സാങ്കേതികം

ഒരു കേരള UPI അപാരത


66
ഴിഞ്ഞ 4 വർഷത്തെ ബാംഗ്ലൂർ ജീവിതത്തിനിടയിൽ കറൻസി കൈ കൊണ്ട് തൊട്ടത് 10ൽ താഴെ അവസരങ്ങളിൽ മാത്രം. ATM കാർഡ് പോലും വിരളമായേ ഉപയോഗിച്ചിട്ടുള്ളൂ. ക്രെഡിറ്റ് കാർഡ് നാളിതുവരെ ഉപയോഗിച്ചിട്ടില്ല, ഇനിയൊട്ട് ഉപയോഗിക്കുകയുമില്ല. UPI തന്നെയായിരുന്നു പ്രധാന പണവിനിമയ മാർഗ്ഗം. UPI ഇല്ല എന്ന് പറഞ്ഞ ഒരാളേയും ഇതുവരെ കണ്ടിട്ടില്ല എന്ന് പറയുന്നതാകും ഉള്ളവരുടെ കണക്ക് നിരത്തുന്നതിനേക്കാൾ എളുപ്പം. 10 പ്രാവശ്യം കറൻസി ഉപയോഗിച്ചത് കേരളത്തിൽ വന്ന് പോകുമ്പോൾ കൈയിൽ ബാക്കിയാകുന്നത് ചിലവഴിക്കുന്നതാണ്.

കഴിഞ്ഞ നാല് ദിവസമായി കേരളത്തിലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് സാഹചര്യവശാൽ ഒരു ഓട്ടോ ടാക്സിയിൽ കയറി. ഇടയ്ക്ക് വെച്ച് ഡ്രൈവർ ചേട്ടനോട് (ചേട്ടൻ തന്നെ) ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചു.

UPI ഇല്ല; ക്യാഷ് തന്നെ തരണമെന്ന് കക്ഷി. എങ്കിൽ ഒരു ATM ൽ നിർത്തണം; 2 രൂപ മാത്രമേ കൈയിലുള്ളൂ എന്ന് ഞാൻ.

തുടർന്നങ്ങോട്ട് 15 മിനിറ്റ് UPI കാരണം കക്ഷിക്കുണ്ടായ നഷ്ടക്കണക്കും പറ്റിച്ച് പോയവരുടെ കണക്കും ഓരോ ഇടപാടിനും 50 പൈസ വീതം അദ്ദേഹത്തിന്റെ കൈയിൽ നിന്ന് UPI പിടിക്കുന്നുണ്ട്, എന്ന് തുടങ്ങി നാളിതുവരെ ഞാൻ കേൾക്കാത്ത UPI വിരുദ്ധ പ്രഭാഷണമായിരുന്നു. ബാങ്കിൽ പണമില്ലാത്തവർ പോലും UPI വഴി പണമയച്ച് പറ്റിച്ചെന്ന് കേട്ടതിൻ്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.

“നീങ്ക വന്ത് ശൂലഗിരി തമിഴ് പയല്; അതുക്കും മേലെ അക്ഷരം തെരിയാത്ത സോമ്പേരി. മലയാളി പശങ്കളെല്ലാമേ ഹൈലി എഡ്യൂക്കേറ്റഡ്. പോട്ടി വേണ്ടടാ മുട്ടാൾ “….. എന്ന് അന്തരംഗം ഇടതടവില്ലാതെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ….., സാധാരണ ഗതിയിൽ തർക്കത്തിന് മുതിരാറുള്ള ഈയുള്ളവൻ നിശബ്ദനായി എല്ലാം കേട്ടിരുന്നു.

വഴിയിലുള്ള ഏക ATM പണിമുടക്ക്. ഫ്ലാറ്റിൽ ചെന്ന് ആരോടെങ്കിലും വായ്പ വാങ്ങിക്കൊടുക്കാമെന്ന് കരുതിയപ്പോൾ വാഹനം താഴേക്ക് എടുക്കാൻ പറ്റില്ലെന്ന് ഡ്രൈവർ. (ടോണി ചമ്മിണി കേസിൽ കേരള പൊലീസിന് പിടികൊടുക്കാതിരിക്കാൻ വേണ്ടി, അണ്ടർ ഗ്രൗണ്ട് ഫ്ലാറ്റിലാണ് കേരളത്തിൽ വരുമ്പോളെല്ലാം താമസം.)

എന്നാൽപ്പിന്നെ ഞാൻ നടന്ന് താഴെ ഫ്ലാറ്റിൽ ചെന്ന് പൈസ എടുത്ത് വരാമെന്ന് പറഞ്ഞതും, ….. ഓട്ടോ ചേട്ടൻ പോക്കറ്റിൽ നിന്ന് UPI – QR കോഡ് എടുത്ത് നീട്ടി. ₹150 കൊടുക്കാൻ എടുത്തത്, 8 സെക്കൻ്റിൽ താഴെ സമയം.

സത്യത്തിൽ എന്താണ് മലയാളി പശങ്കളുടെ പ്രച്ചനം. സാച്ചരത കൂടിപ്പോയതോ ? അതോ സാക്ഷരത കൂടിപ്പോയത് തന്നെയോ ?