ലോക്ക് ഡൌൺ

മരണം ഒരു തമാശ


ss
രണത്തെ ഒരു തമാശയായി കാണാൻ തയ്യാറുണ്ടോ ? അങ്ങനെയുള്ളവർ മാത്രം തുടർന്ന് വായിക്കുക.

കോവിഡിനൊപ്പം നീങ്ങാനുള്ള തീരുമാനത്തിലേക്ക് ലോകരാഷ്ട്രങ്ങൾ മെല്ലെമെല്ലെ എത്തിക്കൊണ്ടിരിക്കുകയാണ്. മരണം എപ്പോഴും കൂടെയുള്ള ഒന്നാണ്. അതിനെ പേടിക്കേണ്ട കാര്യമെന്തിരിക്കുന്നു? എല്ലാ സുരക്ഷാ നടപടികളും കൈക്കൊണ്ട് സധൈര്യം ജീവിക്കുക. രോഗം പിടിച്ചാൽ പിടിച്ചു. ചികിത്സിച്ച് നോക്കും. രക്ഷപ്പെട്ടില്ലെങ്കിൽ 10 അടി ആഴത്തിൽ സർക്കാർ ചിലവിൽ കുളിച്ചിട്ടോളും. അത് പോരേ ? പോരെങ്കിൽ 12 അടി ആക്കാം :P

ബക്കറ്റ് ലിസ്റ്റിൽ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ടെങ്കിലും നാളെ മരിക്കണമെന്ന് വെച്ചാൽ അൽപ്പം പോലും നിരാശയോ സങ്കടമോ എനിക്കില്ല. ചെയ്യണമെന്ന് ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർത്തിട്ടുണ്ട് എന്നതുതന്നെ കാരണം. 51 വയസ്സ് വരെ ആശുപത്രിയിൽ കിടക്കാതെ പൂർണ്ണാരോഗ്യവാനായി ജീവിച്ചു എന്നത് ചെറിയ കാര്യമൊന്നുമല്ല.

ആഗ്രഹങ്ങൾക്കൊന്നും ഒരു കാലത്തും അറുതിയുണ്ടാകാൻ പോകുന്നില്ല. പെട്ടെന്നൊരു ഫുൾസ്റ്റോപ്പ് ഇടേണ്ടി വന്നാൽ, വലിയ വലിയ മോഹങ്ങളൊന്നും ആർക്കും ബാക്കിയുണ്ടാകാൻ പാടില്ല. അത്രേയുള്ളൂ.

സത്യൻ അന്തിക്കാടിന്റെ ഒരു ചിത്രത്തിൽ (‘അർത്ഥം’ ആണെന്ന് തോന്നുന്നു) ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും നടപ്പിലാക്കി കഴിഞ്ഞശേഷം ഇനിയൊന്നും ചെയ്യാനില്ലാത്തതിനാൽ ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരു കഥാപാത്രത്തെ നായകനായ മമ്മൂട്ടി അവതരിപ്പിക്കുന്നുണ്ട്. യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊരു അവസ്ഥയുണ്ടായാൽ മഹാഭാഗ്യമാണ്. ആ സിനിമയിലെ തമാശകളൊക്കെ കണ്ട് ആലറിച്ചിരിച്ചവർക്ക് മരണത്തിനോട് മാത്രം എന്തിനാണിത്ര പേടി? മരണം രംഗബോധമില്ലാത്ത കോമാളിയാണെങ്കിൽ, ആ കോമാളി കാണിക്കുന്ന തമാശകൾ പൂർണ്ണമായി ആസ്വദിക്കുക തന്നെ.

എന്തായാലും, ‘എനിക്ക് ശേഷം പ്രളയം’ എന്ന് കേരളത്തിലുള്ളവർക്ക് ഇപ്പോൾ ധൈര്യമായിട്ട് പറയാം. പ്രളയം എല്ലാക്കൊല്ലവും ഉണ്ടല്ലോ! ഇതെല്ലാം കണക്കിലെടുത്ത്, പെട്ടെന്നൊരു ദിവസം തട്ടിപ്പോയാൽ, എന്റെ കുടുംബാംഗങ്ങൾ എനിക്ക് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങൾ ഒരു മരണപത്രമാക്കി ഞാൻ പണ്ടേ (2016) എഴുതി വെച്ചിട്ടുണ്ട്. അതിന്റെ ലിങ്ക് ഇതാണ്. അവരത് പ്രകാരം ചെയ്യുമോ എന്ന് ഉറപ്പൊന്നുമില്ല. ചെയ്താൽ സന്തോഷം.

വിൽപ്പത്രം ഒരെണ്ണം എഴുതണമെന്ന് കരുതിയെങ്കിലും അത് ഇന്നുവരെ സാധിച്ചിട്ടില്ല. ഇങ്ങനെ രണ്ട് പത്രങ്ങൾ ആർക്കുവേണമെങ്കിലും കാലെക്കൂട്ടി തയ്യാറാക്കി വെക്കാവുന്നതാണ് താൽപര്യമുണ്ടെങ്കിൽ മാത്രം.

പറഞ്ഞു പറഞ്ഞു കാട് കയറി.

ഇത്രയും പറയാൻ കാരണം; രണ്ടുദിവസമായി ചെറിയതോതിൽ നെഞ്ചുവേദന, കിതപ്പ്, മൂക്കടപ്പ്, ശരീരം വേദന, എന്നിങ്ങനെ ചില പ്രശ്നങ്ങളുണ്ട്. അതിൽ നെഞ്ചുവേദന (അതെ ഇടതുവശത്ത് തന്നെ) മാത്രം വിട്ടൊഴിയുന്നില്ല. ഗ്യാസാകാനും മതി. എന്തായാലും, നാളെ രാവിലെ ഹോസ്പിറ്റലിൽ പോകുന്നുണ്ട്.

അപ്പോളതാ കേൾക്കുന്നു, മറ്റ് സംസ്ഥാനക്കാർ ആരെങ്കിലും കർണ്ണാടകയിൽ വെച്ച് മരിച്ചാൽ കർണാടകത്തിൽത്തന്നെ അടക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഇണ്ടാസ്. എനിക്കത് ഇക്ഷ പിടിച്ചു. മരണപത്രത്തിൽ ഇങ്ങനെ തന്നെയാണ് ഞാൻ പറഞ്ഞു വെച്ചിരിക്കുന്നത്. മരിച്ചെന്ന് ഉറപ്പായാൽ അധികം കാത്തുകെട്ടി വെക്കാതെ, ഫ്രീസറിൽ വെച്ച് തണുപ്പിക്കാതെ, ആയിരക്കണക്കിന് കിലോമീറ്ററുകളോളം കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുപോകാതെ ഏറ്റവും അടുത്തുള്ള സൗകര്യത്തിൽ സംസ്ക്കരിച്ചേക്കണം.

മരണപത്രത്തിനും വിൽപ്പത്രത്തിനും പുറമേ, കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ അല്ലാതെ, സുഹൃത്തുക്കൾക്ക് ആർക്കെങ്കിലും ഒരു കത്തെഴുതി വെക്കണമെന്ന് നിങ്ങൾക്കുണ്ടെങ്കിൽ അത് ആർക്കായിരിക്കും നിങ്ങളെഴുതുക ? നാളെയോ മറ്റന്നാളോ തട്ടിപ്പോയില്ലെങ്കിൽ ഒരെണ്ണം ഞാൻ എഴുതുന്നുണ്ട്. താല്പര്യമുണ്ടെങ്കിൽ എല്ലാവർക്കും എഴുതാം. വേണമെങ്കിൽ ലോക്ക് ഡൗൺ കാലത്തെ ഒരു വെല്ലുവിളിയായും ഏറ്റെടുക്കാം.

ഇത്രേയുള്ളൂ. കഴിഞ്ഞു. ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ നെഞ്ചുവേദനയ്ക്ക് ചെറിയ ആശ്വാസമുണ്ട് :) അപ്പോൾ ശരി. ശുഭരാത്രി.

വാൽക്കഷണം:- കോവിഡ് ബാധിച്ചാണ് ചാകുന്നതെങ്കിൽ ശരീരത്തിലെ സ്പെയർ പാർട്ട്സെല്ലാം ദാനം ചെയ്തത് വെറുതെയായി പോകുമല്ലോ എന്ന സങ്കടം മാത്രമേ എനിക്കുണ്ടാകൂ.