ആരോഗ്യം

കോവിഡിന്റെ പേരിൽ കീശ വീർപ്പിക്കുന്ന പൊലീസുകാർ


99
കോവിഡ് മൂന്നാംഘട്ട വ്യാപനം ശക്തമാകുമ്പോൾ സംസ്ഥാനങ്ങൾ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുന്നത് സ്വാഭാവികം. പക്ഷേ, കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് ഇപ്പോൾ പാർട്ടിക്കാർ പരസ്പരം കുറ്റപ്പെടുത്തുന്ന ഏർപ്പാട് നിർത്തി. കൂടുതൽ ആളെക്കൂട്ടുന്നവർ കൂടുതൽ ശക്തൻ എന്നത് മനസ്സിലാക്കി അന്തിച്ച് നിൽക്കുകയാണ് കൊറോണ വൈറസ്. അതിനുമുണ്ടാകില്ലേ മനുഷ്യൻ എന്ന ജന്തുവിനോട് സ്വാഭാവികമായ ഒരു ജീവഭയം !

കേരളത്തിൽ നിന്ന് കർണ്ണാടകത്തിലേക്ക് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് റിസൽറ്റ് കൈവശം വേണമെന്ന നിയമം കഴിഞ്ഞ ഒരാഴ്ച്ചയായി നിലനിൽക്കുന്നുണ്ട്. ഇത് മുതലെടുത്തുകൊണ്ടിരിക്കുന്നത് കർണ്ണാടകയിലെ പൊലീസുകാരാണ്. ചെക്ക് പോസ്റ്റിൽ എത്തുന്ന ഓരോ ദീർഘദൂര ബസ്സുകളിലും പൊലീസുകാർ പരിശോധന നടത്തുന്നുണ്ട്. (മറ്റ് വാഹനങ്ങളുടെ കാര്യം എങ്ങനെയാണെന്ന് അറിയില്ല)

മൂന്ന് ദിവസം മുൻപ്, എന്റെ ഒരു സഹപ്രവർത്തകയുടെ ഭർത്താവ്, കേരളത്തിൽ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുമായി കർണ്ണാടകത്തിലേക്ക് വന്നു. ടെസ്റ്റ് റിസൽറ്റില്ലാതെ ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാരിൽ നിന്ന് 200 രൂപ വീതമാണ് കർണ്ണാടക പൊലീസ് കൈക്കൂലി വാങ്ങുന്നത്. ഇങ്ങനെയൊരു സൌകര്യം ഉണ്ടെന്ന് അറിയുന്നതുകൊണ്ടുതന്നെ ഒരു ബസ്സിൽ അത്തരത്തിൽ 20 യാത്രക്കാരെങ്കിലുമുണ്ട്. ഒരു ദിവസം സ്റ്റേറ്റ് വിട്ട് സ്റ്റേറ്റിലേക്ക് കടക്കുന്ന ദീർഘദൂര ബസ്സുകൾ നൂറുകണക്കിനാണ്. അതിർത്തിയിൽ ചെക്കിങ്ങ് നടത്തുന്ന പൊലീസുകാർ ഒരൊറ്റ ദിവസമുണ്ടാക്കുന്നത് ലക്ഷങ്ങളാണെന്ന് മനസ്സിലാക്കാൻ കൂടുതൽ കണക്കുകളൊന്നും ആവശ്യമില്ലല്ലോ ?

കോവിഡ് പടരാതിരിക്കുകയാണ് യഥാർത്ഥ ലക്ഷ്യമെങ്കിൽ, ചെയ്യേണ്ട കാര്യങ്ങൾ അക്കമിട്ട് പറയാം.

1. ടെസ്റ്റ് റിസൽറ്റ് ഇല്ലാത്തവരെ ബസ്സിൽ കയറാൻ ബസ്സുകാർ അനുവദിക്കരുത്.

2. ടെസ്റ്റ് റിസൽറ്റിലും കള്ളത്തരം തുടങ്ങിയിട്ടുണ്ട്. ശരിക്കും ടെസ്റ്റ് നടത്തണമെങ്കിൽ 1400 രൂപ, ടെസ്റ്റ് നടത്താതെ നെഗറ്റീവ് റിപ്പോർട്ട് മാത്രം മതിയെങ്കിൽ 700 രൂപ എന്ന തരത്തിൽ പ്രവർത്തിക്കുന്ന ആശുപത്രികളുമുണ്ട് കേരളത്തിൽ. അത്തരം കേന്ദ്രങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുക.

3. ഇതൊന്നും പറ്റുന്നില്ലെങ്കിൽ ചെക്ക് പോസ്റ്റിൽ കുറഞ്ഞപക്ഷം RTPCR ടെസ്റ്റെങ്കിലും നടത്താനുള്ള നടപടികൾ എല്ലാ സംസ്ഥാനങ്ങളും സ്വീകരിക്കുക. വാഹനത്തിൽ വരുന്ന ഏതെങ്കിലും ഒരാ‍ൾ പോസിറ്റീവാണെന്ന് കണ്ടാൽ അയാളെയും അടുത്ത സീറ്റിലിരുന്ന ആൾക്കാരെയും, അല്ലെങ്കിൽ ബസ്സിലുള്ള മുഴുവൻ പേരെയും ക്വാറന്റൈനിലേക്ക് മാറ്റുക.

കൂടുതൽ ഫലപ്രദമായ മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ അതും നടപ്പിലാക്കാം. അല്ലാതെ കൊറോണ വ്യാപനം, പൊലീസുകാർക്ക് കീശ വീർപ്പിക്കാനുള്ള ഒരു ഉപാധി മാത്രമാക്കി മാറ്റുന്നത് സകലമാന ജനങ്ങളോടും ആരോഗ്യരംഗത്തോടും ചെയ്യുന്ന ദ്രോഹമാണ്.

വാൽക്കഷണം:- കർണ്ണാടകയിൽ കോവിഡ് ടെസ്റ്റ് ചെയ്യാൻ 700 രൂപ മതിയെന്നിരിക്കെ കേരളത്തിൽ ഇരട്ടിപ്പണം ഇതേ ടെസ്റ്റിന് ഈടാക്കുന്നുണ്ടെന്നത് മറ്റൊരു തട്ടിപ്പ്. കോവിഡ് ആരംഭിച്ച് വർഷം ഒന്ന് കഴിഞ്ഞിട്ടും രാജ്യവ്യാപകമായി ടെസ്റ്റ് ചാർജ്ജ് ഏകീകരിക്കാതെ മറ്റൊരു തട്ടിപ്പിന് കൂട്ടുനിൽക്കുകയാണ് സർക്കാരുകൾ.