ജനം ഏറ്റെടുത്ത് ഹർത്താലാക്കി മാറ്റിയ പണിമുടക്ക്


ട്രേഡ് യൂണിയനുകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യാ തലത്തിൽ നടത്തിയ ‘പണിമുടക്കാ‘യിരുന്നു ഇന്ന്. (2015 സെപ്റ്റംബർ 2) പറഞ്ഞുപോന്നത് പണിമുടക്ക് എന്നായിരുന്നെങ്കിലും തീയതി അടുത്തുവന്നതോടെ എല്ലാം മാറിമറിഞ്ഞു. ഇരുചക്രവാഹനം പോയിട്ട് ഒരുചക്രവാഹനം പോലും ജനങ്ങൾ നിരത്തിലിറക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഒരു നേതാവ് അഭിമുഖത്തിനിടെ പറഞ്ഞതോടെ പണിമുടക്ക് ഹർത്താലിനേക്കാൾ വലിയ രീതിയിലേക്കാണ് നീങ്ങുന്നതെന്ന ധ്വനി വന്നു. പത്രം പാൽ ആംബുലൻസ് എന്നിങ്ങനെയുള്ള അവശ്യവസ്തുക്കളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുന്നതായും പത്രവാത്ത വന്നതോടെ നടക്കാൻ പോകുന്നത് പണിമുടക്കല്ല, ഹർത്താല് തന്നെ എന്ന് സ്ഥിരീകരിക്കപ്പെട്ടു. എങ്കിലും ബോർഡുകളിലും ഫ്ലക്സുകളിലും വാർത്തകളിലുമൊക്കെ പണിമുടക്ക് എന്നുതന്നെയാണ് കണ്ടത്. ഹർത്താലുകൾ പോലും സാധാരണ നിലയ്ക്ക് 12 മണിക്കൂർ നേരത്തേക്കാണെങ്കിൽ ഈ പണിമുടക്ക് 24 മണിക്കൂർ നേരത്തേക്കാണ്.

പണിമുടക്കിന്റെ തലേന്നായപ്പോഴേക്കും യൂണിവേർസിറ്റികൾ പരീക്ഷകൾ മാറ്റിവെച്ചു. സ്ക്കൂളുകൾക്ക് അവധി കൊടുത്തു. വാഹനത്തിൽ മൈക്ക് കെട്ടിവെച്ച് പണിമുടക്ക് ആഹ്വാനം വിളിച്ചുപറഞ്ഞ് (എറണാകുളം നഗരത്തിലെ കാര്യമാണ്.) പോകുമ്പോൾ, വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും കടകമ്പോളങ്ങൾ അടച്ചും സഹകരിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥനയും വന്നു. എല്ലാം കൊണ്ടും ഹർത്താലിന്റെ അന്തരീക്ഷം തന്നെ. വേഴാമ്പലിനെപ്പോലെ ഹർത്താലും കാത്തിരിക്കുന്ന മലയാളികൾക്ക് ഇതിൽ‌പ്പരം വേറെന്ത് വേണം സന്തോഷത്തിന്.

പണിമുടക്കിനെ നേരിടാൻ സർക്കാർ കച്ചകെട്ടിയിറങ്ങി. ഡയസ്‌നോൺ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരായില്ലെങ്കിൽ താൽക്കാലിക ജോലിക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന് ഇണ്ടാസ് ഇറക്കി. അക്രമമുണ്ടായാൽ ശക്തമായി നേരിടണമെന്ന് പൊലീസിനെ കച്ചകെട്ടി.

2015 സെപ്റ്റംബർ 2 പിറന്നു. പണിമുടക്ക് ഹർത്താൽ എന്ന നിലയ്ക്ക് നീങ്ങുന്നെന്ന് കണ്ടപ്പോൾ ഹർത്താലിനെ പ്രതിരോധിക്കുന്ന സംഘടനയായ Say No To Harthal പ്രവർത്തകർ പതിവുപോലെ സ്വന്തം വാഹനങ്ങളെടുത്ത് നടുറോഡിൽ പെട്ടുപോകുന്നവരെ സഹായിക്കാനായി റെയിൽ‌വേ സ്റ്റേഷനടക്കമുള്ള സ്ഥലങ്ങളിലേക്കിറങ്ങി. ആയിരക്കണക്കിന് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. കിഡ്ണി മാറ്റിവെക്കുന്ന ആവശ്യത്തിലേക്കായി ഡോണറിന്റെ ടെസ്റ്റുകൾ നടത്താനും മറ്റുമായി കാസർകോഡ് നിന്നും തിരുവനന്തപുരത്തുനിന്നും വന്നതടക്കം നിരവധി ആശുപത്രി കേസുകളും ചേർത്ത് 58 പേരെ ഈയുള്ളവനും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. അതിലെ ഓരോരോ കഥയും വള്ളിപുള്ളി വിടാതെ പറഞ്ഞ് ബോറടിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല.

പ്രത്യേകിച്ച് ശ്രദ്ധിക്കാനായ ഒരു കാര്യം ഒരു ചക്രവാഹനം പോലും ഓടിക്കരുതെന്ന് നേതാക്കന്മാർ അഭ്യർത്ഥിച്ചെങ്കിലും, ഇരുചക്രവും നാലുചക്രവും അടക്കം ഏതെല്ലാം വാഹനങ്ങൾ ആരൊക്കെ ഓടിച്ചെങ്കിലും അവരെ ആരേയും പണിമുടക്കുകാർ വഴിയിൽ തടയുകയോ ഉപദ്രവിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ഒന്നും ചെയ്തില്ല. കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും. (ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ നാളെയേ അറിയാനാക്കൂ. സദയം ക്ഷമിക്കുക.)

കിട്ടിയാൽ ഊട്ടി എന്ന നിലയ്ക്ക്, വാഹനങ്ങൾ ഓടിക്കരുതെന്ന് പണിമുടക്കുകാർ ജനങ്ങളോട് മാന്യമായി ഒരു അഭ്യർത്ഥന നടത്തി നോക്കി. അത്രേയുള്ളൂ.

പക്ഷേ, ജനമെന്താണ് ചെയ്തത് ? അവർ കാത്തിരിക്കുകയാണല്ലോ ഒരു ഹർത്താലിനായി. ഓണത്തിന് കിട്ടിയ അവധിയൊന്നും തികഞ്ഞിട്ടില്ല അവർക്ക്. അവർ ആ ആഹ്വാനം അങ്ങ് ഏറ്റെടുത്തു. ആരും വാഹനങ്ങൾ ഓടിച്ചില്ല. പണിമുടക്ക് ഒരു ഹർത്താൽ ആക്കി മാറ്റാനുള്ള എല്ലാ സൌകര്യങ്ങളും അവർ ചെയ്തുകൊടുത്തു.

അങ്ങനെ, സെപ്റ്റംബർ 2ന് ഈ കഴിഞ്ഞ പണിമുടക്ക്, കേരളത്തിലെ ഹർത്താൽ പ്രേമികളായ ജനങ്ങളും ഹർത്താലിന് വാഹനമോടിക്കാൻ ഭയപ്പെടുന്ന ജനങ്ങളും ചേർന്ന് വിജയിപ്പിച്ച് ഒരു ഹർത്താൽ ആക്കി മാറ്റിക്കൊടുത്തു.

66

Say No To Harthal പ്രവർത്തകരായ ഞങ്ങൾക്ക് സാധാരണ ഹർത്താൽ ദിവസങ്ങളിലേത് പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ ഉപരി (24 മണിക്കൂർ ആയതുകൊണ്ട്) അദ്ധ്വാനം വേണ്ടി വന്നു ഈ ദിവസം.

പണിമുടക്കിനും സമരങ്ങൾക്കും ഞങ്ങൾ Say No To Harthal പ്രവർത്തകർ ആരും എതിരല്ല. അവകാശങ്ങൾ നേടിയെടുക്കാനും നിലനിർത്താനുമായി സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. അതോടൊപ്പം തന്നെ സമരം ചെയ്യാത്തവരുടെ മൌലികമായ അവകാശങ്ങളും സഞ്ചാരസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുകയും വേണം. വാഹനങ്ങൾ ഓടിക്കരുത് എന്ന ആഹ്വാനം ഒരു പണിമുടക്കിന്റെ കാര്യത്തിൽ ആവശ്യമില്ലെങ്കിലും അങ്ങനെ ഒരാഹ്വാനം വരുകയും പണിമുടക്ക് ഹർത്താലിന്റെ സ്വഭാവം കാണിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ പതിവുപോലെ ജനങ്ങളെ സഹായിക്കാൻ റോഡിലിറങ്ങാം എന്ന് ഞങ്ങൾ തീരുമാനിക്കുകയാണുണ്ടായത്.

പക്ഷേ, ഒരു പണിമുടക്ക് മാത്രമായിരുന്നിട്ട് കൂടെ, സ്വന്തം വാഹനങ്ങളുമെടുത്ത് ഇറങ്ങാൻ ജനങ്ങൾ സ്വമേധയാ‍ തയ്യാറായില്ല. ആരെങ്കിലും വഴിയിൽ തടഞ്ഞാൽ, ‘ഇന്ന് പണിമുടക്കല്ലേ ? ഹർത്താൽ അല്ലല്ലോ ? “ എന്ന് ചോദിക്കാൻ അവർക്കാകുമെന്നിരിക്കെത്തന്നെ അവരതിന് മുതിർന്നതുപോലുമില്ല. മുംബൈയിലും തമിഴ്‌നാട്ടിലുമൊക്കെ പണിമുടക്കിനേയോ ഹർത്താലിന്റേയോ സ്വഭാവം കാണിച്ചില്ലെങ്കിലും കേരളത്തിലെ മലയാളികൾ അവരുടെ ദേശീയോത്സവത്തെ നന്നായിത്തന്നെ ആഘോഷിച്ചു.

ദേശാഭിമാനിപ്പത്രം സെപ്റ്റംബർ 1ന് രാത്രി അച്ചടിച്ച പത്രത്തിൽ സെപ്റ്റംബർ 2ന്റെ പണിമുടക്ക് കാരണം ‘കേരളം നിശ്ചലം’ എന്ന് വാർത്ത കൊടുക്കുക കൂടെ ചെയ്തപ്പോൾ സംഭവം കേമമായി. മാദ്ധ്യമപ്രവർത്തനമെന്നാൽ ഇങ്ങനെ തന്നെ വേണം.

22

ഈ പണിമുടക്ക് ഏറ്റെടുത്ത് ഹർത്താൽ ആക്കി മാറ്റിയത് കേരളത്തിലെ ജനങ്ങളാണ്. അവർക്ക് ഹർത്താലിനോടുള്ള ആസക്തിയാണ്. ഹർത്താലിന് ആഹ്വാനം ചെയ്യുന്നവരെ മാത്രം കുറ്റം പറഞ്ഞിട്ടെന്ത് കാര്യം ?!

ജനങ്ങൾ ആദ്യം ഈ ഹർത്താൽ പ്രേമത്തിൽ നിന്ന് വെളിയിൽ വരണം. ഹർത്താലായാലും പണിമുടക്കായാലും അവരവരുടെ വാഹനം ഓടിച്ചുകൊണ്ട് തങ്ങളുടെ മൌലികാവകാശങ്ങൾക്കും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടണം. നിങ്ങൾക്ക് വേണ്ടി മറ്റൊരാൾക്ക് യുദ്ധം ചെയ്യാനാവില്ല. നിങ്ങളുടെ പരീക്ഷകൾ നിങ്ങൾ തന്നെ ജയിച്ചേ തീരൂ.

Comments

comments

One thought on “ ജനം ഏറ്റെടുത്ത് ഹർത്താലാക്കി മാറ്റിയ പണിമുടക്ക്

  1. സെപ്തംബർ 2 ന് വൈകീട്ട് ഏഴുമണിയോടെ അത്യാവശ്യമായി നെടുമ്പാശ്ശേരി എയർപോർട്ട് വരെ പോകണമായിരുന്നു. വളരെ അടുത്ത ഒരു സുഹൃത്ത് വിജയവാഡയിൽ നിന്നും വരുന്നു. രാത്രി എറണാകുളത്ത് തങ്ങി ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തിന് പോകും. പിന്നെ ജോലി സംബന്ധമായി വിദേശത്തേയ്ക്കും. ഇനി ഒരു പക്ഷെ കാണുന്നത് വർഷം ഒന്നു കഴിഞ്ഞാവും. അതിനാൽ ആളെ കാണണം, ഒരുമിച്ച് ഒരു ഡിന്നർ, പിന്നെ തിരികെ വീട്ടിലേയ്ക്കും. സാധാരണ അവധിയ്ക്ക് നാട്ടിൽ വരുമ്പോൾ ഇങ്ങനെ ഒരു ഒത്തുകൂടൽ പതിവുണ്ട്. എന്നാൽ ദൗർഭാഗ്യവശാൽ ഇത്തവണത്തെ വരവ് പൊതുപണിമുടക്ക് ദിവസം ആയിപ്പോയി. എന്നാലും കാണാതിരിക്കാൻ ആവില്ല. രാവിലെ മുതൽ നോക്കി. വാഹനങ്ങൾ ഹർത്താൽ ദിനത്തിലെപ്പോലെ വിരളമായേ ഓടുന്നുള്ളു. ഉച്ചവരെ അനിഷ്ടസംഭവങ്ങൾ ഇല്ല. ഞാൻ വണ്ടി ഓടിക്കാത്തകാരണം ആരുടെയെങ്കിലും സഹായം വേണം എങ്കിലേ എയർ പോർട്ടിൽ എത്താൻ സാധിക്കൂ. ഒറ്റയ്ക്കല്ല കുടുംബവും കൂടെ ഉണ്ട്. ടാക്സി വിളിച്ചു പലർക്കും മടി. കാരണം മടക്കം രാത്രി 9:30 എങ്കിലും ആവും. 12 മണിവരെ ആണല്ലൊ പണിമുടക്ക്. പരിചമുള്ള ഒരാളെ വിളിച്ചു വണ്ടി ഓടിയ്ക്കാൻ തയ്യാറാണോ എന്നറിയാൻ. അദ്ദേഹം തയ്യാറായി. അങ്ങനെ വൈകീട്ട് 6 മണിയ്ക്ക് യാത്ര തിരിച്ചു 7 മണിയോടെ വിമാനത്താവളത്തിൽ എത്തി. വഴിയിൽ (പറവൂർ – മാഞ്ഞാലി -കുന്നുകര- അത്താണി-എയർപോർട്ട്) പൊതുവെ വാഹനങ്ങൾ കുറവ്. ഓടുന്നവയിൽ അധികവും മരണം / AirPort എന്നെഴുതിയവ. ഞങ്ങൾ അങ്ങനെ ഒന്നും എഴുതിയിരുന്നില്ല. എന്നാലും കുഴപ്പമൊന്നും കൂടാതെ വിമാനത്താവളം വരെ എത്തി. സുഹൃത്തിനേയും കുടുംബത്തേയും കണ്ടു, ഒരുമിച്ച് ഭക്ഷണവും കഴിച്ച് രാത്രി പത്തുമണിയോടെ കുഴപ്പമൊന്നും കൂടാതെ തിരികെ വീട്ടിൽ എത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പ പടിവാതിക്കൽ എത്തിയതാവണം പതിവുള്ള ബലംപിടുത്തം ഈ സമരത്തിൽ ഉണ്ടാകാതിരിക്കാൻ കാരണം എന്ന് കരുതുന്നു.

Leave a Reply to Manikandan Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>