ഒറ്റവരിപ്പാതകളിൽ (ഒരു വശത്തേക്ക്), ഇടത് വശത്ത് നിന്ന് ഓവർ ടേക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾ പെരുകുന്നു കേരളത്തിൽ. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് അത്തരം രണ്ട് അപകടങ്ങളിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
അതിലൊന്ന് ഒരു വളവിലായിരുന്നു. മറുവശത്തുനിന്ന് വരുന്ന വാഹനത്തിനും എൻ്റെ വാഹനത്തിനും ഒരുമിച്ച് വളക്കാൻ വീതിയില്ലാത്ത റോഡായതുകൊണ്ട് ഞാൻ പരമാവധി ഇടത് ചേർത്ത് വാഹനം ചവിട്ടി നിർത്തിയ ഗ്യാപ്പിലായിരുന്നു Zomato ക്കാരൻ ആ ഇടുങ്ങിയ വളവിൽ, ഇടത് വശത്തുകൂടെ കയറിപ്പോയത്. നെഞ്ചിലപ്പോൾ ആളിയത് ഇപ്പോഴും തീർന്നിട്ടില്ല. പലപ്പോഴും ഈ ഇടതുവശക്കാർക്കൊപ്പം വലതുവശത്തുനിന്ന് ഒരു ഇരുചക്രവും ഓവർ ടേക്ക് ചെയ്യുന്നുണ്ടെങ്കിൽ നൂൽപ്പാലത്തിലൂടെ വാഹനമോടിക്കുന്ന പ്രതീതിയാണ്.
ഇടത് വശത്തുകൂടെ ഓവർ ടേക്ക് ചെയ്യുമെന്ന് മാത്രമല്ല, പെട്ടെന്ന് തന്നെ നമ്മളുടെ വാഹനത്തിൻ്റെ മുന്നിലേക്കെടുത്ത് തൊട്ട് മുന്നിലുള്ള വാഹനത്തിൻ്റെ വലതുവശത്തുകൂടെയും ഇക്കൂട്ടർ കടന്ന് പോകും. നമ്മളിതെല്ലാം കണ്ണാടികളിലൂടെ കണ്ട് സ്റ്റിയറിങ്ങിലും ബ്രേക്കിലും നല്ല നിയന്ത്രണത്തോടെയല്ല പോകുന്നതെങ്കിൽ, അപകടം ഉറപ്പ്.
AI ക്യാമറകളിൽ ഇത്തരം നിയമലംഘനങ്ങൾ കൂടെ കുടുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 720+ AI ക്യാമറകളും ദീർഘകാലം നിലനിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
കേരളത്തിലെ നിരത്തുകളിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണാതീതമായിരിക്കുകയാണ് എന്ന് പറഞ്ഞാൽ, മറ്റ് വാഹനങ്ങളുടെ കാര്യമോ എന്ന് മറുചോദ്യം തീർച്ചയായും ഉണ്ടാകും. മൊത്തത്തിൽ നിയന്ത്രണാതീതം തന്നെ. അധികം വൈകാതെ ഒട്ടുമിക്ക റോഡുകൾക്ക് മുകളിലും എലിവേറ്റഡ് റോഡുകൾ സ്ഥാപിക്കേണ്ടി വരും. ഇല്ലെങ്കിൽ നല്ലൊരു നെഞ്ചുവേദന വരുന്ന സമയത്ത് ആശുപത്രിയിലേക്ക് ആമ്പുലൻസിൽ കയറിപ്പോലും പോകാൻ പറ്റാത്ത അവസ്ഥ വരും. വീട്ടിലോ റോട്ടിലോ തന്നെ കിടന്ന് ചാകാം.
എൻ്റെ നാടായ വൈപ്പിൻ കരയിൽ അഞ്ച് വർഷത്തിനുള്ളിൽ എലിവേറ്റഡ് റോഡിനെപ്പറ്റി ചർച്ചകൾ കേട്ട് തുടങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷ. അന്നാട്ടിൽ റോഡ് മുറിച്ച് കടക്കാൻ ജനങ്ങൾ പെടുന്ന പാട് ചില്ലറയൊന്നുമല്ല. കേരളത്തിൽ മിക്കവാറും എല്ലായിടങ്ങളിലും റോഡ് മുറിച്ച് കടക്കാൻ പറ്റാത്ത തരത്തിൽ വാഹനങ്ങൾ പെരുകിയിരിക്കുകയാണ്. അതിനിടയിൽകൂടെ രാവിലെ ഒരു കാര്യത്തിനിറങ്ങി വൈകീട്ട് വീട്ടിൽ തിരികെയെത്തുന്നുണ്ടെങ്കിൽ മഹാഭാഗ്യമെന്ന് തന്നെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.
ഒന്നുകിൽ നിലവിലുള്ള റോഡുകളിൽ നിന്ന് അനധികൃത നിർമ്മാണങ്ങളും വഴിവാണിഭവും പാർക്കിങ്ങും ഒഴിവാക്കി ഗതാഗതത്തിനുള്ള മതിയായ സൗകര്യം ഒരുക്കണം. കൂടുതൽ പുതിയ റോഡുകൾ പ്രതീക്ഷ വേണ്ട. കൂടുതൽ റോഡുകൾക്ക് എവിടന്ന് സ്ഥലമെടുക്കാൻ? ആൾക്കാരെല്ലാം എങ്ങോട്ട് പോകാൻ? പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലാണ് മലയാളികൾ ജീവിക്കുന്നത്. ഇനി മാറിക്കൊടുക്കാൻ ഒരിടം പോലുമില്ല. അല്ലെങ്കിൽപ്പിന്നെ സിങ്കപ്പൂരിലും മറ്റും ഉള്ളത് പോലെ വാഹനപ്പെരുപ്പം നിയന്ത്രിക്കാനുള്ള കർശന നടപടികൾ വരണം. അതോടൊപ്പം പൊതുഗതാഗതം ശക്തിപ്പെടുത്തണം.
ഭക്ഷണം വിതരണം ചെയ്യാൻ പോകുന്നവർ ഒന്നാലോചിക്കുക. മറ്റൊരാൾക്ക് ഭക്ഷണം നൽകാനും അത് വഴി നിങ്ങൾക്ക് ഭക്ഷണത്തിനുള്ള വക ഉണ്ടാക്കാനുമാണ് ഈ പൊരിവെയിലിൽ നിങ്ങൾ നിരത്തിലിറങ്ങിയിരിക്കുന്നത്. ഇറച്ചിയിൽ മണ്ണാക്കിക്കൊണ്ട് വേണോ ഭക്ഷണം ഉണ്ടാക്കലും വിളമ്പലും?
വാൽക്കഷണം:- നിരത്തിലുള്ള പകുതി ഡ്രൈവർമാർക്ക് ഗതാഗത നിയമങ്ങൾ അറിയില്ല. പലർക്കും റൗണ്ട് എബൗട്ടിൽ വാഹനം ഓടിക്കാൻ അറിയില്ല, സിഗ്നൽ പ്രവർത്തിപ്പിക്കാൻ അറിയില്ല, സിഗ്നൽ പ്രവർത്തിപ്പിക്കില്ല, ഹാൻഡ് ബ്രേക്ക് പ്രവർത്തിപ്പിക്കാൻ അറിയില്ല. ബാക്കി നല്ലൊരു ശതമാനത്തിന് വാഹനം ഉണ്ടെന്നല്ലാതെ വാഹനമോടിച്ച് പരിചയമില്ല. പലർക്കും രാത്രിയായാൽ കണ്ണ് കാണില്ല. നല്ലൊരു പങ്ക് ഡ്രൈവർമാരും മദ്യപിച്ചും മയക്കുമരുന്ന് അടിച്ചുമാണ് ഓടിക്കുന്നത്. ഇതൊന്നും ഇപ്പുറത്ത് വാഹനത്തിൽ ഇരിക്കുന്ന നമ്മളുടെ ചിന്തയിൽ മുൻകരുതലുകളായി ഇല്ലതാനും. ഒരപകടം ഉണ്ടാകാൻ ഇതിൽക്കൂടുതൽ എന്ത് സാഹചര്യമാണ് വേണ്ടത്.