മലയാളം

യാത്ര (ഫമിത)


22
ജോലിസംബന്ധമായി രാവിലെയും വൈകുന്നേരവും തീവണ്ടിയിൽ യാത്ര ചെയ്യുന്നവർ ധാരാളമുണ്ട്. പക്ഷേ അവരിൽ ആരെങ്കിലും നിത്യജീവിതത്തിലെ ആ ട്രെയിൻ യാത്രയിൽ പരിചയപ്പെടുന്ന ഓരോ വ്യക്തികളേയും ഓരോ സംഭവങ്ങളേയും കൃത്യമായി ഒരു യാത്രാവിവരണത്തിന്റെ ചട്ടക്കൂടിൽ അവതരിപ്പിച്ച് ഞാൻ കാണുന്നതും വായിക്കുന്നതും ആദ്യമായാണ്.

തീവണ്ടി യാത്രകളാണ് ‘യാത്ര’ എന്ന ഫമിതയുടെ ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായവും. പക്ഷേ അത് ഇട്ടാവട്ടത്തുള്ള ജോലി സംബന്ധമായ യാത്രകൾ മാത്രമാണെന്ന് കരുതരുത്.

‘ആ തീവണ്ടി’ മെല്ലെ ലോക്കൽ സ്റ്റേഷനുകൾ വിട്ട് കുടുംബത്തോടൊപ്പം ഭാരത ദർശനത്തിനായി പുറപ്പെട്ട് പോകുന്നുണ്ട്. കേരളവും കർണ്ണാടകവും ഗോവയും വിട്ട് വടക്കേ ഇന്ത്യയിൽ, മഹാരാഷ്ട്രയും മദ്ധ്യപ്രദേശും ഗുജറാത്തും രാജസ്ഥാനും ഡൽഹിയുമൊക്കെ കണ്ട് തിരിച്ചുവരുമ്പോഴേക്കും അവിടങ്ങളിലെ ചരിത്രവും വിശേഷങ്ങളും ഗ്രാമക്കാഴ്ച്ചകളും സൗഹൃദങ്ങളുമെല്ലാം തീവണ്ടിയിൽ കൂടെ പോരുന്നു.

നിത്യവും ഓഫീസിലേക്ക് തീവണ്ടി യാത്ര ചെയ്യുന്നവർ ആ തീവണ്ടിയേറാൻ പെടുന്ന പെടാപ്പാടുകൾ ഇതിലുണ്ട്. പ്രണയവും വിവാഹ അഭ്യർത്ഥനയും അപകടങ്ങളും ചങ്ങല വലിക്കലും ഒക്കെയുണ്ട്. നിത്യമുള്ള തീവണ്ടി യാത്രയിൽ പ്രയോജനപ്പെട്ടേക്കാവുന്ന പല കാര്യങ്ങളുണ്ട്. തീവണ്ടി യാത്രയിൽ സ്ത്രീകൾ നേരിടുന്ന ദുരിതങ്ങൾ ഉണ്ട്, അരക്ഷിതാവസ്ഥയുണ്ട്.

ഇതിന് എല്ലാറ്റിനും പുറമേ, വെളുപ്പിന് എഴുന്നേറ്റ് കുടുംബത്തിൻ്റേയും കുട്ടികളുടേയും കാര്യങ്ങളൊക്കെ ചെയ്ത് ഓഫീസിലേക്ക് തിരിച്ച്, ഇരുട്ട് വീണ്, പലപ്പോഴും കുട്ടികൾ ഉറങ്ങിക്കഴിഞ്ഞതിന് ശേഷം മാത്രം വീട്ടിലെത്തുന്ന ഒരു കുടുംബിനി ഇങ്ങനെയൊരു പുസ്തകം എഴുതി പൂർത്തിയാക്കിയതിൻ്റെ വെല്ലുവിളിയുണ്ട്.

ഈ തീവണ്ടി യാത്ര തരമാക്കിയതിനും മുടങ്ങിക്കിടന്നിരുന്ന എൻ്റെ വായനയ്ക്ക് ആക്കം കുട്ടിയതിനും നന്ദി അൻവർ.

പ്രസാധകർ:- മൈത്രി ബുക്സ് തിരുവനന്തപുരം.
വില:- ₹240.