Monthly Archives: September 2020

മറവിയുടെ പാതയിൽ


2222
Pic courtesy:- photo search

* പാചകത്തിനിടയ്ക്ക് എന്തോ ഒന്ന് എടുക്കാൻ വേണ്ടി ഫ്രിഡ്‌ജ് തുറന്നു. പക്ഷേ എന്താണെടുക്കേണ്ടതെന്ന് അപ്പോഴേക്കും മറന്നു.

* സ്വീകരണമുറിയിൽ നിന്ന് ബെഡ് റൂമിലേക്ക് പോയത് എന്തോ ആവശ്യത്തിനാണ്. അവിടെ ചെന്നപ്പോഴേക്കും അത് മറന്നു.

* കാര്യമായെന്തോ മരാമത്ത് പണി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വീട്ടിലെ ടൂൾ കിറ്റിൽ ഇല്ലാത്ത ഒരുപകരണം കാറിന്റെ ടൂൾ കിറ്റിൽ ഉണ്ടെന്നറിയാം. അതെടുക്കാൻ താക്കോലുമെടുത്ത് കാറിനടുത്തേക്ക് ചെന്നപ്പോഴേക്കും എന്തിനാണ് അങ്ങോട്ട് പോയതെന്ന് മറന്നു.

* യാത്ര പുറപ്പെടാൻ വാഹനത്തിൽ കയറി ഇരുന്നപ്പോഴാണ് എന്തോ മറന്നത്. അതെടുക്കാൻ ഓടി വീട്ടിലേക്ക് ചെന്നെങ്കിലും അകത്ത് ചെന്നപ്പോൾ അതെന്തിനാണെന്ന് മറന്നു.

* നഗരത്തിനുള്ളിൽ തന്നെയുള്ള ചെറിയ യാത്രയ്ക്കിടയിൽ ഒരു ഫോൺ വരുന്നു. എവിടെയെത്തി എന്ന് മറുതലക്കൽ നിന്ന് ചോദിക്കുമ്പോൾ, കലൂർ, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, കളമശ്ശേരി, ആലുവ, എന്നിങ്ങനെയുള്ള ഏറ്റവും പരിചിതമായ സ്ഥലപ്പേരുകൾ പോലും മറന്ന് പോകുന്നു.

* അക്കങ്ങളുടെ കാര്യത്തിൽ പണ്ടേ വലിയ പരാജയമാണ്. പക്ഷേ വ്യക്തികളുടേയും സ്ഥലങ്ങളുടേയും പേരുകൾ മറക്കുന്ന പതിവില്ലായിരുന്നു. പേരുകൾ ഓർത്ത് വെക്കാൻ ഒരു സൂത്രപ്പണിയും എനിക്കുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ പാണ്ടൻ നായുടെ പല്ലിന്റെ അവസ്ഥയാണ്.

* ഓഫീസിൽ അധികം ഇടപഴകാത്ത, എന്നാൽ ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും പറയേണ്ടി വരുന്ന സഹപ്രവർത്തകരുടെ പേരുകൾ മനസ്സിൽ (അതോ തലച്ചോറിലോ) നിൽക്കുന്നില്ല. നോട്ട് പാഡിൽ എഴുതിവെച്ചാണ് ഇപ്പോൾ കാര്യം സാധിക്കുന്നത്.

* ഔദ്യോഗികമായോ വ്യക്തിപരമോ ആയി ചെയ്യാനുള്ള കാര്യങ്ങൾ എഴുതിവെച്ച് ചെയ്യുന്ന ശീലം പണ്ടേയുണ്ട്. വാഹനം ഓടിക്കുകയോ മറ്റെന്തിലും ചെയ്യുമ്പോഴോ എഴുതി വെക്കാൻ പറ്റിയില്ലെങ്കിൽ പിന്നെയത് മറവിക്ക് സ്വന്തം. തലച്ചോറിൽ To Do List എഴുതിവെക്കേണ്ട ഭാഗം തീരെ ഉപയോഗപ്പെടുത്താത്തതുകൊണ്ട് അത് തുരുമ്പെടുത്ത് പോയിട്ടുണ്ടെങ്കിൽ കുറ്റം പറയാനാവില്ല. സാങ്കേതിക വിദ്യയും ഒരു പരിധി വരെ അക്കങ്ങളേയും പേരുകളേയും മറന്നുകളയുന്ന പ്രക്രിയക്ക് ആക്കം കൂട്ടിയിരിക്കാം.

* 2015 ഡിസംബറിലാണ് മറവി കാര്യമായി ബാധിച്ചുകൊണ്ടിരിക്കുന്നു എന്ന സത്യം ഒരു ഞെട്ടലോടെ മനസ്സിലാക്കിയത്. മുസ്‌രീസിലൂടെ എന്ന എന്റെ യാത്രാവിവരണത്തിന്റെ പ്രകാശനം തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ വെച്ച് നിർവ്വഹിക്കപ്പെട്ട ശേഷം എന്റെ ഓഫ്‌ലൈൻ സുഹൃത്ത് ഹേന ചന്ദ്രൻ Hena Chandran പുസ്തകത്തിന്റെ ഒരു കോപ്പിയിൽ ഒപ്പീടിക്കാനായി അടുത്തെത്തി. എത്ര ശ്രമിച്ചിട്ടും ഹേനയുടെ പേരെനിക്ക് ഓർമ്മ വന്നില്ല. പേരെന്താണെന്ന് ഹേനയോട് ചോദിച്ചാൽ അഹങ്കാരിയായോ നന്ദിയില്ലാത്തവനായോ അൽപ്പനായോ കരുതപ്പെടാം. അവസാനം പേരെഴുതാതെ ഒപ്പ് മാത്രമിട്ട് ഒരുവിധം തടിതപ്പി. ഹേനയ്ക്കെന്ത് തോന്നിയിരിക്കാമെന്ന് ഇപ്പോഴുമറിയില്ല. ആ ദിവസം അനുഭവിച്ച മറ്റ് സമ്മർദ്ദങ്ങളുടെ ഭാഗമായി വന്ന മറവിയാകാനും മതി. പക്ഷേ, അവിടന്നിങ്ങോട്ട് അത്തരം മറവികൾ ഏറിയേറി വന്നിട്ടുണ്ട്.

ഞാൻ മനോജ് രവീന്ദ്രൻ നിരക്ഷരൻ. വയസ്സ് 51. വാർദ്ധക്യത്തിലേക്ക് കാലൂന്നിക്കഴിഞ്ഞിരിക്കുന്നു എന്ന് നല്ല ബോദ്ധ്യമുണ്ട്. വയസ്സാകുമ്പോൾ മറവി സ്വാ‍ഭാവികമായിരിക്കാം. പക്ഷേ പുതിയ കാലഘട്ടത്തിൽ കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ല. ഓരോ മൂന്ന് സെക്കന്റിലും ഒരാളെ മറവിരോഗം അഥവാ അൽഷിമേർസ് പിടികൂടുന്നു എന്നൊക്കെ കേൾക്കുന്നത് ശരിയാണെങ്കിൽ ഏതോ ഒരു മൂന്നാം സെക്കന്റിൽ ഞാനും ആ ലിസ്റ്റിൽ കയറിക്കൂടിയിട്ടുണ്ടെന്ന് സംശയിക്കാതെ വയ്യ.

ഇതിന്റെ ആഴവും ആക്കവും കൂടാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. അതെങ്കിലും മറന്ന് പോകാതിരുന്നെങ്കിൽ എന്നാശിക്കുകയും ചെയ്യുന്നു.

കേൾക്കുമ്പോൾ ഇത്രയൊക്കെ മറവി എനിക്കുമുണ്ടല്ലോ എന്ന് പലർക്കും തോന്നിയേക്കാം. എത്രത്തോളമുണ്ടെന്നും ഏത് കാറ്റഗറിയിൽ വരുന്നെന്നും സ്വയം വിലയിരുത്തുക. പ്രതിവിധിയായി എന്തെങ്കിലും ചെയ്യാനുണ്ടെന്ന് വൈദ്യോപദേശം കിട്ടിയാൽ ഇപ്പോഴേ ചെയ്ത് തുടങ്ങുക.

അൽപ്പമെങ്കിലും മറവി കൈമുതലായുള്ള എല്ലാവർക്കും ലോക അൽഷിമേർസ് ദിനാശംസകൾ !!

മറവിയുടെ കയങ്ങളിൽ വീണ് ബുദ്ധിമുട്ടനുഭവിക്കുന്നവരെ ഇന്നൊരു ദിവസമെങ്കിലും ഓർക്കണമെന്ന് സൂചിപ്പിച്ചതായി ഈ പോസ്റ്റിനെ കണ്ടാൽ മതി. നിലവിൽ എനിക്കങ്ങനെ അറിയുന്ന ഒരേയൊരാൾ ബീനച്ചേച്ചിയുടെ Beena KA അമ്മ മാത്രമാണ്. മറവിയിൽ നിന്ന് ഓർമ്മയുടെ ലോകത്തേക്ക് ആ അമ്മയെപ്പോലുള്ളവർ തിരികെ വന്നാലും ഇല്ലെങ്കിലും ശിഷ്ടകാലം അവർക്കും അവരെ പരിചരിക്കുന്നവർക്കും കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കട്ടെ എന്ന് മാത്രമേ ഈ ദിവസത്തിൽ കൂടുതലായി ആശംസിക്കാനുള്ളൂ.

വാൽക്കഷണം:- ആരെയൊക്കെ മറന്നാലും സോരൂർ കാമനെ മറക്കരുത് എന്നൊരു ആഗ്രഹം ബാക്കിയുണ്ട്.