വ്യക്തികൾ

അടൂർ ഇത്ര ചീപ്പായിരുന്നോ?


55
കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികൾ പറയുന്നത് കള്ളമാണോ സത്യമാണോ എന്നത് രണ്ടാമത് ചർച്ച ചെയ്യാം. ഉടുത്തൊരുങ്ങി വരുന്നതിൽ എന്താണ് പിശക് ശ്രീ. അടൂർ ഗോപാലകൃഷ്ണൻ? ശുചീകരണ തൊഴിലാളികൾ ആയതുകൊണ്ട് അവർ നന്നായി ഉടുക്കാതെയും ഒരുങ്ങാതെയും മുഷിഞ്ഞ വേഷത്തിൽ നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കണമെന്നോ?

അവർക്കെന്താ സ്റ്റാറായിക്കൂടെ? നിങ്ങൾ സിനിമാക്കാർ തീരുമാനിക്കുന്നവർ മാത്രം സ്റ്റാറായാൽ മതിയെന്നാണോ? ഒരു ടീവി അഭിമുഖത്തിൽ വന്നതിൻ്റെ പേരിൽ സ്റ്റാറായ എത്ര പേരുണ്ട് കേരളത്തിൽ?

WCC യിലെ പെണ്ണുങ്ങളെപ്പോലെ എന്ന പരാമർശവും നിങ്ങൾ നടത്തിയതായി കണ്ടു. സിനിമാ ഫീൽഡിൽ സ്ത്രീകൾക്കെതിരെയുള്ള അനീതികൾ വിളിച്ച് പറയുകയും അതിനൊക്കെ തീരുമാനമുണ്ടാക്കാൻ നടക്കുകയും ചെയ്യുന്ന WCC എന്ന സംഘടനയോട് നിങ്ങൾക്കെന്താണ് ഇത്ര പുച്ഛം? നിങ്ങളുടെ മക്കളുടേയും കൊച്ചുമക്കളുടേയും പ്രായമുള്ള സ്ത്രീകൾ ജോലി സ്ഥലത്തെ അവരുടെ സുരക്ഷിതത്വത്തിന് വേണ്ടി സംഘടിക്കുമ്പോൾ അതിനൊപ്പം നിൽക്കുന്നതിന് പകരം അധിക്ഷേപിക്കുന്നത് എവിടത്തെ സംസ്ക്കാരവും മര്യാദയുമാണ് ഹേ? നിങ്ങൾക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല എന്നുണ്ടോ മിസ്റ്റർ അടൂർ?

ഇനി അവർ പറഞ്ഞ പരാതി എന്തായിരുന്നെന്ന് നോക്കാം. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടർ ശങ്കർ മോഹൻ സ്ഥാപനത്തിലെ താൽക്കാലിക തൊഴിലാളികളെക്കൊണ്ട് തൻ്റെ വീടും പരിസരവും കക്കൂസുമടക്കം വൃത്തിയാക്കിക്കുന്നു. കൈകൊണ്ട് തന്നെ കക്കൂസ് ഉരച്ച് കഴുകിയാലേ വൃത്തിയാകൂ എന്ന് ശാഠ്യം പിടുക്കുന്നു. പുറത്തെ ജോലികൾ കഴിഞ്ഞ ശേഷം കുളിച്ച് വസ്ത്രം മാറിയ ശേഷമേ വീടിനകത്തേക്ക് ജോലിക്കാരെ കടത്തുന്നുള്ളൂ. ഇതല്ലേ പരാതി?

ഇതിൽ കഴമ്പുണ്ടോ എന്നന്വേഷിക്കാൻ ഇത്ര ബുദ്ധിമുട്ടുണ്ടോ? ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളുടെ ജോലിയല്ലല്ലോ ഡയറക്ടറുടെ വീട് വൃത്തിയാക്കൽ. അങ്ങനെ നടന്നിട്ടുണ്ടോ എന്നന്വേഷിച്ച് നടപടി എടുക്കുന്നതിന് പകരം, “ഡയറക്ടർ കുലീന കുടുംബത്തിലെ അംഗമാണ് “ എന്നല്ലേ താങ്കൾ പറഞ്ഞത്. ഡയറക്ടർക്ക് കുടുംബസർട്ടിഫിക്കറ്റ് കൊടുക്കലാണോ ചെയർമാനായ താങ്കളുടെ ജോലി ? ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് ജാതി അവഹേളനം നടക്കുന്നുണ്ടെന്ന പരാതിയും വന്നിട്ടുണ്ട്. സ്ത്രീ വിരുദ്ധത വിളിച്ച് കൂവുന്നതിന് മുൻപ് അതേപ്പറ്റി വല്ലതും താങ്കൾ അന്വേഷിച്ചോ?

മലയാളികൾ ഇത്രയും നാൾ ഒരു സിനിമാക്കാരൻ എന്ന നിലയ്ക്ക് താങ്കൾക്ക് നൽകിയ ബഹുമാനമൊന്നും, ജാതിചിന്തയും സ്ത്രീവിരുദ്ധതയും ഊട്ടിവളർത്താനുള്ള ലൈസൻസ് ആണെന്ന് ധരിച്ച് വശാകരുത്. വയസ്സായപ്പോൾ, പറയുന്നതും പ്രവർത്തിക്കുന്നതും എന്തെല്ലാം ഭോഷ്ക്കുകളാണെന്ന് നല്ല ബോദ്ധ്യമില്ലാത്ത അവസ്ഥയിലായെങ്കിൽ വിശ്രമ ജീവിതം നയിക്കരുതോ?

വാൽക്കഷണം:- നിങ്ങളെ മാത്രം പറഞ്ഞിട്ടെന്ത് കാര്യം? നിങ്ങളേയും ശങ്കർ മോഹൻ എന്ന ഡയറക്ടറേയും വെച്ച് വാഴിക്കുന്ന തൊഴിലാളി വർഗ്ഗ ഭരണകൂടത്തെ പറഞ്ഞാൽ മതിയല്ലോ? മുഖ്യമന്ത്രിക്ക് വരെ പരാതി പോയിട്ടും ഇതാണ് അവസ്ഥ!