മൌണ്ട് അബു


സൂപ്പര്‍ ഹിറ്റായിരുന്ന, അമീര്‍ഖാന്റെ ” ഖയാമത്ത്‌ സെ ഖയാമത്ത്‌ തക്‌ ” എന്ന ഹിന്ദി സിനിമയിലാണ്‌ “മൌണ്ട്‌ അബു”വിനെപ്പറ്റി ആദ്യമായി കേള്‍ക്കുന്നതും, കാണുന്നതും. ചിത്രത്തിലെ ക്ലൈമാക്സ്‌ അടക്കമുള്ള പ്രധാനഭാഗങ്ങള്‍ അവിടെയാണ്‌ സംഭവിക്കുന്നത്‌.
രാജസ്ഥാനിലെ ഒരു ഹില്ല്‌ സ്റ്റേഷനായ മൌണ്ട്‌ അബു, ഗുജറാത്തു്‌, ഡല്‍ഹി, തുടങ്ങിയ അയല്‍സംസ്ഥാനക്കാരുടെയും ഒരു പ്രധാന ടൂറിസ്റ്റ്‌ കേന്ത്രമാണു്‌. രാജഭരണകാലത്ത്‌ രാജാക്കന്മാരുടെ ഒരു പ്രധാന വേനല്‍ക്കാല സങ്കേതമായിരുന്നു മൌണ്ട്‌ അബു.

2003-ല്‍ അപ്രതീക്ഷിതമായി മൌണ്ട്‌ അബുവില്‍ പോകാനൊരു അവസരം കിട്ടി.
“കേയ്‌ന്‍ എനര്‍ജി “എന്ന വിദേശകമ്പനിയുടെ എണ്ണപര്യവേഷണം നടക്കുന്ന, രാജസ്ഥാനിലെ മരുഭൂമിയില്‍ ജോലിസംബന്ധമായി പോകേണ്ടിവന്നപ്പോളാണ്‌ അതുണ്ടായത്‌‌.

മരുഭൂമിയിലെ ജോലി ആരംഭിക്കാന്‍ കുറച്ചു താമസമുണ്ടായിരുന്നതുകൊണ്ട്, ആദ്യത്തെ ഒരാഴ്ച ജോധ്‌പൂറിലെ ഹെറിറ്റേജ്‌ ഹോട്ടലായ ശ്രീരാം ഇന്‍ടര്‍നാഷണലിലായിരുന്നു താമസം. പകല്‍ മുഴുവന്‍ പ്രത്യേകിച്ച്‌ പണിയൊന്നുമില്ല. രാത്രി പിന്നെന്താ പണി? ഉറക്കം തന്നെ!!

എന്റെ കൂടെ സഹപ്രവര്‍ത്തകരായ, കലൂര്‍ക്കാരന്‍ ജോസഫ്‌ സൈമണ്‍, കോയമ്പത്തൂരുകാരനായ വേലു, റെയ്‌ഗണ്‍ എന്ന്‌ ചെല്ലപ്പേരുള്ള തിരോന്തരത്തുകാരന്‍ രാജന്‍, മദ്രാസുകാരന്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവരുമുണ്ട്‌. രണ്ടു ദിവസം കൊണ്ട്‌ ജോധ്പൂര്‍ കോട്ടയും, കൊട്ടാരവുമൊക്കെ കറങ്ങിക്കണ്ടു. അടുത്തതെങ്ങോട്ടെന്ന്‌ പിടികിട്ടാതെ നില്‍ക്കുമ്പോളാണ്‌, രാജസ്ഥാന്‍കാരനായ ഡ്രൈവര്‍ ശിവരത്തിനം, മൌണ്ട്‌ അബുവിനെപ്പറ്റി പറഞ്ഞത്‌. നാലുമണിക്കൂറെങ്കിലും യാത്രയുണ്ട്‌. ആദ്യം ഒന്നു മടിഞ്ഞെങ്കിലും പിന്നെ പോകാന്‍ തന്നെ തീരുമാനിച്ചു.

മൌണ്ട്‌ അബു എത്താനായപ്പോളേക്കും, മറ്റ്‌ ടൂറിസ്റ്റുകളുടെ വാഹനങ്ങള്‍ ഒരുപാട്‌ കണ്ടുതുടങ്ങി. മിക്കവാറും എല്ലാം ഗുജറാത്തില്‍നിന്നാണ്‌. ദൂരെനിന്നുതന്നെ മൌണ്ട്‌ അബു കാണാം. മുകളിലേക്ക്‌ വാഹനങ്ങള്‍ കയറിപ്പോകുന്നതും, ഇറങ്ങിവരുന്നതും എല്ലാം വളരെ വ്യക്തമായിക്കാണുന്നതിന്‌ കാരണമുണ്ട്‌. കാഴ്ച മറയ്ക്കാന്‍, ഈ കുന്നിലൊരിടത്തും കാര്യമായിട്ട്‌ മരങ്ങളോ പച്ചപ്പോ ഇല്ല.

കുറേ ഹിന്ദു, ജൈന്‍ ക്ഷേത്രങ്ങളും ‘നക്കി’ എന്ന ഒരു തടാകവുമാണ് ഇവിടത്തെ പ്രധാന കാഴ്ച്ചകള്‍ എന്ന് മുന്നേതന്നെ കേട്ടിട്ടുണ്ട്.

20 മിനിട്ടുകൊണ്ട്‌ 1220 മീറ്റര്‍ കിളരമുള്ള മൌണ്ട് അബുവിന്റെ മുകളിലെത്തി. ഒരു റൌണ്ട് ചുറ്റിനടന്നപ്പോളേക്കും ഞങ്ങള്‍ക്കെല്ലാവര്‍ക്കും മതിയായി. എല്ലായിടത്തും ടൂറിസ്റ്റുകളുടെ ബഹളം തന്നെ. നിന്ന് തിരിയാനോ വാഹനം പാര്‍ക്ക് ചെയ്യാനോ സ്ഥലമില്ല. കാര്യമായിട്ടൊരു സീനറിയുമില്ല. നമ്മുടെ ഊട്ടിയുടേയും, കൊടൈക്കനാലിന്റേയുമൊന്നും ഏഴയലത്തുപോലും വെക്കാന്‍ കൊള്ളാത്ത ഒരു ചെറിയ മൊട്ടക്കുന്ന്‌. ഒറ്റ വാചകത്തിലങ്ങിനെ വിശേഷിപ്പിക്കാം. താഴെയുള്ളതുപോലെതന്നെ ചൂട് മുകളിലുമുണ്ട്. തണുപ്പൊന്നുമില്ലാതെ എന്തോന്ന് ഹില്‍ സ്‌റ്റേഷന്‍ ?

അവിടത്തെ സൂര്യാസ്തമനം വളരെ ഭംഗിയുള്ളതാണെന്നു കേട്ടിട്ടുണ്ട്‌. എങ്കിപ്പിന്നെ അതുകാണാമെന്നുപറഞ്ഞ്‌ സണ്‍സെറ്റ്‌ പോയന്റില്‍ പോയി തിക്കിത്തിരക്കി നിന്നു. ആകാശം ” രോമാവൃതമായതു” കാരണം ആ കാഴ്ച്ച കാണലും നടന്നില്ല.

ഒരു ദിവസം അവിടെത്തങ്ങാമെന്നു പദ്ധതിയുമിട്ട്‌, സാധനസാമഗ്രികളും പൊതികെട്ടിയിറങ്ങിയ ഞങ്ങള്‍, മൂന്നുമണിക്കൂറിനകം കുന്നിറങ്ങി. ഇക്കണ്ട സഞ്ചാരികളുമുഴുവനും എന്തുകാണാനാണ്‌ അവിടെപ്പോകുന്നതെന്നാലോചിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. അവര്‍ക്കാഭാഗത്ത്‌ ആകെക്കൂടെയുള്ള ഒരു ഹില്‍ സ്റ്റേഷന്‍ അതുമാത്രമാണ്‌. അവരതുവച്ചു്‌, ഉള്ളതുകൊണ്ട്‌ ഓണം എന്നപോലെ ആഘോഷിക്കുന്നു. അത്രതന്നെ.

ഡ്രൈവര്‍ ശിവരത്തിനത്തിന്റെ കാര്യമായിരുന്നു‌ കഷ്ടം. ഉടനെതന്നെ വണ്ടി തിരിച്ചോടിക്കേണ്ടിവരുമെന്ന്‌ ഇഷ്ടന്‍ സ്വപ്നത്തില്‍പ്പോലും കരുതിക്കാണില്ല.

Comments

comments

10 thoughts on “ മൌണ്ട് അബു

 1. നമ്മള്‍ മലയാളികള്‍ ദൈവത്തിന്റെ സ്വന്തം നാട്ടുകാരാണെന്നു മനസ്സിലാക്കുന്നത് പലപ്പോഴും ഇങ്ങനെയ്യാ

  ഇവിടെ തായ് ലാന്റില്‍ നിറയെ ബീച്ച് ഉണ്ട്, പക്ഷെ മര്യാദക്കു നോക്കി നടത്തിയാല്‍ നമ്മുടെ ബീച്ചുകളുടെ 7 അയലത്ത് വരില്ല

 2. മൌണ്ട് അബു എന്നു കേട്ട് ചാടി പുറപ്പെടെണ്ടായെന്നു മനസ്സിലായി.
  എന്തായാലും നിരക്ഷരനു പറ്റിയ അബദ്ധം ഇതു വായിക്കുന്ന ആര്‍ക്കും പറ്റില്ലല്ലോ :)
  നന്നായി.

 3. നിരക്ഷരനൊട് ഞാനും യോജിക്കുന്നു….ഒരിക്കല്‍ ഇതുപൊലെ രാജസ്താനിലെ ബാട്മിറില്‍ നിന്നും ഗുജറാത്തിലെ ബറൊഡക്കു പൊകുമ്പൊള്‍ വളരെ പ്രതീക്ഷയോടെ പൊയതാണു മൌണ്ട് അബു കാണാന്‍ പക്ഷെ അവിടെ ചെന്ന് ഒരു മൊട്ട കുന്നു കണ്ടപ്പൊള്‍ വല്ലാതെ നിരാശനായി.പിന്നെ ഹില്‍ സ്റ്റേഷന്‍ എന്ന് പറയാനുള്ള തണുപ്പുമില്ല.വെറുതെ വയനാടന്‍ ചുരം കേറുന്ന പൊലെ കുറെ ഹെയര്‍ പിന്‍ വളവു കയറിയതു മിച്ചം.

 4. അതെങ്കില്‍ അത്….ഉള്ളതായി
  ഇതെങ്കില്‍ ഇതു…വായിക്കാന്‍ ആയി :)

 5. ഇവിടെ അല്‍ ഐനിലെ ജബല്‍ ഹഫീയില്‍ ഒരിക്കല്‍ പോയിരുന്നു. ജബല്‍‌ഹഫീ ലക്ഷ്യം വച്ചു പോയതൊന്നുമല്ലായിരുന്നു. അല്‍ ഐനില്‍ ഒരു സുഹൃത്തിനെ കാണണം. എന്നാല്‍ പിന്നെ ഈ മലയും കൂടെ കണ്ടിട്ടുവന്നേക്കാം എന്നു കരുതി.

  തിരിച്ച് മലയിറങ്ങുമ്പോള്‍ ഓര്‍ത്തു. നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടുതന്നെ.
  ജബല്‍ ഹഫീ അത്രമോശമായിട്ടൊന്നുമല്ല, പക്ഷേ എന്തോ ഒരു.. ഒരു… “സംഗതി” കിട്ടുന്നില്ല.

 6. ഗോപന്‍ – ആ ചിരിക്ക് നന്ദി.

  ഷാരൂ – നന്ദി.

  കുറ്റ്യാടിക്കാരാ – മനസ്സിലായില്ലേ ദൈവത്തിന്റെ സ്വന്തം നാടിന്റെ ഒരു ‘സംഗതി’ ? :)

  മൌണ്ട് അബു കാണാന്‍ വന്ന എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി.

Leave a Reply to Sul | സുല്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>