ഇന്ദ്രൻസിന്റെ ‘സൂചിയും നൂലും‘


111

ബ്ലൌസ് തയ്ക്കേണ്ട ആവശ്യത്തിലേക്ക്, ഒരു സ്ത്രീയുടെ കൈവണ്ണം അറിയാമെങ്കിൽ മറ്റ് ഭാഗങ്ങളുടെ അളവ് കൂടെ അറിയാനാകുമെന്ന് പറയുക മാത്രമല്ല എഴുതിക്കൂട്ടി കാണിച്ചുകൊടുക്കുകയും ചെയ്യുമായിരുന്നത്രേ സുകുമാരൻ മേസ്തിരി !! തന്റെ ഗുരുക്കന്മാരിൽ ഒരാളായ സുകുമാരൻ മേസ്തിരിയെപ്പറ്റി ഇത് പറയുന്നത്, ഒരു ദിവസം 25 ബ്ലൌസ് വരെ തയ്ച്ചിട്ടുള്ള സുരേന്ദ്രനാണ്. സുരേന്ദ്രനെന്ന് പറഞ്ഞാൽ, സിനിമയിൽ ചെറുവേഷങ്ങൾ ചെയ്തുചെയ്ത് അവസാനം മികച്ച നടനുള്ള സംസ്ഥാന അവാർഡ് വരെ സ്വന്തമാക്കിയ സാക്ഷാൽ ഇന്ദ്രൻസ് തന്നെ.

പന്ത്രണ്ട് വയസ്സിൽ അമ്മാവന്റെ തയ്യൽക്കടയിൽ ബട്ടൺഹോൾ തുന്നിയും കുടുക്ക് പിടിപ്പിച്ചും ആരംഭിച്ച ജീവിതം, കലയോടുള്ള അഭിനിവേശം ഒന്നുകൊണ്ട് മാത്രം ഇന്ദ്രൻസിനെ കൊണ്ടെത്തിച്ചത് എവിടെയാണെന്നത് എല്ലാവർക്കും അറിയുന്ന ചരിത്രമാണ്. അതിലെ ചുരുക്കം ചില ഏടുകൾ പതിഞ്ഞ ശബ്ദത്തിൽ ഒതുക്കി മാത്രമേ സൂചിയും നൂലും എന്ന പുസ്തകത്തിൽ ഷംസുദ്ദീൻ കുട്ടോത്തിന്റെ സഹായത്തോടെ ഇന്ദ്രൻസ് പറയുന്നുള്ളൂ.

ഒരുപക്ഷേ ഇന്ദ്രൻസിന്റെ ശരീരപ്രകൃതി ആയിരിക്കാം ഹാസ്യനടനായി അദ്ദേഹത്തെ സിനിമാരംഗങ്ങളിൽ എത്തിച്ചത്. CID ഉണ്ണികൃഷ്ണൻ എന്ന സിനിമയിൽ ലാടവൈദ്യന്മാരായി ജയറാമും ഇന്ദ്രൻസും വരുമ്പോൾ, ‘ഇവന്റെ മെലിച്ചിലിനുള്ള മരുന്നാദ്യം കൊടുക്ക്’ എന്ന് ജഗതിയുടെ കഥാപാത്രം പറയുന്നത് ആർക്കെങ്കിലും മറക്കാനാവുമോ ? കൊടക്കമ്പി എന്ന് ഇന്ദ്രൻസിനെ വിശേഷിപ്പിക്കുന്നത് ചേട്ടൻബാവ അനിയൻബാവ എന്ന ചിത്രത്തിലാണെന്ന് തോന്നുന്നു. തന്റെ ആ ശരീരത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന അപകർഷതാബോധം യാതൊരു താരജാഡകളുമില്ലാതെയാണ് ഇന്ദ്രൻസ് തുറന്ന് പറയുന്നത്. ഇപ്പോഴും ആ അപകർഷതാബോധം പൂർണ്ണമായി വിട്ടുമാറിയിട്ടില്ല എന്നദ്ദേഹം പറയുന്നു. അതിന്റെ പേരിൽ ജിമ്മിലും മറ്റും പോയി പൊക്കാൻ പറ്റാത്ത ഭാരങ്ങളെടുത്ത് സ്വശരീരത്തെ പീഠിപ്പിച്ചതിൽ ഇപ്പോളദ്ദേഹം പശ്ചാത്തപിക്കുന്നുമുണ്ട്.

ഒരുപാട് മക്കളുള്ള ഒരുവീട്ടിൽ നിന്ന് ദാരിദ്ര്യം മൂലം മുന്നോട്ട് പഠിക്കാനാവാതെ ചില്ലറപ്പൈസ മാത്രം ശമ്പളം കിട്ടുന്ന ഒരു ജോലിയിൽ പ്രവേശിക്കേണ്ടിവരുന്ന ഗതികേട് ഇന്നത്തെ കേരളത്തിൽ, ഇന്നത്തെ തലമുറയിൽ ആർക്കുമുണ്ടാകാൻ ഇടയില്ല. തുന്നാൻ കൊടുത്തിരിക്കുന്ന സൂചിയെങ്ങാനും ഒടിഞ്ഞുപോയാൽ ആ മാസം ശമ്പളമില്ല. അങ്ങനെയുള്ള ജീവിതത്തിൽ നിന്ന് ഈ അവസ്ഥയിലേക്കുള്ള പടവുകൾ ഓരോന്നും വിശദമായി പറയാതെ പോയി എന്നതിൽ മാത്രമേ എനിക്ക് പരാതിയുള്ളൂ. ഒരുപക്ഷേ അതിന് കാരണം അദ്ദേഹം ഇപ്പോഴും കൊണ്ടുനടക്കുന്ന ലളിതജീവിതവും സ്വഭാവവും തന്നെയാകാം.

സിനിമാക്കാരുടെ അളവെടുത്ത് വസ്ത്രം തുന്നിയിരുന്ന കാലവും റെഡിമെയ്ഡ് വാങ്ങിയണിയിക്കുന്ന ഇന്നത്തെ കാലവും തമ്മിലുള്ള കോസ്റ്റ്യൂം ഡിസൈനിങ്ങ് അന്തരത്തിന്റെ ഒരു നേർ‌രേഖ ഇന്ദ്രൻസ് ഈ പുസ്തകത്തിൽ കോറിയിടുന്നുണ്ട്. അങ്ങനെയൊരവസരത്തിൽ മമ്മൂട്ടിയെ പറ്റിച്ച കഥയും രസകരമാണ്. പത്മരാജനെപ്പോലുള്ള സംവിധായകർ വസ്ത്രാലങ്കാരത്തിനും കഥാപാത്രങ്ങളുടെ വേഷവിധാനത്തിനും കൊടുത്തിരുന്ന പ്രാധാന്യവും തന്മൂലം സിനിമയിൽ ഒരു വസ്ത്രാലങ്കാര വിദഗ്ദ്ധന് ഉണ്ടാകുന്ന പ്രാധാന്യവുമൊക്കെ പുസ്തകം വിശദമാക്കുന്നു. മണവാളൻ ജോസഫ് എന്ന തടിച്ച മനുഷ്യന് ഇന്ദ്രൻസ് അളവെടുക്കുന്ന രംഗവും ആ സമയത്ത് മണവാളൻ പറയുന്ന വാചകങ്ങളും ചിരിയുണർത്തുമെങ്കിലും അടുത്ത ദിവസം തന്നെ അത് സങ്കടത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ആ സിനിമയിൽ അഭിനയിക്കാനാവാതെ മണവാളൻ ജോസഫ് മരണത്തിന് പിടികൊടുക്കുന്നു.

ഏറ്റവും സങ്കടപ്പെടുത്തുന്നത് ‘നിഴൽ‌പോലൊരാൾ’ എന്ന അദ്ധ്യായമാണ്. മദ്രാസിൽ നിന്ന് സിനിമയ്ക്ക് വസ്ത്രാലങ്കാരത്തിന് വേണ്ടി വാങ്ങിയ തുണികളുമായി തീവണ്ടിയിൽ മടങ്ങുമ്പോൾ പനിപിടിച്ച് അവശതയായ ഇന്ദ്രൻസിന് വെള്ളം കൊടുക്കാനും ആശ്വസിപ്പിക്കാനുമെത്തുന്ന ഒരു അപരിചിതന്റെ കാര്യമാണതിൽ പറയുന്നത്. മരിച്ച് മണ്ണടിയുന്നത് വരെ ഇന്ദ്രൻസിന് മറക്കാൻ പറ്റാത്ത ഒരനുഭവമാണത്. ജീവിതകാലം മുഴുവൻ ഉറക്കം കെടുത്താൻ പോന്ന ഒന്ന്. ആരെങ്കിലും ഈ പുസ്തകം വായിക്കാനിടയുണ്ടെങ്കിൽ, ആ അനുഭവത്തിന്റെ രസം കൊല്ലാൻ (അതിൽ രസമല്ല കഠിന ദുഃഖമാണ്) ഞാനാഗ്രഹിക്കുന്നില്ല.

ഇന്ദ്രൻസ് താരജാഡകളൊന്നുമില്ലാത്ത വളരെ താഴ്മയുള്ള ഒരു സാധാരണമനുഷ്യനാണെന്ന് നേരിട്ട് പരിചയമുള്ള പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പുസ്തകം കണ്ടപ്പോൾ വായിക്കണമെന്ന് തോന്നിയത്. അത് പുസ്തകത്തിലെ വരികൾക്കിടയിലും പേജുകൾക്കിടയിലും വ്യക്തമാണ്. വലിയ നടനായിട്ടും സംസ്ഥാന അവാർഡ് വാങ്ങിയിട്ടും ഇന്ദ്രൻസ് ഇപ്പോഴും തുന്നൽ‌പ്പണി ചെയ്യാറുണ്ട്. മക്കൾക്കും ഭാര്യയ്ക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ അദ്ദേഹം ഇപ്പോഴും തയ്ച്ചുകൊടുക്കാറുണ്ട്. തന്നെ വളർത്തി വലുതാക്കിയ തൊഴിലിനോട് അദ്ദേഹം കാണിക്കുന്ന ആദരവാണത്.

വായന അദ്ദേഹം വിടാതെ കൊണ്ടുനടന്നിട്ടുണ്ട്. അതിന്റെ കൂടെ ഗുണമാകാം ഇന്നദ്ദേഹം അനുഭവിക്കുന്നതും. പുസ്തത്തിലെ ചില വരികൾ (ഇന്ദ്രൻസിന്റേതായാലും ഷംസുദ്ദീന്റേതായാലും) കവിതപോലെ മനോഹരമാണ്. ഉദാഹരണത്തിന് ആമുഖത്തിൽ അദ്ദേഹം പറയുന്ന വരികൾ. “ ഒരുപാട് സൂചിക്കുഴകളിലൂടെ നൂലുപോലെ നൂർന്നുവന്ന ജീവിതമാണ് എന്റേത്. പലനിറങ്ങളിലും നിറക്കേടുകളിലും തുന്നിത്തുന്നിയെടുത്തതാണ് ഞാനെന്റെ നക്ഷത്രക്കുപ്പായം. അനുഭവിച്ച വിശപ്പിന്റെ കാഠിന്യം മറക്കാൻ പറ്റാത്തതിനാൽ നല്ല മനുഷ്യനായി, കലാകാരനായി ജീവിക്കാൻ ശ്രമിക്കുന്നു.”

പുസ്തകത്തിന്റെ കടപ്പാട് വരികൾ കൂടെ പകർത്തിയെഴുതിയാൽ മേൽ‌പ്പറഞ്ഞ സാക്ഷ്യപത്രവും ഈ കുറിപ്പും പൂർത്തിയാകും.

“ പന്ത്രണ്ട് വയസ്സ് മുതൽ എന്റെ കൈവിരലിനേറ്റ സൂചിക്കുത്തുകൾക്ക്… അതിന്റെ നീറ്റലിന്…ഒപ്പം അമ്മയുടെ ഉള്ളുരുക്കങ്ങൾക്കും.”

Comments

comments

4 thoughts on “ ഇന്ദ്രൻസിന്റെ ‘സൂചിയും നൂലും‘

  1. ഒരിക്കൽ കോട്ടയത്തു നിന്നും ട്രയിൻ യാത്രയിൽ അദ്ദേഹത്തോടൊപ്പം യാത്രചെയ്യാൻ അവസരം ഉണ്ടായിട്ടുണ്ട്. സെക്കന്റ് ക്ലാസിൽ സ്ലീപ്പറിൽ അദ്ദേഹത്തെ കണ്ടപ്പോൾ ആദ്യം അത്ഭുതം തോന്നി. എറണാകുളത്ത് എവിടേയോ ഷൂട്ടിങ്ങിനു തിരുവനന്തപുരത്തു നിന്നും വരുന്നതാണ് എന്ന് പറഞ്ഞു.

  2. ഈ പുസ്തകം എവിടെ വാങ്ങിക്കാൻ കിട്ടും? എനിക്ക് ഒരു കോപ്പി വാങ്ങാൻ ആയിരുന്നു…

Leave a Reply to Surya Pv Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>