cadbury1

കാഡ്‌ബറി വേൾഡിലേക്ക്


യാത്രാവിവരണം മലയാളം ലൈഫ്‌ സ്റ്റൈൽ ഇ-മാഗസിനിൽ ആണ് ആദ്യം പ്രസിദ്ധീകരിച്ചത്. 3 ആഴ്ച്ചയ്ക്ക് ശേഷം കൂടുതൽ ചിത്രങ്ങളുമായി ഇവിടെയും പോസ്റ്റ് ചെയ്യുന്നു.

സ്വിസ്സര്‍ലാന്‍ഡിലേക്ക് 4 ദിവസം നീണ്ടുനിന്ന ഒരു യാത്രപോയപ്പോള്‍ മകള്‍ നേഹയെ കൂടെ കൊണ്ടുപോകാന്‍ പറ്റിയില്ല എന്നു മാത്രമല്ല അവിടുള്ള പ്രശസ്തമായ ഏതെങ്കിലും ഒരു ചോക്കളേറ്റ് ഫാൿറ്ററി സന്ദർശിക്കാനുമായില്ല എന്നതും സങ്കടമായി ബാക്കിനിന്നു.  അതിനുപകരമെന്ന നിലയ്ക്കാണ് നേഹയേയും കൂട്ടി കുട്ടികള്‍ക്കൊക്കെ ഇഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ള ചോക്കളേറ്റുകളുടെ രാജാവായ കാഡ്‌ബറിയുടെ ലോകത്തേക്കുള്ള (ഇംഗ്‌ളണ്ടിലെ ബര്‍മ്മിങ്ങ്‌ഹാം) ഒരു യാത്ര പദ്ധതിയിട്ടത്.

കാഡ്‌ബറിയുടെ ഫാക്‍ടറിയാണ് 1990 മുതല്‍ കാഡ്‌ബറി വേള്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഫാക്‍ടറി സന്ദര്‍ശനത്തിനൊപ്പം, ചോക്കളേറ്റിന്റെ ചരിത്രവും , ആ വ്യവസായത്തിന്റെ ഉത്ഭവവും രഹസ്യങ്ങളുമൊക്കെ അനാവരണം ചെയ്തുകൊണ്ട് കൊല്ലാകൊല്ലം 5 ലക്ഷത്തിലധികം പേരെ ആകര്‍ഷിക്കുന്ന സ്ഥാപനമായിട്ടാണ് ഇത് ബര്‍മ്മിങ്ങ്ഹാമില്‍ നിലകൊള്ളുന്നത്.

പീറ്റര്‍ബറോയിലെ(യു.കെ.) വാടകവീട്ടില്‍ നിന്ന് കാഡ്‌ബറി വേള്‍ഡ് വരെയുള്ള ദൂരമത്രയും റോഡ് മാർഗ്ഗം കാറിലായിരുന്നു യാത്ര. ഈ കാലഘട്ടത്തില്‍ എനിക്ക് യു.കെ. ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാതിരുന്നതുകൊണ്ട് ഇക്കണ്ട ദൂരമത്രയും സ്റ്റിയറിങ്ങ് പിടിച്ചിരുന്നത് മുഴങ്ങോടിക്കാരി നല്ലപാതി തന്നെയായിരുന്നു. ബര്‍മ്മിങ്ങ്ഹാമിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുന്നത് കാറിലുള്ള സാലലൈറ്റ് ആധാരമാക്കി പ്രവര്‍ത്തിക്കുന്ന നേവിഗേറ്റർ സംവിധാനമാണ്.

72 മൈല്‍ ദൂരം ഒന്നര മണിക്കൂര്‍ സമയം കൊണ്ട് താണ്ടി ബര്‍മിങ്ങ്ഹാം പട്ടണത്തിലേക്ക് കടന്ന് അധികം മുന്നോട്ട് നീങ്ങുന്നതിന് മുന്നേ കാഡ്‌ബറി വേള്‍ഡിന്റെ സാമാന്യം വലിയൊരു ബോര്‍ഡ് കാൺ‌മാനായി.

കാഡ്‌ബറിയുടെ ലോകത്തേക്ക് സ്വാഗതം

വാഹനം കാഡ്‌ബറി കെട്ടിടത്തിന്റെ കോംബൌണ്ടിനകത്തുള്ള പാര്‍ക്കിങ്ങ് ഇടങ്ങളിലൊന്നില്‍ ഇട്ട്  വെളിയിലിറങ്ങിയപ്പോഴേക്കും നേഹയ്ക്ക് അകത്തെ കാഴ്ച്ചകള്‍ കാണാന്‍ തിടുക്കമായി. ഇന്റര്‍നെറ്റ് വഴി നേരത്തേ തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് പണം കൊടുത്ത് ടിക്കറ്റ് കൈപ്പറ്റാന്‍ പ്രത്യേകം ക്യൂ ഉണ്ട്. സ്ഥലത്തു ചെന്ന് ടിക്കടെടുക്കണമെങ്കില്‍ അല്‍പ്പം നീളമുള്ള ക്യൂവില്‍ നില്‍ക്കണമെന്നതാണ് അവസ്ഥ.

അവധി ദിവസമായതുകൊണ്ട് സന്ദര്‍ശകരില്‍ ഏറിയപങ്കും മിട്ടായിക്കൊതിയന്മാരും കൊതിച്ചികളുമായ കൊച്ചുകുട്ടികള്‍ തന്നെയായിരുന്നു. പെട്ടെന്നുതന്നെ അകത്തുള്ള മിഠായിയുടെ ലോകത്തേക്ക് കടക്കാന്‍ എല്ലാവര്‍ക്കും തിടുക്കമുള്ളതുപോലെ. ക്യൂവിന് തൊട്ടുമുന്നില്‍ കാണുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കാഡ്‌ബറി ഷോപ്പ് ആണ്. ഫാൿറ്ററിയിലെ കാഴ്ച്ചകള്‍ കണ്ടിറങ്ങിയിട്ട് ഷോ റൂമിലേക്ക് കടക്കാമെന്ന് തീരുമാനിച്ച് അകത്തേക്ക് കടക്കാനുള്ള ക്യൂവില്‍ ഞങ്ങള്‍ ഇടം പിടിച്ചു.

അകത്തേക്കുള്ള ക്യൂ, ഏറ്റവും വലിയ കാഡ്‌ബറി ഷോപ്പും.

തൊട്ടുമുന്നേ അകത്തേക്ക് കയറിപ്പോയവര്‍ക്ക് മുന്നോട്ട് നീങ്ങാനുള്ള സമയം കൊടുത്തതിനുശേഷമാണ് പുറകിലുള്ള സന്ദര്‍ശകരെ അകത്തേക്കക്ക് കയറ്റി വിടുന്നത്. മിക്കവാറും കവാടങ്ങളില്‍ കൈ നിറയെ ചോക്കളേറ്റ് ബാറുകള്‍ തന്ന് സല്‍ക്കരിക്കുന്നുമുണ്ട്. അതിൽ പലതും സാധാരണയായി മാര്‍ക്കറ്റില്‍ നാം കാണാത്തയിനം കാഡ്‌ബറി മിഠായികളായിരുന്നു. കവാടത്തിൽ നിന്ന് കിട്ടിയ ചോക്കളേറ്റ് ബാറുകള്‍ പൊട്ടിച്ച് വായിലിട്ട് നുണഞ്ഞുകൊണ്ടുതന്നെ ഞങ്ങള്‍ അകത്തേക്ക് കടന്നു.

സൗജന്യമായി കിട്ടിയ ചോക്കളേറ്റുകൾ

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മെക്‍സിക്കന്‍ മഴക്കാടുകളില്‍ നിന്നുള്ള xhocolatl എന്ന പാനീയം ചോക്കളേറ്റ് എന്ന മിഠായിലേക്ക് പരിണമിച്ചതിന്റെ വഴികളും, വിപണിയിലെ വളര്‍ച്ചയും മുന്നേറ്റവുമൊക്കെ വിശദമാക്കിത്തരുന്നത് 14ല്‍പ്പരം വിവിധ വിഭാഗങ്ങളിലൂടെയാണ്. ഇതില്‍ പലയിടങ്ങളിലും ക്യാമറ ഉപയോഗിക്കാന്‍ പറ്റില്ല എന്നുള്ളത് അല്‍പ്പം നിരാശജനകമായ ഒരു കാര്യമായിരുന്നു.

മിഠായിയുടെ ലോകത്തേക്ക് അതിന്റെ കഥ കേള്‍ക്കാന്‍ ഒരു കുട്ടിയുടെ മനസ്സോടെയാണ് പോയതെങ്കിലും കാഡ്‌ബറി മിഠായിയുടെ ചരിത്രം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അത് കുട്ടികളേക്കാള്‍ വലിയവര്‍ക്ക് തന്നെ കൌതുകം ജനിപ്പിക്കുന്ന കാര്യമായി അനുഭവപ്പെട്ടു

Aztec Jungle എന്ന ആദ്യത്തെ വിഭാഗത്തില്‍ സൂര്യപ്രകാശം വീഴാത്ത കാട്ടിലെന്നപോലെ നല്ല ഇരുട്ടാണ്. കണ്ണുകള്‍ പതുക്കെ അതിനകത്തെ മങ്ങിയ വെളിച്ചവുമായി താദാത്മ്യം പ്രാപിച്ചുകഴിയുമ്പോഴേക്കും 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെക്‍സിക്കോയില്‍ Aztec മഴക്കാടുകളില്‍ ജീവിച്ചിരുന്ന Mayan Indians ന്റെ ലോകത്താണ് എത്തിപ്പെടുന്നത്. കോക്കോ മരങ്ങള്‍ അവരുടെ സംസ്ക്കാരത്തിന്റെ നെടും തൂണുകളായിരുന്നു. കൊക്കോ ബീന്‍സില്‍ നിന്നുണ്ടാക്കുന്ന xhocolatl എന്ന പാനീയമായിരുന്നു Aztec ചക്രവര്‍ത്തിയായ Montezuma യുടെ ഇഷ്ടപാനീയം. ഇക്കാലത്ത് ലഭിക്കുന്ന ചോക്കളേറ്റ് ഡ്രിങ്കിന്റെ മധുരം അന്നത്തെ ഈ രാജപാനീയത്തിനുണ്ടെന്ന് കരുതുന്നെങ്കില്‍ തെറ്റി. ചുട്ടെടുത്ത് അരച്ച് പൊടിച്ച കൊക്കോ ബീന്‍സില്‍ മുളകും തേനും മറ്റ് സുഗന്ധദ്രവ്യങ്ങളുമൊക്കെ കലക്കിയുണ്ടാക്കുന്ന പാനീയത്തിനെ കയ്പ്പ് വെള്ളം എന്നവര്‍ വിളിച്ചിരുന്നത് അതിന്റെ രുചിയും കയ്പ്പായിരുന്നതുകൊണ്ടുതന്നെ ആകണമല്ലോ ! ദുര്‍മ്മേദസ്സിനെ ചെറുക്കുന്നതിനോടൊപ്പം ഇതൊരു ലൈംഗീക ഉത്തേജക പാനീയമായിരുന്നു(Aphrodisiac) എന്നും കരുതിപ്പോന്നിരുന്നു.

Mayan ഇന്ത്യൻ ഗോത്രവർഗ്ഗത്തിലൂടെ.

മാഡം ടുസോട്ട് മ്യൂസിയത്തിലെ മെഴുകുപ്രതിമകളുടെ അത്രയ്ക്ക് പൂര്‍ണ്ണതയുള്ളതല്ലെങ്കിലും Mayan ഇന്ത്യന്‍സിന്റെ പ്രതിമകള്‍ ആ കാടിനകത്തൊക്കെ പലയിടത്തും കാണാം. ആദ്യകാലങ്ങളില്‍ കാട്ടിലുള്ള കൊക്കോ മരങ്ങളില്‍ നിന്ന് ബീന്‍സ് എടുക്കുമായിരുന്ന കാട്ടുവര്‍ഗ്ഗക്കാര്‍ പിന്നീട് കാട് വെട്ടിത്തെളിച്ച് കൊക്കോ കൃഷി ചെയ്യാന്‍ തുടങ്ങിയത് കൊക്കോ അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായി മാറി എന്നതിന്റെ തെളിവാണ്. കോക്കോ അവര്‍ക്ക് ഒരു പാനീയം മാത്രമായിരുന്നില്ല, മറിച്ച് ഒരു കറന്‍സി കൂടെ ആയിരുന്നു. 4 കൊക്കോ ബീന്‍സ് കൊടുത്താല്‍ ഒരു മത്തങ്ങ, 10 ബീന്‍സ് കൊടുത്താല്‍ ഒരു മുയല്‍ , 100 ബീന്‍സ് കൊടുത്താല്‍ ഒരു അടിമ എന്നതായിരുന്നു കൊക്കോ കറന്‍സിയുടെ മൂല്യത്തിന്റെ കണക്ക്. ഇതിനൊക്കെ പുറമേ മറ്റെല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും പകരം കൈമാറ്റം ചെയ്യാൻ, കൊക്കോ ബീന്‍സ് തന്നെയാണ് അവരക്കാലത്ത് ഉപയോഗിച്ചിരുന്നത്. നാണയങ്ങുടെ സ്ഥാനം തന്നെയാണ് കൊക്കോ ബീന്‍സിന് Mayan Indians സംസ്ക്കാരത്തില്‍ ഉണ്ടായിരുന്നത്.

Mayan ഗോത്രവർഗ്ഗം – ഒരു ചിത്രം കൂടെ.

ഇടയ്ക്കിടയ്ക്ക് എഴുതിവെച്ചിരിക്കുന്ന ചരിത്രത്താളുകളില്‍ എന്റെ കണ്ണും ക്യാമറയും പതിവുപോലെ തന്നെ കൂടുതല്‍ സമയം ചിലവഴിച്ചു. Mayan Indians എന്നും Aztec കാടുകള്‍ എന്നുമൊക്കെ കേള്‍ക്കുന്നത് തന്നെ ആദ്യമായിട്ടാണ്. ചരിത്രമറിയാതെ തിന്നുകൂട്ടിയിട്ടുള്ള ചോക്കളേറ്റിന് മാത്രം ‘നോ ഹാന്‍ഡ് & മാത്തമാറ്റിക്‍സ് ‘.

വരാന്‍ പോകുന്ന ഏതോ മഹാദുരന്തത്തിന് തടയിടാനായി തങ്ങളുടെ ദൈവങ്ങള്‍ക്ക് മനുഷ്യക്കുരുതി വരെ കൊടുത്തിരുന്ന Mayan Indians ന്റെ ചരിത്രവും ആ സമൂഹം വിശ്വസിച്ചുപോന്നിരുന്ന ഐതിഹ്യങ്ങളുമൊക്കെ കലര്‍ന്ന സംസ്ക്കാരത്തിലേക്ക് 16-)ം നൂറ്റാണ്ടില്‍ കപ്പലേറി സ്പെയിനില്‍ നിന്ന് യോദ്ധാക്കളായ സഞ്ചാരികള്‍ വന്നതോടെയാണ് മെക്‍സിക്കോയില്‍ നിന്ന് കടല്‍ കടന്ന് കൊക്കോ ബീന്‍സ് യൂറോപ്പില്‍ എത്തിച്ചേര്‍ന്നത്. ചരിത്രത്തിന്റെ വലിയൊരു ഭാഗത്തൂടെ ഓടിച്ചെങ്കിലും കടന്നുപോകാതെ ആ കഥ മുഴുവനുമായി പറഞ്ഞവസാനിപ്പിക്കാനാവില്ല.

1517 ല്‍ 11 കപ്പലും 600ഓളം കൂട്ടാളികളുമായി മെക്‍സിക്കോയിലെത്തിയ Hernan Cortes എന്ന പര്യവേഷകന്‍ Moctezuma എന്നുപേരുള്ള ധനികനും വയസ്സനുമായ Aztec ഭരണാധികാരിയെ ജയിലിലാക്കി, 1520 ഓടെ Aztec സംസ്ക്കാരം തന്നെ തുടച്ചുനീക്കി. Hernan Cortes വഴിയാണ് കടല്‍ കടന്ന് കോക്കോ യൂറോപ്പില്‍ എത്തുന്നത്. ആദ്യകാലങ്ങളില്‍ സ്പെയിന്‍‌കാര്‍ മാത്രം ഈ പാനീയം കുടിച്ച് ആസ്വദിച്ചുപോന്നു. പിന്നെയും 100 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കോക്കോ യൂറോപ്പില്‍ വ്യാപകമാകുന്നത്.

ഇംഗ്ലണ്ടില്‍ ചോക്കളേറ്റ് പാനീയം എത്തുന്നത് 1650ലാണ്. ചാള്‍സ് രണ്ടാമന്റെ സദസ്സിലെ പ്രമുഖ പാനീയമായിരുന്നു ചോക്കളേറ്റ്. താങ്ങാനാവാത്ത ഇറക്കുമതി ചുങ്കം കോക്കോ ബീന്‍സിന് അക്കാലത്ത് ഉണ്ടായിരുന്നതുകൊണ്ട് പണക്കാരുടെ മാത്രം പാനീയമായി ഇത് വര്‍ഷങ്ങളോളം നിലകൊണ്ടു.

കയ്പ്പ് രസമായിരുന്നിട്ടും, പിന്നീടങ്ങോട്ട് വലിയ പ്രശസ്തിയും പെരുമയും ഉണ്ടാകുകയും പണക്കാരും പാവപ്പെട്ടവരുമൊക്കെ ഒരുപോലെ ഇത് ആസ്വദിച്ച് കുടിച്ചുപോരുകയും ചെയ്തു. 1687 ല്‍ Sir Hans Sloane എന്ന ഒരു ഇംഗ്‌ളീഷ് ഡോക്‍ടര്‍ ഈ ചോക്കളേറ്റ് പാനീയം കുടിക്കാനിടയായതോടെയാണ് ഇതിന്റെ സ്വാദിലുള്ള വ്യത്യാസം ആരംഭിക്കുന്നത്. ജമൈക്കയില്‍ വെച്ചാണ് അദ്ദേഹം അവിടത്തെ പ്രാദേശിക പാനീയം എന്ന പേരില്‍ ഇത് കുടിക്കുന്നത്. ഡോക്‍ടര്‍ക്ക് അതിന്റെ കയ്പ്പ് സ്വാദ് എന്തുകൊണ്ടോ അത്ര ഇഷ്ടമായില്ല. അദ്ദേഹം അതിലേക്ക് പാല് ചേര്‍ത്ത് രുചിച്ച് നോക്കുന്നതോടെയാണ് ചോക്ലേറ്റ് പാനീയത്തിന്റെ തലവര തന്നെ മാറ്റിയെഴുതപ്പെട്ടത്. അദ്ദേഹം തന്റെ പുതിയ ചോക്കളേറ്റ് പാചകക്കുറിപ്പ് ഇംഗ്ലണ്ടിലെത്തിച്ചു. ഒരു മരുന്ന് എന്ന നിലയ്ക്ക് മരുന്നുകടകളിലൂടെയും ഡോക്‍ടര്‍മാര്‍ വഴിയുമാണ് ആദ്യകാലങ്ങളില്‍ ഈ പുതിയ ചോക്കളേറ്റ് പാനീയം വിറ്റഴിയപ്പെട്ടിരുന്നത്.

19-)ം നൂറ്റാണ്ടോടെ പല കൊക്കോ ഉത്പ്പാദകരും കൊക്കോ പലചരക്ക് വ്യാപാരികളാകാന്‍ തുടങ്ങി. 1824 ല്‍ ജോണ്‍ കാഡ്‌ബറി എന്ന വ്യാപാരി തന്നെ ബര്‍മ്മിങ്ങ്ഹാമിലുള്ള കടയില്‍ ചായയ്ക്കും കാപ്പിക്കുമൊപ്പം കൊക്കോയുടേയും വില്‍പ്പന ആരംഭിച്ചു. എന്നിരുന്നാലും നമ്മളിന്ന് കാണുന്ന തരത്തിലുള്ള തിന്നുന്ന ചോക്കളേറ്റ് വിക്‍ടോറിയന്‍ കാലഘട്ടത്തിന്റെ തുടക്കകാലത്താണ് ഉണ്ടായി വന്നത്.

1824ൽ ജോണ്‍ കാഡ്‌ബറിയുടെ കട നിലനിന്നിരുന്ന ബുൾ സ്ട്രീറ്റിന്റെ അതേ വലിപ്പത്തിലുള്ള ഒരു തെരുവ് ഫാൿറ്ററിക്കകത്ത് സൃഷ്ടിച്ചിരിക്കുന്നു. കാഴ്ച്ചകൾ കാണാൻ അകത്തേക്ക് കയറിയവർ എല്ലാം ഈ തെരുവിൽ തടിച്ചുകൂടിയിട്ടുണ്ട്. എല്ലാ കടകളിലേയും വില്‍പ്പന വസ്തുക്കൾ ചില്ലലമാരകളിലൂടെ കാണാം. ഈ ഭാഗത്ത് ഫോട്ടോ എടുക്കുന്നതിന് വിലക്കില്ലാത്തതുകൊണ്ട് ഫ്‌ളാഷുകൾ മിന്നിക്കൊണ്ടേയിരിക്കുന്നു. തടിച്ചുകൂടി നിന്നവരെ സംബോധന ചെയ്ത് സംസാരിക്കുന്നതും അകത്തേക്ക് ക്ഷണിക്കുന്നതും സാക്ഷാൽ ജോൺ കാഡ്‌ബറിയുടെ തന്നെ ശബ്ദമാണ്.

ബുൾ സ്ട്രീറ്റ് – അതേ വലിപ്പമുള്ള ഒരു മാതൃക

അകത്തേക്ക് കടന്ന്, ചാരാൻ സൗകര്യമില്ലാത്ത ബെഞ്ചുകളിൽ എല്ലാവരും ഇരുപ്പുറപ്പിച്ചു. തന്റെ ചോക്കളേറ്റ് വ്യവസാസത്തിന്റേയും പരിശ്രമത്തിന്റേയും കഥകൾ പറഞ്ഞുകൊണ്ട് ഇപ്രാവശ്യം പ്രത്യക്ഷപ്പെടുന്നത് ജോൺ കാഡ്‌ബറിയുടെ ലേസർ ഇമേജാണ്. ചുമരിൽ ചെയ്തിരിക്കുന്ന ത്രിമാന പ്രതിമയുടെ മുഖത്ത് ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രകാശരശ്മികൾ പതിപ്പിക്കുമ്പോൾ ജീവനുള്ള വ്യക്തി സംസാരിക്കുന്നതുപോലെ. ദ്വിമാന തലത്തിൽ സ്ക്രീനിൽ കാണുന്നതിനേക്കാൾ സ്വാഭാവികത കൂടുതലാണ് ഈ ലേസർ വിദ്യയുടെ പ്രതിബിംബത്തിന്. അദ്ദേഹത്തിന്റെ മക്കൾ റിച്ചാർഡും ജോർജ്ജും കൂടെ സംഭാഷണങ്ങളിലും വിവരണങ്ങളിലും പങ്കുചേരുന്നു. ശരിക്കും ഒരു കൊച്ചു ത്രീ ഡീ തീയറ്റർ ആണത്. ബീൻസ് ശുദ്ധീകരിക്കുന്ന കാര്യങ്ങളൊക്കെ പറയുമ്പോൾ ഞങ്ങളിരിക്കുന്ന ബഞ്ചുകൾ ആ പ്രക്രിയയിലെന്ന പോലെ ആടുകയും കുലുങ്ങുകയും ചെയ്തു. കാര്യങ്ങളൊക്കെ പറഞ്ഞ് തരുന്നതുപോലെ തന്നെ അനുഭവിപ്പിച്ചുകൂടെയാണ് മനസ്സിൽ ഇടം പിടിപ്പിക്കുന്നത്.

ദ്രവരൂപത്തിലുള്ള ചോക്കളേറ്റിന്റെ നിർമ്മാണം, മിൽക്ക് ചോക്കളേറ്റുകളുടെ ചേരുവകൾ,   കാഡ്‌ബറി ചോക്കളേറ്റിന്റെ വേറിട്ട ആ രുചി, നിർമ്മാണം, പാക്കിങ്ങ് എന്നിവയൊക്കെ അനാവരണം ചെയ്യപ്പെടുകയാണ് ഫാൿറ്ററിക്കകത്ത്. കെട്ടിടത്തിനകത്ത് നിർമ്മാണപ്രക്രിയ നടക്കുന്നിടത്തൊക്കെ യന്ത്രങ്ങൾ തന്നെയാണ് ഓരോ കൊച്ചുകൊച്ചുകാര്യങ്ങൾ പോലും ചെയ്യുന്നത്. പലയിടത്തും പേരിന് പോലും ഒരു മനുഷ്യജീവിയെ കാണാനാകുന്നില്ല. ഫാൿറ്ററിക്കകത്തുതന്നെ മൂന്ന് കിലോമീറ്ററോളം കൺ‌വെയർ ബെൽറ്റിൽ സഞ്ചരിച്ച ശേഷമാണ് ഓരോ ചോക്കളേറ്റ് ബാറും വിപണിയിലേക്ക് കടക്കുന്നത്. നമ്മുടെ കൈകളിൽ എത്തുമ്പോഴേക്കും, ചോക്കളേറ്റിന്റെ ചരിത്രം പോലെ തന്നെ, പിന്നേയും എത്രയോ ദൂരം അവ സഞ്ചരിക്കുന്നു!

കൊക്കോ ബീൻ പോലെ ഉണ്ടാക്കിയ നാലാൾക്ക് സഞ്ചരിക്കാവുന്ന കൊച്ചു കാറുകളിൽ, കുട്ടികൾക്ക് പരിചയമുള്ള ചോക്കളേറ്റിന്റെ ലോകത്തെ കഥാപാത്രങ്ങൾക്കിടയിലൂടെ ഒരു ഹൃസ്വയാത്ര നേഹ ശരിക്കും ആസ്വദിച്ചു. ഈ യാത്രയ്ക്കിടയിൽ സഞ്ചാരികളുടെ ഫോട്ടോകൾ എടുക്കപ്പെടുന്നുണ്ട്. ഫാൿറ്ററി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിന് മുന്നേ ഈ ചിത്രങ്ങൾ ഫ്രെയിം ചെയ്ത് വാങ്ങിക്കൊണ്ടു പോകാനുമാകും. ഓർമ്മയ്ക്കായി ഒരു ചിത്രം ഞങ്ങളും വാങ്ങി.

മുഴങ്ങോടിക്കാരിയും നേഹയും കൊക്കോ ബീൻസിനൊപ്പം

ചോക്കളേറ്റ് ടൂറിന്റെ ഡെമോൺസ്ട്രേഷൻ ഭാഗത്തേക്ക് കടന്നപ്പോൾ സ്വാഗതം ചെയ്തത് ജീവനുള്ള ഒരു വലിയ കോക്കോ ബീൻ ആണ്. എല്ലാവരേയും പോലെ അതിനൊപ്പം നിന്ന് കുറച്ച് ചിത്രങ്ങൾ ഞങ്ങളുമെടുത്തു. മാർബിൽ ടേബിളുകളിൽ ഉരുക്കിയ ചോക്കളേറ്റ് ഉപയോഗിച്ച് ഡിസൈനുകൾ ഉണ്ടാക്കാനും കുട്ടികൾക്ക് അവരവരുടെ പേരുകൾ എഴുതിക്കളിക്കാനുമൊക്കെയുള്ള സൗകര്യമുണ്ട്. ചോക്കളേറ്റ് എങ്ങനെ കട്ടിയുള്ള ബാറുകളാക്കി മാറ്റപ്പെടുന്നു എന്നും ഇവിടെ വെച്ച് മനസ്സിലാക്കിത്തരുന്നു. 

ചോക്കളേറ്റുകൊണ്ട് ഡിസൈനുണ്ടാക്കുന്ന കുട്ടികൾ.
കുട്ടികളോട് ചോക്കളേറ്റ് നിർമ്മാണത്തെപ്പറ്റി വിവരിക്കുന്ന ജീവനക്കാരി

പരസ്യവിഭാഗത്തിൽ കാഡ്‌ബറിയുടെ ഇതുവരെയുള്ള പരസ്യങ്ങൾ എല്ലാം പരിചയപ്പെടുത്തുന്നുണ്ട്. ടൂറിന്റെ അന്ത്യഭാഗങ്ങളിൽ ഒന്നായ പർപ്പിൾ പ്‌ളാന്റ് എന്ന വിഭാഗത്തിൽ എത്തിയപ്പോൾ നേഹ കൂടുതൽ ആസ്വദിച്ചെന്നുള്ളത് ഉറപ്പാണ്. നന്നായി പണം ചിലവാക്കാമെങ്കിൽ സ്വന്തം രൂപം ചോക്കളേറ്റ് കൊണ്ടുണ്ടാക്കാനുള്ള സൗകര്യം വരെ ഇവിടെയുണ്ട്. കൊക്കോ ബീൻസ് വളർത്താനും, ചോക്കളേറ്റ് മഴയുടെ അടിയിൽ പോയി നിന്ന്  ആസ്വദിക്കാനുമൊക്കെയുള്ള വെർച്ച്വൽ സംവിധാനങ്ങളാണ് ഇതിനകത്ത്. ചോക്കളേറ്റ് മഴ നനഞ്ഞ്, ചോക്കോ മഴത്തുള്ളികൾ തട്ടിത്തെറുപ്പിച്ചും മറ്റ് കുട്ടികൾക്കൊപ്പം നിലത്ത് വീഴുന്ന ലേസർ ചോക്കളേറ്റ് ഇമേജുകൾ ചവിട്ടി പൊട്ടിച്ചുമൊക്കെ കുറേയധികം നേരം നേഹ അതിനകത്ത് ചിലവാക്കി. അതോടെ ചോക്കളേറ്റ് ടൂർ അവസാനിക്കുകയായിരുന്നു. ചോക്കളേറ്റ് ടൂർ പ്രവേശന കാവാ‍ടത്തിനുമുന്നിലുള്ള ലോകത്തിലെ ഏറ്റവും വലിയ കാഡ്‌ബറി ഷോപ്പിലേക്ക് കയറി. കൈകൊണ്ട് ഉണ്ടാക്കിയ വ്യത്യസ്തമായ ചോക്കളേറ്റുകൾ വരെയുണ്ട് അവിടെ. പുതുമയുള്ള ചില ചോക്കളേറ്റ് ഇനങ്ങളൊക്കെ വാങ്ങി. ടൂറിന് ഇടയിൽ സൗജന്യമായി കിട്ടിയ വ്യത്യസ്തമായ കാഡ്‌ബറി ചോക്കളേറ്റുകൾ മറ്റൊരു നല്ല ശേഖരം തന്നെ കൈയ്യിൽ ഉണ്ടായിരുന്നു. 

ചോക്കളേറ്റ് മഴ നനയുന്ന നേഹ

ഫാൿറ്ററി കെട്ടിടത്തിന് വെളിയിലേക്ക് കടന്നാൽ കുട്ടികളുടെ കളിയിടവും എസ്സെൻസ് ഓഫ് കാഡ്ബെറി എന്ന അവസാന ഭാഗവുമാണ്. ലേസർ പ്രദർശനത്തിലൂടെ അല്‍പ്പം കൂടെ കാഡ്‌ബറി ചരിത്രം മനസ്സിലാക്കിത്തന്നതിനുശേഷം ഇളം ചൂടുള്ള ദ്രവരൂപത്തിലുള്ള കാഡ്‌ബറി സൗജന്യമായി രുചിക്കുവാനുള്ള അവസരം തരുന്നുണ്ട്. പോപ്പ്‌കോൺ, മാർഷ് മല്ലോ, ബിസ്‌ക്കറ്റ് കഷണങ്ങൾ മുതലായ നമുക്കിഷ്ടമുള്ള ചേരുവകൾ തിരഞ്ഞെടുക്കാം.

രുചിച്ച് നോക്കാൻ ചോക്കളേറ്റ് എസ്സൻസ്

തടിയൻ സ്റ്റീൽ പൈപ്പുകളിലൂടെ ഒഴുകിവരുന്ന ദ്രവരൂപത്തിലുള്ള ചോക്കളേറ്റ് അതിലേക്ക് നിറച്ചുകൊടുക്കുന്നുണ്ട് ജീവനക്കാരിയിൽ ഒരാൾ. നമ്മുടെ സ്വന്തം പ്രോഡൿറ്റിന്റെ രുചി നമുക്കുതന്നെ ആസ്വദിക്കാനുള്ള അവസരമാണിത്. നേഹയും മുഴങ്ങോടിക്കാരിയും, ഓരോ പേപ്പർ കപ്പ് നിറയെ ചോക്കളേറ്റ് യാതൊരു മടുപ്പുമില്ലാത്താതെ  അകത്താക്കുന്നത് നോക്കിനിൽക്കാനേ എനിക്കായുള്ളൂ. അത്രയ്ക്കധികം മധുരം കഴിക്കാൻ എനിക്കൊരിക്കലുമാവില്ല.

കുട്ടികൾക്കുള്ള കസർത്തുകൾ.

ചോക്കളേറ്റ് കഴിച്ച് മടുത്തപ്പോൾ കളിയിടത്തിലുള്ള സ്ലൈഡുകളിലും സീസോകളിലൊമൊക്കെ നേഹ കയറിമറിഞ്ഞു. ബോൺ‌വിൽ എന്ന ഒരു വില്ലേജ് തന്നെ ബർമ്മിങ്ങ്ഹാമിൽ റിച്ചാർഡും ജോർജ്ജും ചേർന്ന് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കളിസ്ഥലത്തിന് മുന്നിൽ കാണുന്ന കെട്ടിടത്തിലേക്ക് കയറി ബോൺ‌വിൽ വില്ലേജിന്റെ ചരിത്രവും അനുബന്ധ കാര്യങ്ങളുമൊക്കെ മനസ്സിലാക്കി കഴിഞ്ഞപ്പൊഴേക്കും മടക്കയാത്രയ്ക്ക് സമയമായി. പക്ഷേ, നേഹയ്ക്ക് ഉടനെയൊന്നും മടങ്ങണമെന്ന് ആഗ്രഹമില്ലാത്തതുപോലെ.

ഓർമ്മയ്ക്കായി ഒരു ചിത്രം.

ഈ യാത്രകൊണ്ട് ജീവിതത്തിലുണ്ടായ ഒരു വ്യത്യാസമുണ്ട്. ഇനിയങ്ങോട്ട് ഓരോ ചോക്കളേറ്റ് ബാർ നുണയുമ്പോളും ബർമ്മിങ്ങ്ഹാമിലെ ഈ കാഡ്‌ബറി വേൾഡും, ചോക്കളേറ്റ് ബാറുകൾ കൺ‌വെയർ ബെൽറ്റിലൂടെ സഞ്ചരിക്കുന്ന ദൂരവും ‘കയ്പ്പ് ’ നീരിൽ നിന്ന് മധുരക്കട്ടിയായി പരിണമിച്ചതിന്റെ പിന്നിലുള്ള ചരിത്രവുമൊക്കെ മിന്നായം പോലെ മനസ്സിലൂടെ കടന്നുപോകും.  അതുറപ്പാണ്.

Comments

comments

32 thoughts on “ കാഡ്‌ബറി വേൾഡിലേക്ക്

  1. പുതുവർഷത്തിലെ യാത്ര അല്‍പ്പം മധുരമുള്ളതാകുന്നതിൽ വിരോധമില്ലല്ലോ ? വായിക്കണമെങ്കിൽ മലയാളം ലൈഫ്‌ സ്റ്റൈൽ ഇ-മാഗസിൻ വരെ പോകണം.

    എല്ലാവർക്കും പുതുവത്സരാശംസകൾ.

  2. അതിലെ വായന ഇത്തിരി ബുദ്ധിമുട്ടായി. ഞാന്‍ എപ്പിക്കില്‍ വായിച്ചത് കൊണ്ടാണോ എന്തോ. പക്ഷെ രസികന്‍ ചോക്ക്ലേറ്റ് കഥ.പുതിയ അറിവുകള്‍…..സസ്നേഹം

  3. അപ്പൊ ഇവിടെ അല്ല അല്ലേ മധുരം കൊടുക്കുന്നത് …..എന്നാ അങ്ങോട്ട്‌ വെച്ച് പിടിക്കാം …..!!!

  4. ലിങ്ക് ഇവിടെ കിട്ടുന്നതിനു മുമ്പേ അവിടെ വായിച്ചിരുന്നു…. തികച്ചും മധുരകരമായ യാത്ര….

    ഇനി എന്റെ ബ്ലോഗില്‍ പറഞ്ഞതിനു മറുപടി…. എപ്പോള്‍ വേണമെങ്കിലും ദമാം ജിദ്ദ ഫ്ലൈറ്റ് ടിക്കറ്റ് തയ്യാര്‍…. രണ്ടു ദിവസം എന്റെ അതിഥി ആയിരിക്കാം ഒപ്പം നാസറിനേയും കാണാം

  5. നന്നായി നീരൂ…….

    നല്ല മധുരമുള്ള (വൈറ്റ് ചോക്കളേറ്റ്) കഴിച്ചപ്പോലെ മധുരം നിറഞ്ഞ ലേഖനം.

    പക്ഷെ അവസാനം നിരക്ഷരന്‍; മനോജ് രവീന്ദ്രന്‍ എന്ന പേരെഴുതി താഴെ ആ ഫോട്ടോ കണ്ടപ്പോള്‍ !!!!!

    ബ്ലോഗിലിട്ട ഈ സുന്ദരന്‍ ഫോട്ടോ മതിയായിരുന്നു. എന്തിനാ ആ ഫോട്ടോ അയച്ചുകൊടുത്തത്?

  6. വായിച്ചു ,മധുരത്തിന്റെ ചരിത്രം ഇഷ്ടപ്പെട്ടു .
    ഫോട്ടോയും എഴുതിയ ആളുടെ പേരും ആദ്യത്തെ പേജില്‍ കൊടുക്കേണ്ടതായിരുന്നു,അങ്ങിനെയല്ലേ പതിവ് ?

  7. നിരക്ഷരാ,
    സന്തോഷം.
    നന്മകൾ!

    2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

    പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

    വിവരങ്ങൾക്ക്
    http://jayanevoor1.blogspot.com/

    (പരസ്യം പതിച്ചതിനു ക്ഷമാപണം!)

  8. ലൈഫ് സ്റ്റൈൽ മാഗസിനിലേക്കും കൂടീയുള്ള ഈ യാത്ര എനിക്കിഷ്ട്ടായിട്ടാ‍ാ,,
    പിന്നെ
    ഇതോടൊപ്പം മനോജ് ഭായിക്കും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ….
    സസ്നേഹം,

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM

  9. മനോജ്… പുതുവല്‍സരാശംസകള്‍….

    കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും കാഡ്ബറിയുടെ മധുരം ഞാനും നുണഞ്ഞു. (മധുരം കഴിക്കണമെങ്കില്‍ കുറച്ച് കഷ്ടപ്പാടൊക്കെ ആവാം അല്ലെ…?)

    എക്സ്പ്ലോററില്‍ തന്നെയാണ്‌ വായിച്ചത്, സൂം ചെയ്യാനും, സ്ക്റോള്‍ ചെയ്യാനും, പേജ് മറിക്കാനും, അതിനുമുന്‍പ് നോര്‍മല്‍ സൈസ് ആക്കാനുമൊക്കെയുള്ള കഷ്ടപ്പാടുകളാണ്‌ ഞാന്‍ ഉദ്ദേശിച്ചത്. ബ്ലോഗില്‍ നിന്ന് നേരിട്ടാവുമ്പോള്‍ ആ പ്രശ്നങ്ങള്‍ ഇല്ലല്ലോ..

  10. നീരൂ ഉഗ്രന്‍ പോസ്റ്റ്. പടം അടിപൊളി.

    ലൈവ് സ്റ്റൈല്‍ മാഗസിന്‍ സംഗതി ഉഗ്രനാണ്. പക്ഷെ കല്ലുകടി പോലെ ബ്രൌസറില്‍ ചില സാങ്കേതികത്വങ്ങള്‍ ഉണ്ടെന്ന് മാത്രം.
    രഹാനയുടെ ഫോട്ടോ അടിച്ചുമാറ്റീന്നും പറഞ്ഞ് തെരോന്തൊരം ബ്ലോഗ്ഗര്‍ ഷിയാസിന്റെ നെലോളി കേട്ടിരുന്നില്ലേ? ദാണ്ട് അതു പോലെ ഒരു അടിച്ചുമാറ്റിയവന്റെ അപദാനങ്ങള്‍ അവര്‍ ഇന്റര്‍വ്യൂ ആയി നല്‍കീട്ടുണ്ട്. പരസ്യത്തിന്റെ കമാന്റോ. ആ ചുള്ളമണി ഒരു ബ്ലോഗ്ഗീന്നു അടിച്ചുമാറ്റീന്നോ കൌമുദീല്‍ കൊടുത്തൂന്നോ ഒക്കെ മുന്‍പ് കേട്ടിരുന്നു. കൌമുദിക്കെതിരെ നിരന്തരം അടിച്ചുമറ്റല്‍ കഥകള്‍ കേട്ടോണ്ടിരിക്കാണ്.

  11. എല്ലാവർക്കും നന്ദി
    സന്ദീപ്
    ലൈവ് സ്റ്റൈൽ മലയാളം ഇ-മാഗസിൻ

  12. പുതുവലസരത്തിലെ മധുരം…അസ്സലായി..
    മാഗസിന്‍ നല്ലത്..പക്ഷെ വായിക്കാന്‍ അല്പം ബുദ്ധിമുട്ട്. സൂം ചയ്യാന്‍ ഒക്കെ എന്തോ ഒരു…പിന്നെ
    താളുകളുടെ താഴെക്കുവരുബോഴേക്കും അടുത്തതിലേക്ക് മറിയുന്നപോലെ ഒക്കെ തോന്നി…ആദ്യമായി ആയതു കൊണ്ടാവാം

  13. കുറച്ച് നാളത്തെ ഗാപ്പിനു ശേഷം വരികയല്ലേ ഒന്നു മധുരിച്ച് കളയാം എന്ന് വിചാരിച്ചപ്പോള്‍ ലിങ്ക് എന്റെ ലാപ്പ്റ്റോപ്പില്‍ കിട്ടുന്നില്ല..എന്തായാലും ബ്ലോഗില്‍ വരും വരെ കാത്തിരിക്കുക തന്നെ…

  14. ലൈഫ് സ്റ്റൈൽ മാഗസിനിൽ വന്ന ‘കാഡ്‌ബറി വേൾഡിലേക്ക് ‘ യാത്രാവിവരണം പൂർണ്ണരൂപത്തിൽ കൂടുതൽ ചിത്രങ്ങളുമായി ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നു.

  15. ചോക്ലേറ്റ് പോസ്റ്റ്‌ കൊതിപ്പിച്ചു..നേഹ ഒരു ഭാഗ്യമുള്ള കുട്ടിയാണ്..
    കുറെ പോസ്റ്കള്‍ വായിക്കാന്‍ ഉണ്ട്.. പരീക്ഷ ചൂടിലാണ്.. അത് കഴിഞ്ഞു വേണം കരിമ്പിന്‍ കാട്ടില്‍ കയറാന്‍ :)
    ഓ ടോ : എന്റെ പോസ്റ്റ്‌ ലെ കമന്റ്‌ കണ്ടു… ഏറെ നാള്‍ കൊതിച്ചിരുന്ന ഒരു സമ്മാനം കിട്ടിയ പോലെ തോന്നി. നന്ദി..

  16. ഞാന്‍ കാഡ്‌ബറി വേള്‍ഡ് കണ്ടിട്ടുണ്ട് .പക്ഷേ ഇപ്പോള്‍ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍, അതില്‍ ഓര്‍മ്മക്കായി ഒരു ചിത്രം എന്നത് വായിച്ചപ്പോള്‍ ,(എന്‍റെ കൈയിലും ഇതുപോലെ ഒരു ചിത്രം ഉണ്ട് .അതിന്‌ മുന്‍പില്‍ നിന്നും എടുത്തത്‌) .ലണ്ടനില്‍ നിന്നും പോന്ന വിഷമം വല്ലാതെ തോന്നി ,ഇനി അത് വഴി പോയാല്‍ എല്ലാം ഒന്ന്‌ കൂടി കാണാം .മനോജ്‌ ,ഈ പോസ്റ്റ്‌ കാഡ്‌ബറി വേള്‍ഡ് കാണാന്‍ പറ്റാത്തവര്‍ക്ക് നല്ല സമ്മാനം ആണ് .വളരെ നന്നായി .

  17. നീരുജി എന്റെ ബ്ലോഗിന് ഇന്നലെ രണ്ടു വയസ്സായി.ഇപ്പോഴാ അതോര്‍മ്മിച്ചത്. ആദ്യ പോസ്റ്റില്‍ വന്നു കമന്റി കൂടുതല്‍ എഴുതാന്‍ പ്രചോദനം തന്ന എല്ലാവരെയും ഒന്ന് കാണ്ട് പറയാന്‍ വന്നതാ. പ്രോത്സാഹനത്തിനും അതിലേറെ മധുരമുള്ള സൌഹൃദത്തിനും ഒരു പാട് നന്ദി……സസ്നേഹം

  18. ചോകലട്ടിന്റെ ചരിത്രം അറിയാന്‍ കഴിഞ്ഞത് നന്നായി.അപ്പോള്‍ ചോക്ലേറ്റ് സൗത്ത്‌ അമേരിക്കന്‍ ആണല്ലേ .ഇവിടെ ചെല്ലുന്നവര്‍ക്കെല്ലാം ഡയറി മില്‍ക്ക് ഫ്രീ ആയി കൊടുക്കുന്നത് കൊള്ളാമല്ലോ

  19. ചോക്ലേറ്റ്നേക്കാള്‍ മധുരം തോന്നി,ഈ പോസ്റ്റുകള്‍ക്ക്‌.ഒരുപാടായി ഇവിടെ വന്നിട്ട്.നിരുവിന്റെ പോസ്റ്റുകള്‍ക്ക്‌ മധുരം കൂടിയതല്ലാതെ സ്വാദിന് ഒട്ടും കുറവ് വന്നിട്ടില്ല. ഇനിയും ഒരുപാട് യാത്രകള്‍ നടത്തി എല്ലാം ഓര്‍മ്മകളുടെ ചെപ്പില്‍ സൂക്ഷിച്ചു വയ്ക്കാനായി എല്ലാവര്ക്കും പകുത്തു നല്‍കൂ..

  20. ഈ മധുരം എനിക്ക് കിട്ടാനിത്തിരി വൈകി..
    കുട്ടികള്‍ മാത്രമല്ല എന്നെപ്പോലുള്ള വലിയവരും കാഡ്ബറി addict ആണ്‌.
    ഇത്തരമൊരു പോസ്റ്റ് ആള്‍ക്കാരെ വല്ലാതെ കൊതിപ്പിക്കും.

Leave a Reply to ഗൗരിനാഥന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>