കക്ഷിരാഷ്ട്രീയം

ദളിത് നിയമസഭാ ചരിതം വളച്ചൊടിക്കാൻ ശ്രമം


 

ണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് പുറത്ത് വന്നതിന് ശേഷം 2021 മെയ് 19 ന് ഓൺലൈനിലും ദൃശ്യവാർത്താമാദ്ധ്യമങ്ങളിലും മറ്റും ചർച്ചയായ ദേവസം മന്ത്രി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ ലേഖനം. ഇതേപ്പറ്റി ഫേസ്ബുക്കിൽ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. വിഷയത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാനുള്ള തികച്ചും അക്കാഡമിക്ക് താൽപ്പര്യത്തോട് കൂടിയ ഒരു പോസ്റ്റായിരുന്നു അത്. ചർച്ച എന്റെ പോസ്റ്റിനടിയിൽ മാത്രമല്ല, മറ്റ് പലരുടെ പോസ്റ്റുകളിലും വിക്കിപ്പീഡിയയിലും എല്ലാം തകർത്തു. ഇന്ന് രാവിലെ (2021 മെയ് 20) ആയപ്പോഴേക്കും നെല്ലും പതിരും തിരിഞ്ഞിരിക്കുന്നു. ചരിത്രം വളച്ചൊടിക്കാനും സ്ഥാപിത താൽപ്പര്യങ്ങൾക്ക് അനുസൃതമായി തേച്ച് മായ്ക്കാനുമുള്ള ശ്രമമായതുകൊണ്ട് ഫേസ്ബുക്കിൽ എഴുതിയിട്ടത് അടക്കമുള്ള കാര്യങ്ങൾ ക്രോഡീകരിച്ച് ഇവിടെയും പ്രസിദ്ധീകരിക്കുന്നു.

ഫേസ്ബുക്കിൽ 2021 മെയ് 19 ന് ഞാൻ എഴുതിയത്

ക്ക്

എത്ര തൂത്താലും പോകാത്ത ജാതി

കെ.രാധാകൃഷ്ണനാണ് ദേവസ്വം മന്ത്രിയാകാൻ പോകുന്ന ആദ്യ ദളിതനെന്നും, ചരിത്രം സൃഷ്ടിച്ചു, വിപ്ലവം നടപ്പിലാക്കി എന്നൊക്കെ ഭരണകക്ഷിക്കാരുടെ ഗ്വാ ഗ്വാ വിളികൾ ഒരു വശത്ത്. പല മാദ്ധ്യമങ്ങളും ഹൈ പ്രൊഫൈലുകളും ഇതേറ്റ് പാടുന്നുണ്ട്.

ലീഡർ കരുണാകരൻ പണ്ടേ നടപ്പിലാക്കിയ കാര്യമാണെന്ന് പറഞ്ഞ് എതിർ കക്ഷിക്കാർ വിക്കിപ്പീഡിയ അടക്കമുള്ള രേഖകളും പടങ്ങളും നിരത്തി അതിനെ ഖണ്ഡിക്കുന്നു.

വിക്കിപ്പീഡിയ അൽപ്പം മുൻപ് തിരുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി അതിന് മറുവെട്ട് വെട്ടുന്നു ആദ്യത്തെ കൂട്ടർ.

എൻ്റെ ഈ പോസ്റ്റിന് പിന്നിൽ തികച്ചും അക്കാഡമിക് താൽപ്പര്യം മാത്രം. ഇതിൽ ആര് പറയുന്നതാണ് ശരി. കുറഞ്ഞപക്ഷം, നാളെ സത്യപ്രതിജ്ഞ കഴിയുന്നതിനകം മാദ്ധ്യമങ്ങളെങ്കിലും നിജസ്ഥിതി കണ്ടെത്തി ജനങ്ങളിലേക്കെത്തിക്കണം. പറ്റുമെങ്കിൽ നിയമസഭാ രേഖകൾ തന്നെ അതിനായി ഹാജരാക്കണം. എന്നിട്ട് നിങ്ങൾ മാദ്ധ്യമങ്ങൾ ഇതുവരെ പറഞ്ഞതാണ് ശരിയെങ്കിൽ ഇനിയത് പറയരുത്. (ജാതിയാണ് ഈ പറഞ്ഞുകൊണ്ടേയിരിക്കുന്നതെന്ന് ഓർമ്മ വേണം.) ഇതുവരെ പറഞ്ഞതും പ്രചരിപ്പിച്ചതും തെറ്റാണെങ്കിൽ അമളി പറ്റിയെന്ന് വൈക്ലബ്യമേതുമില്ലാതെ തുറന്നു സമ്മതിക്കണം.

വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാർ ആയിരിക്കുന്ന ഈ ഓൺലൈൻ കൂത്തരങ്ങിൽ, ഒരു പഠനവും നടത്താതെ എന്തും വിളിച്ചു പറയുകയും തള്ളുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഏതൊരു കൂട്ടരും തങ്ങളുടെ താൽക്കാലിക താത്പര്യത്തിനും വിജയത്തിനും വേണ്ടി വിക്കിപീഡിയ പോലുള്ള ഇടങ്ങളിൽ കുറച്ചു നേരത്തേക്കെങ്കിലും തെറ്റായ വിവരങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ടെങ്കിൽ അതിനെതിരെ വിക്കിപീഡിയയുടെ ഉന്നത സ്ഥാനത്തുള്ളവർ നടപടിയെടുക്കണം. അത്തരക്കാരെ വിക്കിപീഡിയയിൽനിന്ന് പുറത്താക്കണം.

ചരിത്രം അതിൻ്റേതായ നിലയ്ക്ക് സ്വാഭാവികമായങ്ങ് സംഭവിച്ചോളും. ഓൺലൈനിലെ പുലികൾ മുതൽ ഉറഞ്ഞുതുള്ളുന്നവർ വരെ ആരുടേയും സഹായം അതിനാവശ്യമില്ല. മാദ്ധ്യമങ്ങൾ ഇപ്പറഞ്ഞവരേക്കാൾ ഒരുപടി കൂടുതൽ ജാഗ്രത പുലർത്തുകയും വേണം.

വാൽക്കഷണം:- കെ. രാധാകൃഷ്ണൻ ദളിതൻ ആണെന്ന് ഇന്നുവരെ അറിയില്ലായിരുന്നു. ഇന്നത്തരം പരാമർശങ്ങൾ കേൾക്കേണ്ടി വന്നതിന്റെ വിഷമമുണ്ട്. കോട്ടമായാലും നേട്ടമായാലും ജാതിയുടെ പേരിൽ വീറോടെയത് വിളിച്ചു പറയുന്നിടത്തോളം കാലം ഇന്നാട്ടിൽ നിന്ന് ജാതിവ്യവസ്ഥ പടിയിറങ്ങാൻ പോകുന്നില്ല; കുറഞ്ഞപക്ഷം ഇക്കണ്ട മനുഷ്യപ്പേക്കോലങ്ങളുടെ മനസ്സിൽ നിന്നെങ്കിലും.

ഫേസ്ബുക്കിൽ 2021. മെയ് 20ന് ഞാൻ അപ്ഡേറ്റ് ചെയ്തത്.

അപ്ഡേറ്റ് (20.05.2021-11:17hrs):-

വിക്കിപീഡിയ അടക്കമുള്ള രേഖകളിൽ ഇന്നലെ, അതായത് മെയ് 19ന് ഒരു കൂട്ടർ തിരുത്ത് നടത്തി. അവലംബ രേഖകൾ ഇല്ല എന്ന കാരണം പറഞ്ഞ് ‘ദേവസ്വം’ എന്ന വാക്ക് മാത്രമാണ് നീക്കം ചെയ്തത്. 1977 ഏപ്രിൽ മാസത്തിലെ ഗസറ്റിലെ ഫയൽ നമ്പർ 258ൽ കൃത്യമായി പറയുന്നുണ്ട് കെ.കെ.ബാലകൃഷ്ണൻ ദേവസ്വം മന്ത്രി കൂടെ ആയിരുന്നു എന്ന്. ഇപ്പറഞ്ഞ ഗസറ്റ് ഒരു അവലംബ രേഖയല്ലേ ? 2019ൽ അവസാന തിരുത്ത് നടന്ന രേഖകളിലാണ് ഇന്നലെ ചാടിക്കേറി തിരുത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കണം. എന്തിന് ? കേവലമായ ഒരു പത്രവാർത്ത ഉണ്ടാക്കിയെടുത്ത് ഇന്ന് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് ‘ദളിത് ചരിത്രം’ തിരുത്താൻ. ഇനി ആ പത്രവാർത്തകളാകും ചരിത്രമാണെന്ന് പറഞ്ഞ് കാലാകാലങ്ങളിൽ പൊക്കിപ്പിടിച്ച് കൊണ്ടുവരുക. വിക്കിപീഡിയ രേഖകളിൽ ദേവസ്വം എന്ന വരി മാത്രം നീക്കം ചെയ്ത നിലയ്ക്ക്, ഏത് കൂട്ടരാണ് ഇത് ചെയ്തതെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ? പക്ഷേ, ഗസറ്റിലെ രേഖകൾ, സ്കാൻ ചെയ്ത ഇമേജ് ആയതുകൊണ്ട് അതിൽ നിന്ന് ‘ദേവസ്വം’ നീക്കം ചെയ്യാൻ പറ്റുന്നില്ല സൈബർ തട്ടിപ്പ് പോരാളികൾക്ക്.

ദേവസ്വം വകുപ്പ് സ്വതന്ത്രമായി വന്നതിന് ശേഷം ആദ്യത്തെ മന്ത്രിയാണ് കെ.രാധാകൃഷ്ണൻ എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. പക്ഷേ ദേവസ്വം സ്വതന്ത്ര വകുപ്പ് എന്ന് എടുത്തു പറയാത്തിടത്തോളം കാലം കെ. രാധാകൃഷ്ണൻ അല്ല ആദ്യത്തെ ദേവസ്വം വകുപ്പ് ദളിത് മന്ത്രി. നവോത്ഥാനവും വിപ്ലവവും നടപ്പിലാക്കി എന്നാണ് വീമ്പിളക്കുന്നതെങ്കിൽ, സ്വതന്ത്ര വകുപ്പ് അല്ലാതെ തന്നെയും ദേവസ്വത്തിൽ അത് മുൻപേ നടന്നു കഴിഞ്ഞു. ഒരുപാട് ദേവസ്വം വകുപ്പ് രേഖകളിൽ ദളിത് മന്ത്രിമാർ ഒപ്പുവെച്ച് കഴിഞ്ഞു. ഒരുപാട് ദേവസ്വം വകുപ്പ് ചർച്ചകളിലും മീറ്റിങ്ങുകളിലും നിയമ നിർമാണത്തിലും ദളിത് മന്ത്രിമാർ പങ്കാളികളായിക്കഴിഞ്ഞു. മന്ത്രി എന്ന അധികാരത്തോടെ ഒന്നിലധികം ദളിത് ദേവസ്വം മന്ത്രിമാർ ക്ഷേത്രങ്ങളിൽ കയറിയിറങ്ങിക്കഴിഞ്ഞു. പുതുതായി ഒരു വിപ്ലവവും 2021 മെയ് 20 മുതൽ അക്കാര്യത്തിൽ സംഭവിക്കുന്നില്ല.

ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ആരായാലും അവർക്കുള്ള സ്ഥാനം ചവറ്റുകുട്ടയിൽ മാത്രമാണ്. അത് വിദേശത്തിരുന്ന് വിപ്ലവം നയിച്ച് തിരുത്തിയാലും കോളേജ് വാദ്ധ്യാരുടെ സ്ഥാനത്തിരുന്ന് ചെയ്താലും വിവരക്കേട് അലങ്കാരമാക്കി കൊണ്ടുനടക്കുന്ന പാർട്ടി സൈബർ പോരാളികളുടെ സ്ഥാനത്തിരുന്ന് ചെയ്താലും അങ്ങനെത്തന്നെ.

വിക്കിപീഡിയയിലെ തെറ്റായ തിരുത്തുകൾ വിക്കി ഉന്നതർ ഇടപെട്ട് പിൻവലിക്കണം. ഓരോ പാർട്ടിക്കാരുടേയും സൗകര്യത്തിനനുസരിച്ച് വിക്കിപീഡിയ തോന്നിയ പോലെ എഡിറ്റ് ചെയ്യാം എന്നാണെങ്കിൽ ഭാവിയിൽ വിക്കിപീഡിയയുടെ സ്ഥാനവും ചവറ്റുകൊട്ടയിൽ തന്നെയാകും.

( ഗസറ്റിൻ്റെ ഇമേജും വിക്കിപ്പീഡിയ തിരുത്തിയതിൻ്റെ ഇമേജുകളും പോസ്റ്റിന് കീഴെ എൻ്റെ കമൻ്റുകളിൽ കാണാം.)

1

 

2

 

3

4

ബാക്കി പറയാനുള്ളത്

ഇതുമായി ബന്ധപ്പെട്ട രേഖകളും ഇമേജുകളും താഴെ ചേർക്കുന്നു. ഇങ്ങനൊന്ന് നടന്നെന്ന് ഭാവിയിൽ എല്ലാവരും ഓർത്ത് വെക്കാൻ. ഒറ്റയടിക്ക് എല്ലാ രേഖകളും കിട്ടാൻ. അത്ര എളുപ്പം ചരിത്രം ഇല്ലാതാക്കാനോ വളച്ചൊടിക്കാനോ പറ്റില്ലെന്ന് ബോദ്ധ്യമുണ്ടാകാൻ ഒക്കെ ഇത് ഉപകരിച്ചെന്ന് വരും.

മനോരമ ലേഖകൻ ജിക്കു വർഗ്ഗീസ്, അന്വേഷണാത്മകമായി കൂറേക്കൂടെ ആഴത്തിൽ പഠിച്ച് തയ്യാറാക്കിയ  ഈ റിപ്പോർട്ട് വായിക്കൂ. മാദ്ധ്യമങ്ങൾ സത്യാവസ്ഥ കണ്ടെത്താൻ ശ്രമിക്കണമെന്ന് ഞാനെന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. അത് കണ്ടിട്ടോ അല്ലാതെയോ അക്കാര്യം നടന്നിരിക്കുന്നു. 254 എഡിറ്റുകളാണ് ഇന്നലെ മാത്രം വിക്കിപീഡിയയിലെ ഇപ്പറഞ്ഞ ലേഖനങ്ങളിൽ മാത്രം നടന്നതെന്ന് മനസ്സിലാക്കുമ്പോൾ എത്ര സംഘടിതമായാണ് ചരിത്രം തിരുത്താൻ ശ്രമിച്ചതെന്നും അതിനെ മറ്റുള്ളവർ ചെറുത്തു നിന്നതെന്നും ഊഹിക്കാവുന്നതേയുള്ളൂ. നിങ്ങൾക്ക് വേണമെങ്കിൽ ഇത് ഒരു മനോരമ വാർത്തയായി തള്ളിക്കളയാം. അല്ലെങ്കിൽ ജിക്കു വർഗ്ഗീസ് പറയുന്ന സൂചനകൾ വെച്ച് ഓൺലൈനിൽ പരതി സ്വയം ബോദ്ധ്യപ്പെടാം. ഞാനത് ഈ വാർത്തയ്ക്ക് മുന്നേ സ്വയം തുനിഞ്ഞിറങ്ങി ബോധ്യപ്പെട്ട് എൻ്റെ പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരുന്നു. ജിക്കു ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ കുറെക്കൂടെ ആഴത്തിൽ വൃത്തിയാക്കി അത് ചെയ്തിരിക്കുന്നു. മനോരമ ഓൺലൈനിൽ നിന്ന് ആ രേഖകൾ നഷ്ടപ്പെട്ടാലും സ്ഥിരമായി അതിവിടെ ഉണ്ടാകണമെന്നുള്ളതുകൊണ്ട് അതിന്റെ സ്ക്രീൻ ഷോട്ടുകൾ താഴെ പോസ്റ്റ് ചെയ്യുന്നു. 

0

1

2

3

4

5

6

7

89

9a

ഇതുമായി ബന്ധപ്പെട്ട് മുൻ‌ ദേവസ്വം വകുപ്പ് മന്ത്രി കെ.കെ.ബാലകൃഷ്ണന്റെ മകൻ കെ.ബി.ശശികുമാർ ഫേസ്ബുക്കിൽ എഴുതിയ ലേഖനം ഇവിടെ വായിക്കാം.