അംഗീകാരം

‘അവാർഡിതർ‘ക്ക് അഭിനന്ദനങ്ങൾ !!!


77

സ്ക്കൂൾ വേനലവധിയ്ക്ക് 2 മാസം അർമ്മാദിക്കാമെന്ന് സന്തോഷിച്ചിരിക്കുമ്പോൾ, മാഷ് നല്ല എട്ടിന്റെ പണി തരും. ഐതിഹ്യമാല പോലുള്ള തടിയൻ പുസ്തകങ്ങളെടുത്ത് തന്നിട്ട്, അത് വായിച്ച് ഓരോ കഥകളേയും പറ്റി ചെറിയ കുറിപ്പുകൾ എഴുതി സ്ക്കൂൾ തുറക്കുമ്പോൾ മാഷിനെ കാണിക്കണമെന്നുള്ളതാണ് പണി. ആദ്യമൊക്കെ അതൊരു തൊല്ലയായിരുന്നു. വായിച്ചൊപ്പിക്കുമെങ്കിലും എഴുതി കൊടുക്കാൻ ഒരിക്കലും പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ സ്ക്കൂള് തുറന്ന് ചെല്ലുമ്പോൾ മാഷിന്റെ തലവെട്ടം കാണാതെ നടക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ഭാഗ്യത്തിന് (അതൊരു വലിയ നിർഭാഗ്യമായിരുന്നെന്ന് ഇന്ന് വ്യസനിക്കുന്നു) സ്ക്കൂളിലെന്നെ മലയാളം പഠിപ്പിച്ചിരുന്നത് മറ്റ് അദ്ധ്യാപകരായിരുന്നു.

പിന്നെപ്പിന്നെ മാഷ് നിഷ്ക്കർഷിക്കുന്ന ആ വായനകൾ രസകരമായ അനുഭവങ്ങളായി മാറാൻ തുടങ്ങി.

ഓ…. ഇനിയും മാഷിന്റെ പേര് പറഞ്ഞില്ലല്ലേ ?

പറഞ്ഞാൽ അധികം പേരൊന്നും അറിഞ്ഞെന്ന് വരില്ലായിരുന്നു ഇന്ന് വൈകീട്ട് വരെ. പക്ഷെ നാളെമുതൽ അങ്ങനെയായിരിക്കില്ല. പൂയപ്പിള്ളി തങ്കപ്പൻ മാഷിനെ ഇനിയും അറിയില്ല എന്ന് പറഞ്ഞാൽ അത് പറയുന്നവരുടെ കുഴപ്പമായി വിലയിരുത്തപ്പെടും. സമഗ്രസംഭാവനയ്ക്കുള്ള സാഹിത്യ അക്കാഡമിയുടെ പുരസ്ക്കാരം ഇത്തവണ തങ്കപ്പൻ മാഷിനാണ്.

ചെറുകുറിപ്പുകൾ എഴുതാൻ വിമുഖത കാണിച്ച് ഒളിച്ച് നടന്നിരുന്ന അക്ഷരക്കുറവുള്ള ശിഷ്യന് (ശിഷ്യനെന്ന് പറഞ്ഞാൽ, സ്ക്കൂളിൽ മാഷ് പഠിപ്പിച്ചിട്ടില്ലെങ്കിലും ‘പെരുവിരൻ അറുത്ത് തരൂ‍‘ എന്നോ ‘കീ ബോർഡിന്റെ എന്റർ കീ ഇളക്കിത്തരൂ എന്നോ അജ്ഞാപിച്ചാൽ അനുസരിക്കാൻ ബാദ്ധ്യതയുള്ള ശിഷ്യൻ) പിന്നീട് ചില കുത്തിക്കുറിക്കലുകളും യാത്രാവിവരണങ്ങളുമൊക്കെ ചെയ്യേണ്ടിവന്നു. മെന്റർ മാഗസിനിൽ അങ്ങനെ വരാനിടയായ യാത്രാവിവരണങ്ങൾ മാഷിന്റെ കണ്ണിൽ പെട്ടു. ഓരോ ലക്കവും വായിച്ച് അഭിപ്രായം അറിയിക്കാനും മുന്നോട്ടുള്ള അദ്ധ്യായങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്ത് തരാനും പുസ്തകങ്ങൾ സംഘടിപ്പിച്ച് തരാനും മാഷ് ഒപ്പം നിന്നു.

അവസാനം ആ യാത്രാക്കുറിപ്പുകൾ എല്ലാം ചേർത്ത് ഒരു പുസ്തകമാക്കേണ്ട സാഹചര്യം ഒത്തുവന്നപ്പോൾ അതിനൊരു അവതാരിക ആരെഴുതണം എന്ന കാര്യത്തിൽ എനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല. അത് തങ്കപ്പൻ മാഷ് തന്നെ ചെയ്താലേ ശരിയാകൂ എന്നായിരുന്നു എനിക്ക്.

പുസ്തകമിറങ്ങിക്കഴിഞ്ഞപ്പോൾ പല സുഹൃത്തുക്കളും ചോദിച്ചു. അവതാരിക സക്കറിയയെക്കൊണ്ടോ സേതുവിനെക്കൊണ്ടോ എഴുതിക്കാമായിരുന്നില്ലേ എന്ന്. ഇപ്പറഞ്ഞവരെയൊക്കെ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ അവതാരിക എഴുതിക്കാൻ വേണ്ടുമുള്ള അടുപ്പമോ പരിചയമോ എനിക്കില്ല. മാത്രമല്ല, എല്ലാ ലക്കവും വായിച്ച് അഭിപ്രായം പറയുകയും നിർദ്ദേശങ്ങൾ നൽകുകയുമൊക്കെ ചെയ്തുപോന്ന തങ്കപ്പൻ മാഷിനെ ഒഴിവാക്കി പേരുകേട്ട എഴുത്തുകാർക്ക് പിന്നാലെ പോകുന്നത് നന്ദികേടാകും. മാഷ് തന്നെ അവതാരിക എഴുതി. മാഷ് തന്നെ പുസ്തകപ്രകാശന ദിവസം പുസ്തകപരിചയം നടത്തി.

മാഷെനിക്ക് പിന്നേം പണികൾ തന്നുകൊണ്ടേയിരുന്നു. അദ്ദേഹം പത്രാധിപരായിരുന്ന നവനീതം മാസികയ്ക്ക് വേണ്ടി ലേഖനങ്ങൾ എഴുതിപ്പിക്കുക, ചില സാഹിത്യസംരംഭങ്ങളിൽ കുരുക്കിയിടുക എന്നിങ്ങനെ നീളുന്നു ആ പണികൾ. ഇപ്രാവശ്യം ചില പണികൾ അങ്ങോട്ട് കൊടുക്കാൻ ഞങ്ങളും കോപ്പുകൂട്ടി.അങ്ങനെയാണ് ബൂലോകർ എല്ലാവരും ചേർന്ന് മനോരാജിന്റെ സ്മരണാർത്ഥം ചെറുകഥാസമാഹാരത്തിന് 33,333 രൂപയുടെ പുരസ്ക്കാരം നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ ഞങ്ങളെല്ലാവരും ചേർന്ന് ആ സമിതിയുടെ അദ്ധ്യക്ഷസ്ഥാനത്ത് അദ്ദേഹത്തെ കുരുക്കിയിട്ടത്.

അക്കാഡമിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും ഒരു അംഗീകാരം അദ്ദേഹത്തിലേക്കെത്തുന്നത് വളരെ വളരെ വൈകിയാണ് എന്ന അഭിപ്രായക്കാരനാണ് ഞാൻ. കവിത, കഥ, ചരിത്രപഠനങ്ങൾ, സാമൂഹികവിഷയങ്ങൾ, ജീവചരിത്രങ്ങൾ, എന്നിങ്ങനെ വൈവിദ്ധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്തുപോന്നിരുന്ന അദ്ദേഹത്തെ അംഗീകരിക്കാൻ 80 വയസ്സുവരെ കാത്തിരിക്കേണ്ടിയിരുന്നില്ല. എന്തായാലും, വൈകിപ്പോയതിന് പരിഹാരമായി, വേണ്ടവിധത്തിൽ തന്നെയാണ് ഇപ്പോളദ്ദേഹത്തെ അംഗീകരിച്ചിരിക്കുന്നത് എന്നതിൽ അതിയായ സന്തോഷവുമുണ്ട്.

ആരെയും മോഹിപ്പിക്കാൻ പോന്ന കൈയ്യക്ഷരവും ഖനഗാംഭീര്യ ശബ്ദവുമാണ് തങ്കപ്പൻ മാഷിനെപ്പറ്റി എടുത്ത് പറയേണ്ട രണ്ട് കാര്യങ്ങൾ. നല്ലൊരു വാഗ്മി എന്ന നിലയ്ക്ക് ആ ശബ്ദ്ം നല്ല നിലയ്ക്ക് അദ്ദേഹം ഉപയോഗിക്കുന്നുമുണ്ട്.

ഇപ്രാവശ്യത്തെ സാഹിത്യ അക്കാഡമി അവാർഡിന് അർഹരായിട്ടുള്ളവരിൽ നേരിട്ട് പരിചയമുള്ളവരും സുഹൃത്തുക്കളും നിരവധിയാണ്. സി.ആർ.ഓമനക്കുട്ടൻ സാർ, ടി.ഡി.രാമകൃഷ്ണൻ, ലളിത ലെനിൻ, മുരളി തുമ്മാരുകുടി, രശ്മി ബിനോയ്, സുനിൽ ഉപാസന എന്നിങ്ങനെ നീളുന്നു ആ നിര. പൂയപ്പിള്ളി തങ്കപ്പൻ മാഷിനും മേൽ‌പ്പറഞ്ഞവർക്കും ഒപ്പം, ‘അവാർഡിതരായ’ എല്ലാവർക്കും അഭിനന്ദനങ്ങൾ !!!!