Monthly Archives: June 2023

അലോർണ കോട്ട


44
ന്ന് ഒരു കോട്ടയിൽ കൂടെ ‘വീണു‘.

ഒരു കോട്ട കൂടെ ‘വീഴ്ത്തി‘ എന്ന് പറഞ്ഞാൽ ശരിയാകില്ല.എത്രയെത്ര ഗംഭീര ശത്രുക്കൾ ശ്രമിച്ചിട്ടും വീഴാതെ നിന്നിട്ടുണ്ട് ഓരോരോ കോട്ടകളും. അപ്പോൾപ്പിന്നെ ആയുധങ്ങളൊന്നുമില്ലാത്ത ഒരു നിരക്ഷരൻ എങ്ങനെ വീഴ്ത്താനാണ് ?!

കോട്ടകളെ സ്ത്രീലിംഗമായാണല്ലോ കണക്കാക്കുന്നത്. അങ്ങനെ നോക്കിയാൽ ഒരു വായീനോക്കി കാമുകൻ്റെ എല്ലാ പരാധീനതകളും ഒത്തുവരുന്നുണ്ട് അവളെക്കണ്ട് ‘വീണു’ എന്ന് പറയുമ്പോൾ.

ഇന്ന് വീണത് അലോർണ കോട്ട കണ്ടാണ്. അവളുടെ ശാലീന ഗ്രാമീണ സൗന്ദര്യം കണ്ടാണ്. ഞാൻ ചെന്ന് കയറുമ്പോൾ അവളങ്ങനെ ഒറ്റയ്ക്ക് നിൽക്കുകയാണ് ചപ്പോറ നദിക്കരയിൽ.

കാവിലെ ദേവിയെപ്പോലെ എന്ന് പറഞ്ഞാൽ ആയമ്മയെ നിങ്ങള് മുൻപ് കണ്ടിട്ടുണ്ടോ എന്നാണല്ലോ മറുചോദ്യം. കാവുകൾ ധാരാളം കണ്ടിട്ടുണ്ട്. ചില കോണുകളിൽ നിന്ന് നോക്കിയാൽ ഇവള് കാവ് തന്നെ. കോട്ടയേ അല്ല.

ഞാൻ മൂക്കടിച്ചാണ് വീണത്. അതുകണ്ട്, വളപ്പൊട്ടുകൾ ചിതറുന്ന പോലെ അവൾ ചിരിച്ചു. പിന്നെ കുറേ നേരം ഞങ്ങൾ സല്ലപിച്ചിരുന്നു. കുശുമ്പു മൂത്ത സദാചാര ഭാസ്ക്കരൻ മുകളിൽ നിന്ന് കത്തിക്കാളി. രണ്ട് ദിവസമായിട്ട് മഴയാണ്. എന്നിട്ടും രണ്ടുപേർ സൊള്ളിയിരിക്കുന്നത് അങ്ങേർക്കങ്ങ് സഹിക്കുന്നില്ല.

മനസ്സില്ലാ മനസ്സോടെ ഞാൻ പുറത്തിറങ്ങിയതും പ്രധാന കവാടത്തിൻ്റെ ഭാഗത്തുവെച്ച് അവളുടെ നാല് ആങ്ങളമാർ പിടികൂടി. വാച്ച് മാൻ അടക്കം എല്ലാവരും ലോക്കൽസ് ആണ്.

” വ്ലോഗറാണല്ലേ ? “ ആ കറുത്ത കുപ്പായക്കാരൻ അളിയനാണ് ആദ്യചോദ്യം എറിഞ്ഞത്.

ഈ ചോദ്യം വരുമ്പോളെല്ലാം ശങ്കിച്ചുനിൽക്കാതെ നൽകാറുള്ള ‘അല്ല‘ എന്ന മറുപടി ഇടം വലം നോക്കാതെ നൽകി. വ്ലോഗർ ആണെന്ന് പറഞ്ഞാൽ എപ്പോൾ എവിടെ വെച്ച് ആൾക്കാർ എത്രത്തോളം ‘പരിലാളിക്കും’ എന്നറിയാൻ വയ്യാത്ത അവസ്ഥയാണല്ലോ.

“ വ്ലോഗർ ആണല്ലോ. അഗ്വാഡ ജയിലിൽ പോയതിൻ്റെ വീഡിയോ ഇന്ന് രാവിലെ ഞാൻ കണ്ടല്ലോ ? ഗ്രേറ്റ് ഇന്ത്യൻ അങ്ങനെ എന്തോ അല്ലേ ചാനലിന്റെ പേര്? “ അളിയൻ വിടാൻ ഉദ്ദേശമില്ല.

“ മലയാളത്തിൽ പറഞ്ഞ്, മലയാളത്തിൽ വിവരണം എഴുതി പോസ്റ്റാക്കുന്ന യൂട്യൂബ് വീഡിയോ, ആരിലേക്കെല്ലാമാണ് ഇക്കൂട്ടർ എത്തിക്കുന്നത്?! ഇന്ന് രാവിലെ ആ വീഡിയോ കണ്ട 135 പേരിൽ ഒരാൾ മലയാളം അറിയാത്ത ഈ ഗോവക്കാരൻ ആയിരുന്നല്ലേ ? ജാങ്കോ…. ഞാൻ പെട്ട്.“

പിന്നെ ഞങ്ങൾ അളിയന്മാർ കുറേ നേരം മിണ്ടിയും പറഞ്ഞും അവിടിരുന്നു. വീഡിയോയുടെ ക്ലോസിങ്ങ് ഷോട്ട് അളിയന്മാർക്കൊപ്പം ആകാമെന്ന് ഞാൻ തീരുമാനിച്ചപ്പോൾ വാച്ച്മാൻ അളിയൻ ഓടിപ്പോയി തൊപ്പിയെടുത്ത് തലയിൽ ഫിറ്റ് ചെയ്തു.

സാരസ് വാടി ബോൺസ്ലേമാരുടെ മകളാണ് അലോർണ. ഇവൾക്ക് ഇളയത് മറ്റൊരുത്തി കൂടെ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. അവളെ പറങ്കികൾ വക വരുത്തി. പതിനെട്ടാം നൂറ്റാണ്ടിൽ ഗോവയും സാരസ് വാടിയും തമ്മിലുള്ള അതിര് അലോർണ ആയിരുന്നു. കഥകൾ അങ്ങനെ കുറേയുണ്ട്, പറയാനാണെങ്കിൽ. യൂ ട്യൂബിൽത്തന്നെ പറയാം, അധികം വൈകാതെ.

പെങ്ങൾടെ യൂ ട്യൂബ് വീഡിയോ വരാനായി കാത്തിരിക്കുകയാണ് അളിയന്മാരും.

#greatindianexpedition
#gie_by_niraksharan
#boleroxl_motor_home
#fortsofgoa