാം തെറ്റായിരുന്നു. ഒരുപാട് തെറ്റുണ്ടായിരുന്നു.’ എന്നൊക്കെ. ഗായിക വല്ലാതായി. കുട്ടിയുടെ കൂടെയുള്ള അവന്റെ അമ്മ അവനെ എന്തുകൊണ്ട് അവിടന്ന് അവനെ വിളിച്ചുകൊണ്ട് പോകുന്നില്ല എന്നുവരെ അവർ ബേജാറായി. ഏറേ നേരം കഴിഞ്ഞിട്ടും അവന്റെ വാക്കുകൾ നൽകിയ വിഷമത്തിൽ നിന്ന് പുറത്തുകടക്കാൻ അവർക്കായില്ല.

അങ്ങനെയിരിക്കുമ്പോൾ രാത്രി ഭക്ഷണം കഴിക്കാൻ ചെന്ന സ്ഥലത്ത് ആ പയ്യനും അവന്റെ അമ്മയുമുണ്ട്. ഗായികയ്ക്ക് ആകെ പരിഭ്രമമായി. പയ്യൻ ജനങ്ങൾക്ക് മുന്നിൽ വെച്ച് രാവിലത്തെ കാര്യം ആവർത്തിക്കുമോ എന്നായിരുന്നു അവരുടെ ആശങ്ക. പ്രതീക്ഷിച്ചതുപോലെ ചിലത് സംഭവിച്ചു. പയ്യന്റെ അമ്മ ഗായികയ്ക്ക് അരികിൽ ചെന്ന് രാവിലെ ഉണ്ടായ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. പയ്യന്റെ പേര് പ്രകാശ്. അവന് ഓട്ടിസം ഉണ്ട്. അമ്മയായ തനിക്ക് പാട്ടും രാഗങ്ങളും ഒന്നും അത്ര പിടിയില്ലെന്നും അവൻ പക്ഷെ ദിവസം മുഴുവൻ ഗായികയുടെ പാട്ടുകൾ സ്ഥിരമായി കേൾക്കുന്ന ആളാണെന്നും അവർ അറിയിച്ചു. ബ്രേക്ക്ഫാസ്റ്റിന് ഒരു ഗാനം ലഞ്ചിന് മറ്റൊന്ന്, അങ്ങനെയങ്ങനെ അവന്റെ ഒരു ദിവസം മുഴുവനുള്ള ഓരോ കാര്യങ്ങളിലും ബോംബെ ജയശ്രീ എന്ന അവന്റെ ഇഷ്ടഗായികയുടെ ഗാനങ്ങളാണ് ആ വീട്ടിൽ നിറഞ്ഞുനിൽക്കുന്നത്. അതിലും വലിയ ഒരു ആരാധകൻ ഗായികയ്ക്ക് ഇല്ലെന്ന് തന്നെ വേണമെങ്കിൽ പറയാം. അങ്ങനെയുള്ള ഗായിക പക്ഷേ കുറേ സ്ഥലങ്ങളിൽ താളവും സ്വരവും ഒക്കെ തെറ്റിച്ചിട്ടുണ്ടെന്നാണ് പയ്യൻ പറയുന്നത്. തനിക്കൊന്നും ഇതേപ്പറ്റി അറിയില്ല, ക്ഷമിക്കണം എന്ന് പറഞ്ഞ് ആ അമ്മ പോയി.

അന്നത്തെ പരിപാടി റെക്കോഡ് ചെയ്തവരുടെ അടുത്തേക്കാണ് അടുത്ത ദിവസം ഗായിക ചെന്നത്. ട്രാക്കുകളെല്ലാം സസൂക്ഷ്മം കേട്ടപ്പോൾ പ്രകാശ് പറഞ്ഞതുപോലുള്ള തെറ്റുകൾ അതിലുണ്ട്. അവന് ആ ഗാനങ്ങൾ അത്രയ്ക്കധികം ഹൃദിസ്ഥമായിരുന്നെന്ന് ഉറപ്പ്.  20 വർഷം കഴിഞ്ഞിട്ടും പ്രകാശിനെ പിന്നീട് ഗായികയ്ക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നത് ഒരു ദുഃഖമായി ബാക്കി നിൽക്കുന്നു. പുകഴ്ത്തുന്നവർക്കിടയിൽ, വേറിട്ട ശബ്ദത്തിൽ ഒരു ഇകഴ്ത്തൽ വന്നാൽ തള്ളിക്കളയരുത് എന്ന സന്ദേശമുണ്ടായിരുന്നു ആ അനുഭവത്തിൽ.

ഗായിക ഇത് പറഞ്ഞ് തുടങ്ങുമ്പോൾ രണ്ടാം വരിയിൽ അമ്മയ്ക്കൊപ്പം ഇരുന്നിരുന്ന ഭിന്നശേഷിക്കാരനായ ഒരു പയ്യൻ അസ്വസ്ഥനായി ചില ശബ്ദങ്ങൾ ഉണ്ടാക്കിയത്,  മുൻ‌നിരയിലുള്ള ഞാനടക്കമുള്ള എല്ലാവർക്കും അൽ‌പ്പമെങ്കിലും അലോസരം ഉണ്ടാക്കിയിരുന്നു. അധികം താമസിയാതെ ആ പയ്യനെ അവന്റെ അമ്മ നിർബന്ധിച്ച് പുറത്തേക്ക് കൊണ്ടുപോയി. അതോടെ ആ ഒച്ചയും ബഹളവും തീർന്നു. ആദ്യ അനുഭവം സദസ്സിനോട് പങ്കുവെക്കുന്നതിനിടയിൽ, “എന്തിനാണ് ആ പയ്യനെ പുറത്തേക്ക് കൊണ്ടുപോയത്?” എന്ന് ഗായിക ചോദിച്ചത് സത്യത്തിൽ അമ്പരപ്പിച്ചു. സ്വന്തം പ്രോഗ്രാം നടക്കുന്നിടത്ത് ഒച്ചപ്പാടും ബഹളവും കച്ചറയും ആരെങ്കിലും ആഗ്രഹിക്കുമോ ?

ഗായികയുമായുള്ള സംവാദം അവസാനിച്ചതോടെ അത്തരം സംശയങ്ങൾക്കെല്ലാം മറുപടി കിട്ടിയിരുന്നു. അവരിപ്പോൾ ഓട്ടിസം ബാധിച്ച കുട്ടികൾക്കും സംഗീതമെന്തെന്ന് അൽ‌പ്പം പോലും അറിയാത്ത ഗ്രാമവാസികളായ ധാരാളം കുട്ടികൾക്കും, അവരുടെ തട്ടകത്തിൽ ചെന്ന് തികച്ചും വ്യത്യസ്തമായ രീതിയിൽ സംഗീതം പഠിപ്പിക്കുന്നു. സംഗീതം കവിത രൂപത്തിൽ കുട്ടികളിൽ നിന്ന് വെളിയിലെത്തിക്കുന്നു. ‘നിലാ വാ’ എന്ന് വെറുതെ പാടിക്കുന്നതിന് പകരം ‘നിലാ’ എന്താണെന്ന് സ്വന്തമായി എഴുതാൻ കുട്ടികളോട് ആവശ്യപ്പെട്ടപ്പോൾ അവരിലൊരാൾ എഴുതിയത്. ‘നിലാ എൻ അമ്മാവുടെ പൊട്ട്’ എന്നാണ്. എത്ര മനോഹരമാണ് ആ ഭാവനയെന്ന് നോക്കൂ.

കുട്ടികൾക്ക് വേണ്ടിയുള്ള ഈ പ്രവർത്തനങ്ങളെ മാദ്ധ്യമങ്ങളും പൊതുസമൂഹവും പ്രകീർത്തിക്കുന്നുണ്ട്. പക്ഷേ, താനത് ചെയ്യുന്നത് ആത്മസംതൃപ്തിയ്ക്ക് വേണ്ടി മാത്രമാണെന്ന് ഗായിക പറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ ഒരു കാരണവുമില്ല. വിശ്വസിക്കാൻ കാരണങ്ങൾ ഉണ്ട് താനും. ഹാളിൽ ശബ്ദമുണ്ടാക്കിയ പയ്യനെ അവന്റെ അമ്മ വെളിയിലേക്ക് കൊണ്ടുപോയത് ഗായികയ്ക്ക് സത്യത്തിൽ വിഷമമാണുണ്ടാക്കിയതെന്ന് എനിക്കൽ‌പ്പം പോലും സംശയമില്ല.

ചിലർ സംഗീതം മാത്രം പൊഴിക്കുമ്പോൾ ചിലർ സംഗീതത്തിലൂടെ സ്നേഹവും കരുതലും എമ്പാടും പടർത്തുന്നു. ഒരുപാട് ഗാനങ്ങളിലൂടെ ഞാനിഷ്ടപ്പെട്ടിരുന്ന ബോംബെ ജയശ്രീ അല്ല ഇന്നലെ മുതൽ അവരെനിക്ക്. ഒരു മനുഷ്യസ്നേഹി കൂടെയായ അവരോടുള്ള അരാധനയും സ്നേഹവും പതിന്മടങ്ങാണിപ്പോൾ. കൃതി 2019ൽ കേൾക്കാനായതിൽ മനസ്സിൽത്തട്ടിയ സെഷൻ ആരുടേതെന്ന് ചോദിച്ചാൽ ബോംബെ ജയശ്രീയുടേത് എന്നല്ലാതെ മറ്റൊരുത്തരം എനിക്കില്ല.

വാൽക്കഷണം:- ‘നിലാ വാ’ എന്ന് ഞാനുൾപ്പെട്ട സദസ്സിനെക്കൊണ്ടും സങ്കോചങ്ങളേതുമില്ലാതെ ഗായിക പാടിപ്പിച്ചു. അവർക്കൊപ്പം ഒരു ഫോട്ടോ ഞാനുമെടുത്തു. ആനന്ദലബ്ദ്ധിക്കിനി എന്തുവേണം.

.