ഗതാഗതം

ദ്വീപ് വാസി


22
ണ്ട് അയാൾ ഒരു ദ്വീപ് വാസിയായിരുന്നു. കോളേജിൽ പഠിക്കാൻ പോയിരുന്നതും പരിഷ്കാരികളെ പോലെ വേഷം ധരിച്ച് പട്ടണത്തിലേക്ക് പോയിരുന്നതുമെല്ലാം ബോട്ടും വഞ്ചിയുമൊക്കെ കയറി മറിഞ്ഞിട്ടായിരുന്നു.

അങ്ങനെയിരിക്കെ അയാളുടെ ദ്വീപിൽ കള്ളച്ചാരായം കുടിച്ച് കുറെ പേർ മരിച്ചു. അയാളുടെ ദ്വീപ് കേരളം മുഴുക്കെ (മോശം)കേൾവി കേട്ടതായി. ‘വൈപ്പിൻകര’ എന്ന് കേൾക്കുമ്പോൾ ആൾക്കാരുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിയാൻ തുടങ്ങി.

പോകപ്പോകെ ചാരായം നിരോധിക്കപ്പെട്ടുവെങ്കിലും എന്തൊക്കെയോ സാധനങ്ങൾ കൂട്ടിയിട്ട് വാറ്റിയത് പല കളറുകൾ ചേർത്ത് വിദേശമദ്യം എന്ന പേരിൽ വിറ്റും കുടിച്ചുമാണ് ദ്വീപ് വാസികളും അല്ലാത്തവരും ഇപ്പോൾ അയാളുടെ നാട്ടിലെ സർക്കാരിനെ താങ്ങി നിർത്തുന്നത് തന്നെ.

അങ്ങനെ അൽപ്പം വൈകിയാണെങ്കിലും ദ്വീപിന്റെ ചീത്തപ്പേര് മാറിയപ്പോഴേക്കും അയാൾ ദ്വീപ് വിട്ടു.

പണ്ടൊരിക്കൽ ദ്വീപിലേക്ക് ബോട്ടിൽ മടങ്ങുമ്പോൾ, വടക്കേ ഇന്ത്യയിൽ നിന്ന് കേരളം കാണാനെത്തിയ സഞ്ചാരികളിൽ ഒരാൾ പറഞ്ഞത് അയാൾക്കിപ്പോഴും നല്ല ഓർമ്മയുണ്ട്.

“20 മിനിറ്റ് നീളുന്ന ഇത്രയും നല്ല ബോട്ട് സവാരിക്ക് 50 പൈസ കുറഞ്ഞ തുകയാണ്. അത് 5 രൂപയെങ്കിലും ആക്കണം” !!

കാലം ഒരുപാട് കഴിഞ്ഞു. വിഷുവും ചക്രാന്തിയുമൊക്കെ ഒരുപാട് കടന്നുപോയി. അന്ന് 15 രൂപയുണ്ടായിരുന്ന ഇന്ധനത്തിന്റെ വില 100 രൂപ കടന്നു.

ഏത് ദ്വീപ് കണ്ടാലും അതിലേക്കൊന്ന് എത്തിനോക്കാതെ പോകാൻ അയാൾക്കാവില്ല. കാരണം അയാളിപ്പോളും മനസ്സുകൊണ്ട് ദ്വീപ് വാസി തന്നെയാണ്. കുരങ്ങൻ്റേയും മുതലയുടേയും കഥയിലെ കുരങ്ങന്റെ ഹൃദയത്തെപ്പോലെ തന്നെ, അയാളുടെ ഹൃദയവും ദ്വീപിലെ ഏതോ പ്ലാവിന്റെ മുകളിലാണ് ഇരിക്കുന്നത്.

ഇന്ന് ഓൾഡ് ഗോവയിൽ നിന്ന്, ദീവാർ എന്ന ദ്വീപിലേക്ക് കടത്ത് കയറാനായി വാഹനവുമായി ചെന്നതാണ് അയാൾ.

അയാളുടെ ദ്വീപിൽ അത്തരമൊരു ചെറിയ ദൂരത്തേക്ക് ജങ്കാറിൽ പോകാൻ 50 രൂപയ്ക്ക് മുകളിലാണ് ഒരു വാഹനത്തിൻ്റെ ടിക്കറ്റ് കൂലി.

ദീവാർ ദ്വീപിലേക്ക് ഒരു വാഹനം കടത്താൻ കൂലി 7 രൂപ മാത്രം. മറ്റ് വാഹനങ്ങൾക്കോ കാൽനടക്കാരായ സഞ്ചാരികൾക്കോ പണം കൊടുക്കേണ്ടതുമില്ല. ഓരോ അഞ്ച് മിനിറ്റിലും ജങ്കാറുകൾ അപ്പുറവും ഇപ്പുറവും കടന്നു കൊണ്ടിരിക്കും.

വെറും 14 രൂപ കൊടുത്ത് വാഹനസമേതം അയാൾ ദീവാർ ദ്വീപിൽ പോയി വന്നു.

ദീവാർ ദ്വീപിലേക്കുള്ള14 രൂപ ജങ്കാർ കൂലി,140 രൂപ ആക്കണമെന്ന് അയാൾ പറയുന്നില്ല. പകരം അയാളുടെ ദ്വീപിലെ ജങ്കാർ കൂലി ₹50 ൽ നിന്ന് ₹10 ആക്കി കുറക്കണം എന്നാണ് പറയാനുള്ളത്.

വാൽക്കഷണം:- കൂലി കുറച്ചിലെങ്കിൽ വളഞ്ഞു ചുറ്റി റോഡും പാലവും കയറി കൊച്ചിക്ക് പോകാനാണ് അയാളുടെ തീരുമാനം. ഹല്ലപിന്നെ.

#greatindianexpedition
#gie_by_niraksharan
#boleroxl_motor_home
#goanlife
#fortsofgoa