സാങ്കേതികം

നമ്പർ പ്ലേറ്റ് വെട്ടിപ്പുകൾ അവസാനിക്കുന്നു


tt
വാഹനങ്ങളിൽ ഉടമസ്ഥന് തോന്നിയ അക്ഷരങ്ങളിൽ അയാൾക്ക് തോന്നിയ വലിപ്പത്തിൽ നമ്പർ പ്ലേറ്റുകൾ എഴുതി പിടിപ്പിക്കുന്നത് ശരിയല്ലല്ലോ എന്ന ചിന്ത കാലങ്ങളായിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ സമ്പദായങ്ങൾ കാണുക കൂടെ ചെയ്തതോടെ ഇന്ത്യയിൽ മാത്രം ഇത്തരത്തിൽ തോന്ന്യാസം നടപ്പാക്കുന്നതിനെപ്പറ്റി വല്ലാത്ത ഈർഷ്യ തോന്നിയിട്ടുമുണ്ട്.

ഉദാഹരണത്തിന്, ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും നമ്പർ പ്ലേറ്റ് നൽകുന്നത് സർക്കാർ തന്നെയാണ്. അത് വാഹനത്തിൽ പിടിപ്പിക്കുന്ന ജോലി മാത്രമേ ഉടമസ്ഥനുള്ളൂ. ഓ… മറന്നു. വിദേശരാജ്യങ്ങളുമായി ഇന്നാട്ടിലെ കാര്യങ്ങൾ താരതമ്യം ചെയ്യുന്നത് പലർക്കും ഇഷ്ടമല്ല. പക്ഷേ പല കാര്യങ്ങളും പഠിക്കാൻ നമ്മളുടെ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെ വിദേശ പര്യടനം നടത്താറുണ്ട്. മാറ്റങ്ങൾ ഒന്നും ഉണ്ടാകാറില്ലെന്ന് മാത്രം.

വിഷയത്തിലേക്ക് മടങ്ങി വരാം.

ഉടമസ്ഥന് തോന്നിയ പോലെ നമ്പർ പ്ലേറ്റ് പിടിപ്പിക്കുന്നതുകൊണ്ട് പല നമ്പറുകളും വായിക്കാൻ തന്നെ പറ്റില്ല. മഹാരാഷ്ട്രയിലും മറ്റും അവരുടെ ഭാഷാ ലിപികൾ ഉപയോഗിച്ച് നമ്പർ എഴുതുന്നത് കണ്ടിട്ടുണ്ട്. ആ വാഹനം ആ ലിപി അറിയാത്ത ഒരാളെ ഇടിച്ചിട്ട് പോയാൽ, നമ്പർ കണ്ട് മനസ്സിലാക്കാൻ പോലും പറ്റില്ല. പബ്ലിക്ക് രജിസ്റ്റ്രേഷൻ (മഞ്ഞ ബോർഡ്) വാഹനം, സംസ്ഥാന അതിർത്തി കടക്കുന്നതിന് മുൻപ് അതേ നമ്പറിലുള്ള വെളുത്ത ബോർഡാക്കി മാറ്റി പിടിപ്പിക്കുന്നത്, ടാക്സിയിൽ ഒരു പഴനി യാത്ര പോയപ്പോൾ നേരിട്ട് കണ്ടിട്ടുണ്ട്. പെർമിറ്റ് എടുക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ നമ്പർ പ്ലേറ്റ് മാറ്റുന്നത്. ഇതിൽക്കൂടുതൽ കാര്യങ്ങൾ നിയമവിരുദ്ധമായി നടക്കുന്നുണ്ട് നമ്പർ പ്ലേറ്റുകൾ ദുരുപയോഗം ചെയ്തുകൊണ്ട്. ക്രിമിനൽ ആക്റ്റിവിറ്റികൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ മറ്റേതെങ്കിലും വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് പിടിപ്പിക്കുന്നത് സ്ഥിരം പരിപാടിയാണ്.

പക്ഷേ, ഇനിയങ്ങോട്ട് കാര്യങ്ങൾക്ക് മാറ്റം വരുകയാണ്. ഉടമസ്ഥന് തോന്നിയ പോലെ നമ്പർ പ്ലേറ്റ് എഴുതാനോ പിടിപ്പിക്കാനോ ആവില്ല. അതേപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ അവസരമുണ്ടായത്, ഈയുള്ളവൻ്റെ ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് തയ്യാറാക്കി പിടിപ്പിക്കുന്ന സമയത്താണ്. കട്ടപ്പനയിലാണ് മേൽപ്പറഞ്ഞ അനുഭവം ഉണ്ടായത്.

HSRP (High Security Registration Plate) എന്ന സംവിധാനത്തിലൂടെയാണ് ഏകീകൃത നമ്പർ പ്ലേറ്റ് നടപടി വന്നിരിക്കുന്നത്. അക്കമിട്ട് അതേപ്പറ്റി പറയാം.

1. ഇനി മുതൽ നമ്മളൊരു പുതിയ വാഹനം വാങ്ങിയാൽ ഷോ റൂമിൽ നിന്ന് തന്നെ നമ്പർ പ്ലേറ്റോട് കൂടെ വാഹനം നിരത്തിൽ ഇറങ്ങിയേ പറ്റൂ. അക്കാര്യം വാഹന ഡീലറിൻ്റെ കൂടെ ഉത്തരവാദിത്തമാണ്.

2. HSRP നമ്പർ പ്രകാരം, നമ്പർ പ്ലേറ്റിൽ ഇന്ത്യൻ വാഹനം എന്ന് സൂചിപ്പിക്കാനായി IND എന്നുണ്ടാകും. ഒരു ഹോളോഗ്രാമും കാണും. ഇതിനും ഉപരിയായി 12 അക്കമുള്ള ഒരു Alpha Numeric നമ്പർ കൂടെ ഉണ്ടാകും. ഇതിനൊപ്പമാണ് നമ്പളുടെ രജിസ്റ്റ്രേഷൻ നമ്പർ വരുക. (ചിത്രം 1)

3. ഈ നമ്പർ പ്ലേറ്റ് റിവറ്റ് ചെയ്ത് പിടിപ്പിക്കണമെന്നാണ് നിയമം. അതായത് നട്ട് ബ്ലോൾട്ട് പോലെ അഴിച്ചെടുക്കാൻ സാധിക്കുന്ന പരിപാടികൾ പറ്റില്ല. റിവറ്റ് അഴിക്കാൻ നോക്കിയാൽ അത് പൊട്ടിപ്പോകുമെന്ന് മാത്രമല്ല, അഴിച്ചെടുത്തതായി മനസ്സിലാക്കാനും പറ്റും. (ചിത്രം 1)

4. റിവറ്റ് ചെയ്ത് പിടിപ്പിക്കുന്നത് നമ്പർ പ്ലേറ്റ് അടിക്കുന്ന കടക്കാരൻ്റെ ഉത്തരവാദിത്ത്വമാണ്. അതേപ്പറ്റി അൽപ്പം കൂടെ വിശദമാക്കാനുണ്ട്.

4a). നമ്പർ എഴുതിക്കാൻ നമ്മൾ കടയിൽ ചെല്ലുമ്പോൾ, കടക്കാരൻ ഓൺലൈനിൽ നമ്പർ പ്ലേറ്റിന് അപേക്ഷ നൽകണം. അതിൽ വാഹനമുടമയുടെ ആധാർ കാർഡ് അടക്കമുള്ള വിവരങ്ങൾ ഉണ്ടാകും. ഇത് പഴയ വണ്ടിയിൽ നമ്പർ പ്ലേറ്റ് മാറ്റുന്നവർക്ക് മാത്രം ബാധകം. പുതിയ വണ്ടിക്കാർക്ക് ഡീലർ തന്നെ നമ്പർ എടുത്ത് പിടിപ്പിച്ചാണല്ലോ നൽകേണ്ടത്.

4b). രാവിലെ മുതൽ അപേക്ഷിക്കുന്ന നമ്പറുകൾ ഉച്ചയ്ക്ക് അപ്രൂവ് ചെയ്ത് കിട്ടും. ഉച്ചയ്ക്ക് ശേഷം അപേക്ഷിക്കുന്നത് വൈകീട്ട് അപ്രൂവ് ചെയ്ത് കിട്ടും.

4c). നമ്പർ അപ്രൂവ് ചെയ്ത് കിട്ടി 24 മണിക്കൂറിനകം കടക്കാരൻ വാഹനത്തിൽ നമ്പർ പ്ലേറ്റ് പിടിപ്പിച്ച് അതിൻ്റെ റിവറ്റും നമ്പറും കൃത്യമായി കാണുന്ന വിധത്തിലുള്ള ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്യണം. 24 മണിക്കൂറിനകം അയാൾ ഇത് ചെയ്തില്ലെങ്കിൽ അയാൾക്ക് പുതിയ നമ്പർ പ്ലേറ്റിന് അപേക്ഷിക്കാനാവില്ല.

4d). മേൽപ്പറഞ്ഞ കാരണം കൊണ്ട് തന്നെ. നമ്മൾ വാഹനവുമായി കടയിൽച്ചെന്ന്, വാഹനത്തിൽ കടക്കാരൻ നമ്പർ പ്ലേറ്റ് പിടിപ്പിക്കുക തന്നെ വേണം. നമ്പർ പ്ലേറ്റ് ഉടമസ്ഥൻ്റെ കൈയിൽ തന്ന് വിടാൻ കടക്കാരൻ തയ്യാറാകില്ല. ഉടമസ്ഥൻ നമ്പർ പ്ലേറ്റ് പിടിപ്പിക്കാൻ വൈകിയാൽ കടക്കാരൻ്റെ കഞ്ഞികുടി മുട്ടും എന്നത് തന്നെ കാരണം.

4e). ഇതിന് മറ്റൊരു പ്രയോജനം കൂടെ ഉണ്ട്. സമയബന്ധിതമായി പണിയെടുക്കേണ്ട അവസ്ഥ കടക്കാരനും ഉണ്ടാകുന്നു. അത് വാഹന ഉടമയ്ക്കും ഗുണം ചെയ്യുന്നു. ധാരാളം ജോലിയുള്ള ഒരു കടക്കാരന് നമ്മുടെ നമ്പർ രണ്ടോ മൂന്നോ ദിവസം വെച്ച് വൈകിപ്പിക്കാനാവില്ല. എത്ര ജോലിയുണ്ടെങ്കിലും 24 മണിക്കൂറിനകം അയാൾ നമ്പർ പ്ലേറ്റ് പിടിപ്പിച്ചേ പറ്റൂ.

5. ഇത്രയൊക്കെ ചെയ്തിട്ടും റിവറ്റ് ചെയ്ത നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി ഉടായിപ്പിന് ശ്രമിക്കുന്നവരെ പൂട്ടാൻ HSRP യിൽ ഇനിയുമുണ്ട് സംവിധാനങ്ങൾ. നമ്പർ പ്ലേറ്റിനൊപ്പം ഒരു സ്റ്റിക്കർ കൂടെ കടക്കാരൻ പ്രിൻ്റ് ചെയ്ത് എടുക്കുന്നുണ്ട്. അത് വാഹനത്തിൻ്റെ മുൻവശത്തെ ചില്ലിൽ ഒട്ടിച്ചിരിക്കണം. അതിനകത്ത് രജിസ്റ്റ്രേഷൻ നമ്പറും 12 അക്കമുള്ള Alpha Numeric നമ്പറും വാഹനം ഏത് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നു എന്നതടക്കമുള്ള എല്ലാ വിവരങ്ങളും ഉണ്ട്. ഈ സ്റ്റിക്കറിലും മഴവില്ല് തോൽക്കുന്ന ഗംഭീര ഹോളോഗ്രാം ഉണ്ട്. സുതാര്യമായ ഈ സ്റ്റിക്കറിന് പിന്നിൽ മറ്റൊരു സ്റ്റിക്കർ കൂടെ ഒട്ടിക്കുന്നുണ്ട്. ഡീസൽ വാഹനമാണെങ്കിൽ ഈ സ്റ്റിക്കറിന് ഓറഞ്ച് നിറവും പെട്രോൾ കാർ ആണെങ്കിൽ നീല നിറവും മറ്റ് വാഹനങ്ങൾക്ക് ചാരം നിറവും ആയിരിക്കും. വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ്, റിവറ്റ് ഇളക്കി മാറ്റി സ്ഥാപിച്ചാലും ഈ സ്റ്റിക്കറുകളിൽ നിന്ന് വാഹനത്തിൻ്റെ യഥാർത്ഥ വിവരങ്ങൾ പിടികിട്ടുമെന്ന് സാരം. ഇനി അഥവാ ഈ സ്റ്റിക്കറുകളും പൊളിച്ച് മാറ്റി സ്ഥാപിക്കാൻ ഉടായിപ്പുകാർ ശ്രമിച്ചാൽ സ്റ്റിക്കറിലുള്ള എഴുത്തുകൾ ഇളകിപ്പോകും. ഇംഗ്ലീഷിൽ Tamper Proof എന്ന് പറയുന്ന സംവിധാനം തന്നെ. (ചിത്രം 2)

6. ഡീസലിന് ഓറഞ്ചും പെട്രോളിന് നീലയും സ്റ്റിക്കർ വരുന്നതുകൊണ്ട്, ഇന്ധനമടിക്കാൻ പോകുമ്പോൾ അവിടുള്ള ജീവനക്കാർക്ക് ഒറ്റനോട്ടത്തിൽ വാഹനം ഡീസലാണോ പെട്രോളാണോ എന്ന് മനസ്സിലാക്കാൻ പറ്റുമെന്ന ഗുണവുമുണ്ട്. വാഹനത്തിൽ ഇന്ധനം മാറിയടിച്ച് ഉണ്ടാകുന്ന പൊല്ലാപ്പുകൾക്കും ഇതുമൂലം കുറച്ചെങ്കിലും ശാന്തിയുണ്ടാകും.

ചുരുക്കത്തിൽപ്പറഞ്ഞാൽ സ്വന്തം നിലയ്ക്ക് തോന്നിയ പോലുള്ള നമ്പർ പ്ലേറ്റുകൾ പിടിപ്പിക്കുന്ന കാലം അസ്തമിക്കാൻ പോകുകയാണ്. പുതിയ വാഹനങ്ങളെല്ലാം ഈ സമ്പ്രദായം പ്രകാരമേ നിരത്തിൽ ഇറങ്ങൂ. പഴയ വാഹനങ്ങളിലും മെല്ലെ മെല്ലെ ഇത് പിടിപ്പിക്കണമെന്ന നിഷ്ക്കഷ വരുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിന് നിശ്ചിത കാലയളവ് കൊടുക്കുകയും ചെയ്യും. അന്ന് കടകളിൽ തിരക്ക് കൂടുമെന്നതുകൊണ്ട് ഇപ്പോഴേ HSRP നമ്പർ പ്ലേറ്റുകൾ പിടിപ്പിച്ചാൽ നന്ന്.

എൻ്റെ വാഹനത്തിൽ പഴയ നമ്പർ പ്ലേറ്റ് മാറ്റി HSRP നമ്പർ പിടിപ്പിക്കാൻ കാരണം, അതിൽ പഴയ ഉടമസ്ഥൻ ഉപയോഗിച്ചിരുന്ന ലിപികൾ തന്നിഷ്ടപ്രകാരമുള്ളത് ആയിരുന്നു എന്നതാണ്. രാജ്യം മുഴുവൻ ചുറ്റാനുള്ള വാഹനമായതുകൊണ്ട് നമ്പർ പ്ലേറ്റിൻ്റെ കാര്യത്തിൽ ഒരു പ്രശ്നവും ഒരു സംസ്ഥാനത്തും ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.

നമ്പർ പ്ലേറ്റിൻ്റെ കാര്യം പറഞ്ഞപ്പോളാണ്, വാഹനങ്ങളുടെ കാര്യങ്ങൾ വലിയ പിടിപാടില്ലാത്ത ഒരു സുഹൃത്ത് ഈയിടെ ചോദിച്ചു, “ഇലക്ട്രിക്ക് കാറുകളെ എങ്ങനെയാണ് നിരത്തിൽ തിരിച്ചറിയുക“ എന്ന്. മഞ്ഞയും വെളുപ്പും നമ്പർ പ്ലേറ്റുകൾ നമുക്ക് സുപരിചിതമാണ്. അത് കൂടാതെയുള്ള നമ്പർ പ്ലേറ്റുകളെക്കൂടെ പരിചയപ്പെട്ടാൽ അത്തരം സംശയങ്ങൾക്ക് തീരും. അറിയാത്തവർക്ക് വേണ്ടി മാത്രം ഇന്ത്യയിലെ വാഹന നമ്പർ പ്ലേറ്റുകളെ താഴെ പരിചയപ്പെടുത്തുന്നു.

a). സ്വകാര്യ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പച്ച നമ്പർ പ്ലേറ്റിൽ വെളുത്ത അക്ഷരങ്ങൾ ആയിരിക്കും.

b). പൊതു ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പച്ച നമ്പർ പ്ലേറ്റിൽ മഞ്ഞ അക്ഷരങ്ങൾ ആയിരിക്കും.

c). ഇന്ധനമടിക്കുന്ന സ്വകാര്യ വാഹനങ്ങൾക്ക് വെളുത്ത നമ്പർ പ്ലേറ്റിൽ കറുത്ത അക്ഷരങ്ങൾ ആയിരിക്കും.

d). ഇന്ധനമടിക്കുന്ന പൊതുവാഹനങ്ങൾക്ക് മഞ്ഞ നമ്പർ പ്ലേറ്റിൽ കറുത്ത അക്ഷരങ്ങൾ ആയിരിക്കും.

e). റെൻ്റിന് എടുത്ത് ഓടിക്കുന്ന വാഹനങ്ങൾക്ക് കറുത്ത നമ്പർ പ്ലേറ്റിൽ മഞ്ഞ അക്ഷരങ്ങൾ ആയിരിക്കും.

f). താൽക്കാലിക രജിസ്റ്റ്രേഷൻ ആണെങ്കിൽ മഞ്ഞ നമ്പർ പ്ലേറ്റിൽ ചുവന്ന അക്ഷരങ്ങൾ ആയിരിക്കും.

g). ട്രേഡ് സർട്ടിഫിക്കറ്റ് വാഹനങ്ങൾക്ക് ചുവന്ന നമ്പർ പ്ലേറ്റിൽ വെളുത്ത അക്ഷരങ്ങൾ ആയിരിക്കും.

h). പട്ടാളക്കാരുടെ വാഹനങ്ങൾക്ക് കറുത്ത നമ്പർ പ്ലേറ്റിൽ വെളുത്ത അക്ഷരങ്ങളും മുകളിലേക്ക് അമ്പടയാളവും ഉണ്ടാകും.

i). കോൺസുലേറ്റ് / ഡിപ്ലോമാറ്റ് വാഹനങ്ങൾക്ക് നീല നമ്പർ പ്ലേറ്റിൽ വെളുത്ത അക്ഷരങ്ങൾ ആയിരിക്കും.

j). ഇന്ത്യൻ പ്രസിഡൻ്റ്, ഗവർണ്ണർ എന്നീ ഔദ്യോഗിക വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ചുവപ്പായിരിക്കും. അതിൽ അശോക സ്തംഭവും ഉണ്ടായിരിക്കും.

വാൽക്കഷണം:- ഇത്രയൊക്കെ ചെയ്താലും ഉടായിപ്പുകാർ ഇതിനേയും തുരങ്കം വെക്കുന്ന ഉടായിപ്പുകളുമായി വരാതിരിക്കില്ല. അത് എന്തൊക്കെ ആയിരിക്കുമെന്നറിയാൻ കണ്ണിൽ പെട്രോളൊഴിച്ച് കാത്തിരിക്കുന്നു.

മുൻകൂർ ജാമ്യം:- മറ്റെവിടെയെങ്കിലും വായിച്ച് അറിഞ്ഞിട്ടുള്ളവരും അല്ലാതെ തന്നെ അറിയുന്നവരും പൊറുക്കുക. എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ്. എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ഉണ്ടെങ്കിൽ നിർദ്ദേശിച്ചാൽ അപ്രകാരം ചെയ്യാം.