വ്യക്തികൾ

പി. ടി. ഉഷയോട്….


678
വിഷയം ഗുസ്തി താരങ്ങൾക്ക് എതിരെ നടന്ന പീഡനമാണ്.

ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ഒരന്വേഷണവും നടത്താതെ, അയാളെ ചേർത്ത് പിടിച്ച് സ്ത്രീപീഡനത്തെ പോത്സാഹിപ്പിക്കുന്നത്, രാജ്യത്തെ കായിക താരങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാണ്. ആരോപണ വിധേയൻ ഭരണകക്ഷിയുടെ ആളായതുകൊണ്ടും എം. പി. ആയതുകൊണ്ടും പൊലീസിനെ ഉപയോഗിച്ച് പരാതിക്കാരെ റോഡിൽ നേരിടുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല.

ഈ വിഷയത്തിൽ പി. ടി. ഉഷയോടും ചിലത് പറയാനുണ്ട്. നിങ്ങളും ഒരു കായിക താരമായിരുന്നു. രാജ്യം ഏറ്റവും കൂടുതൽ ആഘോഷിച്ച ഒരു കായിക താരം. ഇപ്പോഴുള്ള എല്ലാ പത്രാസും പദവികളും ആ വഴിക്ക് വന്നതാണ്. എല്ലാം നിങ്ങളുടെ പരിശ്രമത്തിൻ്റെ ഫലം തന്നെ. പക്ഷേ, ഒക്കെയും നേടിക്കഴിയുമ്പോൾ വന്ന വഴി മറന്ന് പോകരുത്. ആരെങ്കിലും അധികാരത്തിൻ്റെ അപ്പക്കഷണങ്ങൾ നീട്ടിയിട്ടുണ്ടെങ്കിൽ അതിനായി മാത്രം കുരയ്ക്കരുത്.

നിങ്ങൾ സ്വന്തം നിലയ്ക്ക് അന്വേഷിക്കൂ പരാതിയിൽ പറഞ്ഞത് പോലെയുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടോ എന്ന്. അത് സത്യമാണെന്ന് ബോദ്ധ്യമായാൽ പീഡിപ്പിക്കപ്പെട്ടവർക്ക് വേണ്ടി നിലവിലുള്ള മുഴുവൻ അധികാരവും ഉപയോഗിച്ച് പോരാടണം. എന്നിട്ടും വിജയിച്ചില്ലെങ്കിൽ ആ സ്ഥാനമാനങ്ങൾ ഇട്ടെറിഞ്ഞ് പയ്യോളിക്ക് പോരണം. അപ്പോളാണ് നിങ്ങൾ ശരിക്കുള്ള ഒരു കായിക താരമാവുക.

അതല്ലാതെയുള്ള ഏത് നടപടികളും, ഇതുവരെ നിങ്ങൾക്ക് നൽകിയ എല്ലാ കൈയടികളും മുൻകാല പ്രാബല്യത്തിൽ റദ്ദ് ചെയ്ത് പൂയ് പൂയ് വിളിക്കാൻ ഇടയാക്കുമെന്ന്, ഇന്നലെ ഒറ്റ ദിവസം കൊണ്ട് കിട്ടിയ ട്രോളുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്ന് മനസ്സിലായിക്കാണുമല്ലോ?

കുറഞ്ഞ പക്ഷം ഒരു സ്ത്രീയുടെ മനസ്സോടെ ഇരകളുടെ സ്ഥാനത്ത് നിൽക്കുന്ന സ്ത്രീകൾക്ക് വേണ്ടി ചിന്തിക്കുക. അങ്ങനെ ചെയ്യുമ്പോളാണ് 10ൽ 1 സെക്കൻ്റിൽ വെങ്കലം നഷ്ടപ്പെട്ടിട്ടില്ല പി. ടി. ഉഷയ്ക്കെന്നും തനിത്തങ്ക മെഡലുമായാണ് ഞങ്ങളുടെ മനസ്സിലൊക്കെ നിങ്ങളുള്ളതെന്നും വീണ്ടും വീണ്ടും കൈയടിക്കാൻ ഞങ്ങൾക്കാവൂ.