കക്ഷിരാഷ്ട്രീയം

ജോജു പ്രകടിപ്പിച്ചത് സാധാരണക്കാരൻ്റെ വികാരം!


joju
ന്ധന വില കുതിച്ച് കയറുന്നതിനെതിരെ കോൺഗ്രസ്സിൻ്റെ വഴി തടയൽ സമരം. ആ വഴിക്ക് വന്ന സിനിമാ നടൻ ജോജു ജോർജ്ജ് വഴി തടഞ്ഞുകൊണ്ടുള്ള സമരം പോക്രിത്തരമാണെന്ന് പ്രതികരിക്കുന്നു. സമരം നടത്തിയ കോൺഗ്രസ്സുകാർ ജോജുവിൻ്റെ വീട്ടുകാരെ തെറി വിളിക്കുന്നു, അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിക്കുന്നു, ജോജുവിൻ്റെ വാഹനം തല്ലിപ്പൊളിക്കുന്നു. പൊലീസ് ഇടപെട്ട് ജോജുവിനെ മദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നു, മദ്യപിച്ചിട്ടില്ലെന്ന് തെളിയുന്നു.

കഴിഞ്ഞ 10 വർഷത്തിലധികമായി Say NO to Harthal എന്ന കക്ഷിരഹിത സംഘടയുടെ നേതൃത്ത്വത്തിൽ ഹർത്താൽ ദിനങ്ങളിൽ പൊതുനിരത്തിൽ ബുദ്ധിമുട്ടിക്കുന്നവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പ്രവർത്തിച്ചുപോരുന്ന ഒരാളെന്ന നിലയ്ക്ക് നിർബന്ധിതമായി വഴി തടഞ്ഞും കടകളും സ്ഥാപനങ്ങളും അടപ്പിച്ചും വാഹനങ്ങൾ തടഞ്ഞും പൊതുജനത്തിന് വേണ്ടി സമരം ചെയ്യുന്നെന്ന പേരിൽ അതേ പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്ന സമരമുറകൾക്കെതിരെ സംസാരിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാനുള്ള ധാർമ്മികമായ അവകാശം ഉണ്ടെന്ന് ബോദ്ധ്യത്തിലാണ് ഈ കുറിപ്പ്.

ചോദിക്കാനും പറയാനും ആരുമില്ല എന്ന തരത്തിൽ തന്നിഷ്ടം പോലെ അടുക്കളയിലേക്കും വാഹനത്തിലേക്കുമുള്ള ഇന്ധനവില വർദ്ധിപ്പിച്ച് സാധാരണക്കാരായ  ജനങ്ങളുടെ  ജീവിതം ദുസ്സഹമാക്കി മുന്നേറുന്ന മോഡി സർക്കാറിനെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇപ്പറഞ്ഞ കാരണങ്ങൾക്ക് പുറമേ കൊറോണയും കൂടെ ആയപ്പോൽ താറുമാറായ ജീവിതം കരുപ്പിടിപ്പിക്കാൻ നെട്ടോട്ടമോടുന്ന ജനത്തെ റോഡിൽ തടഞ്ഞല്ല ഇന്ധന വിലവർദ്ധനയ്ക്കെതിരെ പ്രതിഷേധിക്കേണ്ടത്. സമരക്കാർക്ക് പറ്റുമെങ്കിൽ വിലവർദ്ധന നടത്തുന്ന ഭരണകക്ഷിയുടെ നേതാക്കന്മാരേയും മന്ത്രിമാരേയും തിരഞ്ഞുപിടിച്ച് അവരുടെ വീടുകളിൽത്തന്നെ പിക്കറ്റ് ചെയ്യൂ. വഴിയിൽ തടഞ്ഞാൽ, അതും അവസാനം പൊതുജനത്തെത്തന്നെ ബാധിക്കും. ഇതൊന്നുമല്ലെങ്കിൽ മറ്റേതെങ്കിലും ജനദ്രോഹപരമല്ലാത്ത സമരമാർഗ്ഗം കണ്ടെത്തൂ.

ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന സമരങ്ങളാണ് ജനാധിപത്യത്തെ താങ്ങുന്നതെന്ന് ഇനിയുള്ള കാലത്ത് ഏതെങ്കിലും പാർട്ടിക്കാരും നേതാക്കന്മാരും അവരുടെ അണികളും കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കുള്ള സ്ഥാനം എവിടെയാണെന്ന് വൈകാതെ മനസ്സിലായിക്കോളും. കാലാകാലങ്ങളായി തുടർന്ന് പോരുന്ന നിങ്ങളുടെ കാലഹരണപ്പെട്ട നയങ്ങളും സമരമാർഗ്ഗങ്ങളും മാറ്റിപ്പിടിച്ചേ പറ്റൂ.

ജോജു പറഞ്ഞത് സാധാരണക്കാരൻ്റെ വികാരം മാത്രമാണ്. ദൃഢനിശ്ചയം ഒന്ന് മാത്രം കൈമുതലാക്കി, കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് അയാൾ സിനിമയിൽ പേരെടുത്തതും പണമുണ്ടാക്കിയതും വിലകൂടിയ കാറ് സമ്പാദിച്ചതും. സാധാരണക്കാരൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കാത്ത വെള്ളിക്കരണ്ടിക്കാരനല്ല ജോജു ജോർജ്ജ്.

എന്തായാലും ജോജുവിൻ്റെ ഈ വിഷയത്തോടൊപ്പം പല പാർട്ടിക്കാരുടേയും ഇരട്ടത്താപ്പുകളും പൊയ് മുഖങ്ങ ളും വെളിച്ചത്ത് വന്നിട്ടുണ്ട്. ജോജുവിന് നന്ദി. കേടായിപ്പോയ താങ്കളുടെ വാഹനം ഇൻഷൂറൻസുകാർ നന്നാക്കിത്തരുക തന്നെ ചെയ്യും. ഈ വിഷയം നടക്കുമ്പോൾ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ താങ്കളുടെ ഗ്രാഫ് ഉയരുക തന്നെയാണ് ചെയ്തിട്ടുള്ളത്. ‘ഷോ കാണിക്കാൻ സിനിമയുണ്ടെനിക്ക്‘ എന്ന് താങ്കൾ ആജ്ജവത്തോടെ പറയുമ്പോളും പൊതുജനത്തിന് താങ്കളെപ്പോലുള്ളവരോട് പറയാനുള്ളത് ജനങ്ങൾക്ക് വേണ്ടി ഇടയ്ക്കൊക്കെ തെരുവിലും ഷോ കാണിക്കണമെന്ന് തന്നെയാണ്. ഇങ്ങനെയൊരു അനുഭവം ഉണ്ടായതിൻ്റെ പേരിൽ അതിന് മാറ്റമുണ്ടാകരുത്. നിങ്ങളെപ്പോലുള്ളവർ പ്രതികരിച്ചാലേ അതിന് വാർത്താപ്രാധാന്യമുള്ളൂ. മറ്റുള്ളവരുടെ തൊണ്ടകീറലുകൾ വനരോദനങ്ങൾ മാത്രമാണ്.

ഇനി ജോജു പൊളിച്ചടക്കിയ പൊയ് മുഖങ്ങളേയും പാർട്ടികളേയും അക്കമിട്ട് പറയാം. കൂട്ടത്തിൽ ശക്തമായ നിലപാടിൽ ഉറച്ച് നിൽക്കുന്നവരേയും ചൂണ്ടിക്കാണിക്കാം.

1. sabarinath

1. ശബരീനാഥൻ:- ഒരു യുവ കോൺഗ്രസ്സ് നേതാവായ ശബരീനാഥൻ്റെ  പ്രതികരണം കണ്ടത് ഇങ്ങനെയാണ്. “പോടേയ്… പോയി തരത്തിൽ പോയി കളിക്ക് “. ഒരിക്കൽ MLA ആയിരുന്ന വിദ്യാസമ്പന്നനും കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്തിട്ടുള്ളതുമായ ഒരു നേതാവിൻ്റെ പൊതുപ്രകടനം കേൾക്കുന്നവർക്ക് ലജ്ജ തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നെന്ന് പറയാതെ തരമില്ല. പക്ഷേ, ഒന്ന് ശരിയാണ്. ശബരീനാഥുമായി താരതമ്യം ചെയ്താൽ ജോജു തരത്തിലല്ല കളിച്ചത്. ജോജുവിൻ്റേയും ശബരീനാഥിൻ്റേയും തട്ടകങ്ങളിൽ അവരെങ്ങനെ വന്നെന്നും വെട്ടിപ്പിടിച്ച് മുന്നേറുന്നെന്നും നോക്കിയാൽ തൂക്കക്കൂടുതൽ ജോജൂവിൻ്റെ ത്രാസിന് തന്നെയാണ്. കാരണം അയാൾ ഈ നിലയിൽ എത്തിയത് സ്വന്തം പിതാവിൻ്റേയോ അതുമല്ലെങ്കിൽ ഏതെങ്കിലും ഗോഡ് ഫാദറിൻ്റേയോ ഔദാര്യത്തിലോ നിഴലിലോ അല്ല. കൂടുതൽ പറയുന്നില്ല. പറ്റുമെങ്കിൽ ഫോണിലെങ്കിലും ജോജുവിനെ വിളിച്ച് തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞ് തടിയൂരാൻ നോക്ക്.

2. dyfi

2. ഡി. വൈ. എഫ്. ഐ.:- വഴി തടഞ്ഞും ഹർത്താലുകൾ നടത്തിയും ജനങ്ങളെ ‘സേവിച്ചതിൻ്റെ‘ മുൻ തൂക്കം ഏതൊക്കെ പാർട്ടികൾക്കും അവരുടെ യുവസംഘടനകൾക്കും പോഷക സംഘടനകൾക്കും ആണെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അക്കൂട്ടത്തിൽ പെടുന്ന DYFI പറയുന്നു, ” സമരം നടത്തുമ്പോൾ ജനങ്ങൾക്ക് ഉപദ്രവമാകരുത് “ എന്ന്. ചിരിച്ച് വയറുളുക്കിയാൽ അവനവൻ തന്നെ ഉത്തരവാദി. എന്തായാലും DYFI യുടെ ഭാഗത്തു നിന്ന് ഇനിയങ്ങോട്ട് ജനദ്രോഹപരമായ സമരങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ ?

3. കെ. സുധാകരൻ:- “ജോജു ക്രിമിനലാണ്, ഗുണ്ടയാണ്, സ്ത്രീകളോട് മോശമായി പെരുമാറി, സമരക്കാർക്ക് നേരെ ചീറിയടുത്തതുകൊണ്ടാണ് വണ്ടി തല്ലിപ്പൊളിച്ചത്, അത് സ്വാഭാവികം. “ എന്നൊക്കെയാണ് കോൺഗ്രസ്സ് പാർട്ടിയദ്ധ്യക്ഷൻ്റെ വിലയിരുത്തലുകൾ. ഒരാൾ നിങ്ങളുടെ പാർട്ടിക്കോ അതിൻ്റെ പ്രവർത്തനത്തിനോ എതിരെ എന്തെങ്കിലും പറയുമ്പോൾ അതിലെന്തെങ്കിലും കഴമ്പുണ്ടോ എന്ന് നോക്കി പ്രതികരിക്കാതെ, അയാളെ കണ്ടം തുണ്ടം കടന്നാക്രമിക്കുന്നത് എന്ത് ന്യായമാണ് നേതാവേ ?

4. വി. ഡി. സതീശൻ:- കോൺഗ്രസ്സ് പാർട്ടി ഹർത്താൽ നടത്തുമ്പോൾപ്പോലും ഹർത്താലുകളെ തള്ളിപ്പറഞ്ഞ് Say NO to Harthal കൂട്ടായ്മയ്ക്ക് ഒപ്പം നിന്നിട്ടുള്ള കോൺഗ്രസ്സ് നേതാവാണ് അദ്ദേഹം. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുനടന്ന ഈ സമരത്തേയും അദ്ദേഹം തള്ളിപ്പറഞ്ഞിരിക്കുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. അത് പറയാനുള്ള ആർജ്ജവത്തിനും ഇതുവരെ കൈക്കൊണ്ട നിലപാടിൽ ഉറച്ച്  നിൽക്കുന്നതിനും  അഭിനന്ദനങ്ങൾ !!

ജോജു കോൺഗ്രസ്സ് വനിതാ പ്രവർത്തകരോട് മോശമായി പെരുമാറി അവരെ ആക്രമിച്ചു എന്നൊക്കെയുള്ള ആരോപണങ്ങളുമായി പല വനിതാ നേതാക്കളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കാര്യം കേരളത്തിൽ ഇരുട്ടിൻ്റെ മറവിലും അല്ലാതെയുമൊക്കെ സ്ത്രീകൾക്ക് നേരെ പല ആക്രമണങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ട്. എന്നുവെച്ച് നിങ്ങളുടെ പുരുഷ നേതാക്കൾക്കൊപ്പമിരുന്ന് സമരം ചെയ്യുന്ന ഒരു പൊതുനിരത്തിൽ വന്ന് ജോജുവെന്നല്ല മറ്റേതൊരു വ്യക്തിയും സ്ത്രീനേതാക്കളെ ആക്രമിച്ചു പുലഭ്യം പറഞ്ഞു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്. കുറേക്കൂടെ വിശ്വാസയോഗ്യമായ നമ്പറുകൾ ഇറക്കുന്നത് ഈയവസരത്തിൽ ഗുണം ചെയ്തെന്ന് വരും.

തൊട്ടടുത്ത വാഹനത്തിൽ കീമോയ്ക്ക് പോകുന്ന ഒരു കുട്ടി വഴി തടയൽ കാരണം ബുദ്ധിമുട്ടനുഭവിച്ചത് കണ്ടെന്ന് ജോജു പറയുമ്പോൾ അതിൻ്റെ അവിശ്വസിക്കേണ്ട കാര്യമില്ല. വൈറ്റിലയിലോ ഇടപ്പള്ളിയിലോ അരമണിക്കൂർ നേരം റോഡരുകിൽ നിന്ന് അത്രയും സമയത്തിനുള്ളിൽ സൈറനിട്ട് കടന്നുപോകുന്ന ആമ്പുലൻസുകളുടെ എണ്ണമെടുത്താൽ ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന കാര്യമാണത്.

ഹർത്താൽ ദിനങ്ങളിലൊന്നിൽ ഉണ്ടായ ഒരനുഭവത്തിൻ്റെ വെളിച്ചത്തിൽ ഇക്കാര്യം അൽപ്പംകൂടെ വിശദമാക്കാം. എറണകുളം സൗത്തിൽ നിന്ന് ഒരാൾ പത്ത് പന്ത്രണ്ട് വയസ്സുള്ള അയാളുടെ മകളുമായി എൻ്റെ വാഹനത്തിൽ കയറുന്നു. കൂട്ടത്തിൽ വേറെ രണ്ട് പേരും. കുട്ടിക്ക് കാര്യമായ എന്തോ അസുഖമാണ്. ചികിത്സ തുടങ്ങി മൂന്ന് മാസത്തിന് ശേഷം വീണ്ടും ലിസി ആശുപത്രിയിൽ ചെന്ന് ടെസ്റ്റുകൾ നടത്തേണ്ട ദിവസമാണ് കഷ്ടകാലത്തിന് ഹർത്താൽ വന്നത്. ചേർത്തലയ്ക്കും ആലപ്പുഴയ്ക്കും ഇടയിലുള്ള ഒരു സ്ഥലത്തുനിന്നാണ് എറണാകുളത്തേക്ക് വരേണ്ടത്. അയാൾക്ക് സ്വന്തം കാറുണ്ട്. അതിലാണ് വന്നുകൊണ്ടിരുന്നത്. പക്ഷേ ചേർത്തലയിൽ വെച്ച് ഹർത്താലുകാർ വാഹനം തടഞ്ഞു. ഒരു തരത്തിലും മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വന്നപ്പോൾ അയാൾ വാഹനം സൈഡാക്കി എങ്ങനെയോ ചേർത്തല റെയിൽ വേ സ്റ്റേഷനിലെത്തി അവിടന്ന് തീവണ്ടി പിടിച്ച് എറണാകുളം സൗത്തിൽ ഇറങ്ങി. അവിടന്നാണ് എൻ്റെ കാറിലേക്ക് കയറുന്നത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഇറങ്ങിക്കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോടൊരു സങ്കടം  പറഞ്ഞു. അയാൾ വിശ്വസിക്കുന്ന, പ്രവർത്തിക്കുന്ന, സഹകരിക്കുന്ന പാർട്ടിയുടെ ഹർത്താലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ അയാളെ തടഞ്ഞാലും പാർട്ടിക്കാരനാണെന്ന് പറഞ്ഞ് കടന്ന് പോകാൻ പറ്റുമെന്നുള്ള ആത്മവിശ്വാസമുണ്ടായിരുന്നു അയാൾക്ക്. പക്ഷേ സംഗതി ഏറ്റില്ല. ഹർത്താലുകാർ അയാളെ കടത്തി വിട്ടില്ല. അതിൻ്റെ പേരിൽ കഷ്ടപ്പെട്ടത് സുഖമില്ലാത്ത മകളും അയാളും.  ഈ പാർട്ടിക്ക് വേണ്ടിയുള്ള പ്രവർത്തനവും സംഭാവനയും കീ ജെയ് വിളിയുമൊക്കെ ഇന്നത്തോടെ അവസാനിപ്പിച്ചെന്ന് പറഞ്ഞാണ് അന്നയാൾ എൻ്റെ വണ്ടിയിൽ നിന്നിറങ്ങിയത്. അവനവൻ്റെ കുടുംബത്തിൻ്റെ കഷ്ടപ്പാട് വരുമ്പോൾ പാർട്ടിയൊക്കെ ആൾക്കാർ മാറ്റിവെക്കും നേതാക്കന്മാരേ. സ്വന്തം ആൾക്കാർ ദുരിതമനുഭവിച്ചിട്ട് പാർട്ടി വളർത്താൻ ആരെയും കിട്ടിയെന്ന് വരില്ല.

മേൽപ്പറഞ്ഞ അനുഭവം വിവരിക്കാൻ മുതിർന്നതിന് കാരണം, ജോജു വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേൾക്കാനിടയായ ഒരു അഭിപ്രായ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ്. ജനങ്ങൾ കുറച്ചൊക്കെ ബുദ്ധിമുട്ടിയാലേ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ ഉണ്ടാകൂ എന്നായിരുന്നു ആ കമൻ്റ്. വഴി തടയപ്പെട്ട് ആംബുലൻസിൽ കിടക്കുന്നത്  അവനവന് വേണ്ടപ്പെട്ടവർ ആരെങ്കിലും ആകുന്നത് വരെ മാത്രമേ ഈ അഭിപ്രായം ഏതൊരു നേതാവിനും അണികൾക്കും ഉണ്ടാകൂ. അത് തന്നെയാണ് മേൽപ്പറഞ്ഞ അനുഭവത്തിലും സംഭവിച്ചത്. വഴി തടഞ്ഞ് സമരം ചെയ്യുന്നവരുടെ വേണ്ടപ്പെട്ടവർ ആരും ആ വഴി അപ്പോൾ ആംബുലൻസിൽ വരാനിടയാകരുതേ എന്ന് മാത്രമേ ആശംസിക്കാനുള്ളൂ.

കീമോ ചെയ്യാൻ പോകുമ്പോൾ സമരക്കാർക്കിടയിൽ കുടുങ്ങിപ്പോയ ഒരു കുട്ടിയുടെ വിഷമം ഒരു സിനിമാ നടനേക്കാൾ എളുപ്പം മനസ്സിലാകേണ്ടത് ജനസേവകരെന്ന് വീമ്പിളക്കുന്ന രാഷ്ട്രീയക്കാർക്കാണ്. അത് നിങ്ങളെക്കൊണ്ട് സാധിക്കാതെ പോകുമ്പോഴാണ് തിരഞ്ഞെടുപ്പുകളിൽ കെട്ടിവെച്ച കാശ് പോലും തിരികെ കിട്ടാത്ത വെറും കക്ഷിരാഷ്ട്രീയക്കാരായി നിങ്ങളൊക്കെയും അധഃപതിക്കുന്നത്.

വൈകിയിട്ടൊന്നുമില്ല. ഇന്ധനവിലയ്ക്കെതിരെയുള്ള സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ചെയ്താൽ അവരും നിങ്ങൾക്കൊപ്പം കൂടും. അവരാണ് അടിത്തറയെന്ന് മറന്ന് പ്രവർത്തിക്കരുത്. ജോജു പറഞ്ഞത്, സമരക്കുരുക്കിൽ പെട്ടുപോകുന്ന ഏതൊരു സാധാരണക്കാരൻ്റേയും വികാരമാണ്. ഏത് പാർട്ടി ഇങ്ങനെ സമരം ചെയ്താലും അത് പറയുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ‘ഈ വിവാദം ഇവിടെത്തീരുന്നു. ഇനിയിത് പറഞ്ഞ് മാദ്ധ്യമങ്ങൾ ആരും എന്നെ സമീപിക്കരുത് ‘ എന്ന് പറഞ്ഞ് ഒഴിഞ്ഞ് പോകുന്ന ജോജുവിനെക്കണ്ട് പഠിക്കാൻ നോക്കൂ. അല്ലാതെ അയാളുടെ വീട്ടിലേക്ക് മാർച്ച് നടത്തി വീണ്ടും അപഹാസ്യരാകാൻ നിൽക്കരുത്.