Monthly Archives: July 2018

മോട്ടോർ വാഹന വകുപ്പിന്റെ അറിവിലേക്ക്.


77

ടൂറിസ്റ്റ് ബസ്സുകളെ ഡാൻസ് ക്ലബ്ബുകളാക്കുന്ന 41 വാഹനങ്ങളെ പിടികൂടിയിരിക്കുന്ന മോട്ടോർ വാഹന വകുപ്പ്. നല്ല കാര്യം തന്നെ. പക്ഷെ, ഇതുപോലെ നല്ല കാര്യങ്ങൾ ഇനിയുമെത്രയോ ചെയ്യാനാകും വകുപ്പിന്. അങ്ങനെ എത്രയോ അപകടങ്ങൾ ഇനിയും ഒഴിവാക്കാം. അറിയില്ലെന്നുണ്ടെങ്കിൽ അക്കമിട്ട് പറഞ്ഞുതരാം.

1. നമ്പർ പ്ലേറ്റുകൾ ആർക്കും വായിക്കാൻ പോലും പറ്റാത്ത തരത്തിൽ തോന്നിയ പോലെ എഴുതുന്നവരെ പിടിക്കാം. നമ്പർ പ്ലേറ്റിലെ ഫോണ്ടും സൈസും ഏകീകരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇത്.

2. യഥാർത്ഥ സൈലൻസറുകൾ ഇളക്കിമാറ്റി ചെകിടടപ്പിക്കുന്നതും നെഞ്ച് തകർന്ന് പോകുന്നതുമായ രീതിയിൽ ശബ്ദമുണ്ടാക്കുന്ന ഇരുചക്രവാഹനങ്ങളേയും നാല് ചക്രവാഹനങ്ങളേയും പിടിക്കാം.

3. അനുവദനീയമല്ലാത്ത തരത്തിലുള്ള പ്രകാശമുള്ള ഹെഡ് ലൈറ്റ് ബൾബുകൾ പിടിപ്പിച്ചിട്ടുള്ള വാഹനങ്ങളെ പിടികൂടാം.

4. ടെസ്റ്റ് കഴിഞ്ഞ് വന്നാലുടനെ ബാറ്ററി ലാഭിക്കാനായി ബ്രേക്ക് ലൈറ്റുകൾ ഊരിയിടുന്ന പബ്ലിക്ക് ട്രാൻസ്പോർട്ട് വാഹനങ്ങളേയും ബ്രേക്ക് ലൈറ്റ് കത്താത്ത മറ്റെല്ലാ വാഹനങ്ങളേയും പിടികൂടാം.

5. ബ്രേക്ക് ലൈറ്റ് കത്തുന്നതിനോടൊപ്പം, പിന്നിലുള്ള വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണടിച്ചുപോകുന്ന തരത്തിലുള്ള അതിശക്തമായ പ്രകാശത്തോടെ കത്തുന്ന എക്ട്രാ ലൈറ്റുകൾ പിടിപ്പിച്ച വാഹനങ്ങളെ പിടികൂടാം.

6. ഒറ്റ ഹെഡ് ലൈറ്റ് മാത്രം കത്തിച്ച് വരുന്ന വാഹനങ്ങളെ പിടികൂടാം.

7. ട്രാഫിക്ക് ബ്ലോക്ക് സമയത്ത് ഫുട്ട്പാത്തിലൂടെ ഓടിക്കയറുന്ന ഇരുചക്രവാഹനങ്ങളേയും ഓട്ടോ റിക്ഷകളേയും പിടികൂടാം.

8. വൺ‌വേ ട്രാഫിക്കായാലും ടൂ വേ ട്രാഫിക്കായാലും ഇടതുവശം ചേർന്ന് എതിരെ വരുന്ന വാഹനങ്ങളാണ് ട്രാഫിക്ക് നിയമലംഘനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അവരെ പിടികൂടാൻ ഇനി പ്രത്യേക നിയമം കൊണ്ടുവരണമെന്നുണ്ടോ ?

9. നിശ്ചിത ഡെസിബെൽ അളവിൽ കൂടുതൽ ശബ്ദമുള്ള ഹോണുകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമെങ്കിലും ഇത്തരം ഹോണുകളാണ് മിക്കവാറും വാഹനങ്ങളിൽ. ഇത് പിടികൂടാം.

10. നമ്പർ പ്ലേറ്റ് മറക്കുന്ന രീതിയിൽ ഗ്രില്ലും മറ്റ് തടസ്സങ്ങളുമൊക്കെ വെച്ച് പോകുന്ന നിരവധി ഹെവി വാഹനങ്ങൾ നിരത്തിൽ കാണാം. അതിന് പിഴയടിക്കാം.

ഇനി പറയാനുള്ളത് വല്ലപ്പോഴും മാത്രം നടത്തുന്നതും വകുപ്പിന്റെ സൌകര്യത്തിനനുസരിച്ച് മാത്രം നടത്തുന്നതുമായ ട്രാഫിക്ക് നിയമലംഘനങ്ങളാണ്.

1. നോ പാർക്കിങ്ങിൽ കിടക്കുന്നവരെ പിടിക്കുന്ന കൂട്ടത്തിൽ എന്തുകൊണ്ട് ഹൈക്കോടതിക്ക് മുന്നിലെ നോ പാർക്കിങ്ങ് ഏരിയയിലെ നിയമലംഘങ്ങൾ പിടിക്കുന്നില്ല ? എല്ലാ നോ പാർക്കിങ്ങുകളും ഒരുപോലെ പരിശോധിച്ച് പിഴയടപ്പിക്കുന്നുണ്ടോ സംസ്ഥാനത്ത് ?

2. സ്വകാര്യ ബസ്സുകളുടെ സ്പീഡ് ഗവേർണർ മാസത്തിലൊരിക്കലെങ്കിലും പിടിക്കാറുണ്ടോ ? കൊല്ലത്തിൽ ഒരിക്കൽ പിടിച്ചിട്ടെന്ത് കാര്യം ?

3. മദ്യപിച്ച് സ്ക്കൂൾ ബസ്സോടിച്ചതിന് എത്രയോ ഡ്രൈവേർസിനെ പിടികൂടിയതായി വാർത്തകൾ കണ്ടിട്ടുണ്ട്. അത് കൊല്ലത്തിൽ ഒരിക്കൽ മാത്രമാക്കുന്നതെന്തിന് ? ബസ്സ് ഡ്രൈവർമാർ ആരുമിപ്പോൾ മദ്യപിച്ച് സ്ക്കൂൾ ബസ്സ് ഓടിക്കാറില്ല എന്നാണോ ?

4. ഹെൽമറ്റ് വെക്കാത്തവരെ പിടിക്കുന്ന പരിപാടി നിർത്തിയോ ? റോഡിൽ നിറയെ കാണാമല്ലോ ഹെൽമറ്റ് വെക്കാത്ത ഇരുചക്രക്കാരെ ?

5. സീറ്റ് ബെൽറ്റ് ഇടാത്തവരെ പിടികൂടുന്നതും പതിവായി കാണാറില്ലല്ലോ ?

6. മദ്യപിച്ച് വാഹനമോടിക്കുന്നവരെ രാത്രിയുടെ അന്ത്യയാമങ്ങളുലും വെളുപ്പാൻ കാലത്തും മാത്രമേ പിടിക്കൂ എന്നാണോ ? നട്ടുച്ചയ്ക്കൊന്ന് പരിശോധന നടത്താമോ ? കേരളത്തിലെ റോഡുകൾ കാലിയായിപ്പോകും. അത്രയ്ക്കധികം വിറ്റഴിക്കുന്ന ഒരു സാധനത്തിന്റെ കാര്യമായതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്.

ഇപ്പോൾ 41 ഡിസ്ക്കോ ടൂറിസ്റ്റ് വാഹനങ്ങളെ പിടിച്ചെങ്കിലും 4000 ന് മേലെ വാഹനങ്ങൾ ഈ ജില്ലയിൽ മാത്രം ഇതേ പരിപാടിയുമായി നടക്കുന്നുണ്ടാകും. അവരൊക്കെ ഇത് കേട്ടപാടെ ഓടിപ്പോയി വാഹനം പഴയത് പോലെ ആക്കുമെന്ന് കരുതുന്നുണ്ടോ ?

സത്യത്തിൽ ഗതാഗത നിയമലംഘനം നടത്തുന്നവരെ മാത്രം പിടികൂടിയാൽ ബിവറേജസിനോളം വരില്ലെങ്കിലും രണ്ടാം സ്ഥാനത്തെങ്കിലും നിൽക്കുന്ന വരുമാനം സർക്കാരിനുണ്ടാക്കാം. നിരന്തരമായ പരിശോധനയും പിഴയീടാക്കലും ഉണ്ടായാൽ മാത്രമേ ഇന്നാട്ടിൽ ഏത് നിയമവും പാലിക്കപ്പെടൂ. വല്ലപ്പോഴുമൊക്കെ കടത്ത് കഴിക്കാൻ വേണ്ടി മാത്രം ചെയ്യുന്ന പരിപാടികളെ ആർക്ക് പേടിയുണ്ടാകുമെന്നാണ്? നിയമം നടപ്പിലാക്കുന്നതിനപ്പുറം പൊലീസുകാർക്ക് ചില്ലറ തടയാനുള്ള ഏർപ്പാടായി അധഃപതിച്ചാലും ഇതുകൊണ്ടൊന്നും ശാശ്വതമായ ഒരു ഗുണവുമുണ്ടാകാൻ പോകുന്നില്ല.

വാൽക്കഷണം:- മദ്യപിച്ച് വാഹനമോടിച്ചവരെ പിടിച്ചാൽ ഊരാൻ ബുദ്ധിമുട്ടാണെന്നാണ് ഇതുവരെ കേട്ടിരുന്നത്. ഊതാനുള്ള മെഷീൻ അകത്തേക്ക് നീട്ടുമ്പോൾ, പിങ്ക് നിറമുള്ള ഗാന്ധിത്തല ഒരെണ്ണം കാക്കിക്കൈയ്യിൽ വെച്ചുകൊടുത്താൽ ആ പ്രശ്നവും തീർക്കാമെന്നാണ് ഇപ്പോൾ കേൾക്കുന്ന കരക്കമ്പി.