
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ ആദ്യം ചിരിയാണ് വന്നത്.
ആ കൊള്ള നടക്കുമ്പോൾ, ലോക്കർ തുറക്കാൻ വേണ്ടി ഉപയോഗിച്ച സ്ക്രൂഡ്രൈവർ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റി. ആ സ്ക്രൂ ഡ്രൈവർ പിടിച്ചിരുന്നത് ഒരുപാട് കൈകളാണ്. ആ കൈകളെ അറസ്റ്റ് ചെയ്യാതെ ഉപകരണത്തെ മാത്രം അറസ്റ്റ് ചെയ്തത് കൊണ്ടാണ് ചിരിക്കേണ്ടി വന്നത്. അത്രയും വലിയ കൊള്ള ശബരിമലയിൽ നടത്താൻ ഉണ്ണികൃഷ്ണൻ പോറ്റി എന്ന അവസാന കണ്ണിയായ ഒരാൾക്ക് ഒറ്റയ്ക്ക് സാധിക്കില്ല. അരിഭക്ഷണം…. അല്ലെങ്കിൽ വേണ്ട…. ഗോതമ്പ് ഭക്ഷണം കഴിക്കുന്ന ഇതരസംസ്ഥാനക്കാർക്ക് വരെ അതറിയാം.
പക്ഷേ ഇപ്പോൾ ചിരിയല്ല വരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജീവനെ ഓർത്ത് ഭയമാണ് തോന്നുന്നത്. അയാൾക്ക് ജീവഹാനി ഉണ്ടായേക്കാം. ജയിലിന് അകത്ത് അല്ലെങ്കിൽ പുറത്ത്. അതിനുള്ള സംവിധാനമൊക്കെ ഈ സംസ്ഥാനത്ത് ഉണ്ട്. ജയിൽ ചരിത്രം പരിശോധിച്ചാൽ പിടികിട്ടും.
‘എന്നെ കുടുക്കിയതാണ്. കുടുക്കിയവരും പെടും.’ എന്ന രീതിയിലായിരുന്നു കോടതി വളപ്പിൽ പോറ്റിയുടെ പ്രതികരണം. അത് മാത്രം മതി പോറ്റിയുടെ ജീവൻ അപകടത്തിൽ ആവാൻ.
സ്ക്രൂഡ്രൈവർ തിരിച്ച കൈകൾ ഏതാണെന്ന് പുറത്ത് വന്നാൽ വലിയ പ്രശ്നമാണ്. അത് രഹസ്യമായിത്തന്നെ ഇരിക്കണമെങ്കിൽ ഉണ്ണികൃഷ്ണൻ പോറ്റി ഇല്ലാതാകണം. ജയിലിനകത്തോ പുറത്തോ അയാൾ സുരക്ഷിതൻ ആയിരിക്കില്ല. അതിനുള്ള സാധ്യതകൾ ഏറെയാണ്. ഈ കേസിലെ മറ്റ് കൊള്ളക്കാർ അത്രയും ശക്തരും സ്വാധീനം ഉള്ളവരുമാണ്. പോറ്റിയെ കേരളത്തിന് പുറത്തുള്ള ഏതെങ്കിലും ജയിലിൽ റിമാൻഡ് ചെയ്യുന്നതാവും ഉചിതം. പക്ഷേ, അതും കോടതി തന്നെ സ്വമേധയാ തീരുമാനിക്കേണ്ടി വരും.
സ്വാമി ശരണം അല്പം കൂടെ ഉറക്കെ വിളിച്ചോളൂ പോറ്റീ. സ്വയം ചെയ്ത തെറ്റിനും സ്വന്തം ജീവനും വേണ്ടി.
വാൽക്കഷണം:- ശബരിമല നടയുടെ മുന്നിലുള്ള ഭണ്ഡാരവും സ്വർണ്ണം പൊതിഞ്ഞതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതേപ്പറ്റി ഒരു സംസാരവും കേൾക്കുന്നില്ലല്ലോ.