നാനൂറിലധികം വർഷത്തെ വജ്രവ്യാപാര ചരിത്രമുണ്ട് ആംസ്റ്റർഡാമിന് എന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ. സൌത്ത് യൂറോപ്പിലെ ക്രൈസ്തവ രാജ്യങ്ങളിൽ നിന്ന് ജ്യൂതന്മാർ തുരത്തപ്പെട്ടുകൊണ്ടിരുന്ന കാലത്ത് അവർ വന്ന് തമ്പടിച്ചത് ആംസ്റ്റർഡാമിലാണ്. പ്രൊട്ടസ്റ്റന്റ് സമൂഹത്തിന്റെ വളർച്ചയോടെ ഉന്നമനത്തിനുള്ള അവസരങ്ങൾ ജ്യൂതന്മാർക്കും കിട്ടിത്തുടങ്ങി. അക്കാലത്ത് ഡയമണ്ട് മിനുക്കലാണ് ജ്യൂതന്മാർക്ക് അനുവദിച്ച് കിട്ടിയിരുന്ന ചുരുക്കം ചില ജോലികളിൽ ഒന്ന്. ഡയമണ്ട് പോളിഷിങ്ങിന്റെ ആഗോള തലസ്ഥാനമായി തുടരേണ്ടതായിരുന്നു ഈ നഗരം. പക്ഷെ, 1930കളിൽ യൂറോപ്പിൽ ഉണ്ടായ മാന്ദ്യം കാരണം, ജോലി തേടി ആന്റ്‌വെർപ് (Antwerp) പോലുള്ള നഗരങ്ങളിലേക്ക് ഡയമണ്ട് തൊഴിലാളികൾ ചേക്കേറി. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ബാക്കിയുണ്ടായിരുന്ന ജ്യൂതന്മാരെക്കൂടെ നാസികൾ നാടുകടത്തുകയും പിന്നീട് വകവരുത്തുകയും ചെയ്തതോടെ ആംസ്റ്റർഡാമിന്റെ ഡയമണ്ട് പ്രതാപം മറ്റ് രാജ്യങ്ങൾ കൂടെ പങ്കിട്ടു. എന്നിരുന്നാലും, ഇന്നും ന്യൂയോർക്ക്, ലണ്ടൻ, ആന്റ്‌വെർപ്, ജോഹാന്നസ്‌ബർഗ് എന്നീ നഗരങ്ങൾക്കൊപ്പം വജ്രവ്യാപാരത്തിൽ ആംസ്റ്റർഡാമും മുന്നിട്ട് നിൽക്കുന്നു.
ഗാസൺ ഡയമണ്ട് ഫാൿടറി ആംസ്റ്റർഡാമിലെ നിരവധി ഡയമണ്ട് കമ്പനികളിൽ ഒന്ന് മാത്രം. കോസ്റ്റർ ഡയമണ്ട് എന്ന കമ്പനി നടത്തിക്കൊണ്ട് പോകുന്ന ഡയമണ്ട് മ്യൂസിയം അത്തരത്തിൽ പ്രസിദ്ധമായ ഒരിടമാണ്.
ഗാസൺ ഡയമണ്ട് കെട്ടിടം. |
ഞങ്ങൾ ചെന്നുകയറുമ്പോൾ ഗാസൺ ഡയമണ്ടിൽ മറ്റ് സന്ദർശകരെ ആരെയും കണ്ടതേയില്ല. 1879 ൽ ഉണ്ടാക്കിയ കെട്ടിടമാണത്. മുന്നിൽ ഓട്ടുകമ്പനികളിലേത് പോലെ വളരെ ഉയരമുള്ള ചിമ്മിനി. മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു ആ പഴയ കെട്ടിടം. ആഗമനോദ്ദേശം റിസപ്ഷനിൽ പറഞ്ഞു. അധികം താമസിയാതെ ഉറുഗ്വേക്കാരനായ അലജാണ്ട്രോ ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.
വജ്രങ്ങൾ മിനുക്കിക്കൊണ്ടിരിക്കുന്ന ഒരു ജോലിക്കാരൻ. |
ഫാൿറ്ററിയുടെ ഓരോ ഭാഗങ്ങളിലായി നടക്കുന്ന വിവിധതരം ജോലികൾ അദ്ദേഹം വിവരിച്ചുതന്നു. യന്ത്രങ്ങൾ ഉപയോഗിച്ച് കല്ലുകൾ ചീകിമിനുക്കിക്കൊണ്ടിരിക്കുന്ന കുറച്ച് ജോലിക്കാരെ മാത്രമേ അകത്ത് കണ്ടുള്ളൂ. മൊത്തത്തിൽ നിശബ്ദമായ അന്തരീക്ഷമാണ്. ക്യാമറക്കണ്ണുകൾ സന്ദർശകരുടെ ഓരോ നീക്കങ്ങളും ഒപ്പിയെടുക്കുന്നുണ്ടെന്ന് നിശ്ചയം. ഒരു വശത്തായി വിശാലമായ ഷോ റൂം. ഐശ്വര്യാ റായിയുടെ പരസ്യ ചിത്രങ്ങൾ അതിന്റെ ചില ചുമരുകളെ അലങ്കരിക്കുന്നുണ്ട്. ‘ഷോ റൂമിലേക്ക് വരേണ്ടത് അവസാനമാണ്, അതിന് മുന്നേ ഡയമണ്ടിനെപ്പറ്റി ഒരുപാട് പഠിക്കാനുണ്ട് ‘എന്ന് പറഞ്ഞ് അലജാണ്ട്രോ ഞങ്ങളെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. ഷോ റൂമിലേക്ക് തിരികെ വരാതെ കെട്ടിടത്തിന് പുറത്ത് കടക്കാനുള്ള വാതിലുകൾക്കായി എന്റെ കണ്ണുകൾ പരതി നടന്നു.
ഡയമണ്ട് ചെത്തി മിനുക്കൽ പ്രക്രിയ. |
പഠിക്കാനുണ്ടെന്ന് പറഞ്ഞത് തമാശയ്ക്കല്ല എന്ന് അദ്ദേഹം നടത്തുന്ന ഒരുക്കൾ കണ്ടപ്പോൾ ബോദ്ധ്യമായി. മേശപ്പുറത്തുള്ള കടലാസുകളും സാമഗ്രികളുമെല്ലാം എടുത്തുമാറ്റി. സാമാന്യം വലിയൊരു വെളുത്ത പേപ്പർ മേശപ്പുറത്ത് വിരിച്ചു, ഹോർലിക്സ് കുപ്പി പോലുള്ള ഒന്നുരണ്ടെണ്ണം മേശ വലിപ്പിൽ നിന്ന് വെളിയിൽ വന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ഡയമണ്ടുകളാണ് അതിനകത്ത്. കൊടിലുപയോഗിച്ച് അവയെല്ലാം വെളിയിലെടുക്കുകയും ഓരോന്നിന്റേയും പ്രത്യേകതകൾ വിവരിക്കുകയും ചെയ്തു.
ഒരു ഡയമണ്ട് പാഠം ഇവിടെ തുടങ്ങുന്നു. |
വെളുത്ത കടലാസിൽ ഗ്രാഫുകളും കണക്കുകളും വരയ്ക്കപ്പെട്ടു. കാരറ്റ്, കളർ, ക്ലാരിറ്റി, കട്ട്, എന്നിങ്ങനെ ഡയമണ്ടിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ഓരോന്നും വിശദീകരിക്കപ്പെട്ടു. ഹോർലിക്സ് കുപ്പിയിലെ വജ്രങ്ങൾക്ക് പുറമേ ആഭരണങ്ങളാക്കി മാറ്റിയ നിരവധി കല്ലുകളും മേശപ്പുറത്ത് നിരന്നു. കല്ലുകളിൽ തൊട്ട് നോക്കാനും മോതിരം പോലുള്ള ആഭരണങ്ങൾ അണിഞ്ഞ് നോക്കാനും ഞങ്ങൾക്ക് അനുവാദം തന്നു.
1 കാരറ്റ് എന്നാൽ 0.2 ഗ്രാം ആണെന്ന് മാത്രം മനസ്സിലാക്കാനുള്ള മാനസ്സികാവസ്ഥയേ എനിക്കുണ്ടായിരുന്നുള്ളൂ. മുഴങ്ങോടിക്കാരി കൂടുതൽ കൂടുതൽ സംശയങ്ങൾ അലജാണ്ട്രോയോട് ചോദിച്ചുകൊണ്ടിരുന്നു. മേശപ്പുറത്ത് വിരിച്ചിരുന്ന വെള്ളക്കടലാസുകളിൽ വിശദീകരണങ്ങൾ കൂടിക്കൂടി വന്നപ്പോൾ അതേ അനുപാതത്തിൽ എന്റെ ചങ്കിടിപ്പും വർദ്ധിച്ചു വന്നു.
പാഠങ്ങൾക്ക് ശേഷം നിറഞ്ഞ ചിരിയുമായി ‘അലജാണ്ട്രോ‘ |
ഇത്രയും സമയം ശ്രദ്ധിച്ച മറ്റൊരു കാര്യമുണ്ടായിരുന്നു. വളരെ കൃത്യമായും വ്യക്തമായും തന്റെ ജോലി ചെയ്യുക മാത്രമാണ് അലജാണ്ട്രോ ചെയ്യുന്നത്. അരമണിക്കൂറിലധികം സമയം ഡയമണ്ടിനെപ്പറ്റി പഠിപ്പിക്കാൻ ചിലവഴിച്ചശേഷം ഒരു കല്ലെങ്കിലും വാങ്ങണമെന്ന് രീതിയിൽ വിൽപ്പന തന്ത്രങ്ങളൊന്നും അദ്ദേഹം പുറത്തെടുക്കുന്നില്ല. “രത്നങ്ങളോ വജ്രങ്ങളോ വാങ്ങാൻ പോകുന്ന ഒരാൾ അറിഞ്ഞിരിക്കേണ്ട സാമാന്യവിവരങ്ങൾ എല്ലാം ഞാൻ പകർന്നുതന്നിരിക്കുന്നു. ഇനി നിങ്ങൾക്ക് കൂടുതൽ വജ്രങ്ങൾ കാണാം, വേണമെന്നുണ്ടെങ്കിൽ അതിൽ ചിലത് വാങ്ങിയിട്ട് പോകാം, അതാണ് ഷോ റൂമിലേക്കുള്ള വഴി, ശുഭദിനം.“ എന്ന് പറഞ്ഞ് ഞങ്ങളെ യാത്രയാക്കി അലജാണ്ട്രോ എതിർദിശയിലേക്ക് നടന്നു നീങ്ങി.
ഗാസൺ ഡയമണ്ട് ഷോ റൂമിന്റെ ഉൾവശം. |
ദൃഢതയാർന്ന കാർബൺ അധവാ കരിക്കട്ടകൾ, അതാണല്ലോ ഡയമണ്ട് !! അതിനെ രാകിരാകി കൃത്യതയാർന്ന മുഖങ്ങൾ ഉണ്ടാക്കിയെടുത്ത്, ആ മുഖങ്ങളിൽ പ്രകാശം വീണ് മറ്റനേകം വശങ്ങളിലേക്ക് പ്രതിഫലിച്ച് തിളങ്ങാൻ പാകത്തിന് മാറ്റിയെടുക്കുമ്പോൾ ലക്ഷങ്ങളോ കോടികളോ തന്നെ വിലമതിക്കുന്ന ഡയമണ്ട് ഉൽപ്പന്നങ്ങളായി മാറുന്നു. 121 മുഖങ്ങൾ വരെ ചെത്തിയെടുത്തിട്ടുള്ള വജ്രങ്ങൾ ഗാസൺ ഡയമണ്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വിലപിടിച്ച വജ്രങ്ങളിൽ ചിലത് |
ഡയമണ്ടുകൾ എപ്പോൾ എവിടെ കണ്ടാലും ‘ബ്ലഡ് ഡയമണ്ട് ‘എന്ന ഹോളീവുഡ് സിനിമയാണ് ഓർമ്മയിലേക്ക് ഓടിവരുക. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഡയമണ്ടിന്റെ പിന്നിൽ, അല്ലെങ്കിൽ ഡയമണ്ടിനായി ചൊരിയപ്പെടുന്ന ചോരയുടെ കഥയാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഖനനത്തിനായി ബലമായി പിടിച്ച് കൊണ്ടുപോകുന്ന കുട്ടികൾ, കൈകൾ മുറിച്ച് മാറ്റപ്പെടുന്ന കുട്ടികൾ, മറ്റ് ക്രൂരതകൾ അനുഭവിക്കേണ്ടി വരുന്ന തൊഴിലാളികൾ, എന്നിങ്ങനെ സിനിമയിൽ കാണിക്കുന്ന പല രംഗങ്ങളും യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതാണെന്നാണ് മനസ്സിലാക്കാനായത്. ഡയമണ്ട് വാങ്ങാൻ പോകുന്ന ഒരാൾക്ക് തിളങ്ങുന്ന ആ കല്ലിൽ രക്തക്കറ പുരണ്ടിട്ടില്ലെന്ന് ഉറപ്പ് വരുത്താനുള്ള സർട്ടിഫിക്കറ്റുകൾ എന്തെങ്കിലും കമ്പനിക്കാരൻ നൽകുന്നുണ്ടോ ആവോ ?
വജ്രങ്ങൾക്ക് പിന്നിലെ ചോരയുടെ കഥ. |
സ്വർണ്ണത്തിനോട് വലിയ പ്രതിപത്തി ഇല്ലാത്ത ആളാണെങ്കിലും കല്ലുകളോട് കാര്യമായ താൽപ്പര്യമുള്ള കക്ഷിയാണ് മുഴങ്ങോടിക്കാരിയെന്ന് എനിക്കറിയാം. പക്ഷെ യാത്രയ്ക്കിടയിൽ അങ്ങനെയൊരു വിലപിടിച്ച ഷോപ്പിങ്ങ് നടത്താനുള്ള താൽപ്പര്യമില്ലത്രേ! ഡച്ച് പരമ്പര ദൈവങ്ങൾ കാത്തു. എന്നിരുന്നാലും സോവനീർ എന്ന നിലയ്ക്ക് അധികം വിലയൊന്നും ഇല്ലാത്ത ചെറിയൊരു കടുക്കൻ വാങ്ങിയിട്ട് തന്നെയാണ് ഗാസൺ ഡയമണ്ടിനോട് ഞങ്ങൾ വിടപറഞ്ഞത്.
ലോകപ്രശസ്ത വജ്രങ്ങൾ. |
ഫാൿറ്ററിയിലെ സൌജന്യ കഫ്‌റ്റീരിയയിൽ ഫാൿറ്ററിക്കകത്തോ ഷോ റൂമിനകത്തോ കാണാത്ത അത്രയും ജനങ്ങളുണ്ട്. ഗാസൺ ഡയമണ്ട് ഫാൿറ്ററിക്ക് പിന്നിൽത്തന്നെയാണ് കനാൽ ബസ്സിന്റെ ജട്ടി. പക്ഷെ റൂട്ട് മാപ്പ് പ്രകാരം സെൻട്രൽ സ്റ്റേഷനിലേക്ക് നടന്ന് പോകാവുന്നതേയുള്ളൂ. ഞങ്ങൾ റോഡുകളിലൂടെ തന്നെ സെൻട്രലിലേക്ക് തിരിച്ചു. അവിടന്ന് വാൻ ഗോഗ് മ്യൂസിയത്തിലേക്ക് പോകാനുള്ള കനാൽ ബസ്സ് പിടിക്കുകയാണ് ലക്ഷ്യം. ഈ നടത്തത്തിന് ഇടയ്ക്ക് ഒരു സംഭവമുണ്ടായി.
പകൽ വെളിച്ചത്തിൽ ആയതുകൊണ്ട് ആശങ്കകളൊന്നുമില്ലാതെയാണ് തെരുവുകളിലൂടെയുള്ള നടത്തം. പെട്ടെന്ന്, ഒരു തെരുവിന്റെ മൂലയിലുള്ള ആദ്യകെട്ടിടത്തിന്റെ താഴത്തെ നിലയിൽ എന്റെ ശ്രദ്ധപതിഞ്ഞു. ചില്ലുകളിട്ട ഒരു വാതിലും രണ്ട് ജനലുകളുമാണ് അവിടെയുള്ളത്. അൽപ്പവസ്ത്രധാരികളായ രണ്ട് സ്ത്രീരൂപങ്ങൾ ജനാലകൾക്ക് പിന്നിലായി നിലയുറപ്പിച്ചിരിക്കുന്നു. അതിൽ ഒരുവൾ എന്നെ മാടിവിളിച്ചു. രണ്ടാമത്തവൾ പിൻതിരിഞ്ഞ് നിൽക്കുകയാണ്. വാതിൽ തുറന്ന് ഒരു പുരുഷരൂപം വെളിയിലേക്ക് വന്ന്, ചുമരിൽ ചാരിനിന്ന് ഒരു സിഗററ്റിന് തീ കൊളുത്തി. കഷ്ടി പത്ത് മീറ്റർ അകലെയായി എനിക്ക് മുന്നിൽ കാണുന്നത് ഏതോ ഒരു ‘മാംസവിൽപ്പനശാല‘ തന്നെ. സാധാരണ നിലയ്ക്ക് രാത്രി കാലങ്ങളിലാണ് ചുവന്ന തെരുവുകൾ ജനനിബിഢമാകുന്നതും കച്ചവടം പൊടിപൊടിക്കുന്നതും. ഇത് നേരത്തെ കാലത്തേ തുറന്ന ഏതോ സ്ഥാപനമാകാം. കനാൽ ബസ്സ് പിടിക്കാനായി മുന്നിൽ ആഞ്ഞ് നടക്കുന്ന മുഴങ്ങോടിക്കാരിക്ക് ആ കാഴ്ച്ച നഷ്ടപ്പെട്ടു. പിന്നിലേക്ക് ചെന്ന് ഒന്നുകൂടെ നോക്കാമെന്നുള്ള നല്ലപാതിയുടെ ആഗ്രഹം ഞാൻ നിരാകരിച്ചു. തിരിച്ച് ചെന്നാൽ അവരുടെ ബിസിനസ്സിൽ താൽപ്പര്യം ഉണ്ടായിട്ട് ചെന്നതാണെന്ന് കരുതിയാൽ ആകെ കുഴയും.
ചുവന്ന തെരുവുകളെപ്പറ്റി അത്യാവശ്യം മനസ്സിലാക്കിയിട്ട് തന്നെയാണ് ഞാൻ ആംസ്റ്റർഡാമിലേക്ക് വണ്ടി കയറിയത്. ലോക ലൈംഗിക തലസ്ഥാനമായ ആംസ്റ്റർഡാമിൽ നടക്കാത്തതും നടത്താനാവാത്തതുമായ ലൈംഗിക വൈകൃതങ്ങൾ ഒന്നും തന്നെയില്ല. ആണിനും പെണ്ണിനും സ്വവർഗ്ഗക്കാർക്കുമൊക്കെ വെവ്വേറെ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. പോരാത്തതിന് മയക്കുമരുന്നുകളും അതിനെയൊക്കെ ചുറ്റിപ്പറ്റി നിൽക്കുന്ന ക്രിമിനൽ ലോകവും. ടൂറിസം എന്നതുപോലെ സെക്സ് ടൂറിസവും ആംസ്റ്റർഡാമിന്റെ പ്രധാന വരുമാന മാർഗ്ഗമാണ്. ആംസ്റ്റർഡാമിൽ വ്യഭിചാരം നിയമ വിധേയമാണ്. തെരുവിൽ ഇറങ്ങിനിന്ന് കച്ചവടം നടത്തരുതെന്ന് മാത്രം. 20,000ൽപ്പരം ലൈംഗികത്തൊഴിലാളികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന ഇടപാടുകാരേയും കാത്ത് ഈ കൊച്ചുപ്രദേശത്ത് കഴിയുന്നു. 40 ലക്ഷത്തോളം ജനങ്ങളാണ് വർഷാവർഷം ഇവിടത്തെ ചുവന്ന തെരുവിൽ എത്തുന്നതെന്നാണ് കണക്കുകൾ. ഇടപാടുകാരെപ്പോലെ തന്നെ ലൈംഗികത്തൊഴിലാളികൾക്കും പൊതുവെ സുരക്ഷിതമായ ഇടമായാണ് ഇവിടത്തെ ചുവന്ന തെരുവിനെ (റെഡ് ഡിസ്‌ട്രിൿറ്റ്) കണക്കാക്കപ്പെടുന്നത്. ഇക്കാരണത്താലാകണം ആംസ്റ്റർഡാമിലെ ബ്രോത്തലുകളിലും ബാറുകളിലും ഡിസ്കോത്തിക്കുകളിലുമൊക്കെ ജോലി ചെയ്ത് ജീവിക്കുന്ന വിദേശീയരായ പെൺകുട്ടികൾ നിരവധിയാണ്.
ഈ വിഷയത്തിൽ താൽപ്പര്യമുള്ളവർക്ക് എന്തായാലും ആ തെരുവുകളിലേക്ക് ചെന്നല്ലേ പറ്റൂ. അതുകൊണ്ടുതന്നെ, അതിന്റെ വരും വരായ്‌കകൾ അനുഭവിക്കാൻ അവർ ബാദ്ധ്യസ്ഥരാണ്. പരിചയമില്ലാത്ത ഒരു രാജ്യത്ത് ചെന്ന് ഇത്തരം കുഴപ്പങ്ങളിൽ ഒന്നും പെടാൻ താൽപ്പര്യം ഇല്ലാത്തവർക്ക്, കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ നടന്ന് നീങ്ങാം; ആരും നിർബന്ധിക്കാനോ ശല്യപ്പെടുത്താനോ വരില്ല. പക്ഷെ ഇതൊക്കെ അനുഭവിക്കാനാണെന്ന വ്യാജേന ചെന്ന് കയറിയിട്ട് എല്ലാം കണ്ടും കേട്ടും മനസ്സിലാക്കി, അവരെ ഇളിഭ്യരാക്കി മടങ്ങാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവിടെ അപകടം പതിയിരിക്കുന്നു. അങ്ങനെ ആർക്കെങ്കിലും, ഈ തെരുവുകളിലൂടെയും ഇവിടെ നടക്കുന്ന ലൈംഗിക വൈകൃത/വ്യാപാരത്തിന്റെയൊക്കെ പിന്നാമ്പുറത്തുകൂടെ സഞ്ചരിക്കണമെന്നുണ്ടെങ്കിൽ അതിനുള്ള സൌകര്യവും ആംസ്റ്റർഡാം ടൂറിസം നൽകുന്നുണ്ട്. സെക്സ് ടൂർ എന്ന പെരിൽ ഗൈഡിനൊപ്പം തന്നെ ഇതുവഴിയെല്ലാം സഞ്ചരിക്കാം, പ്രോസ്റ്റിസ്റ്റ്യൂഷൻ ഇൻഫർമേഷൻ കേന്ദ്രത്തിൽ ചെന്ന് ഈ വ്യവസായത്തിനെപ്പറ്റി ഒരാൾക്കുള്ള എല്ലാ സംശയങ്ങളും ദുരീകരിക്കാം, ചില ‘തൊഴിലാളി‘കളുമായെങ്കിലും നേരിട്ട് സംവദിക്കാം.
കുടുംബത്തോടൊപ്പം അങ്ങനെയൊരു ടൂർ നടത്താനുള്ള ധൈര്യം ഇല്ലായിരുന്നതുകൊണ്ട് ആദ്യമേ തന്നെ അത് യാത്രാപദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിനിമാ താരങ്ങളായ ജയറാമും പാർവ്വതിയും ചേർന്ന് സധൈര്യം നടത്തിയ ഇത്തരം ഒരു ടൂറിനെപ്പറ്റി ഒരു അഭിമുഖത്തിൽ വായിച്ചതോർമ്മയിലുണ്ടായിരുന്നു. തെരുവിൽ മൈക്ക് വെച്ച് അനൌൺസ്‌മെന്റും ബഹളവുമൊക്കെ നടക്കുന്നുണ്ട്. പെട്ടെന്ന് മൈക്കിലൂടെ മലയാളത്തിൽ ഒരു ചോദ്യം വന്നു. “അല്ലാ ഇതാര് ജയറാമും പാർവ്വതിയുമോ ? നിങ്ങളെന്താ ഈ വഴിക്ക് ? “ ഞെട്ടിത്തരിച്ചുനിന്ന സിനിമാ താരങ്ങൾ ജീവനും കൊണ്ട് ഓടി മറയുകയായിരുന്നത്രേ!
സെന്റ്രൽ സ്റ്റേഷനിൽ നിന്ന് കനാൽ ബസ്സിന്റെ പച്ച റൂട്ടിൽ കയറിയപ്പോൾ ലക്ഷ്യം വാൻഗോഗ് മ്യൂസിയമായിരുന്നു. അതിന് തൊട്ടടുത്ത് തന്നെയാണ് ഡച്ച് ദേശീയ മ്യൂസിയമായ Rijks. പക്ഷെ ഏതിലെങ്കിലും ഒന്നിൽ കയറാനുള്ള സമയമേ ഞങ്ങൾക്കുള്ളൂ. Rijks ലെ കാഴ്ച്ചകൾ കണ്ടുതീർക്കാൻ ഒരു ദിവസമെങ്കിലും എടുക്കും എന്നുള്ളതുകൊണ്ട് വെളിയിൽ നിന്ന് ചില ചിത്രങ്ങൾ മാത്രം എടുത്ത് ഞങ്ങൾ വാൻ ഗോഗ് മ്യൂസിയത്തിലേക്ക് ആഞ്ഞുനടന്നു.
Rijks മ്യൂസിയം. |
വാൻ ഗോഗ് മ്യൂസിയം; പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലോകപ്രശസ്ത ചിത്രകാരനായ വിൻസെന്റ് വാൻ ഗോഗിന്റെ ഏറ്റവും കൂടുതൽ പെയിന്റിങ്ങുകളും വരകളും പ്രദർശിപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. ഒരു കലാകാരനാകാൻ തീരുമാനിച്ചപ്പോൾ ചിത്രകലയെപ്പറ്റിയോ പെയിന്റിങ്ങിനെപ്പറ്റിയോ യാതൊരുവിധ അറിവുകളും പരിചയ സമ്പന്നതയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വയം അങ്ങനെ എന്തെങ്കിലും കഴിവുകൾ ഉണ്ടോ എന്നുപോലും അദ്ദേഹത്തിനറിയില്ലായിരുന്നു. എന്നാലും ഒരു കലാകാരനാകണമെന്ന് അദ്ദേഹം തീരുമാനിക്കുകയും, സാമ്പ്രദായിക വഴികളും പാഠ്യരീതികളുമൊക്കെ ഉപേക്ഷിച്ച് തന്റേതായ മാർഗ്ഗത്തിലൂടെ നീങ്ങുകയായിരുന്നു.
വാൻ ഗോഗ് മ്യൂസിയം – ഭാഗികമായ ദൃശ്യം. |
പ്രശസ്തമായ ഒട്ടനവധി വാൻ ഗോഗ് ചിത്രങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള, ചിത്രകാരന്റേതായ ജാഡകളില്ലാത്ത സൃഷ്ടികൾ. സ്വന്തം പോർട്രെയിറ്റ്, ചിത്രകാരനായി സ്വയം പ്രത്യക്ഷപ്പെടുന്ന ഏക ചിത്രം, അവസാനത്തെ പെയിന്റിങ്ങ് ആയി കരുതപ്പെടുന്ന ഗോതമ്പുപാടവും കാക്കകളും, തലയോട്ടിയും എരിയുന്ന സിഗററ്റും, കിടക്കമുറി, വിളവെടുപ്പ് എന്നിങ്ങനെ പ്രശസ്തമായ ഒട്ടനവധി ചിത്രങ്ങൾ. മ്യൂസിയത്തിനകത്ത് ഫോട്ടോഗ്രാഫി നിഷിദ്ധം.
വാൻ ഗോഗ് Self Portrait. |
ദൂരെ നിന്ന് നോക്കുമ്പോൾ കൂടുതൽ ആഴത്തിൽ വരച്ചിരിക്കുന്നതായി തോന്നുന്ന സൃഷ്ടികൾ, ഓയിൽ പെയിന്റിങ്ങിനും പെൻസിൽ വരകൾക്കുമൊക്കെ പുറമേ കണക്കിലെ സമസ്യകൾ പോലുള്ള ചിത്രങ്ങൾ. 37-)മത്തെ വയസ്സിൽ സ്വയം വെടിവെച്ച് ജീവനൊടുക്കിയില്ലായിരുന്നെങ്കിൽ ആയിരക്കണക്കിന് ചിത്രങ്ങൾ കൂടെ ലോകത്തിന് സമ്മാനിക്കുമായിരുന്ന പ്രതിഭയാണ് വാൻ ഗോഗ്.
ഗോതമ്പ് പാടവും കാക്കകളും. |
മ്യൂസിയത്തിനകത്തെ സോവനീർ കടയിൽ നിന്ന് ‘വാൻ ഗോഗ് Self Portrait‘ ന്റെ ഒരു ഫ്രിഡ്ജ് മാഗ്‌നറ്റ് വാങ്ങി, സൌജന്യമായി കൊടുക്കുന്ന ബുക്ക് മാർക്കുകളും കൈപ്പറ്റി ഞങ്ങൾ വെളിയിൽ കടന്നു. ഇരുട്ട് വീഴുന്നതിന് മുന്നേ ഒരിടത്ത് കൂടെ പോകാനുണ്ട്. മറ്റെവിടെയും പോയില്ലെങ്കിലും ആംസ്റ്റർഡാം സന്ദർശിക്കുന്ന ഓരോ സഞ്ചാരിയും അവശ്യം പോയിരിക്കേണ്ട ഒരിടമാണത്.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.