നിയമലംഘനം

പറ്റിക്കപ്പെടാൻ കേരള ജനതയുടെ ജീവിതം പിന്നെയും ബാക്കി


44
2018 പ്രളയ കാലത്ത്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒട്ടുമിക്ക ആൾക്കാരും കൈയയച്ചും ശമ്പളത്തിൽ നിന്ന് പിടിച്ചും പണം നൽകിയപ്പോൾ, ആ ഫണ്ടിലേക്ക് സഹായം നൽകേണ്ടതില്ല എന്ന് വളരെ ആലോചിച്ച് തീരുമാനമെടുത്ത വ്യക്തിയാണ് ഞാൻ. അത്രയും തുക ആലപ്പുഴയിലും റാന്നിയിലും പിറവത്തും മറ്റുമായി പ്രളയത്തിൽ വലഞ്ഞവരിലേക്ക് പണമായും ഭക്ഷണസാധനങ്ങളായും നിത്യോപയോഗ സാധനങ്ങളായും നേരിട്ട് എത്തിക്കുകയും ചെയ്തു.

2017 ൽ അന്തരിച്ച NCP നേതാവ് ഉഴവൂർ വിജയൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകാൻ തീരുമാനിച്ച ഒറ്റക്കാരണം കൊണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചത്. നമുക്ക് ജീവകാരുണ്യപ്രവർത്തനം സ്വയം ചെയ്യാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ മാത്രം ആ തുക മറ്റൊരാളെ ഏൽപ്പിച്ചാൽ മതിയല്ലോ എന്ന ചിന്തയും ഉണ്ടായിരുന്നു.

ഉഴവൂർ വിജയൻ എനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു നേതാവായിരുന്നു. ഏറെ നർമ്മം സംഭാഷണ മദ്ധ്യേ അനായാസമായി കൊണ്ടുവരുന്ന മറ്റൊരു രാഷ്ട്രീയ നേതാവുണ്ടായിരുന്നില്ല എന്നതായിരുന്നു ആ ഇഷ്ടത്തിന് കാരണം. അതല്ലാതെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തോട് പ്രത്യേകിച്ച് ഇഷ്ടമോ ഇഷ്ടക്കേടോ ഉണ്ടായിരുന്നില്ല താനും.

NCP എന്ന പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു എന്നതുകൊണ്ടും NCP ഇടതുപക്ഷ മുന്നണിയുടെ ഭാഗമായിരുന്നു എന്നതുകൊണ്ടും മാത്രം അദ്ദേഹത്തിൻ്റെ മരണശേഷം കുടുംബത്തിന് 25 ലക്ഷം രൂപ നൽകുന്നതിൽ ഒരു നീതിയും ന്യായവും ഞാൻ കണ്ടിരുന്നില്ല.

അദ്ദേഹത്തിൻ്റെ ചികിത്സാച്ചിലവ് എന്ന നിലയ്ക്കാണ് 5 ലക്ഷം രൂപ നൽകിയത്. അത്രയും തുക നൽകാൻ NCPക്ക് കഴിയില്ലേ എന്ന ചോദ്യം മാറ്റി നിർത്തി, ആ തുക നൽകിയത് മനസ്സില്ലാ മനസ്സോടെ സമ്മതിച്ച് കൊടുത്താൽപ്പോലും, അദ്ദേഹത്തിൻ്റെ രണ്ട് പെൺ മക്കൾക്ക് പഠിക്കാൻ 10 ലക്ഷം രൂപ വീതം അനുവദിച്ചതിന് ഒരു ന്യായീകരണവും ഇല്ലായിരുന്നു.

മക്കൾക്ക് പഠിക്കാൻ പണമില്ലാത്തതുകൊണ്ട് ബാങ്കിൽ നിന്നും അല്ലാതെയും വായ്പയെടുത്ത് പലിശയും പലിശയ്ക്ക് മുകളിൽ പലിശയും കയറി ജപ്തി നടപടി ആയവരും ജപ്തിയുടേയും ആത്മഹത്യയുടേയും വക്കത്ത് എത്തിയവരുമായ എത്രയോ അച്ഛനമ്മമാരും കുടുംബങ്ങളും ഇന്നാട്ടിലുണ്ടെന്നോ?! അവർക്കാർക്കെങ്കിലും ധൃതഗതിയിൽ ഇത്രയും പണം ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചതായി കേട്ടിട്ടുണ്ടോ ? ഉഴവൂർ വിജയൻ മരിച്ച് ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ഈ തുക അനുവദിക്കുകയായിരുന്നു. അക്കാലത്ത് ആ ഓർഡർ സോഷ്യൽ മീഡിയയിൽ പ്രചാരത്തിലുണ്ടായിരുന്നു. കുറച്ച് കാലം സൂക്ഷിച്ച ശേഷം ഞാനത് ഒഴിവാക്കുകയായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ് പലപ്പോഴും ചിലവഴിക്കപ്പെട്ടിട്ടുള്ളത്. ഇനിയും വലിയ വ്യത്യാസമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ഇപ്പോൾ ദാ കള്ള സർട്ടിഫിക്കറ്റുകളും സത്യവാങ്ങ്മൂലവുമൊക്കെ പടച്ചുണ്ടാക്കി അതേ ദുരിതാശ്വാസ ഫണ്ട് കൊള്ളയടിച്ചിരിക്കുന്നു. വിജിലൻസ് അത് കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ ധനസഹായം കിട്ടിയത് ഭരണത്തിലിരിക്കുന്നവരുടെ വേണ്ടപ്പെട്ടവർക്ക് മാത്രമാണെങ്കിൽ, വിജിലൻസിൻ്റെ അന്വേഷണം കഴിയുമ്പോഴേക്കും തെളിവുകളൊക്കെ ഇല്ലാതാകുമെന്ന് ആരോപണങ്ങൾ ഇതിനകം വന്ന് കഴിഞ്ഞു. സർക്കാരിന്റെ ഇപ്പോഴത്തെ പോക്ക് വെച്ച് നോക്കിയാൽ കുറ്റം പറയാനാകുമോ ആരോപിക്കുന്നവരെ ?

എന്തായാലും ആടിനെ വിറ്റ കാശ് മുഖ്യൻ്റെ ഫണ്ടിലേക്ക് സംഭാവന ചെയ്ത സുബൈദയുടേയും സൈക്കിൾ വാങ്ങാൻ കുടുക്കയിൽ സൂക്ഷിച്ച പണം നൽകിയ കൗമാരക്കാരുടേയും ഒരു മാസത്തെ ശമ്പളം വീതം നൽകിയ സർക്കാർ സർക്കാരിതര ജീവനക്കാരുടേയുമൊക്കെ പണം വല്ലവനുമൊക്കെ പറ്റിച്ച് കൊണ്ടുപോകുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്ത ഈ അവസരത്തിൽ എനിക്കശേഷം വൈക്ലബ്യമില്ല. ഞാൻ ഏറെ ആലോചിച്ച് എടുത്ത തീരുമാനം അൽപ്പം പോലും തെറ്റിയിട്ടില്ല.