കക്ഷിരാഷ്ട്രീയം

നവമാദ്ധ്യമങ്ങളും ജനപ്രതിനിധിയും


88
ന്ന് രാവിലെ വാട്ട്സ് ആപ്പിൽ ലഭിച്ച രണ്ട് സന്ദേശങ്ങളാണ് ചിത്രത്തിൽ. ഒന്ന് തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനായുള്ള (31 മെയ് 2022) എൻ്റെ വോട്ടേർസ് സ്ലിപ്പ്. രണ്ടാമത്തേത് എൻ്റെ ബൂത്തും ബൂത്ത് നമ്പറും.

ഇത് പരസ്യപ്പെടുത്താൻ ഒരു പ്രത്യേക കാരണമുണ്ട്. വിശദമാക്കാം.

പണ്ട് വോട്ടേർസ് സ്ലിപ്പുകൾ കക്ഷിരാഷ്ട്രീയക്കാർ വീടുകളിൽ കൊണ്ടുവന്ന് തരുന്നതായിരുന്നു പതിവ്. ഇന്നും നല്ലൊരുപങ്ക് അങ്ങനെ തന്നെയാണെന്ന് ബോദ്ധ്യമുണ്ട്. പക്ഷേ സാങ്കേതികവിദ്യ വികസിച്ചപ്പോൾ ഒരാൾക്ക് അയാളുടെ മേശപ്പുറത്ത് ഈ സ്ലിപ്പുകൾ നിരത്തിവെച്ച് ഫോട്ടോ എടുത്ത് എല്ലാ വോട്ടേർസിനും അയച്ച് കൊടുക്കാമെന്ന അവസ്ഥ വന്നിരിക്കുന്നു. ആ സൗകര്യം എൻ്റെ തൃക്കാക്കര കൗൺസിലർ കൃത്യമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

എന്നുവെച്ച് അദ്ദേഹം തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഇത്തരം മെസ്സേജുകൾ അയക്കുന്നതെന്ന് കരുതരുത്. തൃക്കാക്കര മണ്ഡലവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ സംഭവവികാസങ്ങളും പത്രവാർത്തകളും അദ്ദേഹം പങ്കുവെക്കാറുണ്ട്. സാധാരണ നിലയ്ക്ക് എനിക്ക് ഇത്തരം സന്ദേശങ്ങൾ അലോസരം ഉണ്ടാക്കാറുണ്ടെങ്കിലും ഇദ്ദേഹം അയക്കുന്ന സന്ദേശങ്ങളോട് അൽപ്പം പോലും ഈർഷ്യയില്ല. അതിന് പല കാരണങ്ങളുണ്ട്.

പ്രധാന കാരണം, പത്രം വായിക്കാതെ തന്നെ എൻ്റെ മണ്ഡലത്തിലെ കാര്യങ്ങൾ അറിയാൻ കഴിയുന്നു എന്നതുതന്നെ. ഞാൻ കച്ചേരിപ്പടിയിലെ അഡ്രസ്സിൽ നിന്ന് തൃക്കാക്കരയിലേക്ക് സ്ഥിരതാമസം ആക്കിയപ്പോൾ, പലപല ആവശ്യങ്ങൾക്കായി അഡ്രസ്സ് പ്രൂഫ് എന്നൊരു കടമ്പ ഉണ്ടായിരുന്നു. ആധാർ കാർഡും ഡ്രൈവിങ്ങ് ലൈസൻസും അടക്കം പലതും കച്ചേരിപ്പടിയിലെ പഴയ അഡ്രസ്സിലാണ്. എന്ത് ചെയ്യണമെന്ന് ഫ്ലാറ്റ് സമച്ചയത്തിലെ ഒരു സ്യഹൃത്തിനോട് ചോദിച്ചത് മാത്രം ഓർമ്മയുണ്ട്. അടുത്ത ദിവസം മേൽപ്പടി കൗൺസിലർ ഫ്ലാറ്റിലെത്തി എൻ്റെ രേഖകൾ സംഘടിപ്പിച്ച് പോകുകയും നിശ്ചിതസമയത്തിനുള്ളിൽ ആധാർ കാർഡ് തൃക്കാക്കര അഡ്രസ്സിലേക്ക് മാറ്റിത്തരുകയും ചെയ്തു. പിന്നീട് അതിൻ്റെ ചുവട് പിടിച്ച് വോട്ട് തൃക്കാക്കരയിലേക്ക് മാറ്റാനും അദ്ദേഹം സഹായിച്ചു. ആ സമയത്താണ് അദ്ദേഹത്തിന് ഞാൻ ഫോൺ നമ്പർ കൈമാറിയത്. ഒരു കൗൺസിലറെക്കൊണ്ട് ഇത്രയെങ്കിലും ഗുണങ്ങൾ എനിക്കുണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഞാൻ അയാൾക്കൊപ്പം നിൽക്കും. അയാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അയാൾക്ക് വോട്ട് ചെയ്തെന്ന് വരും. ഉപതിരഞ്ഞെടുപ്പ്, പാർലമെൻ്റ് തിരഞ്ഞെടുപ്പ് അല്ലെങ്കിൽ മറ്റ് തിരഞ്ഞെടുപ്പുകൾ വരുമ്പോൾ അയാൾ നിദ്ദേശിക്കുന്ന സ്ഥാനാർത്ഥികൾ പ്രശ്നക്കാരല്ലെന്നും ഗുണം ചെയ്യാൻ പോന്നവരാണെന്നും എനിക്ക് ബോദ്ധ്യമുണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്തെന്ന് വരും.

(എനിക്ക് ബോദ്ധ്യമല്ലാത്ത ഒരു സ്ഥാനാർത്ഥിക്ക് കൗൺസിലറുടെ നിർദ്ദേശമോ സമ്മർദ്ദമോ പരിഗണിച്ച് വോട്ട് ചെയ്യുന്ന പ്രശ്നവുമില്ല. പ്രശ്നക്കാരല്ലാത്ത, അഴിമതിക്കാരനല്ലാത്ത, കേസും കൂട്ടവും കച്ചറയും ഇല്ലാത്ത, എത്ര അധികാരം കിട്ടിയാലും പോരെന്ന തരത്തിൽ ആക്രാന്തം കാണിക്കാത്ത, സൗമ്യരും കാര്യപ്രാപ്തരുമായ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വരേണ്ടതിൻ്റെ ആവശ്യകത ഇവിടെയാണ്. ഉദാ:- ഈയിടെ ഒരു പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മത്സ്യത്തിന്റെ ഇരട്ടപ്പേരുള്ള നേതാവിനെപ്പോലുള്ളവർക്ക്, അവരേത് കൂട്ടത്തിൽ ചേർന്നാലും തുടർന്നാലും വോട്ട് ചെയ്യുന്ന പ്രശ്നമില്ല.)

ഇങ്ങനെയൊക്കെത്തന്നെ ആകണം കക്ഷിരാഷ്ട്രീയക്കാർ അവരവരുടെ വോട്ടുകൾ ഉറപ്പിക്കുന്നതും അവരുടെ പാർട്ടിയുടെ സീറ്റുകൾ ഉറപ്പിക്കുന്നതും. എല്ലാ പാർട്ടികളിലും ഏതെങ്കിലുമൊക്കെ തിരഞ്ഞെടുക്കപ്പെട്ട നേതാവോ അല്ലാത്ത പ്രവർത്തകരോ ഇതേ നിലയ്ക്ക് പ്രവർത്തനങ്ങൾ നടത്തുന്നുണ്ടാകാം.

പക്ഷേ, ഞാനിത് ഇപ്പോൾ പറയാൻ കാരണം, ഇന്നാട്ടിൽ ഇത് ആദ്യാനുഭവം ആയതുകൊണ്ടാണ്. ഇങ്ങനേയും വേണമെങ്കിൽ ആകാം എന്നുള്ളതുകൊണ്ടാണ്. ഇങ്ങനെ പോലും ജനപ്രതിനിധികളെക്കൊണ്ട് സേവനം ലഭിക്കാത്തവർ ഇത് വായിക്കുണ്ടെങ്കിൽ, അവരുടെ അറിവിലേക്കാണ്.

വാൽക്കഷണം:- വർഷങ്ങൾക്ക് മുൻപ് അൽപ്പകാലം ഇംഗ്ലണ്ടിൽ (പീറ്റർബറോ) കുടുംബസമേതം കഴിഞ്ഞിരുന്നപ്പോൾ, അവിടത്തെ കൗൺസിലറുടെ സന്ദേശങ്ങൾ ഇത്തരത്തിൽ വന്നിരുന്നു. ഇന്ന് വെള്ളമുണ്ടാകില്ല, പൈപ്പ് പൊട്ടി പണി നടക്കുകയാണ്, റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്, എന്ന് തുടങ്ങി നമ്മളെ ബാധിക്കുന്ന കാര്യങ്ങളൊക്കെ അദ്ദേഹം SMS വഴി അറിയിക്കുമായിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് SMS വഴി അറിയിച്ചാൽ അതിനദ്ദേഹം മറുപടി അയക്കുകയും, തീർപ്പുണ്ടാക്കുകയും ചെയ്യുമായിരുന്നു. എങ്കിലും, ഒരിക്കൽപ്പോലും ആ കൗൺസിലറെ ഞാൻ നേരിൽ കണ്ടിട്ടില്ല.