Monthly Archives: August 2016

സുഭാഷ് ഒരു മാതൃക


111

സുഭാഷിനെ ഞാൻ പരിചയപ്പെട്ടത് കഴിഞ്ഞയാഴ്ച്ച കോഴിക്കോട് Brevets 200 (200 കിലോമീറ്റർ സൈക്കിളിങ്ങ് ഇവന്റ്) ചെയ്യാൻ പോയപ്പോളാണ്. കക്ഷി ഒരു കോസ്റ്റ്യൂം ഡിസൈനറാണ്. മമ്മൂട്ടി മോഹൻ‌ലാൽ എന്നിവർക്കടക്കം മലയാളത്തിലെ പല പ്രമുഖ താരങ്ങൾക്ക് വേണ്ടിയും വേഷങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ചില മലയാ‍ളം സീരിയലുകളിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുമുണ്ട്. അദ്ദേഹത്തിന് പക്ഷേ ഇടതുകൈ ഇല്ല. ഒരു വാഹനാപകടത്തിലാണ് സുഭാഷിന് കൈ നഷ്ടപ്പെട്ടത്.

ഈ മനുഷ്യനെങ്ങനെ കയറ്റിറക്കങ്ങളുള്ള കോഴിക്കോട്-നിലമ്പൂർ-കോഴിക്കോട് റൂട്ടിൽ 200 കിലോമീറ്റർ സൈക്കിൾ ചവിട്ടിക്കയറ്റുമെന്ന് ഞാൻ ശരിക്കും അമ്പരന്നു. പക്ഷേ, കക്ഷിക്കൊരു കൂസലുമില്ല. തുടക്കത്തിൽ റൂട്ട് സംശയമുണ്ടായിരുന്ന എന്നെയും അജുവിനേയും Aju Chirakkal സഹായിച്ചത് സുഭാഷാണ്.

വൈകീട്ട് ഞങ്ങൾ 200 കിലോമീറ്റർ ഫിനിഷ് ചെയ്തപ്പോൾ സുഭാഷ് ഫിനിഷിങ്ങ് പോയന്റിലുണ്ട്. പക്ഷെ സുഭാഷ് റൈഡ് മുഴുവനാക്കിയിട്ടില്ല എന്നെനിക്കറിയാമായിരുന്നു. കാരണം, വഴിയിലെങ്ങും ഒരിക്കൽ‌പ്പോലും ഞങ്ങളദ്ദേഹത്തെ കണ്ടിരുന്നില്ല്ല. നേരിട്ട് ചോദിച്ചപ്പോളാണ് കാര്യങ്ങൾ വ്യക്തമായത്. മൂന്ന് ചെക്ക് പോയന്റുകളിലൂടെ സമയാനുസൃതമായി സുഭാഷ് കടന്നുപോയി. എന്നുവെച്ചാൽ 60 കിലോമീറ്ററിൽ അധികം ദൂരം. (അത് അദ്ദേഹത്തിന്റെ Brevets Cards സീൽ ചെയ്തിട്ടുമുണ്ട്.) പെട്ടെന്ന് സൈക്കിളിന്റെ ബ്രേക്ക് പോയി. ഒരു ബസ്സ് സ്റ്റോപ്പിൽ ഇടിച്ചാണ് സൈക്കിൾ നിർത്തിയത്. അവിടന്ന് ഇവന്റ് ഉപേക്ഷിക്കുകയും കാലുപയോഗിച്ച് ടയറിൽ ബ്രേക്ക് കൊടുത്ത് തിരികെയെത്തുകയും ചെയ്തു.

ഇടത് കൈ ഇല്ലാത്തതുകൊണ്ട് പിന്നിലെ ബ്രേക്ക് പിടിക്കാൻ അദ്ദേഹത്തിനാകില്ല. മുന്നിലെ ബ്രേക്ക് മാത്രം പിടിച്ചാണ് ഇത്രയും ദൂരം സുഭാഷ് സഞ്ചരിച്ചത്. ഒരു കൈകൊണ്ട് തന്നെ രണ്ട് ബ്രേക്കും പിടിക്കാനാവുന്ന തരത്തിൽ പ്രത്യേകമായി സൈക്കിൾ ഡിസൈൻ ചെയ്തെടുക്കാനായിരുന്നെങ്കിൽ സുഭാഷ് 200 കിലോമീറ്ററും ചവിട്ടിയെത്തുമായിരുന്നു എന്നുതന്നെയാ‍ണ് എന്റെ വിശ്വാസം. അങ്ങനൊരു ആത്മവിശ്വാസം അദ്ദേഹത്തോട് സംസാരിക്കുമ്പോൾ മനസ്സിലാക്കാനാവുന്നുമുണ്ട്.

സത്യത്തിൽ നമ്മളൊക്കെ രണ്ട് കൈയ്യും രണ്ട് കാലുമുള്ള വെറും വേതാളങ്ങൾ മാത്രമാണ്. സുഭാ‍ഷിനെപ്പോലുള്ളവരാണ് ശരിക്കുള്ള താരങ്ങൾ.