ഒഒന്നിനു പുറകെ ഒന്നായി മൂന്ന് സിനിമാക്കാരുടെ പുസ്തകങ്ങൾ വായിക്കാൻ ഇടയായി. ആദ്യം കൈയ്യിൽത്തടഞ്ഞത് ഒലിവ് പബ്ലിക്കേഷൻ പുറത്തിറക്കിയ ഇന്നസെന്റിന്റെ ‘മഴക്കണ്ണാടി‘. അല്‍പ്പം നർമ്മം എന്തെങ്കിലും വായിക്കാം എന്നുകരുതിയാണ് മഴക്കണ്ണാടി കൈയ്യിലെടുത്തത്.
‘ഇത്രയധികം കഷ്ടതകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയ ആളുകൾ എന്റെ പരിചയവലയത്തിൽ അധികമില്ല’ എന്നൊക്കെ ഇന്നസെന്റിനെപ്പറ്റി പറഞ്ഞ് അവതാരിക എഴുതിയിരിക്കുന്നത് സിനിമാനടൻ മോഹൻലാൽ ആണ്. അതൊക്കെ ചുമ്മാ ഒന്ന് കൊഴുപ്പിക്കാൻ വേണ്ടി പറഞ്ഞതായിരിക്കും എന്നാണ് ആദ്യം തോന്നിയത്. പുസ്തകത്തിന്റെ പേജുകൾ മറിഞ്ഞുകൊണ്ടിരുന്നപ്പോൾ അപ്പറഞ്ഞതിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യമായി. ചുരുക്കിപ്പറഞ്ഞാൽ നർമ്മം വായിക്കാമെന്ന് കരുതി കൈയ്യിലെടുത്ത പുസ്തകത്തിൽ നിന്ന് അനുഭവിക്കാനായത് ഏറെയും നൊമ്പരം തന്നെയായിരുന്നു.
‘ഒറ്റഗിയറുള്ള വണ്ടി‘ എന്ന അനുഭവക്കുറിപ്പിൽ കുട്ടമേനോൻ എന്ന ബാല്യകാല സുഹൃത്തിന്റെ പ്രവൃത്തികളിലൂടെ ചൊട്ടയിലെ ശീലം ചുടലവരെ എന്ന് എടുത്തുകാണിച്ചിരിക്കുന്നു. അയൽവാസിയായ കുട്ടമേനോന്റെ പേര് യഥാർത്ഥപേരുതന്നെ ആണെങ്കിൽ ഇന്നസെന്റിനെ സമ്മതിച്ച് കൊടുക്കാതെ വയ്യ.
പല ഓണക്കാലങ്ങളിലും ഓലക്കുടയും ചൂടി കുംഭയും കാണിച്ച് മാവേലിയായി കാസറ്റുകളുടെ പുറം ചട്ടയിലും, പത്രത്താളുകൾ അടക്കം മറ്റ് പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഇന്നസെന്റിന് ഓണമെന്നത് ഒരു തീരാവേദനയാണെന്നുള്ളത് ‘തിരുവോണക്കണ്ണീർ‘ എന്ന കഥ അടിവരയിടുന്നു. അദ്ദേഹത്തിന്റെ തന്നെ വരികളിൽ പറഞ്ഞാൽ, ‘തിരുവോണനാൾ വേദനയും കണ്ണീരും നിറഞ്ഞ ഒരു കരിമേഘമായാണ് എന്നെ വന്ന് വലയം ചെയ്യുന്നത്. കൂട്ടുകാർക്കൊപ്പം ഉണ്ടാക്കിയ ഓണക്കളം, മഴ വന്ന് ഒലിച്ചുപോയതിന്റെ വിഷമത്തിലിരിക്കുന്ന മകൻ സോണറ്റിനോടാണ്, ഇന്നസെന്റ് തന്റെ ഓണസങ്കടത്തിന്റെ കഥ പറയുന്നത്. ‘അപ്പന്റെ അയ്യപ്പനേക്കാൾ വലുതല്ലപ്പാ എന്റെ പൂക്കണം‘ എന്ന സോണറ്റിന്റെ സ്വാന്തനത്തോടെ കഥ അവസാനിക്കുമ്പോൾ ആരുടെയും കണ്ണുകളിൽ നനവ് പടരും.
‘കരിഞ്ഞ നക്ഷത്രം‘ എന്ന അനുഭവകഥ തുടങ്ങുന്നത് നർമ്മസ്വഭാവത്തോടെയാണെങ്കിലും അവസാനിക്കുന്നത് ഉള്ളിലെവിടെയോ ഒരു കനം ബാക്കിനിർത്തിക്കൊണ്ടാണ്. ചെറുപ്പകാലത്ത് കാണിച്ച നിർദ്ദോഷകരമായ ചില വികൃതികൾ, ചിലരുടെയെങ്കിലും ഉള്ളിൽ അല്‍പ്പമെങ്കിലും വേദനയുണ്ടാക്കി ഇപ്പോളും ബാക്കിനിൽക്കുന്നു എന്നത് ഒരു നീറ്റൽ തന്നെയാണ്.
പുസ്തകത്തിന്റെ പേര് തന്നെ കൊടുത്തിരിക്കുന്ന ‘മഴക്കണ്ണാടി‘ എന്ന കഥയിൽ യൗവ്വനകാലത്തെ ഇന്നസെന്റിന്റെ നാട്ടുകാരായ ടൈലർ പ്രഭാകരനും, ശാരദയുമൊക്കെ കടന്നുവരുന്നുണ്ട്. റോഡിലൂടെ മഴ നനഞ്ഞ് പോകുന്ന ഒരു സ്കൂൾ വിദ്യാർത്ഥിയായ ശാരദയെ പ്രഭാകരൻ കമന്റടിക്കുന്നത്, ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ഇന്നസെന്റ് അതൊക്കെ ആസ്വദിക്കുന്നത്, അതിന്റെ അനന്തരഫലങ്ങൾ, വലിയ സിനിമാ നടനായതിനുശേഷം ഒരു ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ച് വീണ്ടും ശാരദയെ കണ്ടുമുട്ടുമ്പോൾ, ശാരദയുടെ ‘കുട്ടാ‘ എന്നൊരു വിളിയിൽ ഇന്നസെന്റ് പഴയ ആ കൗമാരക്കാരനായ ഇന്നസെന്റാകുന്നത്, അവിടെവെച്ച് പെട്ടെന്ന് പെയ്ത മഴയിൽ നനഞ്ഞൊലിച്ച് നടന്നകലുന്ന ശാരദയെ നോക്കി, ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിയ ‘ശാരദേ തണുക്കുന്നുണ്ടോ?’ എന്ന കുഴപ്പം പിടിച്ച ആ കമന്റ് ഇന്നസെന്റ് പാസ്സാക്കുമ്പോൾ ശാദരയുടെ കണ്ണുകൾ ഈറനാകുന്നത് കനത്ത മഴയ്ക്കിടയിലൂടെ ഇന്നസെന്റ് കണ്ടതുപോലെ വരികളിലൂടെ വായനക്കാരും കാണുന്നുണ്ട്.
പത്ത് കഥകളിൽ, ‘നാടോടി‘ എന്ന ഒരു കഥ കുറേ നാൾ മുൻപ് ‘ഇന്നസെന്റ് കഥകൾ‘ എന്ന പേരിൽ ടീവിയിൽ കണ്ടതായി ഓർക്കുന്നു. എന്തായാലും ഇന്നസെന്റ് ചതിച്ചു എന്നേ ഞാൻ പറയൂ. അല്‍പ്പം ചിരിക്കാനുള്ള വക ഉണ്ടാകുമെന്ന് കരുതി വായിക്കാനെടുത്ത പുസ്തകം, ചിരി തന്നില്ലെന്ന് പറയുന്നില്ല. പക്ഷെ, ചിരി എന്ന വികാരം, മുഖത്തുനിന്നും മനസ്സിൽ നിന്നും പെട്ടെന്ന് തന്നെ മാഞ്ഞുപോകും. നൊമ്പരത്തിന്റെ പാടുകൾ ഉള്ളിലും പുറത്തും ഒരുപാട് നേരം കനത്ത് കിടക്കുകയും ചെയ്യും. മുഖപടം അഴിച്ചുമാറ്റിയാൽ പല കോളാളികളുടേയും കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങിയ ചാലുകൾ കാണാനാകുമെന്ന് മഴക്കണ്ണാടി സാക്ഷ്യപ്പെടുത്തുന്നു.
ഡി.സി.ബുക്ക്സ് പുറത്തിറക്കിയ 23 ലേഖനങ്ങളുള്ള ‘സിനിമയല്ല ജീവിതം‘ എന്ന ഉർവ്വശിയുടെ ഓർക്കുറിപ്പിലെ 23 ലേഖനങ്ങൾ തയ്യാറാക്കിയത് ബി.ശ്രീരേഖയാണ്. സിനിമയ്ക്ക് കഥ എഴുതിയിട്ടുള്ള ആളാണ് ഉർവ്വശി. അപ്പോൾപ്പിന്നെ ഇങ്ങനൊരു ഓർമ്മക്കുറിപ്പ് എന്തിന് ശ്രീരേഖയെക്കൊണ്ട് എഴുതിക്കണം!? ആദ്യം ചിന്ത പോയത് അങ്ങനെയാണ്. അതിനെപ്പറ്റി അന്വേഷിച്ചപ്പോളാണ് മനസ്സിലാക്കാനായത്. ‘ഉത്സവമേളം‘ എന്ന സിനിമയുടെ കഥ ഉർവ്വശി എഴുതിയതൊന്നും അല്ല. തമിഴിലെ ഒരു സിനിമാക്കഥ മലയാളത്തിലാക്കാൻ ഉർവ്വശി നിർദ്ദേശിച്ചു. എന്നാല്‍പ്പിന്നെ ഉർവ്വശിയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗപ്പെടുത്താം എന്നുകരുതി ആ സിനിമയുടെ പ്രവർത്തകർ ടൈറ്റിലിൽ, കഥ-ഉർവ്വശി എന്നങ്ങ് അടിച്ചുകയറ്റി. പോരേ പൂരം! ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ കൂടുതലെന്തുവേണം ?
കവിതാരഞ്ജിനി എന്ന പേര് ‘തുടരും ഉറവ് ’ എന്ന തമിഴ് സിനിമയിലൂടെ എങ്ങനെ ഉർവ്വശി ആയി മാറിയെന്ന് വിവരിക്കുന്ന ‘ആ സന്ധ്യയിൽ ഞാൻ ഉർവ്വശിയെ സ്നേഹിച്ചു തുടങ്ങി’ എന്ന ലേഖനത്തോടെ പുസ്തകത്താളുകൾ ആരംഭിക്കുന്നു.
മുന്താണെ മുടിച്ച് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉർവ്വശിക്ക് 13 വയസ്സ് മാത്രമായിരുന്ന് വായിച്ചപ്പോൾ വിശ്വസിക്കാനായില്ല. ഉണ്ണിമേരിയെപ്പറ്റി പറയുന്ന ലേഖനത്തിൽ ഉണ്ണിമേരിയെ ചേച്ചീ എന്ന് വിളിക്കണ്ട, പകരം ‘ഉണ്ണി‘ എന്ന് വിളിച്ചാൽ മതി എന്ന് ഉണ്ണിമേരി പറയുന്നുണ്ട്. ഉണ്ണിമേരിയുടെ അമ്മൂമ്മയെ, അമ്മൂമ്മ എന്ന് വിളിക്കണ്ട, ‘അമ്മൂ‘ എന്ന് വിളിച്ചാൽ മതിയെന്ന് അമ്മൂമ്മയും പറയുന്നുണ്ട്. പ്രായമാകുന്നതിൽ എത്രയൊക്കെ വിഹ്വലപ്പെട്ടിട്ടും തങ്ങൾക്കൊപ്പം നായകനായി അഭിനയിച്ച അതേ നായകന്റെ അമ്മയായി പല നടികൾക്കും അഭിനയിക്കേണ്ടി വരുന്നത് വല്ലാത്തൊരു വിധിവിളയാട്ടം തന്നെ!
തങ്കമണീ എന്ന് കഥാപാത്രത്തിന്റെ പേരിൽ സംബോധന ചെയ്ത് ലോഹിതദാസ് ഉർവ്വശിക്ക് അയക്കുന്ന കത്ത് കൗതുകം ജനിപ്പിക്കുന്നതാണ്. ഒരു പക്ഷെ ഒരു എഴുത്തുകാരന്റെ ചിന്താധാരയിൽ മാത്രം ഉദിക്കുന്ന ഒരു കാര്യമാകാം ആ കത്ത്.
ഭരതം എന്ന സിനിമയിൽ ജേഷ്ഠൻ മരിച്ചത് വെളിയിൽ അറിയിക്കാതെ ദുഃഖം ഉള്ളിലൊതുക്കി അനുജത്തിയുടെ കല്യാണം നടത്തുന്ന മോഹൻലാലിന്റെ കഥാപാത്രം അനുഭവിക്കുന്ന ആത്മസംഘർഷം, സ്വന്തം അനുജന്റെ മരണസമയത്ത് ഉർവ്വശിയും അനുഭവിക്കുന്നുണ്ട്. സ്വയം അഭിനയിച്ച് ഫലിപ്പിച്ച് കൈയ്യടി വാങ്ങുന്ന പല സന്ദർഭങ്ങളിലൂടെയും കടന്നുപോകുന്ന പച്ചമനുഷ്യർ തന്നെയാണ് അഭിനേതാക്കളുമെന്ന് സംശയം വേണ്ട.
‘നക്ഷത്രങ്ങൾ മരിക്കുമ്പോൾ‘ എന്ന ലേഖനത്തിൽ…. മുരളി, മോണിഷ, പത്മരാജൻ, രഘുവരൻ എന്നിവർ മരിച്ചപ്പോൾ പത്രക്കാരും, സിനിമാക്കാരുടെ പളപളപ്പൻ ജീവിതത്തിനപ്പുറത്തേക്ക് മറ്റൊന്നും അറിയാൻ ആഗ്രഹമില്ലാത്ത പൊതുജനങ്ങളും, നേരവും കാണവുമൊന്നും നോക്കാതെ പത്രക്കാരും, നടത്തുന്ന നെറികെട്ട പ്രകടനങ്ങൾക്ക് എതിരെ ഉർവ്വശി രോഷം കൊള്ളുന്നുണ്ട്. സിൽക്ക് സ്മിതയെപ്പറ്റിയുള്ള ഓർമ്മകൾ പങ്കുവെക്കുന്ന ‘കരയുന്ന സ്മിത‘ എന്ന ലേഖനത്തിൽ, സ്മിതയുടെ ചേതനയറ്റ ശരീരത്തെ, കഴുത്തുവരെ പൊതിഞ്ഞ് കിടക്കുന്ന തുണി അല്‍പ്പം കൂടെ താഴ്ത്തിക്കിട്ടി, മരിച്ചുപോയ മാദകനടിയുടെ മാദകാവസ്ഥയിൽത്തന്നെയുള്ള ഒരു ഫോട്ടോയ്ക്ക് വേണ്ടി ശ്രമിക്കുന്ന പത്രക്കാരെക്കുറിച്ച് ആർക്കും തോന്നാവുന്ന അവജ്ഞയും ദേഷ്യവും തന്നെയാണ് ഉർവ്വശിക്കും തോന്നുന്നത്. സിനിമാ ഷൂട്ടിങ്ങിന്റെ ഷോട്ടുകൾക്കുള്ള ഇടവേളകളിൽ വലിയൊരു പുതപ്പുകൊണ്ട് ശരീരം മറച്ചിരിക്കുന്ന ആളാണ് സ്മിത എന്നത് പത്രക്കാർക്ക് അറിയാത്ത കാര്യമൊന്നും അല്ലന്നുറപ്പാണ്.
‘എവിടെയോ ഒരു രാജലക്ഷ്മി’ ‘കരയുന്ന ആറുവയസ്സുകാരൻ‘ എന്നിങ്ങനെ പല ലേഖനങ്ങളിലും മനസ്സിനെ ആർദ്രമാക്കാൻ പോന്ന തന്തുക്കൾ ഉണ്ടെങ്കിലും എഴുത്തിൽ തീക്ഷണ കുറവായതിനാലോ, ഇന്നസെന്റിന്റെ അത്രയ്ക്ക് അനുഭവസമ്പത്ത് ഇല്ലാത്തതിനാലോ ആകാം, ഇതൊന്നും അധികനേരം ഉള്ളിലുടക്കി നിൽക്കുന്നില്ല. പല ലേഖനങ്ങളും എവിടെയോ തുടങ്ങി ലക്ഷ്യമൊന്നും ഇല്ലാതെ മറ്റെവിടെയോ അവസാനിച്ചതുപോലുള്ള വായനാനുഭവം നൽകി. ‘ഒരു മകന്റെ നൊമ്പരം‘ എന്ന ലേഖനം സത്യത്തിൽ ഉർവ്വശിയല്ല, സത്യൻ അന്തിക്കാടാണ് എഴുതേണ്ടിയിരുന്നത്.
വനിതയിലോ മറ്റോ ഖണ്ഡശ വന്നിരുന്ന ലേഖനങ്ങൾ ആണിതൊക്കെ എന്നുള്ളതുകൊണ്ടാകാം വനിതയുടെ എഡിറ്റർ ഇൻ ചാർജ്ജ് എം.മധു ചന്ദ്രന്, ഉർവ്വശി നന്ദി പറയുന്നത്. ഒരു വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിക്കുമ്പോൾ മറ്റ് ലേഖനങ്ങൾക്കിടയിൽ ചിലപ്പോൾ ഈ ഒരു കോളത്തിന്റെ അപാകതകൾ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയെന്ന് വരാം. പക്ഷെ അതെല്ലാം ചേർത്ത് പുസ്തകമാകുമ്പോൾ, വായനയുടെ തലം മാറുന്നുണ്ട്. അതുകൊണ്ടുതന്നെ അപാകതകൾ മുഴച്ച് നിൽക്കുകയും ചെയ്യുന്നു.
‘സുരയ്യാ ബാനുവോ, അതാര് ?’ എന്നാരെങ്കിലും അത്ഭുതപ്പെട്ടാൽ തെറ്റ് പറയാനാവില്ല. കാരണം, ഇങ്ങനെയൊരു സിനിമാ നടിയെപ്പറ്റി പലരും കേൾക്കുന്നത് തന്നെ ആദ്യമായിട്ടായിരിക്കും. അരുൺ എഴുത്തച്ഛൻ തയ്യാറാക്കിയ പുസ്തകം ഡി.സി. ബുക്ക്സ് പുറത്തിറക്കിയതുകൊണ്ട് ഇങ്ങനൊരു നടിയുടെ പേര് ഞാനും ആദ്യമായിട്ട് കേട്ടു.
തെന്നിന്ത്യയിലെ രതിനായികമാരിൽ പലർക്കും വേണ്ടി ഡ്യൂപ്പ് അല്ലെങ്കിൽ ‘ബോഡി ഡബിൾ‘ ആയി മാത്രം തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ് സുരയ്യാ ബാനു അറിയപ്പെടാത്ത നടിയായിപ്പോയത്. ഒരുകാലത്ത് മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾക്ക് പോലും രക്ഷപ്പെടുത്താൻ കഴിയാതെ പോയ മലയാള സിനിമാ വ്യവസായത്തെ, താങ്ങി നിർത്തിയിരുന്ന ഷക്കീല എന്ന A- പടം നായികയുടെ രൂപസാദൃശ്യം ഉണ്ടായതുകൊണ്ട്, ഷക്കീലയുടെ സിനിമകളിൽ ഉടുവസ്ത്രം ഉരിഞ്ഞുള്ള ബിറ്റ് ഭാഗങ്ങൾ ‘അഭിനയിച്ചിരുന്നത് ‘ സുരയ്യാ ബാനുവായിരുന്നത്രേ!
കോടാമ്പക്കത്തും വടപളനിയിലുമൊക്കെ ഉപ്പയുടെ കൈ പിടിച്ച് നടന്ന് സിനിമാക്കാരെ നേരിട്ട് കാണാൻ ‘ഭാഗ്യ‘മുണ്ടായിട്ടുള്ള ഒരു പെൺകുട്ടി, സിനിമയോടുള്ള അതിയായ അഭിനിവേശം കാരണം കോടാമ്പക്കത്തിന്റെ അഴുക്കുചാലിലേക്ക് കൂപ്പുകുത്തിയ കഥകളാണ് ‘ഡ്യൂപ്പ് ‘ എന്ന ആത്മകഥയിൽ.
സിനിമാ നടിയാകാൻ കൊതിച്ച് തട്ടിപ്പുകൾക്ക് ഇരകളാവുന്നവരുടെ ഒരുപാട് പെൺകുട്ടികളുടെ കഥയാണിത്. തട്ടിപ്പെന്നു പറഞ്ഞാൽ പ്രധാനമായും ലൈംഗികചൂഷണം തന്നെ. ഒരു സിനിമയിൽ തലകാണിക്കാനായി ഏതെങ്കിലും മൂന്നാംകിട സംവിധായകന്റെയോ നിർമ്മാതാവിന്റെയൊ കിടക്കപങ്കിടാൻ അധികമൊന്നും ആലോചിക്കാത്ത ഒരുപാട് പെൺകുട്ടികളിൽ ഒരാൾ മാത്രമാണ് സുരയ്യാ ബാനുവും. സിനിമയ്ക്ക് വേണ്ടി മാത്രമേ കഥാനായിക അങ്ങനൊരു കാര്യം ചെയ്തിട്ടുള്ളൂ എന്നതാണ് ‘ഡ്യൂപ്പി‘ൽ അവർ എടുത്തുപറയുന്നത്. വഞ്ചിക്കപ്പെട്ടു എന്നറിയുമ്പോൾ വ്യസനിക്കുകയും ചെയ്യുന്നുണ്ട് സുരയ്യ. ലൈംഗിക ചൂഷണം സിനിമയ്ക്ക് പുറത്തേക്ക് കടക്കുമ്പോൾ ഇവരിൽ പലരും വെറും തെരുവ് വേശ്യകളുടെ നിലവാരത്തിലേക്ക് കടക്കുന്നുണ്ട്. അത്തരത്തിൽ മുഴുവനുമായി ശരീരം വിറ്റ് ജീവിക്കാൻ നിൽക്കാതെ, കൈയ്യിലുള്ള സാമ്പത്തികശാസ്ത്ര ബിരുദത്തിന്റേയും, ഹിന്ദി പണ്ഡിറ്റ് സർട്ടിഫിക്കറ്റിന്റേയും ബലത്തിൽ, സുരയ്യ ബാനു കോടാമ്പാക്കത്തിന്റെ വൃത്തികേടുകളിൽ നിന്ന് രക്ഷപ്പെട്ട്, കല്യാണമൊക്കെ കഴിച്ച് ഒരു അദ്ധ്യാപികയായി ജീവിതം നയിക്കുകയാണിപ്പോൾ.
എങ്ങനെയാണ്, എവിടെയൊക്കെയാണ് മസാല സിനിമകളിലെ സീനുകൾ നിർമ്മിക്കപ്പെടുന്നത്. അതിനായി കോടാമ്പക്കത്തുള്ള സൗകര്യങ്ങൾ എന്തൊക്കെയാണ്. ഏതൊക്കെ പൊലീസുകാരുടെ വീടുകൾ വരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്, എന്തുകൊണ്ടാണ് പല മാദകനടികളും ഒരു സിനിമയ്ക്ക് മൊത്തത്തിൽ കൂലി വാങ്ങുന്നതിന് പകരം ഒരു ദിവസത്തേക്ക് കൂലി വാങ്ങാൻ തുടങ്ങിയത്, എന്നിങ്ങനെ പല കാര്യങ്ങളും ‘ഡ്യൂപ്പ് ‘ പറയുന്നുണ്ട്.
ഇതിൽ പലതും വായനക്കാരന് അത്രയ്ക്ക് പുതിയ സിനിമാക്കഥകളാണെന്ന് തോന്നുന്നില്ല. ഒക്കെ എല്ലാവരും മുൻപ് ഒരിക്കലെങ്കിലും കേട്ടിട്ടുള്ള കാര്യങ്ങൾ തന്നെ.നളിനി ജമീലയുടെ ആത്മകഥയുടെ ചുവട് പിടിച്ചാണോ ഇങ്ങനൊരു പുസ്തകം ഇറക്കാൻ ഡീ.സി. തീരുമാനിച്ചതെന്ന് ആരെങ്കിലും സംശയിച്ചാൽ, അങ്ങനെ വിസ്തരിച്ചാൽ, കുറ്റം പറയാനാവില്ല.
എന്തായാലും ആമുഖത്തിൽ സുരയ്യാ ബാനു പറയുന്ന ചില വരികൾ ഒരു സന്ദേശമായി കണക്കാക്കുന്നതിൽ തെറ്റില്ല. ആ വരികൾ അതേ പടി പകർത്തട്ടെ.
“സിനിമ നൽകുന്ന പ്രശസ്തിയും പണവും അത്ര വലുതായതിനാൽ തന്റെ വഴി സിനിമ എന്ന് ഓരോരുത്തരും പഠിച്ചുവയ്ക്കുന്നത് വിജയിച്ചവരുടെ കഥകൾ മാത്രം കേൾക്കുന്നതുകൊണ്ടാണ്. പരാജയപ്പെട്ട ഒരാളും അവരുടെ കഥ സ്വയം തുറന്ന് പറയാറില്ലല്ലോ ? പരാജയപ്പെട്ടവരുടെ കഥകൾ കൂടെ നിങ്ങൾ കേൾക്കണമെന്ന് എനിക്ക് തോന്നുന്നു.“
മറ്റാരും കേട്ടില്ലെങ്കിലും സിനിമയുടെ ഭ്രമിപ്പിക്കുന്ന മായാപ്രപഞ്ചത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ചാടിത്തുള്ളി നിൽക്കുന്ന പെൺകുട്ടികളെങ്കിലും കേട്ടിരിക്കേണ്ടതാണ് സുരയ്യയുടെ അനുഭവങ്ങൾ. കഷ്ടപ്പാടുകൾ ഒരുപാട് തരണം ചെയ്ത് സിനിമയുടെ ഔന്നത്യത്തിലേക്കെത്തിയ ഒരു ഇന്നസെന്റിലോ, അത്രയ്ക്കധികം കഷ്ടപ്പാടുകൾ ഒന്നും അനുഭവിക്കാതെ തന്നെ തെന്നിന്ത്യൻ സിനിമയിൽ വെന്നിക്കൊടി പാറിച്ച ഒരു ഉർവ്വശിയിലോ ഒതുങ്ങുന്നതല്ല സിനിമാ വ്യവസായത്തിന്റെ പിന്നാമ്പുറ കഥകൾ. വിജയിച്ചതിനേക്കാളേറെ വിജയിക്കാതെ പോയ ഒരുപാട് പേരുടെ കഥകൾ പറയാൻ കോളീവുഡ്ഡിന്നും ബോളീവുഡ്ഡിനും ഹോളീവുഡ്ഡിനും കാണും.