13999__11125__GCEK-281-29

പറശ്ശിനിക്കടവ്


‘കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7.
—————————————————————

കോഫി ഹൌസില്‍ നിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനുശേഷം ഞങ്ങള്‍ കണ്ണൂര്‍ നഗരത്തിനോട് വിട പറഞ്ഞു. അടുത്തതായി ലക്ഷ്യമിട്ടിരുന്നത് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രമായിരുന്നു. കണ്ണൂരുനിന്ന് ഏകദേശം 13 കിലോമീറ്റര്‍ വടക്കോട്ട് മംഗലാപുരം റൂട്ടില്‍ യാത്ര ചെയ്താല്‍ ധര്‍മ്മശാല. അവിടന്ന് വലത്തേക്ക് തിരിഞ്ഞാലുടന്‍ മങ്ങാട്ടുപറമ്പെന്ന സ്ഥലത്ത് റോഡിനിരുവശത്തുമായി കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് കാമ്പസ് കാണാന്‍ തുടങ്ങുകയായി.

ഈ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ ഒരുവനാണെങ്കിലും ധര്‍മ്മശാലയിലെ ഈ കാമ്പസ് കാണുമ്പോള്‍ വൈകാരികമായ ഒരു അടുപ്പം എനിക്ക് തോന്നാറില്ല. അതിന് കാരണമുണ്ട്. ഞങ്ങള്‍ ആദ്യബാച്ച് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത് മുഴുവന്‍ കണ്ണൂര്‍ നഗരത്തിലെ ടൌണ്‍ ഹൈസ്ക്കൂളിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക കാമ്പസിലാണ്. മൂന്ന് ഭാഗത്തും ജനലുകളുള്ള അവിടത്തെ എന്റെ ക്ലാസ്സ് റൂമിനോടുള്ള അടുപ്പം ജീവിതത്തില്‍ മറ്റൊരു ക്ലാസ്സ് മുറിയോടും തോന്നിയിട്ടില്ല.

എട്ടാമത്തെ സെമസ്റ്റര്‍ അവസാനമായപ്പോഴേക്കും മാങ്ങാട്ടുപറമ്പിലെ സ്ഥിരം കാമ്പസിലെ കെട്ടിടമൊക്കെ പണി കഴിഞ്ഞുതുടങ്ങി. ജൂനിയര്‍ ബാച്ചുകളിലെ കുട്ടികള്‍ പലരും പുതിയ കെട്ടിടത്തില്‍ പോയിരുന്ന് പഠിക്കാന്‍ തുടങ്ങി.

കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജിന്റെ പാര്‍ശ്വവീക്ഷണം

ഒന്നോ രണ്ടോ ആഴ്ച്ച മാത്രം പേരിന് ഞങ്ങളേയും പുതിയ കെട്ടിടത്തിലിരുന്ന് പഠിക്കാന്‍ അനുവദിച്ചെങ്കിലും കോളേജ് കാമ്പസ്സിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ എനിക്കിന്നും ടൌണ്‍ ഹൈസ്ക്കൂള്‍ കെട്ടിടം തന്നെയാണ് മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്റെ ബാച്ചിലെ എല്ലാ സഹപാഠികള്‍ക്കും അതങ്ങനെ തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

ഞങ്ങള്‍ ആദ്യത്തെ ഒന്നുരണ്ട് ബാച്ച് വിദ്യാര്‍ത്ഥികള്‍ നിരന്തരം സമരങ്ങള്‍ ചെയ്തും, നിരാഹാരം കിടന്നും, റോഡുകള്‍ ഉപരോധിച്ചും, റോഡില്‍ ക്ലാസ്സെടുത്തും, അറസ്റ്റ് കൈവരിച്ചും, കളക്‍ടറുടെ ചേമ്പറില്‍ ഇടിച്ചുകയറി അദ്ദേഹത്തെ തടഞ്ഞുവെച്ചും, ആ വഹയില്‍ പൊലീസുകാരുടെ പെരുമാറല്‍ നന്നായി അനുഭവിച്ചുമൊക്കെ നേടിയെടുത്ത ഒരു കോളേജാണ് ഇന്നുള്ളത്. പ്രാക്‍ടിക്കല്‍ ക്ലാസ്സുകള്‍ക്കായി കോഴിക്കോട് R.E.C.യെ ആണ് ആദ്യകാലത്ത് ഞങ്ങള്‍ ആശ്രയിച്ചിരുന്നത്.‍ അതിന്റെയൊക്കെ ഫലം അനുഭവിക്കുന്ന പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഇക്കഥകള്‍ എത്രത്തോളം അറിയാമെന്ന് നിശ്ചയമില്ല. തേക്ക് തൈ നടുന്നവനല്ലല്ലോ പൂര്‍ണ്ണവളര്‍ച്ചയെത്തിയ തേക്കിന്റെ ഫലം അനുഭവിക്കുക! അത്രേയുള്ളൂ ഇക്കാര്യത്തിലും.

കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജ്

റോഡിന്റെ ഇടുത്തുവശത്തുള്ള കുന്നിന്‍ മുകളില്‍ പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന മോത്തി കെമിക്കല്‍‌സ് എന്ന സ്ഥാപനത്തിന്റെ കെട്ടിടത്തിലായിരുന്നു അക്കാലത്ത് ഓഫീസ് മുറികളും പ്രിന്‍സിപ്പാളിന്റെ മുറിയുമൊക്കെ. സ്റ്റാഫ് റൂമുകളും, ക്ലാസ്സ് റൂമുകളുമൊക്കെ റോഡിന് വലത്തുവശത്തുള്ള കെട്ടിടത്തിലും. റോഡിന് നടുക്ക് നിന്ന് നോക്കിയാല്‍ തരിശായി കിടക്കുന്ന കാമ്പസ്സില്‍ ഈ കെട്ടിടങ്ങളൊക്കെ തലയുയര്‍ത്തി നില്‍ക്കുന്നത് എളുപ്പം കാണാമായിരുന്നു അക്കാലത്ത്. ഇന്നിപ്പോള്‍ കാമ്പസ്സിലാകെ മരങ്ങളൊക്കെ വളര്‍ന്ന് വന്നിരിക്കുന്നു. കാമ്പസ്സെന്ന് പറഞ്ഞാല്‍ അങ്ങനായിരിക്കണം. മരങ്ങള്‍ വേണം, മറകള്‍ വേണം, മരഞ്ചുറ്റിക്കളികള്‍ക്കും പ്രേമസല്ലാപങ്ങള്‍ക്കും പറ്റിയ സാഹചര്യങ്ങള്‍ വേണം. ഏകാന്തമായി പോയിരുന്ന് ചിന്തിക്കാനും പഠിക്കാനും, കഥ, കവിത എന്നീ സര്‍ഗ്ഗവാസനകള്‍ വളര്‍ത്തിയെടുക്കാനുമുള്ള അന്തരീക്ഷമുണ്ടാകണം. തരിശായി കിടക്കുന്ന കാമ്പസ്സില്‍ , കഥകള്‍ ഉടലെടുക്കാനും കവിതകള്‍ വിരിയാനും ക്യാമ്പസ്സ് പ്രണയങ്ങള്‍ പച്ചപിടിക്കാനുമൊക്കെ പ്രയാസമാണെന്ന് മാത്രമല്ല, ദുഷ്ടബുദ്ധികള്‍ അതൊക്കെ പൊളിച്ചടുക്കാനുള്ള സാദ്ധ്യതകളും കൂടുതലാണ്.

കോളേജ് കാമ്പസ്സ് കഴിഞ്ഞാലുടന്‍ പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രമാണ്. നല്ല മുറ്റ് പാമ്പുകളെ കാണാനും വേണമെങ്കില്‍ തൊട്ട് തലോടാനും നല്ല രീതിയില്‍ പാമ്പുകളെ കൈകാര്യം ചെയ്യേണ്ടതെങ്ങിനെയാണെന്നുമൊക്കെ അത്യാവശ്യത്തിന് കണ്ട് മനസ്സിലാക്കണമെന്നൊക്കെ താല്‍പ്പര്യമുണ്ടെങ്കില്‍ അങ്ങോട്ട് കയറിയാല്‍ മതി. പാമ്പുകളെക്കുറിച്ച് സന്ദര്‍ശകരെ ബോധവവല്‍ക്കരിക്കാന്‍ ഓരോ മണിക്കൂര്‍ ഇടവിട്ടുള്ള പ്രദര്‍ശന ക്ലാസ്സുകള്‍ ഉണ്ടിവിടെ. രാജവെമ്പാല മുതല്‍ നീര്‍ക്കോലി വരെയുള്ള 150ല്‍പ്പരം പാമ്പുകളുടെ വകഭേദങ്ങള്‍ അവിടുണ്ട്. കോളേജ് വിദ്യാഭ്യാസകാലത്ത് ഒരിക്കല്‍ കയറി കണ്ടിട്ടുള്ള സ്ഥലമാണ്. ഈ യാത്രയില്‍ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ കയറാന്‍ ഞങ്ങള്‍ക്കുദ്ദേശമില്ലാത്തതുകൊണ്ട് റോഡില്‍ നിന്ന് അതിന്റെ ഗേറ്റ് മാത്രം സഹയാത്രികര്‍ക്ക് കാണിച്ച് കൊടുത്തകൊണ്ട് കാറ് മുന്നോട്ടെടുത്തു.

കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞ ഒരു കാലഘട്ടത്തില്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനോടുള്ള ദേഷ്യം തീര്‍ക്കാനായി അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ ഈ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലെ പാമ്പുകളെയൊക്കെ ചുട്ടും തച്ചുമൊക്കെ കൊന്നുകളഞ്ഞ ഒരു സംഭവം എന്റെ ഓര്‍മ്മയിലിന്നുമുണ്ട്. 1993 ലാണ് സംഭവമെന്നാണ് ഓര്‍മ്മ. മനുഷ്യന്മാര്‍ തമ്മിലുള്ള അനാവശ്യ ശത്രുതയ്ക്ക് വിലകൊടുക്കേണ്ടി വന്നത് മിണ്ടാപ്രാണികളുടെ ജീവിനായിരുന്നെന്നത് വിരോധാഭാസമോ, വിവരമില്ലായ്മയോ, അതോ രാഷ്ടീയ അന്ധതയോ ? എന്തുപേരിട്ട് വിളിച്ചാലും ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത കൊടും പാതകമായിരുന്നു അത്. പാമ്പ് വളര്‍ത്തല്‍ കേന്ദ്രം ആക്രമണത്തില്‍ പങ്കാളികളായ ചിലര്‍ പിന്നീടെപ്പോഴോ പാമ്പുകടിയേറ്റ് മരണമടഞ്ഞതായി ഒരു കഥയും കേട്ടിട്ടുണ്ട്.

പറശ്ശിനിക്കടവ് ക്ഷേത്രകവാടം

പറശ്ശിനിക്കടവ് ബസ്സ് സ്റ്റാന്‍ഡ് കടന്നുകഴിഞ്ഞാല്‍പ്പിന്നെ വഴി കുത്തനെ ഇറങ്ങുകയായി. രണ്ട് നല്ല ഹെയര്‍ പിന്‍ വളവുകള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ചെന്നെത്തുന്നത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം ചെയ്തിരിക്കുന്ന ഇടത്തേക്കാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പറശ്ശിനിക്കടവ് സന്ദര്‍ശനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു ഉത്സവപ്പറമ്പില്‍ ചെന്നതുപോലെ തിക്കും തിരക്കുമായിരുന്നവിടെ. ചുറ്റിനും കൊച്ചുകൊച്ചുകടകള്‍ . അതിനിടയിലൂടെ തിക്കിത്തിരക്കി വേണം അമ്പലത്തിനടുത്തേക്ക് നീങ്ങാന്‍.

പറശ്ശിനിക്കടവ് ക്ഷേത്രം – കടപ്പാട് ബ്ലോഗര്‍ ശ്രീലാല്‍

ലോഹത്തകിടുമേഞ്ഞ മേല്‍ക്കൂരയുള്ള മടപ്പുര വലിയൊരു കെട്ടിടത്തിനകത്തെന്ന പോലെയാണ് നിലകൊള്ളുന്നത്. വളപട്ടണം പുഴയുടെ ഭാഗമായ പറശ്ശിനിപ്പുഴയരുകില്‍ നിന്നിരുന്ന കൊച്ചു ക്ഷേത്രം മാത്രമായിരുന്നു എന്റെ മനസ്സില്‍ . ഇത്രയുമൊക്കെ ‘പുരോഗതി‘ വന്നത് എന്നാണാവോ ?

ക്ഷേത്രനടയില്‍ എപ്പോള്‍ ചെന്നാലും നായ്ക്കളുടെ ഒരു പട തന്നെ ഉണ്ടാകും. നായ്ക്കളെ ഭയമുള്ളവര്‍ ആദ്യമാദ്യം ക്ഷേത്രനടയിലേക്ക് ചെല്ലാന്‍ ഒന്ന് മടിച്ചെന്ന് വരും. തൊഴുതുനില്‍ക്കുന്ന ഭക്തജനങ്ങളുടെ കാലിനിടയിലൂടൊക്കെ നായ്ക്കള്‍ വാലാട്ടി നടക്കുന്നത് ഒരു അവിശ്വസനീയമായ കാഴ്ച്ചയായിരുന്നു പഴയകാലത്ത്. കേരളത്തിലെന്നല്ല ലോകത്തെവിടെയെങ്കിലുമുള്ള ഒരു ക്ഷേത്രനടയില്‍ നിര്‍ലോഭം നായ്ക്കള്‍ കറങ്ങി നടക്കുന്നത് കാണാന്‍ പറ്റിയെന്ന് വരില്ല. നായ്ക്കളുടെ ഈ സ്വര്യവിഹാരത്തിന്റെ കാരണം മനസ്സിലാക്കണമെങ്കില്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തിന്റേയും മുത്തപ്പന്റേയും ഐതിഹ്യത്തിലേക്ക് ഒന്ന് എത്തിനോക്കിയേ പറ്റൂ.

പറശ്ശിനിക്കടവ് ക്ഷേത്രം – സമീപ വീക്ഷണം

എരുവേശ്ശിയില്‍ അയ്യങ്കര മന വാഴുന്നവര്‍ക്കും അന്തര്‍ജനം പാര്‍വ്വതിക്കുട്ടിയമ്മയ്ക്കും സന്താനഭാഗ്യമില്ലാത്തതിന്റെ മനക്ലേശം വളരെയേറെയായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം പതിവുപോലെ തോഴിമാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ പാടിക്കുറ്റിയമ്മ എന്ന പാര്‍വ്വതിക്കുട്ടിയമ്മ ഒന്ന് മുങ്ങി നിവര്‍ന്നതും ആ കാഴ്ച്ച കണ്ടു. കൈകാലിട്ടടിച്ച് കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ആണ്‍കുഞ്ഞതാ പുഴയോരത്ത്. അവര്‍ ആ അനാഥശിശുവിനെ സ്വന്തം മകനെയെന്നപോലെ അയ്യങ്കര മനയില്‍ വളര്‍ത്തി. പക്ഷെ മാതാപിതാക്കള്‍ ബ്രാഹ്മണരാണെന്നും വളരുന്നത് ഒരു മനയിലാണെന്നുമുള്ള ചിന്തയൊന്നും അശേഷം പോലും ഉണ്ണിക്കുണ്ടായിരുന്നില്ല. അവന്‍ കാടായ കാടൊക്കെ അലഞ്ഞുനടന്നു. കണ്‍‌മുന്നില്‍ വന്നുപെട്ട മൃഗങ്ങളെയൊക്കെ വേട്ടയായി. വേട്ടമൃഗങ്ങളുടെ തോലെടുത്ത് വസ്ത്രമായി ധരിച്ചു. പുഴക്കരയില്‍ മത്സ്യം പിടിക്കുകയും വേട്ട മാസവും മത്സ്യവുമൊക്കെ യഥേഷ്ടം ഭക്ഷിക്കുന്നതിനൊപ്പം തരപ്പെടുന്നിടത്തുനിന്നൊക്കെ മദ്യസേവയും നടത്തിപ്പോന്നു.

അയ്യങ്കര വാഴുന്നവര്‍ക്ക് ഇതൊക്കെ താങ്ങാവുന്നതിലധികമായിരുന്നു. മനസ്സ് നൊന്ത അദ്ദേഹം ജീവത്യാഗം ചെയ്യാന്‍ വരെ മുതിരുന്നു. ഇതറിഞ്ഞ ഉണ്ണി മന വിട്ടിറങ്ങുകയും അതിന് മുന്നേ ജ്വലിക്കുന്ന കണ്ണുകളും അമ്പും വില്ലുമൊക്കെയായി തന്റെ ദേവാംശം മാതാപിതാക്കള്‍ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. മനവിട്ടിറങ്ങിയ കഥാനായകന്‍ നിറയെ ചെത്തുപനകളുള്ള കുന്നത്തൂര്‍പാടിയാണ് വിഹാരകേന്ദ്രമായി തിരഞ്ഞെടുത്തത്. അടിയാനായ മുത്തോരാന്‍ ചന്തനും അനുജനും അവിടത്തെ ചെത്തുകാരാണ്. സ്ഥിരമായി പനയില്‍ നിന്ന് കള്ള് മോഷണം പോകുന്നതായി അവര്‍ക്ക് സംശയമുണ്ട്. ഒരിക്കല്‍ പനയില്‍ കയറി മാട്ടുപാനിയില്‍നിന്നും കള്ള് യഥേഷ്ടം കുടിക്കുന്ന ഒരു വയസ്സനെ ചന്തന്‍ ചീത്തവിളിക്കുകയും അമ്പൊരെണ്ണം തൊടുക്കുകയും ചെയ്തു. അത്ഭുതമെന്നേ പറയേണ്ടൂ ചന്തന്‍ ഒരു കല്‍‌പ്രതിമയായി മാറി. ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ ചന്തന്റെ ഭാര്യ പനയില്‍ ഇരുന്ന് കള്ളുകുടിക്കുന്ന മുത്തപ്പനേയും താഴെ കല്‍‌പ്രതിമയായി നില്‍ക്കുന്ന ചന്തനേയും കണ്ടു. അവര്‍ ഉടനെ മുത്തപ്പാ (മുത്തച്ഛാ) എന്ന് വിളിച്ച് കരയാന്‍ തുടങ്ങി. മുത്തപ്പന്‍ കനിഞ്ഞു. കല്‍‌പ്രതിമ ചന്തനായി മാറി. കുന്നത്തൂര്‍ പാടിയില്‍ നിന്ന് മുത്തപ്പന്‍ പിന്നീട് പുരളി മല‍ വഴി പലനാടുകള്‍ താണ്ടി പറശ്ശിനിക്കടവിലേക്ക് എത്തുകയായിരുന്നു. അതിനെപ്പറ്റി മറ്റൊരു ഐതിഹ്യമാണ് നിലവിലുള്ളത്.

മുത്തപ്പന്‍ വെള്ളാട്ടം – കടപ്പാട് vengara.com

തളിയില്‍ പെരുവണ്ണാനാണ് കരക്കാട്ടിടത്തില്‍ സാമന്തന്‍‌മാരുടെ പരദേവതയുടെ കോലം കെട്ടിവന്നിരുന്നത്. പെരുവണ്ണാന് കള്ള് സേവ സമയത്ത് മീന്‍ ഇല്ലാതെ പറ്റില്ല. ഇപ്പോള്‍ മുത്തപ്പന്‍ മടപ്പുര നിലനില്‍ക്കുന്ന പുഴയരുകിലായി അയാള്‍ ചൂണ്ടയിട്ട് വലിയൊരു മീനിനെ പിടിച്ചു. പക്ഷെ പച്ചമീന്‍ തിന്നാനൊക്കില്ലല്ലോ. അതിനെന്ത് വേണമെന്ന് ആലോചിച്ച് നില്‍ക്കേ പെട്ടെന്നതാ പുഴക്കരയില്‍ ചുള്ളിക്കമ്പുകള്‍ കത്തുന്നു. പെരുവണ്ണാന്‍ മീന്‍ ആ തീയില്‍ പൊള്ളിച്ചെടുത്ത് സേവിക്കുകയും ചുള്ളിക്കമ്പുകള്‍ തീവയ്ക്കാതെ കത്തിയതിന് പിന്നില്‍ മുത്തപ്പന്റെ കൃപാകടാക്ഷമാണെന്ന വിശ്വാസത്തില്‍ അവിടെ ആദ്യം തന്നെ ചുട്ടമീനും കള്ളും നിവേദിച്ചു. പയംകുറ്റിവെയ്ക്കല്‍ ‍(പൈംകുറ്റി) എന്ന ആ ചടങ്ങ് പിന്നീടങ്ങോട്ട് പതിവാകുകയും ആ ചടങ്ങില്‍ ഒരു തിയ്യ കുടുംബം പെരുവണ്ണാനോടൊപ്പം കൂടുകയും ചെയ്തു. ഒടുവില്‍ അവിടെ മുത്തപ്പന്‍ മടപ്പുര ഉയരുകയും ചെയ്തു.

മുത്തപ്പന്റെ വെള്ളാട്ടത്തിന്റെ കിരീടം – കടപ്പാട് അനു നമ്പ്യാര്‍

ഈ ഐതിഹ്യത്തിന് മറ്റൊരു മറ്റൊരു വകഭേദവും ലഭ്യമാണ്. പറശ്ശിനിപ്പുഴയോരത്ത് കാഞ്ഞിരമരത്തില്‍ തറച്ച ഒരു അസ്ത്രമാണ് മുത്തപ്പന്റെ വരവറിയിച്ചതെന്ന് മറ്റൊരു ഭാഷ്യമുണ്ട്. വണ്ണാന്‍ സമുദായത്തിലെ അന്നത്തെ കാരണവര്‍ പറശ്ശിനിപ്പുഴയില്‍ ചൂണ്ടയിട്ട് നില്‍ക്കുന്ന സമയത്ത് പെട്ടെന്ന് ഒരു അസാധാരണ ശബ്ദം കേള്‍ക്കുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോള്‍ അവിടെയുള്ള ഒരു കാഞ്ഞിരമരത്തില്‍ ഒരു ശരം തറച്ച് നില്‍ക്കുന്നു. വണ്ണാന്‍ ചുറ്റും കണ്ണോടിക്കുകയും ഒച്ചവെച്ച് നോക്കുകയും ചെയ്തെങ്കിലും അമ്പയച്ച ആളെ കാണാഞ്ഞ് പരിഭ്രാന്തനായി തൊട്ടടുത്തുള്ള തിയ്യത്തറവാട്ടിലെ കാരണവരുടെ അടുത്തേക്ക് ഓടി. കാരണവര്‍ പുഴക്കരയില്‍ വന്ന് കാഞ്ഞിരമരത്തിലെ അസ്ത്രം കണ്ട ഉടനെ അത് മുത്തപ്പന്റെ സാന്നിദ്ധ്യമാണെന്ന് മനസ്സിലാക്കി വീട്ടില്‍പ്പോയി നിറപറയും നിലവിളക്കും എടുത്തുകൊണ്ടുവന്നുവെച്ച് പൂജ തുടങ്ങി. കള്ളും മീനും നിവേദിക്കുകയും ചെയ്തു. പിന്നീട് ശരം പിഴുതെടുത്തുകൊണ്ടുപോയി വീട്ടില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.

ക്ഷേത്രത്തിന്റെ മുന്നില്‍ നിന്ന് അക്കരക്കാഴ്ച്ച

മുള്ളുള്ള ഒരുതരം ചെടിയാണ് പറച്ചിങ്ങ. ഈ ഭാഗത്തൊക്കെ പറച്ചിങ്ങക്കാടായിരുന്നെന്നും അതാണ് പിന്നീട് പറുഷ്‌നിക്കടവും പറശ്ശിനിക്കടവുമൊക്കെയായി മാറിയതെന്ന് പറയപ്പെടുന്നു.

പറശ്ശിനി മടപ്പുരയും ക്ഷേത്രമുറ്റത്തെ മുത്തപ്പനും – കടപ്പാട് vengara.com

എല്ലാ ദിവസവും തെയ്യം വഴിപാടായി നടന്നുപോകുന്ന കേരളത്തിലെ ഏക അമ്പലമാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. താന്‍ വേട്ടയാടിക്കൊന്ന മൃഗങ്ങളുടെ തോലുലിഞ്ഞ് വസ്ത്രമാക്കുകയും മീന്‍ ചുട്ട് തിന്ന് കള്ളുകുടിച്ച് നടക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ മറ്റുള്ളിടത്ത് ആചരിച്ചുവരുന്ന ക്ഷേത്രനിയമങ്ങള്‍ ഇവിടെ ലംഘിക്കപ്പെടുകയും മാറ്റിയെഴുതപ്പടുകയും ചെയ്തിരിക്കുകയാണ്. മുത്തപ്പന്‍ വേട്ടയ്ക്കിറങ്ങുമ്പോള്‍ കൂട്ട് പോകുന്ന മൃഗമെന്ന നിലയ്ക്കാണ് നായ മുത്തപ്പന്റെ സന്തത സഹചാരി ആകുന്നത്. നായയില്ലെങ്കില്‍ മുത്തപ്പനില്ല. മുത്തപ്പനില്ലെങ്കില്‍ നായയുമില്ലെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന പ്രസാദം എപ്പോഴും ആദ്യം നല്‍കുക ക്ഷേത്രത്തിനുള്ളിലെ ഒരു നായയ്ക്കാണ്. ക്ഷേത്രത്തിലെ നായകളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളുമുണ്ട്.

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രാധികാരികള്‍ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാന്‍ നിശ്ചയിച്ചതിന്റെ ഭാഗമായി അവിടെ കറങ്ങി നടക്കുന്ന കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തില്‍ നിന്നും ദൂരെക്കൊണ്ടുപോയി കളഞ്ഞു. പക്ഷേ അന്നത്തെ ദിവസം മുതല്‍ മുത്തപ്പന്‍ തെയ്യം കെട്ടുന്ന വ്യക്തിക്ക് തെയ്യം ആടുവാന്‍ കഴിഞ്ഞില്ല. നായ്ക്കളെ ക്ഷേത്രത്തില്‍ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പന്‍ തെയ്യം കെട്ടുന്ന ആള്‍ക്ക് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാ‍ക്കിയ ക്ഷേത്ര ഭാരവാഹികള്‍ നായ്ക്കളെ ക്ഷേത്രത്തില്‍ തിരിച്ചുകൊണ്ടുവന്നു. അന്നുമുതല്‍ തെയ്യം പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്തു എന്നാണ് വിശ്വാസം.

പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ് മുത്തപ്പന്റെ പ്രധാന വഴിപാടുകള്‍ . തെയ്യത്തിന്റെ ബാല്യരൂപമാണ് വെള്ളാട്ടം. തിരുമുടി ഇല്ല എന്നുള്ളതാണ് വെള്ളാട്ടത്തിന്റെ പ്രത്യേകത. ചെറിയ മുടി ഉണ്ടായിരിക്കും. വെള്ളാട്ടം തെയ്യരൂപമായി വരുന്നതോടെ തിരുമുടി അണിയുകയും അതോടൊപ്പം ഉറഞ്ഞാടലും ഉരിയാടലുമൊക്കെ ഉണ്ടാകുകയും ചെയ്യുന്നു. വഴിപാടുകള്‍ വളരെ ജനകീയമാണ് പറശ്ശിനിക്കടവില്‍ . എതൊരു നിര്‍ദ്ധനന്റേയും മടിശ്ശീലയ്ക്ക് ഇണങ്ങുന്ന വിധം 25 പൈസയ്ക്ക് വരെ നടത്താവുന്ന വഴിപാടുകള്‍ ഉണ്ടിവിടെ.

മുത്തപ്പന്‍ വെള്ളാട്ടം – കടപ്പാട് വിക്കിപ്പീഡിയ

ചെരുപ്പൊക്കെ നദിക്കരയില്‍ ഊരിവെച്ച് പുഴയിലെ തെളിവെള്ളത്തില്‍ കാല് കഴുകി ഞങ്ങള്‍ മടപ്പുരയ്ക്ക് അകത്തേക്ക് കടന്നപ്പോഴേക്കും രാവിലത്തെ തിരുവപ്പന കഴിഞ്ഞ് ചുറ്റുമതിലിനകത്തെ ഒരു മുറിയിലേക്ക് കടന്ന് മുത്തപ്പന്‍ വേഷമൊക്കെ അഴിച്ച് കഴിഞ്ഞിരുന്നു. എനിക്ക് വലിയ നിരാശ തോന്നി. ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു എന്ന് ബോര്‍ഡുണ്ട് അവിടെ. ഫോട്ടോ എടുക്കാന്‍ പറ്റിയില്ലെങ്കിലും മുത്തപ്പനെ വേഷമഴിക്കുന്നതിന് മുന്നേ നേരില്‍ കാണാന്‍ പറ്റിയില്ലല്ലോ എന്നത് ഒരു വിഷമമായി. തെയ്യങ്ങളുടെ കാര്യം വരുമ്പോള്‍ എന്റെ ഒരു ദുര്‍വ്വിധി എന്നും ഇതുതന്നെയാണ്. വര്‍ഷങ്ങളോളം കണ്ണൂര് ജീവിച്ചിട്ടും ഒരു തെയ്യം പോലും നേരില്‍ കാണാന്‍ കഴിയാന്‍ പറ്റാതെ പോയ ഒരു ഹതഭാഗ്യന്‍ . അവസാനത്തെ ആശ്രയമായിരുന്ന മുത്തപ്പനും കൈവെടിഞ്ഞിരിക്കുന്നു.

മുത്തപ്പന്‍ തിരുവപ്പന – ഫോട്ടോയ്ക്ക് കടപ്പാട് vengara.com‍

അതിന് മുത്തപ്പന്‍ ഇപ്പോള്‍ ഉണ്ടോ ആ മടപ്പുരയില്‍ ? ഏതൊരു ദേവാലയവും ഒരു പരിധിക്കപ്പുറം എപ്പോള്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്നോ അപ്പോള്‍ അവിടന്ന് ദൈവങ്ങള്‍ പടിയിറങ്ങുമെന്നാണ് എന്റെയൊരു വിശ്വാസം. പറശ്ശിനിക്കടവിലും അത് തന്നെ സംഭവിച്ചിരിക്കുന്നെന്ന് ഞാന്‍ കരുതുന്നു. മുത്തപ്പനുള്ളിടത്ത് നായ്ക്കള്‍ ഉണ്ടാകുമെന്ന് പറഞ്ഞിട്ട് മടപ്പുരയുടെ പരിസരത്തെങ്ങും ഒരു നായപോലുമില്ല. ചുറ്റും മതിലുവെച്ച് കെട്ടിയടച്ചപ്പോള്‍ നായ്ക്കള്‍ അതിനകത്തേക്ക് കയറാതായതാണോ അതോ മുത്തപ്പനോടോപ്പം നായ്ക്കള്‍ ശുദ്ധരില്‍ ശുദ്ധരായ മറ്റ് ഭക്തരും കള്ളും ചുട്ടമീനുമൊക്കെ കിട്ടാന്‍ സാദ്ധ്യതയുള്ള മറ്റേതോ കാടോ നാടോ അന്വേഷിച്ച് അലയുകയാണോ ?

ഭക്തിയെ പ്രഥമസ്ഥാനത്തുനിന്ന് നീക്കി ജനങ്ങള്‍ വാണിജ്യത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് നീങ്ങിയപ്പോള്‍ ദൈവങ്ങള്‍ക്ക് സ്വന്തം ഇരിപ്പിടങ്ങള്‍ വിട്ട് ഒളിച്ചോടേണ്ടിവന്നിട്ടുണ്ടാകാം. പക്ഷെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവങ്ങളോടല്ലാതെ ആരോടാണ് ഇക്കണ്ട ജനങ്ങളെല്ലാം പരാതി ബോധിപ്പിക്കേണ്ടത് ?

മടപ്പുരയില്‍ മുത്തപ്പന്റെ പ്രസാദമായ പയറും തേങ്ങാക്കൊത്തും ചായയുമൊക്കെ വിതരണം ചെയ്യുന്നിടത്ത് അന്യായ തിരക്ക്. ഏഴായിരത്തിനും എണ്ണായിരത്തിനുമിടയ്ക്ക് ഭക്തജനങ്ങള്‍ക്ക് ഇവിടെ ഭക്ഷണം കൊടുക്കുന്നുണ്ട് ഓരോ ദിവസവും. ഒരുപാട് പേര്‍ ഭക്ഷണത്തിനായി ഇരിക്കുന്നുണ്ട്. അവര്‍ക്ക് ശേഷം പ്രസാദം വാങ്ങാനുള്ള നല്ലൊരു ജനക്കൂട്ടം നില്‍പ്പുറപ്പിച്ചിരിക്കുന്നു. എല്ലാ തിരക്കും കഴിഞ്ഞ് പ്രസാദം വാങ്ങി മടങ്ങാന്‍ പറ്റുന്ന ലക്ഷണമില്ല. ആദ്യകാലങ്ങളില്‍ ചായയ്ക്ക് പകരം കള്ളായിരുന്നു പ്രസാദത്തിന്റെ കൂട്ടത്തില്‍ . കള്ള് പ്രസാദമായി വേണമെന്നുള്ളവര്‍ക്ക് ക്ഷേത്രത്തിന് വെളിയില്‍ നിരനിരയായുള്ള കള്ള് ഷാപ്പുകളില്‍ നിന്ന് അത് യഥേഷ്ടം വാങ്ങിക്കഴിക്കുകയാവാം.

നേഹയും മുഴങ്ങോടിക്കാരിയും ക്ഷേത്രത്തിന് മുന്നില്‍

എട്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് മുന്‍പ് ഒരു ദിവസം, അന്ന് മാങ്ങാട്ടുപറമ്പിലെ ക്യാമ്പസ്സിലെ ഞങ്ങളുടെ അവസാനത്തെ ക്ലാസ്സായിരുന്നു. ഞാനടക്കമുള്ള ആണ്‍കുട്ടികള്‍ ഒരുപാടുപേര്‍ മുത്തപ്പനെക്കണ്ട് പരീക്ഷയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ഉണ്ടാക്കരുതേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കാന്‍ ക്ഷേത്രത്തിലെത്തുകയും മുത്തപ്പന്റെ ‘പ്രസാദം‘ അകത്താക്കി തിരികെ കോളേജിലെത്തി ടെലിവിഷന്‍ എഞ്ചിനീയറിങ്ങ് പഠിപ്പിച്ചിരുന്ന അല്‍പ്പം കണിശക്കാരനായിരുന്ന ദിനേശ് സാറിന്റെ ക്ലാസ്സില്‍ പതിവില്ലാത്തവിധം ഒച്ചപ്പാടുണ്ടാക്കിയതുമൊക്കെ ഇന്നലെയെന്ന പോലെ ഓര്‍മ്മയിലേക്കോടിയെത്തി.

ക്ഷേത്രപരിസരത്തെ നായ്ക്കള്‍

ചെരുപ്പ് ഇടാന്‍ പുഴക്കരയില്‍ മടങ്ങിയെത്തിയപ്പോള്‍ അതാ 2 നായ്ക്കള്‍ അവിടെ ക്ഷീണിച്ച് അവശരായെന്നപോലെ കിടന്നുറങ്ങുന്നു. മുത്തപ്പന്റെ സാന്നിദ്ധ്യം തീരെ ഇല്ലെന്ന് പറയാന്‍ വയ്യ. പറശ്ശിനിക്കടവിൽ എത്തുന്ന ഏതൊരു വിശ്വാസിയുടേയും ഉള്ളിൽ നിന്ന് വരുന്ന ഒരു  പ്രാര്‍ത്ഥനയുണ്ട്.

‘ന്റെ പറശ്ശിനിക്കടവ് മുത്തപ്പാ…… കാത്തോളണേ‘

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

55 thoughts on “ പറശ്ശിനിക്കടവ്

  1. മനോജേട്ടാ, എന്ന്നതെയും പോലെ നന്നായി… അപ്പോള്‍ ഇതോടു കൂടി കണ്ണൂര്‍ എപ്പിഡോസ് കഴിയും അല്ലെ ??? പയ്യനൂര്‍ക്കായി ഒരു പ്രത്യേക പോസ്റ്റ്‌ ഇടണം… ഇപ്പോള്‍ വേണ്ട അവിടെ വന്നതിനു ശേഷം മതി :)

  2. കോളേജ് കാമ്പസ്സ് കഴിഞ്ഞാലുടന്‍ പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രമാണ്.

    കോളേജ് കാമ്പസ് മറ്റൊരു “പാമ്പ്” വളര്‍ത്തല്‍ കേന്ദ്രമാണെന്നു കേട്ടു …നേരാണോ?

  3. parassinikadavu kshethreathil kuttikalathu poya orma undu …. annu naykale kandu pedichu karanjathum…. pinne pambu valarthal kedrathil poyathum nalla orma… veendum vayichappol anu athokke orma vannathu…thank you Manoj…post as usual valare nannayi….

  4. thanx

    pls write about ‘vismaya theme park’ nearby ParassinikkaDavu Temple and point out it’s poor safety measures.

    sorry for english language.

    sorry for anonimity. :)

  5. നീരുജി മനോഹരം,പറശ്ശനിക്കടവില്‍ പോയ ഒരു ഫീലിംഗ്,പണ്ടൊരിക്കല്‍ കണ്ട മുത്തപ്പന്‍ തെയ്യവും കതിവനൂര്‍ വീരനുമൊക്കെ മനസ്സില്‍ വീണ്ടും തുള്ളുന്നു…

  6. മനോജ് ഭായി,
    നല്ല വിവരണം. ഈ സ്ഥലങ്ങളൊന്നും വലിയ പരിചയമില്ലാത്തത് കൊണ്ട് കൂടുതൽ അഭിപ്രായപ്രകടനത്തിനില്ല.. ഒരു കാര്യം മാത്രം.. ശരിക്ക് തെയ്യം, മുടിയേറ്റം മുതലായ കലാരൂപങ്ങളുടെ ഉല്പത്തി കണ്ണൂരിൽ തന്നെയല്ലേ.. ജയരാജിന്റെ ആ പഴയ ചിത്രത്തിൽ മുഴുവൻ ലൊക്കേഷനും അവിടമാണെന്ന് തോന്നുന്നു.. എനിക്ക് തോന്നുന്നു ഒരു ക്ഷേത്രകലയായി ഇന്നും തെയ്യത്തെ നെഞ്ചേറ്റുന്നതും കണ്ണുരിൽ മാത്രമാണെന്ന്.. പിന്നെ ഇവിടെ നിന്നും ലിങ്ക് വഴി ഒളിച്ചോടിയ ദൈവങ്ങളിലേക്കും ഒന്നെത്തി നോക്കി.. ശരിയാണെന്ന് തോന്നുന്നു.. അമ്പലങ്ങളിലൊക്കെ എന്ന് ദൈവത്തിന്റെ ഇരിപ്പിടത്തിൽ കമറ്റിക്കാർ ഇരിക്കുന്ന കാലം തന്നെ.. കോളേജ് അതൊരു അനുഭവം തന്നെയാണ്.. എല്ലാവർക്കും.. അതുകൊണ്ട് ആ വിവരണമൊന്നും ബോറടിപ്പിച്ചില്ല.. ഈ ഗോവയിൽ പെട്ടന്നൊന്നും എത്തരുതെന്നാ ആഗ്രഹം കേട്ടോ..

  7. പല തവണ സന്ദർശിച്ചിട്ടുള്ള സ്ഥലമാണ് പറശ്ശിനിക്കടവ്….

    ക്ഷേത്രവിശ്വാസി/വിഗ്രഹാരാധകൻ അല്ലെങ്കിലും അവിടുത്തെ ചടങ്ങുകൾ ഒക്കെ എനിക്കിഷ്ടമാണ്…

    പ്രത്യേകിച്ചും വെള്ളാട്ടം. കണ്ടിരിക്കേണ്ട ഒന്നാണത്…തികഞ്ഞ കലാപ്രകടനം!

    ഈ കുറിപ്പ് ഇഷ്ടപ്പെട്ടു നിരക്ഷരാ…

  8. ഈ യാത്രാവിവരണത്തില്‍ ഞാന്‍ ഏറെ കാത്തിരുന്ന ഒരു ലക്കം ……..തെയ്യങ്ങളുടെയും വെള്ളാട്ടിന്റെയും മാസ്മരിക ലോകത്തു എത്തിച്ചേര്‍ ന്ന അനുഭവം ………….നന്ദി……..വീണ്ടും……..

  9. നീരൂ,എഴുതിവന്നതില്‍ വളരെ മെച്ചമേറിയ
    വിവരണങ്ങളാണ്‍ ഇപ്പോള്‍ വായിച്ചു കഴിഞ്ഞത്!

    “1993 ലാണ് സംഭവമെന്നാണ് ഓര്‍മ്മ. മനുഷ്യന്മാര്‍ തമ്മിലുള്ള അനാവശ്യ ശത്രുതയ്ക്ക് വിലകൊടുക്കേണ്ടി വന്നത് മിണ്ടാപ്രാണികളുടെ ജീവിനായിരുന്നെന്നത് വിരോധാഭാസമോ, വിവരമില്ലായ്മയോ, അതോ രാഷ്ടീയ അന്ധതയോ ? എന്തുപേരിട്ട് വിളിച്ചാലും ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത കൊടും പാതകമായിരുന്നു അത്. പാമ്പ് വളര്‍ത്തല്‍ കേന്ദ്രം ആക്രമണത്തില്‍ പങ്കാളികളായ ചിലര്‍ പിന്നീടെപ്പോഴോ പാമ്പുകടിയേറ്റ് മരണമടഞ്ഞതായി ഒരു കഥയും കേട്ടിട്ടുണ്ട്“

    ഇത്രയും വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍
    ഇനി’പാമ്പു’കളുടെ കിടിലന്‍ പോട്ടങ്ങള്‍
    ഇപ്പം വരുമെന്ന് കാത്തിരുന്നെങ്കിലും നീരു
    പറ്റിച്ചു കളഞ്ഞല്ലോ!ഗേറ്റ് മാത്രം കണ്ട്
    പോയതെന്തേ ? അല്ല ഇനി പാമ്പുകളെ
    ഭയന്നാണോ സ്നേക് പാര്‍ക്ക് സന്ദര്‍ശനം
    അജണ്ടയില്‍നിന്നൊഴിവായത്..
    മൊത്തത്തില്‍ നല്ല തുടരന്‍ പോസ്റ്റ് തന്നെ
    ഇത്.ഭാഗം 7 ഇത്തിരി ദൈര്‍ഘ്യവും കുറഞ്ഞു.
    പഴശ്ശിനി കടവ് ക്ഷേത്രം 5 വര്‍ഷങ്ങള്‍ക്ക്
    മുമ്പ് സന്ദര്‍ശിച്ചിരുന്നു.അടുത്തതിനായി
    കാത്തിരിക്കുന്നു…

  10. ഞാനെന്താ പറയുക നിരക്ഷരാ? വളരെയധികം ഇഷ്ടമായി. കണ്ണൂര്‍ കോളേജ് ഇല്‍ നിന്നിറങ്ങിയിട്ടു ഇപ്പോള്‍ ഒന്‍പതു വര്‍ഷം തികയുകയാ.. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ!

  11. കണ്ണൂരെത്തിയിട്ട് മിണ്ടാം എന്ന് കരുതിയിരുന്നതാണ് നിരൂ.. :)
    ഇനി വരുമ്പോള്‍ പറയൂ, തെയ്യം കാണാന്‍ പറ്റുന്നില്ല എന്ന ഭാഗ്യക്കേട് ഞാന്‍ തീര്‍ത്തു തരാം..
    എന്തായാലും കണ്ണൂരു വന്നതല്ലെ, വെറും കൈയോടെ എങ്ങനെയാ അയക്കുക..? ദാ
    പിടിച്ചോ, “ചില യാത്രകളിലെ “ പറശ്ശിനിക്കടവ് എഡിഷനിലേക്ക് എന്റെ വക കാണിക്ക.

  12. നല്ല വിവരണം ,ഞാന്‍ കോഴിക്കോട് വിട്ടു വടക്കോട്ട് പോയിട്ടില്ല ഇപ്പോള്‍ അവിടെയൊക്കെ പോയമാതിരി തോന്നുന്നു.ഒരു പത്ത്‌ വര്ഷം മുന്‍പ് അബുദാബിയില്‍ ഞാന്‍ താമസിച്ചിരുന്ന റൂമില്‍ മിക്ക വാറും എല്ലാ വ്യാഴാഴ്ച്ച രാത്രികളിലും ഓരോരുത്തരുടെ വകയായി പൈംകുറ്റി നടത്തിയിരുന്നു. ജാതിയും മതവും ഒന്നും നോക്കിയിരുന്നില്ല കണ്ണൂര്‍കാരുടെ ഒരു കൂട്ടായ്മ.

    ഷാജി ഖത്തര്‍.

  13. @ Whiz – ശരിയാണ്. കണ്ണൂര്‍ എപ്പിസോഡ് ഇതോടെ കഴിയുന്നു. പടങ്ങള്‍ തന്ന് സഹായിച്ചതിന് വളരെ വളരെ നന്ദി :)

    @ സജി – മാണ്ടാ മാണ്ടാ പാമ്പുകളെ തൊട്ട് കളിക്കണ്ടാ. എല്ലാം നീര്‍ക്കോലിയൊന്നുമല്ല. കരിമൂര്‍ഖന്റെ അണ്ണാക്കില്‍ കൈയ്യിട്ട് ഇക്കിളിയാക്കല്ലേ ? :)

    @ അനോണീ – വിസ്മയ പാര്‍ക്ക് പോകുന്ന വഴിക്ക് ഗേറ്റിന് വെളിയില്‍ നിന്ന് ഞാന്‍ കണ്ടിരുന്നു. പക്ഷെ കേറി കാണാത്ത, കാര്യങ്ങള്‍ മനസ്സിലാക്കാത്ത ഒരു സംഗതിയെപ്പറ്റി എനിക്കെഴുതാനാവില്ല. ക്ഷമിക്കണം.

    @ ഒരു നുറുങ്ങ് – സമയം കൃത്യമായി കണക്ക് കൂട്ടി വരുമ്പോള്‍ യാത്രയ്ക്കിടയില്‍ കയറിക്കാണാന്‍ പറ്റുന്ന സ്ഥലങ്ങള്‍ക്ക് പരിമിതിയുണ്ട്. അത് കാലേക്കൂട്ടി കണ്ട് പല പ്രധാനപ്പെട്ട സ്ഥലങ്ങളും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ പാമ്പുവളര്‍ത്തല്‍ കേന്ദ്രവും പെട്ടു. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല :) ഞാന്‍ ഭയങ്കര ധൈര്യം കൊണ്ട് വിറക്കുന്ന കക്ഷിയാ :)

    @ Pyari – ഈ യാത്രയില്‍ ഒരു ജീനിയര്‍ വിദ്യാര്‍ത്ഥിനിയെ കണ്ടുമുട്ടാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്.

    @ ശ്രീലാല്‍ – ഞാന്‍ ആ പോട്ടം അങ്ങ് കട്ടെടുത്ത് ഈ പോസ്റ്റില്‍ അപ്പ്ഡേറ്റ് ചെയ്തിട്ടുണ്ട്. മടപ്പുരയുടെ ഒരു പടത്തിനായി ഞാന്‍ എത്ര അലഞ്ഞൂന്ന് അറിയോ ഇഷ്ടാ. പെരുത്ത് നന്ദി ആ കാണിക്കയ്ക്ക്.

    @ shaji-k – പൈംകുറ്റി ഗള്‍ഫിലെ മിക്കവാറും ബാച്ചിലര്‍ മുറികളില്‍ വ്യാഴാഴ്ച്ച വൈകുന്നേരം നടത്തപ്പെടാറുണ്ട്. വായനയ്ക്ക് നന്ദി.
    Rishin, manju, junaith, Manoraj, raghavan kalpetta, jayanEvoor, Clipped.in – Explore Indian blogs, jayalekshmi… പറശ്ശിനിക്കടവിലേക്കുള്ള യാത്രയില്‍ കൂടിയ എല്ലാവര്‍ക്കും നന്ദി :)

    ‘കൊച്ചി മുതല്‍ ഗോവ വരെ’ കണ്ണൂരെത്തിയപ്പോള്‍ കിട്ടിയ ഉജ്ജ്വല സ്വീകരണത്തിന് എല്ലാ കണ്ണൂര്‍ക്കാര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

  14. നിരക്ഷരാ നിങ്ങള്‍ടെ ബാച്ച് വിദ്യാര്‍ഥികള്‍ നടത്തിയ ഓരോ സമരത്തിന്റെയും ഫലം ആണ് കേട്ടോ ഞങ്ങള്‍ക്ക് എല്ലാ facilties ഉം ഉള്ള ഒരു കോളേജില്‍ പഠിക്കാന്‍ പറ്റിയത്.

    അതിവിടെ ആദ്യം എഴുതിയ കമന്റില്‍ പറയാന്‍ മറന്നു പോകരുതായിരുന്നു.

    വീണ്ടും കമന്റ്‌ എഴുതാന്‍ വന്നപ്പോള്‍ ഒരു ബ്ലോഗിനുള്ള കാര്യങ്ങള്‍ തന്നെയാ മനസ്സിലേക്ക് വരുന്നത്. അത് കൊണ്ട് വേഗം നിര്‍ത്തി പോട്ടെ.. :) അല്ലെങ്കില്‍ ഈ കമന്റ്‌ ബോക്സ്‌ മറ്റൊരു ബ്ലോഗ്‌ പോസ്റ്റ്‌ തന്നെ ആകും. :)

  15. ഓഫ്‌ ടോപ്പിക്ക്:
    ഒന്ന് കൂടി പറഞ്ഞോട്ടെ. ഞാന്‍ blog ലോകത്ത് വന്ന ശേഷം ആദ്യമായി പരിചയപ്പെട്ട വ്യക്തിയാണ് കേട്ടോ നിരക്ഷരന്‍. അദ്ദേഹം എന്ന ഇദ്ദേഹം എന്റെ കോളേജില്‍ ആണ് പഠിച്ചത് എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി കേട്ടോ.

  16. മനോജേട്ടാ കലാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ അതൊരിക്കലും മടുപ്പിക്കില്ല. വിരസമാവുകയും ഇല്ല. മറ്റൊരാള്‍ തന്റെ കലാലയ അനുഭവങ്ങള്‍ വര്‍ണ്ണിക്കുമ്പോള്‍ നമ്മുടെ കലാലയ ജീവിതം ഓര്‍മ്മിക്കുന്നതിനുള്ള ഒരു സാഹചര്യം കൂടിയാവുമല്ലൊ അത്. അതുകൊണ്ടുതന്നെ ഒട്ടും മുഷിപ്പിക്കാത്തതായിരുന്നു ഈ യാത്രാവിവരണവും.

    പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തെക്കുറിച്ച ധാരാളം കേട്ടിട്ടുണ്ട്. എന്നാലും ഈ ക്ഷേത്രത്തിന്റെ ഉത്ഭവവും ഐതീഹ്യവും ആചാരങ്ങളും അറിയില്ലായിരുന്നു. അതെല്ലാം വിശദമായിത്തന്നെ ഇവിടെ നിന്നും അറിയാന്‍ സാധിച്ചു. നന്ദി.

    പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തെക്കുറിച്ചും രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ പാമ്പുകളെ ചുട്ടുകൊന്ന ധീരതയെക്കുറിച്ചും പത്രവാര്‍ത്തകളില്‍ വായിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. എന്നാല്‍ ഇത് പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തല്‍ കേന്ദ്രം എന്നല്ലെ പറയപ്പെടുന്നത്. എന്നത്തേയും പോലെ ഒരു സംശയം :)

    പിന്നെ ഒരു തിരുത്തും പറശ്ശിനിപ്പുരയില്‍ എന്നത് പറശ്ശിനിപ്പുഴയില്‍ എന്നാക്കുമല്ലൊ.

    യാത്രയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തൊരിക്കുന്നു.

  17. അണ്ണാ ഈ എഴുത്തുകള്‍ ഇടയ്ക്ക് വായ്ക്കാറുണ്ട്. നല്ല എഴുത്ത് .കൊള്ളാം എന്നൊക്കെ പറഞ്ഞു നിങ്ങളുടെ വില കളയുന്നില്ല . ഇനി എന്നാണു ലണ്ടനിലേക്ക് . കാത്തിരിക്കുന്നു ഒരു യു .കെ ബ്ലോഗ്‌ മീറ്റിനു . സ്നേഹപൂര്‍വ്വം …………

  18. “പറശ്ശിനിക്കടവ്” നീരൂ ചിലയാത്രകള്‍ വായിച്ച ഒരൊ ലക്കത്തിലും “ഇവിടെ ഒന്നു പോണം” എന്നു ആഗ്രഹം ജനിപ്പിക്കുന്നതായിരുന്നു നീരുവിന്റെ ഓരോ പോസ്റ്റും, അങ്ങനെ ഒരു ആഗ്രഹം കൂടി ഉണ്ടായതു കൊണ്ട് ഈ വര്ഷത്തെ അവധിക്ക് ആദ്യമായി കണ്ണുരും ഞാന്‍ എത്തിയപ്പോള്‍ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലും പോയി. ആദ്യമുണ്ടായിരുന്ന അത്ര പാമ്പുകള്‍ ഇപ്പോള്‍ ഇല്ലാ എന്നു പറഞ്ഞു കേട്ടു. ധാരാളം മുതലകള്‍ മൈല്‍ ഒക്കെ ആയി അവിടെ വളരെ നന്നായി സംരക്ഷിക്കുന്നു. മിണ്ടാ പ്രാണികളെ കോടതി വളപ്പില്‍ പോലും കൊണ്ടിടുകയും ഉപദ്രവിക്കുകയും ചെയ്ത കഥ ഒരു നോവോടെ കേട്ടു നിന്നു.. ഒരു മധുരമായ സന്തോഷം ഈ അദ്ധ്യായങ്ങളിലെ സ്ഥലങ്ങള്‍ ഞാനും കണ്ടല്ലൊ എന്നു. കസിന്റെ മകനെ കാണാന്‍ വേണ്ടി കണ്ണൂര്‍ എഞ്ച്നിയറിങ്ങ് കോളേജ് ക്യാമ്പസിലും അന്നു ചുറ്റി നടന്നു വളരെ മനോഹരമായ ക്യാമ്പസ് അതു പറയാതെ വയ്യ..കേരളത്തിന്റെ പ്രകൃതി സൌന്ദര്യം ​ഏറി നില്‍ക്കുന്നത് വടക്കന്‍ കേരളത്തിലാണ്
    പറശ്ശിനിക്കടവ് ക്ഷേത്രത്തെ കുറിച്ചു വളരെ നന്നായി വിവരിച്ചു മനോഹരമായി ചിത്രങ്ങളോടെ വന്ന ഈ അദ്ധ്യായം അത്യന്തം നന്നായി….

  19. “പറശ്ശിനിക്കടവ് മുത്തപ്പാ ‘.എന്ന് എത്ര കേട്ടിരിക്കുന്ന വാക്ക് ആണ് …അത്ര നാള്‍ അവിടെ ഉണ്ടായിരുന്നിട്ടും നിരക്ഷരന് ‘തെയ്യം’ കാണാന്‍ പറ്റിയില്ല ,എന്നുള്ള വിഷമം വായിച്ചു ..എന്നാലും, എത്രപേരുടെ മനസിലൂടെ ‘തെയ്യം’ എന്നാ കലാരൂപം ഒന്നുകൂടി ഓര്‍മിപ്പിക്കാന്‍ നിരക്ഷരന് സാധിച്ചു വല്ലോ ?അപ്പോള്‍ “പറശ്ശിനിക്കടവ് മുത്തപ്പന്റെ അനുഗ്രഹത്തോടെ അത് ഇനിയും അവിടെ ത്തനെ കാണാന്‍ സാധിക്കും .വളരെ നല്ല ഒരു കഥ വായിച്ചപോലെ എനിക്ക് തോന്നി ഇത് വായിച്ചപ്പോള്‍ .ചിലത് എല്ലാം ആദ്യമായി കേട്ടതും ആണ് .യാത്രകള്‍ തുടരട്ടെ …

  20. ഞങ്ങൾ കണ്ണൂർക്കാർ എത്രയോ തവണ കണ്ടിരുന്ന സ്ഥലങ്ങൾ ഒന്നു കൂടി കണ്ടത് പോലെ തോന്നി. നന്നായിരിക്കുന്നു.

  21. @ പ്യാരീ – ആദ്യത്തെ മറുപടി കമന്റില്‍ ‘ജീനിയര്‍ ‘ എന്ന് എഴുതിയത് നിരക്ഷരനായതുകൊണ്ടാണെന്ന് മനസ്സിലാക്കുമല്ലോ ? :):)അതിനെ ജീനിയസ്സെന്ന് വേണമെങ്കില്‍ വായിച്ചോളൂ. പക്ഷെ വടക്കേ ഇന്ത്യന്‍ ചുവയില്‍ ജീനിയര്‍(സീനിയര്‍ )എന്ന് മാത്രം വായിക്കരുത്. കാരണം ഞങ്ങള്‍ക്ക് സീനിയര്‍ ബാച്ച് ഉണ്ടായിരുന്നില്ല. 1986-1990 ലെ ആദ്യ ബാച്ചായിരുന്നു ഞാന്‍ .

    ഒരു ജൂനിയറെ ബ്ലോഗില്‍ വെച്ച് പരിചയപ്പെടാനായതിലും ആ വ്യക്തിയുടെ അഭിപ്രായങ്ങള്‍ അറിയാന്‍ കഴിയുന്നതിലും വളരെ സന്തോഷമുണ്ട്.

    @ മണികണ്ഠന്‍ – മണീ വിശദമായ വായനയ്ക്കും എന്നത്തേയും പോലെ തിരുത്തുകള്‍ മനസ്സിലാക്കിത്തന്നതിനും പ്രത്യേകം നന്ദി. ശരിക്കും പറഞ്ഞാല്‍ എന്റെ ഈ ബ്ലോഗിന്റെ എഡിറ്റര്‍ മണിയാണ് :)

    പാമ്പുവളര്‍ത്തല്‍ കേന്ദ്രം പറശ്ശിനിക്കടവ് തന്നെയാണ്. പലര്‍ക്കും ഇത് ചിന്താക്കുഴപ്പം ഉണ്ടാക്കാറുണ്ടെന്നത് ഒരു വസ്തുതയാണ്. ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തുള്ള മറ്റൊരു സ്ഥലമാണ് പാപ്പിനിശ്ശെരി.ഇത് നോക്കൂ

    @ പ്രദീപ് – ലണ്ടനിലേക്ക് ഇനിയും വരണമെന്നുണ്ട്. എന്നാണെന്ന് പറയാന്‍ ഇപ്പോള്‍ ആവില്ല.

    @ മാണിക്യേച്ചീ – അങ്ങനെ എന്റെ കോളേജും പരിസരവുമൊക്കെ കണ്ടു അല്ലേ ?

    @ സിയാ – തെയ്യം കാണാന്‍ ഇതിനകം 2 ല്‍ അധികം ക്ഷണങ്ങള്‍ വന്നുകഴിഞ്ഞു. പോകുന്നതിന് മുന്നേ ഡോ.സഞ്ജീവന്‍ അഴീക്കോടിന്റെ തെയ്യത്തിലെ ജാതിവഴക്കം എന്ന പുസ്തകം വിശദമായി പഠിക്കണം. എന്നാലല്ലേ സംശയങ്ങളുമായി പോകാന്‍ പറ്റൂ.

    @ mini//മിനി – കണ്ണൂരിനെപ്പറ്റിയുള്ള ഒന്നുരണ്ട് പോസ്റ്റുകളിലൂടെ നിറയെ കണ്ണൂര്‍ക്കാരെ പരിചയപ്പെടാന്‍ സാധിച്ചത് ഒരു നല്ല കാര്യമായി അനുഭവപ്പെടുന്നു. നന്ദി :)

    @ krishnakumar513 – പുഴയില്‍ ബോട്ടിങ്ങ് ഇപ്പോഴും ഉണ്ടെന്ന് തന്നെയാണ് തോന്നുന്നത്. ഞങ്ങള്‍ക്ക് സമയത്തിന് ഒരുപാട് പരിധികളുണ്ട്. വൈകുന്നേരത്തിന് മുന്നേ മംഗലാപുരത്ത് എത്താനുള്ളതായിരുന്നു. എല്ലാം കൃത്യമായി കണക്കുകൂട്ടിയുള്ള യാത്രയായിരുന്നു ഇത്.

    പറശ്ശിനിക്കടവിലേക്ക് യാത്ര വന്ന്‍ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.

  22. അങ്ങനെ ഒരു ആശയക്കുഴപ്പം കൂടി മാറിക്കിട്ടി. പലപ്പോഴും പത്രവാര്‍ത്തകളില്‍ പാപ്പിനിശ്ശേരി സ്നേക്ക് പാര്‍ക്ക് എന്നാണ് ഇതിനെപ്പറ്റി പരാമര്‍ശിച്ചുകാണാറ്. അതുകൊണ്ട് തന്നെ ഞാനും പാപ്പിനിശ്ശേരിയിലാണ് ഈ പാര്‍ക്ക് എന്നാണ് കരുതിയിരുന്നത്. മനോജേട്ടന്റെ ഈ യാത്രയില്‍ പങ്കെടുത്തതോടെ ആ ആശയക്കുഴപ്പം മാറിക്കിട്ടി. പാപ്പിനിശേരിയില്‍ ഒരു വിഷചികിത്സാകേന്ദ്രം ഉണ്ട്. അവരാണ് ഈ സ്നേക്ക് പാര്‍ക്ക് തുടങ്ങിയതെന്ന് തോന്നുന്നു. ഒരു പക്ഷേ അതാവാം ഈ സ്ഥാപനം പാപ്പിനിശ്ശേരി സ്നേക്ക് പാര്‍ക്ക് എന്നും പറയപ്പെടാന്‍ കാരണം.

    പിന്നെ നേരത്തെ എഴുതാന്‍ വിട്ടുപോയത് കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജിന്റെ പാര്‍ശ്വവീക്ഷണം ആ ചിത്രം വളരെ ഇഷ്ടപ്പെട്ടു.

  23. മനോജേട്ടാ,

    ‘വെള്ളാട്ടം’ എന്നത് തെയ്യത്തിന്റെ ബാല്യ രൂപത്തെയാണ് പറയുന്നതെങ്കിലും മുത്തപ്പന്റെ വെള്ളാട്ടം ബാല്യ രൂപമല്ല എന്നാണ് പൊതുവേ ഉള്ള വിശ്വാസം.സാധാരണ തെയ്യങ്ങളുടെ വെള്ളാട്ടം ആദ്യം കെട്ടിയാടുകയും പിന്നീട് വലിയ മുടിയോടു കൂടി തെയ്യം കെട്ടിയാടുക യുമാണ്‌ ചെയ്യുക.എന്നാല്‍ മുത്ത പ്പന്റെ കാര്യത്തില്‍ വെള്ളാട്ടവും തെയ്യവും ഒരുമിച്ചു കെട്ടിയാടാറുണ്ട് .ഭക്തന്‍മാര്‍ രണ്ടു പേരെയും മുത്തപ്പാ എന്നാണ് വിളിക്കാറു ള്ളത്.തിരുവപ്പന വലിയ മുത്തപ്പനും വെള്ളാട്ടം ചെറിയ മുത്തപ്പനും. മുത്തപ്പന്‍ എങ്ങനെ രണ്ടു പേരായി എന്നതിന് പല ഐതിഹ്യങ്ങളും വാദങ്ങളും ഉണ്ട് .
    കോലം കെട്ടുന്ന കോലധാരികള്‍ തിരുവപ്പനയെ വിഷ്ണുവായും(മത്സ്യത്തിന്റെ ആകൃതിയിലുള്ള മുടി)വെള്ളാട്ടത്തെ ശിവനായും(മുടിയില്‍ ചന്ദ്രക്കല)ആണ് പറയുന്നത്.പാടിക്കുറ്റി യുടെ മകനായി വിഷ്ണു അവതാരമെടുക്കുകയും പിന്നീട് പുരളിമലയില്‍ വെച്ച് താപസ രൂപത്തിലുള്ള ശിവരൂപത്തെ കണ്ടു മുട്ടിയെന്നും സുഹൃത്തുക്കളായ അവര്‍ തിരുവപ്പനയും വെള്ളാട്ടവുമായി ദ്വിഗ് വിജയത്തിനായി പുറപ്പെട്ടു എന്ന് ഒരു കഥ.

    എന്നാല്‍ ഐതിഹ്യ പ്രകാരം പാടിക്കുറ്റി സന്താന ലബ്ധിക്കായി പ്രാര്‍ത്ഥിച്ചത് ശിവാവതാരമായ കിരാത മൂര്‍ത്തിയെയാണ് എന്നതിനാല്‍ മകനായി ജനിച്ചത്‌ പരമശിവനാണെന്നും,വെള്ളാട്ടം പുരളിമലയില്‍ മുത്തപ്പന്‍ (തിരുവപ്പന) വിശ്രമം കഴിഞ്ഞ് ഒരു മരത്തില്‍ ചാരിവെച്ച അമ്പും വില്ലും എടുക്കുന്നതിനിടയില്‍ അമ്പ് ഒരു പുറ്റില്‍ തട്ടി അതില്‍ നിന്നും പുറത്തു വന്ന താപാസനാനെന്നും പറയുന്നു.തിരുവപ്പന മൂന്നാം തൃക്കണ്ണ് ധരിക്കുന്നതും,ചന്ദ്ര ക്കലയും ,നാഗപടവും ധരിക്കുന്നതും ,അമ്പും വില്ലും ആയുധമായതും, ഭസ്മം പ്രസാദമായി ലഭിക്കുന്നതും എല്ലാം ഈ ഐതിഹ്യത്തിന്റെ വിശ്വാസം കൂട്ടുന്നു.കൂടാതെ മുത്തപ്പന്‍ കെട്ടിയാടുമ്പോള്‍ വെള്ളാട്ടം തിരുവപ്പനയെ ‘നായനാരെ(യജമാനാ)എന്നും തിരുവപ്പന തിരിച്ച്‌ ‘ചെറുക്കാ ‘എന്നുമാണ് വിളിക്കുന്നത്‌.അതുകാരണം വെള്ളാട്ടം ശിവ സൈന്യാധിപനായ നന്ദികേശനാണ് എന്നും ഒരു വാദമുണ്ട് .രണ്ടു ദൈവങ്ങളുടെയും തോറ്റം പാട്ട് ഏകദേശം ഒന്നാണ് എന്നതിനാല്‍ അതില്‍ നിന്നും ഈ വ്യത്യാസം തിരിച്ചറിയാന്‍ പറ്റില്ലെന്നാണ് തെയ്യം ഗവേഷകര്‍ പറയുന്നത്.
    വേറൊരു കാര്യം മുത്തപ്പന്റെ ആരൂഡ സ്ഥാനമായ കുന്നത്തൂര്‍ പാടിയില്‍ ഉത്സവ സമയത്ത് നാടുവാഴീശന്‍ ദൈവം,പുതിയ മുത്തപ്പന്‍ ,പുറങ്കാല മുത്തപ്പന്‍,തിരുവപ്പന എന്നിങ്ങനെ മുത്തപ്പന്റെ ബാല്യ,കൌമാര ,യൌവന,മൂര്‍ത്തീ രൂപങ്ങള്‍ കെട്ടിയാടാറുണ്ട് എന്നതാണ്.
    ചരിത്രകാരന്മാരാകട്ടെ ,മുത്തപ്പന്റെ ജീവിത കാലവും മറ്റും കണക്കാക്കി അധസ്ഥിതരുടെ ഉന്നമനത്തിനായി പോരാടിയ യോദ്ധാവായിട്ടാണ് കാണുന്നത്.പഴശ്ശിരാജവംശത്തിന്റെ കോട്ടയും,പല പാണ്ടിക ശാലകളും ,പല പ്രദേശങ്ങളും കീഴടക്കിയതായി തോറ്റം പാട്ടിലും പറയുന്നുണ്ട്.

    തെയ്യങ്ങളുടെ വേഷ ഭൂഷാദികളും ചിട്ട വട്ടങ്ങളും ആണെങ്കിലും മുത്തപ്പനെ ‘തെയ്യം’എന്ന് വിളിച്ചു കേള്‍ക്കാറില്ല.മറ്റു തെയ്യങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കെട്ടിയാടപ്പെടുമ്പോള്‍ മുത്തപ്പന്‍ ഏതു കാലത്തും എവിടെയും കെട്ടിയാടാറു ണ്ട്.മറ്റു തെയ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ മുത്തപ്പന്റെ ചിത്രവും,മറ്റും ആരാധിച്ച്‌ ശിവ വൈഷ്ണവ ചൈതന്യങ്ങളോടു കൂടിയ ദൈവമായിട്ടാണ് കാണുന്നത്.

    നാട്ടില്‍ തെയ്യക്കാലം തുടരുകയാണ് .തെയ്യങ്ങളെ കാണാന്‍ സമയം കിട്ടുമ്പോള്‍ ഒരു തെയ്യക്കാലത്ത് വരൂ…
    പോസ്റ്റ്‌ പതിവ് പോലെ ഗംഭീരം എന്ന് പറയേണ്ടതില്ലല്ലോ….:)

  24. @ ആദര്‍ശ് – തെയ്യം ഒരെണ്ണം ഇതുവരെ കാണാത്തതുകൊണ്ടും തെയ്യത്തെപ്പറ്റിയുള്ള അഞ്ജതയുമൊക്കെ ഈ പോസ്റ്റില്‍ പലയിടത്തും കടന്നുവന്നിട്ടുണ്ടാകും എന്നെനിക്കുറപ്പാണ്. മുത്തപ്പനെ തെയ്യം ചേര്‍ത്ത് വിളിക്കാറില്ല എന്നത്…. …ഫോട്ടോകള്‍ക്കിടയ്യില്‍ അതൊക്കെ ഉടനെ തിരുത്തുന്നുണ്ട്.

    ആദര്‍ശിന്റെ ഈ കമന്റ് മികവില്‍ മികച്ചതാണ്. ഈ കമന്റ് കൂടെ ചേര്‍ത്ത് വായിക്കാതെ ഈ പോസ്റ്റ് പൂര്‍ണ്ണമാകുന്നില്ല.
    വളരെ വളരെ നന്ദി ആദര്‍ശ്.

    തെയ്യങ്ങളോടുള്ള ആഭിനിവേശം ഇതുകൂടെയാകുമ്പോള്‍ പതിന്മടങ്ങാകുന്നു. അടുത്ത ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ഒരു നിരക്ഷരന്‍ കണ്ണൂര്‍ ഭാഗത്തൊക്കെ കിടന്ന് കറങ്ങുന്നതുകണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല.

  25. മുത്തപ്പന്റെ ഐതിഹ്യം ഇത്ര വിശദമായി അറിയുന്നത് ആദ്യമായാണ്. മുത്തപ്പന്റെ അമ്പലത്തെകുറിച്ചും ഇത്രയധികം വായിച്ചതും ആദ്യമായി തന്നെ. ഒന്ന് പോവേണ്ട സ്ഥലം തന്നെ.

    പറശ്ശിനിക്കടവെന്നാൽ “പാമ്പ്“ എന്നു തന്നെ ഉറപ്പിയ്ക്കാം അല്ലെ? പാമ്പുവളർത്തൽ കേന്ദ്രം ആയാലും, മുത്തപ്പന്റെ അമ്പലമായാലും :)

  26. മുത്തപ്പനെ ശിവന്റെ അവതാരമാക്കുന്ന കഥകളും ഐതിഹ്യങ്ങളുമായിരുന്നു പത്തു മുപ്പതുകൊല്ലങ്ങള്‍ക്കുമുന്‍പ് പ്രബലമായി നിന്നിരുന്നത്.അന്ന് ഈ പുതിയ നായനാരും തംബ്രാന്മാരും തംബ്രാട്ടികളുമൊന്നും കള്ളുകുടിയനായ മുത്തപ്പന്റെ തന്തയും തള്ളയും വളര്‍ത്തച്ചനുമൊക്കെയായി
    വേഷംകെട്ടാന്‍ തുടങ്ങിയിരുന്നില്ല. ഒരു പത്തു പതിനഞ്ചുകൊല്ലം മുന്‍പാണ് കുന്നത്തൂര്‍ പാടിയിലെക്ക് മുത്തപ്പന്റെ മൂലം പറിച്ചുനടാന്‍ അവിടെയൊരു മുത്തപ്പ പെട്ടിക്കട നടത്തിയിരുന്ന ഒരു നായനാര്‍ അത്യാവശ്യം പത്രപരസ്യങ്ങളോക്കെ കൊടുത്ത് നംബറിറക്കിത്തുടങ്ങിയതെന്നു തോന്നുന്നു.അതിന്റെ ഭാഗമായി കുറെ കെട്ടുകഥകളും,സ്വര്‍ണ്ണപ്രശ്നങ്ങളും സുവനീര്‍ സാഹിത്യവും നിര്‍മ്മിക്കപ്പെട്ടതിന്റെ ഭാഗമായാകണം മുത്തപ്പന്‍ ഹൈന്ദവ പാരംബര്യപ്രകാരം ബ്രാഹ്മണ ബീജത്തില്‍ ഇപ്പോള്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നത്.
    ഹൈന്ദവ കള്ള ചരിത്രങ്ങള്‍കൊണ്ട് മുത്തപ്പനെ കുളിപ്പിച്ചു കിടത്തുംബോഴും മനസ്സാക്ഷിക്കുത്തില്ലാതെ ഐതിഹ്യപ്രചാരകര്‍ മുത്തപ്പന്‍ കാവിന്റെ ഉടമകളായ മടയനേയും(മുത്തപ്പന്റെ രക്ഷാധികാരിയായ കാരണവര്‍),അവിടത്തെ മുഖ്യ നിവേദ്യങ്ങളായ കള്ളും മീനും ഭംഗിയായി മറന്നുകളയുന്നു.
    വരുമാനം കൂടുതലുള്ള ഏത് കാവിനേയും അംബലത്തേയും വിഴുങ്ങുക എന്നത് സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രീയത്തിന്റെ അജണ്ടയാണ്.ബ്രാഹ്മണന്റെ ജാരസന്തതികളുടെ അവതാരോദ്ദേശം തന്നെ അര്താണ്.അതിനു സ്വര്‍ണ്ണപ്രശ്നത്തിലൂടെ കള്ളക്കഥകള്‍ ആവശ്യം പോലെ പടച്ചു നല്‍കാനുള്ള തന്ത്രികളും ജ്യോതിഷികളുമെല്ലാം പരസ്പ്പരം ചൊറിഞ്ഞുകൊണ്ട്
    സംഘടിതരായി നില്‍ക്കുംബോള്‍ മുത്തപ്പന്‍ കാവിന്റെ ശരിയായ പൈതൃകം ജനമറിയാതെ നശിപ്പിക്കപ്പെടുകതന്നെ ചെയ്യും.ഉത്സവത്തിന്റെ കൊടി ഉയര്‍ത്തുന്ന തന്ത്രിയുടെ ഫ്ലേക്സ് ചിത്രത്തിന്റെ കുടിലബുദ്ധിക്കു പിന്നില്‍
    മടയനും മുത്തപ്പനുമെല്ലാം ഏതാണ്ട് അപ്രധാനമായിക്കൊണ്ടിരിക്കുന്നു എന്നു പറയാം.
    കഷ്ടം !!!

  27. നാട്ടിലെത്തുമ്പോൾ മുടങ്ങാതെ നടത്താറുള്ള ആ യാത്രയുടെ നല്ല ഓർമ്മകളെ ഉണർത്തിയതിനു നന്ദി…

  28. “ഭക്തിയെ പ്രഥമസ്ഥാനത്തുനിന്ന് നീക്കി ജനങ്ങള്‍ വാണിജ്യത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് നീങ്ങിയപ്പോള്‍ ദൈവങ്ങള്‍ക്ക് സ്വന്തം ഇരിപ്പിടങ്ങള്‍ വിട്ട് ഒളിച്ചോടേണ്ടിവന്നിട്ടുണ്ടാകാം.”

    സത്യമാണിത്. പക്ഷെ ഗുരുവായുരിലും ശബരിമലയിലുള്ളതിനേക്കാള്‍ കാപട്യം കുറവാണ് പറശ്ശിനിക്കടവില്‍. വഴിപ്പാടിന് 25 പൈസയൊക്കെ ഞാനാദ്യമായാണ് കണ്ടിട്ടുള്ളത്. പ്രസാദമായ പയറും തേങ്ങകൊത്തും നല്‍കുന്നതും പ്രസന്നമായ മുഖത്തോടെ തന്നെ. (തൃപയാറൊക്കെ പട്ടിക്ക് എറിഞ്ഞുകൊടുക്കുമ്പോലെയാണ് പ്രസാദം തരുന്നത്).

    കഴിഞ്ഞ വര്‍ഷം പറശ്ശിനികടവില്‍ പോയിരുന്നു. മനോഹരമായ ഈ പോസ്റ്റ് ആ നല്ല ഓര്‍മ്മകള്‍ വീണ്ടുമുണര്‍ത്തുന്നു.

  29. മനോജേ വളരെ ഓര്‍മകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്. ദിനേശ് സാറിനെ ഒക്കെ ഓര്‍മിപ്പിച്ചു. നിങ്ങളെപ്പോലെ തന്നെ ഒരു പാടു nostalgia – കളുള്ള എനിക്ക് ബസ് കയറി അവിടൊക്കെ കറങ്ങി വന്ന പോലെ. ധര്‍മ്മശാലയില്‍ പൊറോട്ടയും മീന്‍കറിയും ഒക്കെ കഴിച്ചത് ഇപ്പൊഴും ഇന്നലെ പോലെ.എനിക്കും കണ്ണൂര്‍ കാമ്പസാണ് കോളേജ്, മാങ്ങാട്ട്പറമ്പല്ല. (ഒരു രണ്ടാം ബാച്ചുകാരന്‍)

  30. mashe,
    pratheekshakalkkappuramanau mashinte oro weekum ezhuthunnathu..koode thamasikkunna kannurkkarellam theyyam oru marakkanakatha vikaramanu..ippo ithu vayicahathu muthal enikkum..

    There is book written by William Darymple.
    Nine Lives: In Search of the Sacred in Modern India

  31. Theyyam kettunna ale ingane vivarichirikkunnu..

    A prison warden from Kerala becomes, for two months of the year, a temple dancer[Theyyam] and is worshipped as a deity; then, at the end of February each year, he returns to prison.

    ithenau link,nalla bookanu..
    Nine Lives

  32. വിവരണത്തില്‍ ഒരു ‘സഞ്ചാരം’ ടച്ച്! ദൃശ്യങ്ങള്‍ മനസ്സിലേക്കിട്ടു തരുന്ന വാക്കുകള്‍… നിരക്ഷരോ ഇനിയും വരാം, കാത്തിരിക്കുന്നു.

  33. നിരുജി…..
    മറ്റു കണ്ണൂര്‍കാരെ പോലെ കണ്ണൂര്‍കാരനായ ഞാനും ഒരു പാട് ആസ്വദിച്ചു, സന്തോഷിച്ചു. കുട്ടിക്കാലം തൊട്ടേ തെയ്യം ഒരു പാടു കാണാനും ആസ്വദിക്കുവാനും ഭാഗ്യമുണ്ടായിട്ടുണ്ട്. മുത്തപ്പന്‍ കേട്ടിയാടുന്നതും പലപ്രാവശ്യം കണ്ടിട്ടുണ്ട്. പക്ഷെ കണ്ട തെയ്യങ്ങളില്‍ ഏറ്റവും മനസ്സില്‍ തങ്ങിനില്‍കുന്നതും, ഞങ്ങളുടെ ഭാഗത്തുള്ളതിനെക്കാലും മെച്ചപ്പെട്ടതും എന്ന് തോന്നിയത് കാസര്‍ഗോട്ട് കാനത്തൂരില്‍ വച്ചു കണ്ട തെയ്യമായിരുന്നു. രണ്ടു ദിവസം ഒട്ടേറെ തെയ്യങ്ങള്‍ കണ്ടു. തീചാമുണ്ടിയും, പൊട്ടനും, ഗുളികനും ഒക്കെയും മനസ്സില്‍ തങ്ങിനില്‍കുന്നവ. തീയുടെ വെളിച്ചത്തില്‍ ജ്വലിച്ചുനില്‍കുന്ന നില്കുന്ന വര്‍ണ്ണങ്ങള്‍ എന്റെ പൈന്റിങ്ങുകളെയും ഒരു പാടു സ്വാധീനിച്ചിട്ടുണ്ട്….സസ്നേഹം

  34. അറബിക്കടലുമായി കൈകോര്‍ത്തുനിന്ന് രചിക്കപ്പെട്ടിരിക്കുന്ന മനോഹരമായ ഒരു കവിതയാണ് ബേക്കല്‍ കോട്ട.

    കൊച്ചി മുതല്‍ ഗോവ വരെയുള്ള യാത്ര തുടരുകയാണ്. ഭാഗം 9.ബേക്കല്‍ കോട്ടയും ചന്ദ്രഗിരിക്കോട്ടയും

    പറശ്ശിനിക്കടവിലേക്ക് യാത്ര വന്ന എല്ലാ വായനക്കാര്‍ക്കും നന്ദി :)

  35. മനോജേട്ടാ ( അങ്ങനെ വിളിക്കാമല്ലോ)

    പറശിനിക്കടവു യാത്ര വായിച്ചു. മനോഹരമായിരിക്കുന്നു. നാലഞ്ചു വര്‍ഷം മുന്‍പ്പ്‌ ഞാനും രണ്ട്‌ ആഴച കണ്ണൂരുണ്ടായിരുന്നു. കെല്‍ട്രോണില്‍ ഇന്‍ഡസ്ട്രിയല്‍ ട്രയിനിംഗ്‌ എന്ന ഒരു അവധിക്കാലം. അന്നു ഒരു പാടു കൊതിച്ചിരുന്നു തെയ്യങ്ങളെക്കുറിച്ചും മുത്തപ്പന്റെ വിത്തും വേരും ഒന്നു ചികയുന്നത്തിനെക്കുറിച്ചും. പക്ഷെ സാധിച്ചില്ല. ഇന്നു ആ വിഷമം മാറി.

    കൂടാതെ കണ്ണുര്‍ എന്‍ജ്ജിനിയറിംഗ്‌ കോളെജില്‍ ഒരു യുത്ത്‌ ഫെസ്റ്റിവലിനും ഒരു കാമ്പസ്‌ ഇന്റര്‍വൂവിനും വ്ന്നിട്ടുണ്ട്‌. കണ്ണൂര്‍ എന്‍ജിനിയറിംഗ്‌ കോളേജ്‌ ഇന്ന് ഒരു പാട്‌ മാറിയിട്ടുണ്ട്‌. ആ കോളെജിന്‌ ഇങ്ങനെയൊരു പ്രാരാബ്ദത്തിന്റെ ചരിത്രമുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസം. പക്ഷെ എനിക്കൂഹിക്കാം ഞാന്‍ 2002-ഇല്‍ കോഴിക്കോട്‌ എഞ്ജിനിയറിംഗ്‌ കോളേജില്‍ ചേരുമ്പോള്‍ അവിടുത്തെ നാലാമത്തെ ബാച്ചായിരുന്നു ഞങ്ങളുടെ. ഇതു പോലെ ഒരു പാടു പരിമിതികള്‍ ഞങ്ങള്‍ക്കുമുണ്ടായിരുന്നു.

    പിന്നെ ഈ കണ്ണൂര്‍ യാത്രകളുമായി ബന്ധപ്പെട്ട ചില കഥകളുമുണ്ട്‌. അതു ഞാന്‍ വഴിയെ ഇടാം.
    രവത്തില്‍

  36. യാത്രാവിവരണം വളരെ മനോഹരമായിരിക്കുന്നു.. ഞാനും ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറശ്ശിനിക്കടവ് സന്ദര്‍ശിച്ചിട്ടുണ്ട്… ഇത് വായിച്ചപ്പോള്‍ വീണ്ടും ഒന്ന് കൂടി പോകണമെന്ന് തോന്നുന്നു..

  37. മുത്തപ്പന്റെ ഹിസറ്ററി ഇപ്പഴാണ് അറിയുന്നത്. വാണിജ്യവത്കരിക്കപ്പെട്ടുവെന്നറിഞ്ഞതുകൊണ്ട് അമ്പലത്തില്‍ പോവാന്‍ തോന്നുന്നില്ല. എങ്കിലും കണ്ണൂരൊന്നും ചുറ്റാന്‍ ആഗ്രഹമുണ്ട്. :)

  38. വിവരണം നന്നായിരിയ്ക്കുന്നു.എങ്കിലും ചില ഭാഗങ്ങള്‍ വിട്ടുപോയോ എന്നു സംശയം. പറശ്ശിനി അമ്പലത്തില്‍ എതുന്നവര്‍ക്കെല്ലാം ഉച്ചയ്ക്കും വൈകിട്ടും ഊണ്‍ സൌജന്യമായി ലഭിയ്ക്കും. എന്റെ ഓരോ വെക്കേഷനിലും ഞാന്‍ മുത്തപ്പന്റെ അടുത്തു പോകാറുണ്ട്. ഇക്കഴിഞ്ഞ മാസവും പോയി. കറിയെന്നു പറയാന്‍ ഒരു സമ്പാറും(?) മോരുകറിയും മാത്രം. പക്ഷെ അതിന്റെ ആ ഒരു രുച്ഇ ഇപ്പോഴും നാവില്‍ നിന്നും പോയിട്ടില്ല. പിന്നെ മറ്റൊന്ന് ഭക്തര്‍ക്ക് രാത്രി കിടക്കാനുള്ള സൌകര്യം സൌജന്യമായി നല്‍കുന്നു എന്നതാണ്. സ്ത്രീകള്‍ക്ക് പ്രത്യേക ഡോര്‍മിറ്ററിയും പുരുഷന്മാര്‍ക്ക് ക്ഷേത്ര പരിസരവും. എല്ലാവര്‍ക്കും പുല്പായ് നല്‍കും. കുളിമുറി കക്കൂസ് എല്ലാം സൌജന്യം. ഇത്രയൊക്കെ കൊടുക്കുന്ന ക്ഷേത്രത്തിലെ വഴിപാട് കുറഞ്ഞത് 25 പൈസയും കൂടിയത് 13.50 രൂപയുമാണ്!ഇവിടം വാണിജ്യവല്‍ക്കരിക്കപ്പെട്ടു എന്നു പറയുന്നത് അത്ര ശരിയല്ല. കുറച്ചൊക്കെ കാലദോഷം കൊണ്ടുണ്ടായിരിയ്ക്കാം, എങ്കിലും മറ്റു സവര്‍ണ ക്ഷേത്രങ്ങളെ നോക്കുമ്പോള്‍ നൂറിറട്ടി ഭേദമാണിവിടം. പിന്നെ നായ്ക്കള്‍ ഇപ്പോഴും ധാരാളമുണ്ടിവിടെ. ഞാന്‍ മനസ്സിന് ടെന്‍ഷന്‍ തോന്നുമ്പോള്‍ ആ സന്നിധിയില്‍ പോകാറുണ്ട്. മടപ്പുരയിലെ ആ കരിങ്കല്‍ പടവില്‍ കുറച്ചുനേരം ഇരിയ്ക്കുമ്പോഴുള്ള ആ കുളിര്‍മ്മയുണ്ടല്ലോ അതു പറഞ്ഞറിയിയ്ക്കാനാവില്ല.
    പിന്നെ ആകെ കുറ്റം പറയാവുന്നത് ഊട്ടുപുരയുടെ പരിസരവും കക്കൂസുകളുടെ പരിസരവും വൃത്തികേടായിക്കിടക്കുന്നതാണ്. ഒരു ക്ഷേത്രപരിസരത്തിന് അനുയോജ്യമല്ല ആ കാഴ്ച.
    ബാക്കിയൊക്കെ ഏതു ക്ഷേത്രത്തെക്കാളും മുത്തപ്പന്‍ മടപ്പുര മുന്നില്‍ തന്നെ.

  39. @ബിജുകുമാര്‍ – അമ്പലത്തില്‍ പ്രസാദം/ഭക്ഷണം നല്‍കുന്നിടത്ത് തിരക്കാണ് എന്ന് ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഞാന്‍ 15 കൊല്ലം മുന്‍പ് കണ്ടിട്ടുള്ള മടപ്പുരയല്ല ഇന്നവിടെയുള്ളത്. അത്രയും കാലയളവില്‍ ഈ ക്ഷേത്രത്തെ പരിചയമുള്ളവര്‍ക്ക് ആര്‍ക്കും ഞാന്‍ പറഞ്ഞ/ഉദ്ദേശിക്കുന്ന വാണിജ്യവല്‍ക്കരണം നിഷേധിക്കാനാവില്ല. ചുരുങ്ങിയ ചിലവില്‍ വഴിപാട് നടത്തുന്നതുകൊണ്ടും ഭക്ഷണവും താമസവും നല്‍കുന്നതുകൊണ്ടും വാണിജ്യവല്‍ക്കരണം ഇല്ല എന്ന് പറയാന്‍ എനിക്കാവില്ല. അതൊക്കെ ഒരു കാഴ്ച്ചക്കാരന്‍ എന്ന നിലയ്ക്ക് എന്റെ അഭിപ്രായം മാത്രമായിട്ട് കണ്ടാല്‍ മതി. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ഒറ്റ നായയെപ്പോലും ഞാന്‍ കണ്ടില്ല. ഞാന്‍ കണ്ട 2 നായ്ക്കളുടെ ചിത്രം കാണിച്ചിട്ടുമുണ്ട്. ഞാന്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇത് പറശ്ശിനിക്കടവ് ക്ഷേത്രത്തെപ്പറ്റി ആധികാരികമായ ഒരു ലേഖനമൊന്നും അല്ല. മനസ്സിലാക്കുമല്ലോ ? വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  40. ഇതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ വിശദമായി എഴുതിയതിനു നന്ദി !കോളേജ് ജീവിതത്തോട് ബന്ധപ്പെട്ട കഥകളും നന്നായി .ആശംസകള്‍!

  41. ഈ പഴശ്ശിനി കടവിൽ നിന്നുമാണ് എന്റെ മുതുമുത്തപ്പന്മാർ സാസ്കാരിക തലസ്ഥാനത്തേക്ക് പാലായനം ചെയ്തത്..ഇവിടെ ഒന്നുരണ്ടുതവണ പോയിട്ടുമുണ്ട്.കോളേജിന്റെ വിവരണമട്ക്കം എല്ലാം അസ്സലായിരിക്കുന്നൂ…
    പ്രദീപ് പറഞ്ഞപോലെ ഇനി ലണ്ടനിലെത്തുമ്പോൾ നമ്മുക്ക് ഇവിടത്തെ ബൂലോഗർക്കെല്ലാം കൂടിയൊന്നു മീറ്റണം കേട്ടൊ ഭായി.

  42. സ്നൈക് പാര്‍ക്ക്‌ ആദ്യം തുടങ്ങിയത് പാപ്പിനീശ്ശേരിയില്‍ വിഷ ചികിത്സ കേന്ദ്രത്തോട് അനുബന്ടിച്ചു ആയിരുന്നു. കുറെ വര്ഷം അത് പാപ്പിനീശ്ശേരിയില്‍ തന്നെയായിരുന്നു. പിന്നീടാണ് പരശ്ശിനിക്കടവിലേക്ക് മാറ്റിയത്.

  43. സ്നൈക് പാര്‍ക്ക്‌ ആദ്യം തുടങ്ങിയത് പാപ്പിനീശ്ശേരിയില്‍ വിഷ ചികിത്സ കേന്ദ്രത്തോട് അനുബന്ടിച്ചു ആയിരുന്നു. കുറെ വര്ഷം അത് പാപ്പിനീശ്ശേരിയില്‍ തന്നെയായിരുന്നു. പിന്നീടാണ് പരശ്ശിനിക്കടവിലേക്ക് മാറ്റിയത്.

  44. @Sam – ആ കമന്റിന് നന്ദി. മണികണ്ഠന്റെ സംശയത്തിനും എന്റെ വിവരക്കേടിനും ഉള്ള മറുപടി കൂടെ ആയിരുന്നു ആ കമന്റ്. അതില്‍പ്പറഞ്ഞത് എനിക്ക് പുതിയ അറിവായിരുന്നു. ഒരിക്കല്‍ക്കൂടെ നന്ദി :)

  45. എല്ലാവരെയും മനുഷ്യരായി കണ്ട്‌ പാവങ്ങളുടെ കൂടെ ജീവിച്ച ഒരു മനുഷ്യന്‍ …എപ്പോഴോ എങ്ങനെയോ ഒരു നാടിന്‍റെയും ജനതയുടെയും പ്രിയപ്പെടവനായി …ആരാധനാ പാത്രമായി…ദൈവമായി …മുത്തപ്പനായി.അങ്ങനെ പാവം നായകള്‍ക്കും ഒരു ദൈവമുണ്ടായി …മുത്തപ്പനെ കാണാന്‍ ആഗ്രഹം ഉണ്ട്‌…എല്ലാ വര്‍ഷവും മുടങ്ങാതെ മുത്തപ്പനെ കാണാന്‍ പോകുന്ന ഒരു പ്രിയപ്പെട്ട ആളുണ്ട്…ഒരു ദിവസം പോകണം …കേട്ടറിഞ്ഞ കഥകള്‍ പന്കുവേച്ചതില്‍ നന്ദി …മനസ് തുറന്നു പ്രാര്‍ത്ഥിക്കുന്നു …ന്റെ മുത്തപ്പാ …കാത്തോണേ…

Leave a Reply to shaji-k Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>