സാങ്കേതികം

മൾട്ടീമീഡിയ പുസ്തകങ്ങൾ


456
ണ്ട് വർഷത്തിലധികമായി ‘കഥ പറയുന്ന കോട്ടകൾ‘ എന്നൊരു പുസ്തകം പ്രസാധകരുടേയും പിന്നീട് എൻ്റേയും അനാസ്ഥ മൂലം അച്ചടിക്കപ്പെടാതെ ഒളിച്ച് കളി നടത്തുന്നു. ആദ്യത്തെ പുസ്തകമായ മുസ്രീസിലൂടെ പോലെ മൾട്ടി മീഡിയ പുസ്തകമായാണ് ഇതും ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ ചെയ്യണമെന്ന ആവശ്യവുമായാണ് പ്രസാധകർ സമീപിച്ചത് തന്നെ.

പക്ഷേ ഞാനൊരു എഴുത്തുകാരൻ അല്ലാത്തതുകൊണ്ടും, കൃത്യമായ ഇടവേളകളിൽ പുസ്തകങ്ങൾ ഇറക്കി ശ്രേഷ്ഠ മലയാളത്തെ പരിപോഷിപ്പിച്ചേക്കാമെന്ന് വന്യമായ സ്വപ്നങ്ങളിൽപ്പോലും കരുതാത്തത് കൊണ്ടും, എഴുത്ത് പോലെ തന്നെ മറ്റ് പല പല ഏർപ്പാടുകളിലും ഒരേപോലെ താൽപ്പര്യമുള്ള ആളായതുകൊണ്ടും, നടക്കുമ്പോൾ നടക്കട്ടെ എന്നതാണ് പൊതുവെയുള്ള സമീപനം.

മൾട്ടി മീഡിയ പുസ്തകം ചെയ്യണമെങ്കിൽ, യാത്ര പോയ സ്ഥലങ്ങളിലെയെല്ലാം വീഡിയോയും ചിത്രങ്ങളും എഡിറ്റ് ചെയ്ത് തയ്യാറാക്കി യൂ ട്യൂബിൽ കയറ്റണം. അതിൻ്റെ മറ്റ് സാങ്കേതിക കസർത്തുകൾക്ക് സമയം കണ്ടെത്തണം. എനിക്കിത് എന്തിൻ്റെ കേടായിരുന്നു എന്ന നിലയ്ക്കാണ് ഇപ്പോൾ ചിന്തിക്കുന്നത്. അക്ഷരമില്ലാത്തവൻ ആ നിലയ്ക്ക് വേണം പെരുമാറാൻ. ഇതൊരു മാതിരി വേലിയിൽ കിടന്നിരുന്നത് എടുത്ത് പറയാൻ കൊള്ളാത്തിടത്ത് വെച്ച അവസ്ഥയായി.

എന്തായാലും നനഞ്ഞിറങ്ങിയതുകൊണ്ട് കുളിച്ച് കയറാമെന്ന് തന്നെ കരുതി. ഈ വയസ്സാൻ കാലത്ത് മെനക്കെട്ട് എഡിറ്റിങ്ങ് പഠിച്ചു. ചിലപ്പോൾ മാസങ്ങളും ആഴ്ച്ചകളുമെടുത്തും ചിലപ്പോൾ ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ടും വീഡിയോകൾ എഡിറ്റ് ചെയ്ത് തീർത്തു. രണ്ട് ആഴ്ച്ചകളോടെ വീഡിയോ എല്ലാം ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ ചാനലിൽ പബ്ലിഷ് ചെയ്ത് തീരും.

അതിനിടയ്ക്ക്, ഒരിക്കൽ പ്രൂഫ് റീഡ് ചെയ്ത് തിരുത്തി വെച്ചിരുന്നത് വീണ്ടും വായിച്ച് കാലം ആവശ്യപ്പെടുന്ന തിരുത്തുകൾ നടത്തണം. അത് നടന്നാൽ ഒരു പുസ്തകം കൂടെ പ്രകാശം കാണും. ആളെക്കൂട്ടിയുള്ള പ്രകാശന ചടങ്ങുകളൊന്നും ഇനിയങ്ങോട്ട് ഒരിക്കലുമുണ്ടാകില്ല. അത് ഒരെണ്ണം തന്നെ ധാരാളം അനുഭവിച്ചു. ഏതൊരു പ്രസാധകനും അങ്ങനെയൊരു ചടങ്ങിന് നിർബന്ധം പിടിച്ചാലും ഞാൻ പങ്കെടുക്കില്ല. അവരായി അവരുടെ പാടായി.

പുസ്തകം എന്നിറങ്ങുമെന്ന് ഇനിയും പറയാനായിട്ടില്ല. പക്ഷേ ഈ പുസ്തകം കൂടെ മർട്ടി മീഡിയ ആയാൽ, ഞാനൊരു ഹാട്രിക്ക് സാദ്ധ്യതയിലേക്ക് കടക്കുകയാണ്. തമാശയെന്താണെന്ന് വെച്ചാൽ മൂന്നാമതൊരു യാത്രാവിവരണ പുസ്തകം എഴുതാനുള്ള സമയം കണ്ടെത്താനായാൽ അതിനാവശ്യമുള്ള വീഡിയോകൾ ഇതിനകം പബ്ലിഷ് ചെയ്ത് കഴിഞ്ഞിരിക്കുന്നു. തോട്ടി റെഡിയാണ്, ആനയെ എഴുതിയുണ്ടാക്കി മതി. അതും നടന്നാൽ ഹാട്രിക്ക് അടിച്ചെന്ന സന്തോഷത്തിൽ അന്ന് ഞാനീ മൾട്ടീമീഡിയ പരിപാടി നിർത്തും.

എത്രയോ യാത്രകൾ നടത്തേണ്ട സമയമാണ് മൾട്ടീമീഡിയ പുസ്തകത്തിൻ്റെ പിന്നാലെ നടന്ന് നഷ്ടപ്പെടുത്തിയത്. ആ ജനുസ്സിൽ കൂടുതൽ പുസ്തകങ്ങൾ വരണമെന്ന ആഗ്രഹത്തോടെ അതൊക്കെ ചെയ്തിട്ടും വരുണിൻ്റേയും  ഹരിലാലിൻ്റേയും  പുസ്തകങ്ങൾ മാത്രമാണ് ആ ശ്രേണിയിൽ പിറന്നത്. അങ്ങനേയും പുസ്തകങ്ങൾ ഇറക്കാം, ഇറക്കിയിട്ടുണ്ട് എന്ന് പലരും ചേർന്ന് അടയാളപ്പെടുത്തിക്കഴിഞ്ഞു. ഇനിയതിൽ വലിയ ത്രസിപ്പൊന്നുമില്ല.

വാൽക്കഷണം:- വായനക്കാർക്ക് വർണ്ണന മാത്രം നൽകിയാൽ മതി. അതും പൂർണ്ണമായും നൽകരുത്. ചിത്രങ്ങൾ ഒരു പരിധിക്കപ്പുറം നൽകാൻ പാടില്ല. വീഡിയോകൾ നൽകാനേ പാടില്ല എന്ന നിലപാടിലാണ് ഞാനിപ്പോൾ. ബാക്കി അവർ നേരിട്ട് പോയി കണ്ട് ആസ്വദിക്കട്ടെന്നേയ്.