
2016 ൽ ഒന്നാം പിണറായി മന്ത്രിസഭ ഭരണം ഏൽക്കുമ്പോൾ കേരളത്തിന്റെ പൊതു കടം – ₹157370 കോടിയാണ്.
(കേരളപ്പിറവിക്ക് ശേഷം മാറിമാറി വന്ന എല്ലാ മന്ത്രിസഭകളുടേയും മൊത്തം കടമാണ് ഇപ്പറഞ്ഞ ₹1.57ലക്ഷം കോടി.)
2025 ൽ ധനകാര്യമന്ത്രി ബാലഗോപാൽ വെളിപ്പെടുത്തിയ കണക്ക് പ്രകാരമുള്ള കേരളത്തിന്റെ കടം. – ₹4.85 ലക്ഷം കോടിയാണ്.
ഈ കണക്കിൽ കിഫ്ബിയിലെ കടം ഉൾപ്പെടുന്നില്ല. പെൻഷൻ കടം (ഏകദേശം ₹60,000 കോടി) ഉൾപ്പെടുന്നില്ല. അതെല്ലാം കൂടെ ചേർത്താൽ ഏകദേശം ₹6 ലക്ഷം കോടിയാണ് കേരളത്തിൻ്റെ കടം.
ഏകദേശം എന്ന് പറയാൻ കാരണം, ഈ കടത്തിന്റെ കണക്കുകൾ ഒന്നും സർക്കാർ സൈറ്റുകളിൽ ലഭ്യമല്ല എന്നതാണ്.
നമുക്ക് തൽക്കാലം ധനമന്ത്രി പറയുന്ന ₹4.85 ലക്ഷം കോടി എന്ന കടക്കണക്ക് മാത്രം എടുക്കാം.
1947 മുതൽ 2016 വരെയുള്ള 69 വർഷത്തെ കേരളത്തിൻ്റെ പൊതുകടത്തിൻ്റെ 3 ഇരട്ടിയിലധികം കടം, വെറും 9.5 വർഷം കൊണ്ട് ഉണ്ടാക്കി, കേരളത്തെ മുച്ചൂടും കടത്തിൽ മുക്കിയ ഒരു മുഖ്യമന്ത്രി പറയുകയാണ്, UDF ഭരണത്തിൽ വന്നാൽ ഖജനാവ് കാലിയാക്കും. അതുകൊണ്ട് ഞങ്ങളെ മൂന്നാമതും ഭരിക്കാൻ അനുവദിക്കണം എന്ന്. വല്ലാത്ത തൊലിക്കട്ടി തന്നെ. ഗംഭീരം. അതിഗംഭീരം.
അദ്ദേഹം ഇപ്പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നവർ ഉണ്ടാകാം. എന്നിട്ട് അത് അതേപടി ഛർദ്ദിച്ച് പ്രചരിപ്പിക്കുന്നവരും ഉണ്ടാകാം. അതിനർത്ഥം നിങ്ങൾ നേടിയ സമ്പൂർണ്ണ സാക്ഷരതയും വിദ്യാഭ്യാസ സമ്പന്നതയും കൊണ്ട് കാൽ കാശിന്റെ ഗുണം നിങ്ങൾക്ക് ഉണ്ടായില്ല എന്നാണ്. നിങ്ങളുടെ നേതാവ് പറയുന്ന ഏത് കള്ളക്കണക്ക് കേട്ടാലും നിങ്ങളത് വിശ്വസിച്ചോളും എന്നാണ്. നമ്പർ വൺ കേരളം തന്നെ! ഒരു തർക്കവുമില്ല.
മൂന്നാം ഭരണവും വരും. കോൺഗ്രസ്സുകാർ അത്ര മണ്ടന്മാരൊന്നും അല്ല എന്നത് തന്നെ കാരണം. കട്ട് മുടിച്ച്, കടം വാങ്ങി ധൂർത്തടിച്ച് നശിപ്പിച്ച് വെച്ചിരിക്കുന്ന ഈ ഖജനാവും പേറി അവർ എന്തോന്ന് ഭരിക്കുമെന്നാണ്?! അവർക്ക് കേരള ഭരണം വേണ്ട ഹേ. അതുകൊണ്ടാണ് ഗ്രൂപ്പ് കളിച്ചും തമ്മിൽ തല്ലിയും കശപിശ കൂടിയും, താലത്തിൽ വെച്ച് നീട്ടിയിരിക്കുന്ന ഭരണം, അവർക്ക് വേണ്ട എന്ന അവസ്ഥയിലേക്ക് അവർ എത്തിക്കുന്നത്. എനിക്ക് അവരുടെ പ്രവർത്തിയെ അങ്ങനെ കാണാനേ കഴിയൂ.
വാൽക്കഷണം:- ഒരു കാര്യത്തിലേ സങ്കടമുള്ളൂ. UDF ഭരണകാലത്താണ് ഇമ്മാതിരി ധൂർത്തും കടമെടുപ്പും ബാങ്ക് മോഷണവും സ്വർണ്ണം കൊള്ളയും ഒക്കെ നടന്നിരുന്നതെങ്കിൽ, സോഷ്യൽ മീഡിയ ചുമരുകളിൽ മാത്രമല്ല, ഏതൊരു നാട്ടിൽപുറത്തെ ചുമരുകളിലും ഈ കടങ്ങളുടെ വിശദവും സമൃദ്ധവുമായ കണക്കുകൾ വായിച്ച് പഠിക്കാൻ കേരള ജനതയ്ക്ക് ഭാഗ്യം ഉണ്ടാകുമായിരുന്നു!